മോഷണം കലയാണെന്നു പറഞ്ഞു കലയെ അധിക്ഷേപിക്കരുത്. മോഷണം വലിയ കുറ്റകൃത്യം തന്നെയാണ്. അതു കഥയിലാണെങ്കിലും സിനിമയിലാണെങ്കിലും.... ഇന്ത്യൻ ശിക്ഷാ നിയമത്തിൽ അതിനൊരു വകുപ്പും ശിക്ഷയും നിശ്ചയിച്ചിട്ടുണ്ട്– 379, മൂന്നു വർഷം വരെ തടവും പിഴയും.
ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഏറ്റവും വിപുലമായി വിശദീകരിച്ച വകുപ്പുകളിൽ ഒന്നാണു മോഷണം. അക്ഷരമാലാക്രമത്തിൽ എ,ബി,സി,ഡി..... എന്നു തുടങ്ങി എൽ,എം,എൻ,ഒ,പി വരെ എത്തി നിൽക്കുന്നു വിശദീകരണം.
അതിനു കാരണങ്ങളുണ്ട്‘ മറ്റൊരാളുടെ മുതൽ അറിയാതെ സ്വന്തമാക്കുന്നത് മോഷണമാണോ?’
ഈ ചോദ്യം തന്നെ കെണിയാണ്, ആര് ‘അറിയാതെ’ എന്ന കെണി!
ഉടമ അറിയാതെ എന്നാണ് ഉത്തരമെങ്കിൽ അതൊരു ലളിതമായ മോഷണമാവുന്നു. അതല്ല, മുതൽ സ്വന്തമാക്കിയ വ്യക്തി അറിയാതെ എന്നാണെങ്കിൽ സംഗതി മാറും. പക്ഷേ തെളിയിക്കണം. വിലകൂടിയ വളർത്തു നായ യജമാനനെ ഇഷ്ടപ്പെടാതെ അയൽവാസിയുടെ കൂടെ പോവുന്നു. പരാതി ലഭിച്ച പൊലീസ് അയൽവാസിയുടെ വീട്ടിൽ നായയെ കണ്ടെത്തുന്നു. ഇവിടെ നായയുടെ മൊഴി വളരെ പ്രധാനമാണ്.
സഹപ്രവർത്തകയുടെ ഡയമണ്ട് മോതിരം സാരിയിൽ ഉടക്കി നമ്മുടെ കൂടെ പോരുന്നു. നമ്മുടെ വീട്ടിൽ പൊലീസ് മോതിരം കണ്ടെത്തുന്നു, ഇവിടെ മോതിരത്തിന്റെ മൊഴിയും പ്രധാനമാണ്.
എന്നാൽ മൊഴി ലഭിക്കാൻ സാധ്യതയില്ലാത്ത ഇത്തരം സന്ദർഭങ്ങളിൽ സാഹചര്യത്തെളിവുകൾ, ആരോപണ വിധേയന്റെ അതുവരെയുള്ള സൽക്കീർത്തി, പെരുമാറ്റ മഹിമ, സഹപ്രവർത്തകർ, സമീപവാസികൾ എന്നിവരുടെ മൊഴികൾ എന്നിവ കേസിൽ നിർണായകമാണ്.
മോഷണത്തിനു മറ്റൊരു സന്ദർഭവുമുണ്ട്:
കള്ളൻ നാട്ടിലെ പാവപ്പെട്ടവനായ കർഷകത്തൊഴിലാളിയുടെ ഏക സമ്പാദ്യമായ ഓട്ടുരുളി മോഷ്ടിച്ചു.
തേച്ചു മിനുക്കിയ ഓട്ടുരുളി തലയിൽ കമിഴ്ത്തി കള്ളൻ നടന്നു. അതുകണ്ട് അന്നാട്ടിലെ പാവപ്പെട്ട വീട്ടമ്മ ഓട്ടുരുളിക്കു വില പറഞ്ഞു. വില ഒക്കാത്ത വിഷമത്തിൽ വീട്ടമ്മ നിരാശയായി, മനസ്സലിഞ്ഞ കള്ളൻ ഓട്ടുരുളി വീട്ടമ്മയ്ക്കു സമ്മാനമായി കൊടുത്തു.
പരാതി ലഭിച്ച പൊലീസ് അന്വേഷണം തുടങ്ങി. വീട്ടമ്മയുടെ വീട്ടിൽ ഓട്ടുരുളി കണ്ടെത്തി.
ചോദ്യം 1∙ മോഷണ മുതൽ എങ്ങിനെ വീട്ടമ്മയുടെ വീട്ടിലെത്തി?
അതു കള്ളൻ സമ്മാനമായി നൽകിയതാണെന്ന സത്യസന്ധമായ മൊഴി പല തലത്തിൽ അങ്ങേയറ്റം സംശയജനകമായതിനാൽ ബുദ്ധിമതിയായ വീട്ടമ്മ പറഞ്ഞു. ‘ വില കുറച്ചു കിട്ടിയപ്പോൾ വാങ്ങിയതാണു സാറെ’
ഈ മറുപടിയിൽ കുടുംബത്തിന്റെ സൽപ്പേരും അവർ കാത്തു.
പൊലീസുകാരന്റെ 2–ാമത്തെ ചോദ്യം∙ എന്തു കൊണ്ടു വില കുറച്ചു നൽകുന്നുവെന്നു മനസ്സിലായോ?
പൊലീസിന്റെ ചോദ്യത്തിലെ കത്രികപ്പൂട്ടു തിരിച്ചറിഞ്ഞ ബുദ്ധിമതിയായ വീട്ടമ്മയുടെ അടുത്ത മറുപടി– പഴയ ഉരുളിയല്ലേ സാറേ, അതു കൊണ്ടാണ്. ഇതും വില അൽപം കൂടുതലാ അവൻ വാങ്ങിയത്.
ഇവിടെ വീട്ടമ്മ പതറിയിരുന്നെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വകുപ്പ്– 411 തലയിൽ വീഴും. മോഷണ മുതൽ വിലപേശി വാങ്ങി ഒളിപ്പിച്ചു സ്വന്തമാക്കിയ കുറ്റം, യഥാർഥ മോഷണത്തിനുള്ള അതേ ശിക്ഷയാണ് ഇതിനും– 3 വർഷം വരെ തടവും പിഴയും.
ഇതിപ്പോൾ മോഷണ മുതലായ ഓട്ടുരുളി പൊലീസ് കസ്റ്റഡിയിലെടുക്കും, വീട്ടമ്മ കേസിൽ സാക്ഷിയുമാവും.
ഓട്ടുരുളി പോട്ടെ, മാനം പോയില്ലല്ലോ?
കണ്ടും തൊട്ടും മണത്തും അറിയാൻ കഴിയാത്ത സാധനങ്ങളുടെ മോഷണത്തിൽ വകുപ്പ് 379 ചാർത്തി കുറ്റപത്രം നൽകുന്നതിനെ കോടതികൾ എതിർക്കാറുണ്ട്. അടുത്ത കാലത്തു വൈദ്യുതി മോഷണക്കേസുകളിലും ഇതേ വാദമുണ്ടായി. തൊട്ടാൽ ‘ശരിക്കും’ അറിയുന്ന മുതലായിട്ടു പോലും വൈദ്യുതി മോഷണത്തെ അങ്ങിനെ കാണാൻ കഴിയില്ലെന്ന നിലപാടാണു കോടതി സ്വീകരിച്ചത്.
ഇതിൽ രണ്ടും ഉൾപ്പെടാത്ത മറ്റൊരു തരം ‘കലാ’പരിപാടിയാണ് സൃഷ്ടി മോഷണം,
പുസ്തകം മോഷ്ടിക്കുന്നതും പുസ്തകത്തിന്റെ ഉള്ളടക്കം മോഷ്ടിക്കുന്നതും രണ്ടു വകുപ്പാണെന്നു ചുരുക്കം.
ആദ്യത്തേതിൽ ഇന്ത്യൻ പീനൽ കോഡ് അനുസരിച്ചും രണ്ടാമത്തേതിൽ ഇന്ത്യൻ കോപ്പി റൈറ്റ് ആക്റ്റ് 57, 63, 63(എ) വകുപ്പുകൾ അനുസരിച്ചും കേസെടുക്കും. തടവു ശിക്ഷ രണ്ടിനും തുല്യമാണ്. മൂന്നു മാസം മുതൽ മൂന്നു വർഷം വരെ – പിഴ 50,000 രൂപ മുതൽ രണ്ടു ലക്ഷം രൂപവരെ. കുറ്റം ആവർത്തിച്ചാൽ ശിക്ഷ കടുക്കും. അതാണു വ്യവസ്ഥ.
ചുരുക്കി പറഞ്ഞാൽ നിയമത്തിന്റെ ദൃഷ്ടിയിൽ പുസ്തകം മോഷ്ടിക്കുന്നതിലും കടുത്ത കുറ്റമാണ് ഉള്ളടക്കം മോഷ്ടിക്കുന്നതെന്നു വ്യക്തം.