‘മുകളിൽ ഒരാളുണ്ട്, ഓർത്തോ...’ കണ്ണു നിറഞ്ഞ് അതു പറയുമ്പോൾ നമുക്കു തിരിച്ചറിയാം അയാളുടെ നിസ്സഹായാവസ്ഥ. നീതി നിഷേധിക്കപ്പെടുമ്പോൾ പ്രതികരിക്കാനോ തിരിച്ചടിക്കാനോ ശേഷിയില്ലാതാവുന്ന മനുഷ്യൻ എത്തിച്ചേരുന്ന അവസ്ഥയാണിത്. അതോടെ മനസിനൊരു സമാധാനവും ലഭിക്കും.
ഇരകൾക്കാണു പലപ്പോഴും ഇങ്ങനെ പറയേണ്ടി വരുന്നത്. മറ്റു ചിലപ്പോൾ പ്രതികളും ഇങ്ങനെ പറഞ്ഞു പോവും.
ഓരോ കുറ്റകൃത്യങ്ങൾക്കും അതിന്റേതായ ചരിത്രമുണ്ട്. അതു കുറ്റകൃത്യം നടക്കുന്നതിനു മുൻപു തുടങ്ങുന്നതാണ്. ഒരാളെ കുറ്റകൃത്യത്തിലേക്കു നയിക്കുന്ന കാരണങ്ങളിൽ നിന്നാണ് ഈ ചരിത്രം തുടങ്ങുന്നത്. വിചാരണക്കോടതികളുടെ ശിക്ഷാവിധിയെയും മേൽക്കോടതികളുടെ പുനഃപരിശോധനകളെയും കുറ്റവാളിയുടെ ചരിത്രം സ്വാധീനിക്കും.
കുറ്റകൃത്യങ്ങൾക്കു ലഭിക്കുന്ന ശിക്ഷകളിൽ ഏറ്റവും കഠിനം വധശിക്ഷയാണെന്നാണു പൊതുവായ ധാരണ. എന്നാൽ മരണം വരെ കഠിനതടവു ലഭിക്കുന്നതാണ് ഏറ്റവും കടുപ്പമെന്ന് അനുഭവിക്കുന്നവർ പറയാറുണ്ട്.
കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമെന്നു പ്രോസിക്യൂഷൻ തെളിയിക്കുമ്പോൾ പ്രതിക്കു കടുത്ത ശിക്ഷ കോടതി ഉറപ്പാക്കും. ഇങ്ങനെ ശിക്ഷിക്കപ്പെടുന്നയാൾ സ്വതന്ത്രമായി നടക്കുന്നതു പൊതുസമൂഹത്തിനു ഭീഷണിയാണെന്നു ബോധ്യപ്പെടുമ്പോൾ വിചാരണക്കോടതികൾ ഏറ്റവും കടുത്ത ശിക്ഷയെക്കുറിച്ചു ചിന്തിക്കും.
കുറ്റവിചാരണകളുടെ ചരിത്രത്തിൽ കൂട്ടക്കൊലക്കാർക്കാണു സാധാരണ വധശിക്ഷ ലഭിക്കുന്നത്. കൂട്ടക്കൊലകൾ 6 തരമുണ്ട്.
1∙ ആലോചിച്ചുറച്ച്, ഗൂഢാലോചന നടത്തി, കൃത്യമായ പദ്ധതിയോടെ നടപ്പിലാക്കുന്നത്. കണിച്ചുകുളങ്ങര കൂട്ടക്കൊലയാണ് ഇതിന് ഉദാഹരണം. ബിസിനസ് വൈരം മൂത്ത് എതിരാളിയുടെ വാഹനത്തിൽ കൊലയാളികൾ വലിയ വാഹനം ഇടിച്ചുകയറ്റി മരണം ഉറപ്പാക്കി. ഇവരുടെ വൈരാഗ്യത്തെക്കുറിച്ചൊന്നും അറിയാതെ എതിരാളിയുടെ ഒപ്പം യാത്ര ചെയ്തിരുന്നവരുടെ ജീവനും വിലകൽപിക്കാത്ത കൊലയാളികൾ കൃത്യം ക്രൂരമായി നടപ്പിലാക്കി.
2∙ അവിചാരിതമായ സാഹചര്യങ്ങളിൽ പ്രത്യേക തയ്യാറെടുപ്പുകളൊന്നുമില്ലാതെ, പ്രകോപിതനായ പ്രതി ചെയ്യുന്ന കൂട്ടക്കൊല. ആലുവ മാഞ്ഞൂരാൻ വീട്ടിലെ കൂട്ടക്കൊല തന്നെ ഉദാഹരണം. വിദേശത്തു പോവാൻ പണം നൽകാമെന്നു പറഞ്ഞിരുന്നയാൾ തലേന്നു നടത്തിയ പിന്മാറ്റം പ്രതിയെ പ്രകോപിതനാക്കി. ആദ്യ കൊല മറയ്ക്കാനുള്ള ശ്രമത്തിൽ തുടർന്ന് 5 കൊലപാതകങ്ങൾ.
3∙ റിപ്പർ മോഡൽ കൊലപാതകം. ജീവജാലങ്ങൾ പിടഞ്ഞു മരിക്കുന്നതു കാണാനുള്ള ത്വരയുണ്ടാക്കുന്ന മനോവൈകൃതത്തിന് അടിമകളായവരാണ് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. ഇത്തരക്കാർ കുട്ടികളായിരിക്കുമ്പോൾ വീട്ടിലെ വളർത്തുമൃഗങ്ങളും പക്ഷികളും അവർക്ക് ഇരകളാവാറുണ്ട്. പക്ഷെ, മാതാപിതാക്കൾ അതത്ര കാര്യമാക്കാറില്ല.
4∙ യുദ്ധം, രാഷ്ട്രീയ കാരണങ്ങൾ, വംശീയ വിരോധം, ആഭ്യന്തരകലാപം എന്നിവ വഴിയൊരുക്കുന്ന കൂട്ടക്കൊലകൾ. ഇത്തരം കേസുകളിൽ കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും പരസ്പരം അറിയണമെന്നില്ല. മുൻപരിചയമോ വ്യക്തി വിദ്വേഷമോ കാണില്ല.
5∙ നാടും വീടും കൊള്ളയടിക്കാൻ വേണ്ടി നടക്കുന്ന കൂട്ടക്കൊല. ഇരകളുടെ സമ്പത്തു ലക്ഷ്യമിട്ടു നടക്കുന്ന ഇത്തരം കേസുകളാണു കുറ്റം തെളിഞ്ഞാൽ വധശിക്ഷ ഏറ്റവും ഉറപ്പുള്ള സംഭവങ്ങൾ.
6∙ വിഷവാതകച്ചോർച്ച അണു–രാസമാലിന്യബാധ എന്നിവ മൂലമുണ്ടാകുന്ന കൂട്ടക്കൊല. ആരെയും കൊല്ലാൻ ലക്ഷ്യമിട്ടല്ല ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. എന്നാൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും, അങ്ങനെ സംഭവിച്ചാൽ നിരപരാധികളായ അനേകം പേർ മരിക്കുമെന്നും കേസുകളിൽ പ്രതികളാവുന്നവർക്ക് അറിയാമെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞാൽ കടുത്ത ശിക്ഷ ഉറപ്പാണ്.
ഇന്നത്തെ കാലത്തു കുറ്റാന്വേഷകരും പ്രോസിക്യൂഷനും കോടതികളും ഏറ്റവും അധികം ആശ്രയിക്കുന്നതു ശാസ്ത്രീയ തെളിവുകളെയാണ്. സാക്ഷികൾ കളവു പറഞ്ഞാലും തെളിവുകൾ കളവു പറയില്ലെന്ന വിശ്വാസം അത്രയ്ക്ക് ഉറച്ചതാണ്.
എന്നാൽ വധശിക്ഷയുടെ കാര്യം വരുമ്പോൾ കോടതികൾ പലതവണ ആലോചിക്കും.
ചിലപ്പോൾ അസാധാരണമായും ആലോചിക്കുമെന്നാണ് ആലുവ കൂട്ടക്കൊലക്കേസിലെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കിയ വിധി സൂചിപ്പിക്കുന്നത്.
ഈ കേസിൽ ശാസ്ത്രീയമായ തെളിവുകൾ അതിശക്തമായിരുന്നു. കൂട്ടക്കൊല നടന്ന വീട്ടിലെ മുഴുവൻ വാട്ടർടാപ്പുകളിലും രക്തം പുരണ്ട വിരലടയാളം പതിഞ്ഞിരുന്നു. ഇരകളും അടുത്ത ബന്ധുക്കളുമായി ചില സ്വത്തുവിഷയങ്ങൾ നിലനിന്നിരുന്നു. കേസന്വേഷണത്തിനിടയിൽ അടുത്തബന്ധുക്കൾ ബുദ്ധിമുട്ടിയതും കുറച്ചല്ല. ഒരു വീട്ടിലെ 6 പേരെ പ്രതിക്ക് ഒറ്റയ്ക്കു കൊല്ലാൻ കഴിയില്ലെന്നു നാട്ടിലെ മുഴുവൻ പേരും വിശ്വസിച്ചു. എല്ലാ വാട്ടർടാപ്പുകളിലും രക്തക്കറ കണ്ടതു തന്നെ കൊലയാളി സംഘത്തിൽ കൂടുതൽ പേരുള്ളതിന്റെ തെളിവായി അന്വേഷണ സംഘവും കണക്കാക്കി.
പക്ഷെ, വീടിനുള്ളിലെ ടാപ്പുകളിൽ കണ്ടെത്തിയ രക്തക്കറ ഒരാളുടെ കൈകളിൽ നിന്നും പതിഞ്ഞതാണെന്നു പരിശോധനയിൽ തെളിഞ്ഞതോടെ അന്വേഷണം പുതിയ ദിശയിലേക്കു നീങ്ങി. നുണപരിശോധന, ബ്രെയിൻ മാപ്പിങ് തുടങ്ങിയ ഫൊറൻസിക് പരിശോധനകളിലൂടെ പ്രതിയുടെ കുറ്റം തെളിഞ്ഞു.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ശിക്ഷയുടെ കാര്യം വരുമ്പോൾ വിചാരണക്കോടതികൾക്കും വിധിയുടെ പുനഃപരിശോധനയുടെ കാര്യത്തിൽ മേൽക്കോടതികൾക്കും അവരുടേതായ കാഴ്ചപ്പാടുണ്ട്. അവിടെ സംശയത്തിന്റെ ആനുകൂല്യം പൂർണമായി ലഭിക്കുക പ്രതിക്കാണ്. വധശിക്ഷ, ജീവപര്യന്തം വിധികളിൽ സംശയത്തിന്റെ നേരിയ സാന്നിധ്യം പോലും പ്രതിയുടെ ശിക്ഷാ ഇളവിനു വഴിയൊരുക്കും.