Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ സോഫ്റ്റ് ഗുണ്ടായിസവും രവി പൂജാരിയുടെ പുകയില്ലാ വെടിയും

ജിജോ ജോൺ പുത്തേഴത്ത്
gangsters-business-in-kerala

അധോലോകം വേറിട്ടൊരു ലോകമാണെന്ന തെറ്റിദ്ധാരണ മാറ്റേണ്ട കാലമാണ്. യൂറോപ്യൻ നോവലുകളും അമേരിക്കൻ സിനിമകളും പരിചയപ്പെടുത്തിയ ഇരുട്ടും വെടിക്കോപ്പുകളും കൊലയും രതിയും അതിരു കടന്ന അധോലോകത്തിന്റെ ഇത്തരം സ്വഭാവമൊക്കെ നമ്മുടെ നാട്ടിൽ മാറി. കൃത്യമായി പറഞ്ഞാൽ വീട്ടുപടിക്കൽ വരെ അധോലോകം എത്തിയിട്ടുണ്ട്. കേരളത്തിലെ ഗുണ്ടാസംഘങ്ങളിലാണ് ഈ മാറ്റം പ്രകടമായത്. പണ്ടത്തെപ്പോലെ പണം വാങ്ങി തല്ലാനും വെട്ടാനും ജയിലിൽ കിടക്കാനും ഇവരാരും തയാറല്ല.

ഇതൊന്നും ചെയ്യാതെ പണം സമ്പാദിക്കാനുള്ള വഴികൾ അവരുടെ മുന്നിൽ ‘ബിസിനസ്’ രൂപത്തിൽ തുറന്നു കിടക്കുന്നു. സോഫ്റ്റ് ഗുണ്ടായിസം– പേരു പറഞ്ഞാൽ നാട്ടുകാർ ഭയപ്പെടുന്ന ഒരു ഭൂതകാലം മാത്രമാണ് ഇതിനാവശ്യമായ നിക്ഷേപം.

പേരു കേൾക്കുമ്പോൾ ജനങ്ങൾക്കു ഭീതി തോന്നണം. ആ ഭീതി വിറ്റു കാശാക്കാൻ അൽപ്പം ബുദ്ധിയുള്ള ഗുണ്ടകൾക്കറിയാം. കേരളത്തിലേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്കു വർധിച്ചതും മൊബൈൽ ഫോണിന്റെ അമിത സാന്നിധ്യവുമാണ് ഇത്തരമൊരു അധോലോകത്തിന്റെ സാധ്യതകൾ വർധിപ്പിച്ചത്. ഭീഷണിക്കച്ചവടമെന്ന് ഒറ്റവാക്കി‍ൽ പറയാം.

ജയിലിനുള്ളിൽ സർക്കാർ ചെലവിൽ ‘സുരക്ഷിത’രായി കഴിയുന്ന ഗുണ്ടകളാണ് ഇത്തരം കച്ചവടത്തിൽ മുന്നിൽ. ജയിലിൽ നിന്നു പുറത്തേക്കു വിളിക്കാൻ അധികാരികൾക്കു പടി കൊടുക്കാനുള്ള ‘മാന്യത’യും ഇവർ കാണിക്കാറുണ്ട്. മാറാരോഗികളായി രംഗം വിടുന്ന ക്രിമിനലുകളും ഭീഷണിക്കച്ചവടത്തിന് ഇറങ്ങി പണമുണ്ടാക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് തർക്കങ്ങൾ, കച്ചവട വഴക്കുകൾ കുടുംബപ്രശ്നങ്ങൾ, വഴിത്തർക്കം, ലഹരി ഇടപാടുകൾ, വാടകക്കാരെ ഒഴിപ്പിക്കൽ, വായ്പ പിരിക്കൽ എന്നിവയാണു ഇവരുടെ തട്ടകങ്ങൾ.

ഹലോ ബോസ്... ഹാപ്പി ന്യൂ ഇയർ!

കൊച്ചിയിലെ വാണിജ്യ കേന്ദ്രം. ക്രിസ്മസ് പുതുവർഷ അലങ്കാരങ്ങളുടെ കച്ചവടം പൊടിപൊടിക്കുന്നു. സ്ഥലത്തെ പ്രശസ്തമായ ഒരു കടയുടെ കവാടം പോലും കയ്യേറിയാണു കച്ചവടം. വഴിവാണിഭക്കാരനോടു കടക്കാർ മര്യാദയോടെ കാര്യം പറഞ്ഞു: കടയിലേക്കു വരുന്നവരെ തടയാതെ ചരക്ക് ഒതുക്കിവച്ചു കച്ചവടം ചെയ്തോളൂ... പക്ഷേ, കേട്ട ഭാവമില്ല. പോരാത്തതിനു വാശിയും കൂടി. കടയിലേക്കു കടക്കാൻ പോലും സ്ഥലം നൽകാതെ സാധനങ്ങൾ നിരത്തി. ദേഷ്യം തോന്നിയ കടക്കാരനും ജീവനക്കാരും പുറത്തിറങ്ങി ഫുട്ട്പാത്തിൽ നിന്നു ചരക്ക് എടുത്തു മാറ്റി വഴിയുണ്ടാക്കി. നാളെ അവിടെ കണ്ടുപോകരുതെന്നു താക്കീതു നൽകി.

ഏതാനും നിമിഷങ്ങളുടെ ഇടവേളയിൽ ഫോൺ വിളിയെത്തി ‘‘ഹാപ്പി ന്യൂ ഇയർ... അടുത്ത ക്രിസ്മസ് കാലത്തും കൊച്ചിയിൽ ചേട്ടനു കച്ചവടം നടത്തണ്ടേ?’’

കടക്കാരൻ പറഞ്ഞു: ‘‘അല്ല നിങ്ങളാരാ... മനസിലായില്ല....’’

‘‘ജയിലിൽ നിന്നാണു ചേട്ടാ, ഒരു കൊലക്കേസിൽ അകത്താണ്. (അതിനിടെ പേരു പറഞ്ഞു). ചേട്ടന്റെ കടയുടെ പുറത്തു കച്ചവടം നടത്തുന്നതു ഞാനാണ്. നേരെ ചൊവ്വേ ബിസിനസ് ചെയ്തു ജീവിക്കാമെന്നു കരുതി. അപ്പോ, ചേട്ടനെ പോലുള്ളവർ സമ്മതിക്കില്ലെന്നു വന്നാൽ പിന്നെ ഞാൻ എന്തു ചെയ്യും? (നീണ്ട മൗനം) അടുത്ത വർഷവും ചേട്ടനു നന്നായിരിക്കട്ടെ...’’

ഫോൺ സംസാരം അവസാനിക്കുന്നതിനു മുൻപു  കടയുടെ മുന്നിൽ സാധനങ്ങൾ പൂർവാധികം മനോഹരമായി നിരന്നിരുന്നു.

ന്യൂ ഇയർ കച്ചവടം കഴിഞ്ഞു മടങ്ങും മുൻപു പുറത്തു കച്ചവടം നടത്തിയിരുന്ന ചെറുപ്പക്കാരൻ കടക്കാരനെ വന്നു കണ്ടു പരിഭവം പറഞ്ഞു: 

‘‘ചേട്ടൻ കാരണം എനിക്ക്  25,000 രൂപ പോയി.’’

അതായിരുന്നു ജയിലിൽ നിന്നുള്ള ആ ഫോൺ വിളിയുടെ വില. ഇന്നത്തെ കാലത്തു പുറത്തുള്ള ഗുണ്ടയേക്കാൾ പേടിക്കേണ്ടത് അകത്തുള്ള ഗുണ്ടയെയാണ്. ജയിലിനകത്തുള്ള ഗുണ്ടയെക്കുറിച്ച് ആർക്കു പരാതി കൊടുക്കാനാണ്. ഇനി കൊടുത്താലും വിളിച്ചു ഭീഷണിപ്പെടുത്തിയതു ഗുണ്ടയാണെന്നു തെളിയിക്കാനും പാടാണ്.

പുകയില്ലാത്ത വെടി, രവിപൂജാരിയെന്ന കുറിപ്പ്

നാലാഴ്ച കഴിഞ്ഞിട്ടും എയർ പിസ്റ്റളുമായി നടിയുടെ ബ്യൂട്ടി സലൂണിലെത്തിയവരെ കണ്ടെത്താൻ പൊലീസിനു കഴിയാത്തതിനേക്കാൾ നാണക്കേടാണു വാർത്താ ചാനൽ വഴിയുള്ള കുറ്റവാളിയുടെ ആവർത്തിച്ചുള്ള വെല്ലുവിളി. നടിയുടെ സലൂണിലെത്തിയ തന്റെ ‘പിള്ളേരെ’ കണ്ടെത്താനാണു രവി പൂജാരിയെന്നു സ്വയം പരിചയപ്പെടുത്തുന്ന ക്രിമിനലിന്റെ വെല്ലുവിളി. ബൈക്കിലെത്തിയ രണ്ടംഗ സംഘം സലൂണിന്റെ ഏണിപ്പടിയിൽ ഉപേക്ഷിച്ച തുണ്ടു കടലാസിലാണ് അധോലോക കുറ്റവാളി രവി പൂജാരിയുടെ പേരെഴുതിയിരുന്നത്. ഫോൺ വിളിയല്ലാതെ അതിനപ്പുറമുള്ള തെളിവൊന്നും ഇയാളുടെ കാര്യത്തിൽ പൊലീസിന്റെ പക്കലില്ല.

പ്രസക്തമായ സംഗതി മറ്റൊന്നാണ്. പൊലീസിനു മുന്നിൽ പതുങ്ങാത്ത കുറ്റവാളി. കുറ്റകൃത്യത്തിനു ശേഷം പൊലീസിനെ വെല്ലുവിളിക്കുന്ന കുറ്റവാളി... ആദ്യം പൊലീസിലുള്ള പൊതുജനങ്ങളുടെ വിശ്വാസം തകർക്കും. പിന്നെ അവരുടെ കാര്യങ്ങൾ വളരെ എളുപ്പം, ഇത് അധോലോകത്തിന്റെ തനി സ്വഭാവമാണ്.