Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാതിൽപ്പടിയിലെ ചോരത്തുള്ളികളും പൊട്ടി വീണ ഏലസ്സും...!

കെ. ബാലസുബ്രഹ്മണ്യം
kambakamnam

രാത്രി! അല്പം മാറി നിന്ന മഴ വീണ്ടും ആർത്തലച്ച് ചെയ്യാൻ തുടങ്ങി. ആരോടോ ദേഷ്യമുള്ളതുപോലെ മഴ ഇരമ്പിയാർത്തു. ഹെഡ് ലൈറ്റുകളിൽ തീയെരിച്ച് കൊണ്ട് ബൈക്ക് കുതിക്കുകയായിരുന്നു. 

"പൊലീസ് പിടിക്കമോ ? "ബൈക്കിനു പിന്നിലിരുന്ന ലിബീഷിന് വീണ്ടും സംശയം .

"നീയൊന്ന് മിണ്ടാതിരുന്നേ... " അനീഷിനു ദേഷ്യം വന്നു;

"കണിയാൻ ഗണിച്ചു പറയുന്നത് നീയും കേട്ടതല്ലേ. ഏറ്റവും നല്ല സമയമാ. അതു മാത്രമല്ല, ഇന്നു രാത്രി കൊണ്ടു മുന്നൂറ് മൂർത്തികളും എന്റെ കൂടെയാവും. പിന്നെ, ആരെ പേടിക്കാൻ? പൊലീസ് അല്ല പട്ടാളം വന്നാലും ഒരു ചുക്കും സംഭവിക്കത്തില്ല." അനീഷ് ഒന്നു നിർത്തി;

"ഇവിടുത്തെ പണി  കഴിഞ്ഞാലുടൻ വീട്ടിൽച്ചെന്ന് ഒരു കോഴിക്കുരുതി! പിന്നെ, ശത്രുക്കളെ എല്ലാം ഒറ്റയടിക്ക് ഒതുക്കി നിർത്താൻ ഒരു 'മാട്ടു മാരണം' നീ കുറച്ചു പന്നിക്കരളും ചുടലഭസ്മോം സംഘടിപ്പിച്ചു തന്നാൽ മതി. ബാക്കി ഞാനേറ്റു. "

അനീഷിന്റെ സ്വരത്തിൽ തികഞ്ഞ ആത്മവിശ്വാസം. ഈ രാത്രി പെയ്തു തോരുമ്പോഴേക്കും ദുർമന്ത്രവാദ രംഗത്തെ പുതിയ രാജാവ് ആവുന്നതിന്റെ സന്തോഷം! തന്റെ ആശാനെ തേടി രാവും പകലുമില്ലാതെ ആളുകൾ വന്നതു പോലെ ദക്ഷിണയുടെ നോട്ട് കെട്ടുകളുമായി തന്നെയും തേടി മുന്തിയ കാറുകളിൽ ആളുകൾ എത്തും. തന്റെ മന്ത്ര സിദ്ധിക്കു മുമ്പിൽ ലോകം മുഴുവൻ തല കുനിച്ച് നിൽക്കും.

ആവേശത്തോടെ അനീഷ് ആക്സിലറേറ്റർ ഒന്നുകൂടി തിരിച്ചു. ബൈക്കിന് വേഗം കൂടി.

അറിയപ്പെടുന്ന ദുർമന്ത്രവാദി ആയിരുന്നു കാനാട്ട് കൃഷ്ണൻ.വമ്പൻ ബിസിനസ്സുകാർക്കിടയിലെ കുടിപ്പകൾ ദുർമന്ത്രവാദത്തിലൂടെ തീർക്കുന്ന ആൾ. ഏതു കൊടികെട്ടിയ കേസും കൃഷ്ണൻ ഏറ്റെടുക്കും. ആഭിചാര ക്വട്ടേഷനുകൾക്കു ലക്ഷങ്ങളാണ് പ്രതിഫലം. രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന ആഭിചാരങ്ങൾക്കു പ്രതിഫലത്തിനു പുറമെ മദ്യസത്ക്കാരം വേറെയും. കളരി അഭ്യാസി കൂടിയായ കൃഷ്ണൻ സ്വന്തം ശരീരം നന്നായി സംരക്ഷിക്കുന്ന ആൾ ആയിരുന്നു. ദിവസം രണ്ടു ലിറ്റർ ആട്ടിൻ പാലും പത്തു നാടൻ കോഴിമുട്ടയും കൃഷ്ണനു നിർബന്ധം. തനിക്കുള്ള ആട്ടിൻ പാലിനു വേണ്ടിമാത്രം നാല് ആടുകളെ കൃഷ്ണൻ വീട്ടിൽ വളർത്തിയിരുന്നു.തന്റെ ആരോഗ്യ സംരക്ഷകരായ ആട്ടിൻ കൂട്ടത്തോടു മക്കളോടുള്ള അതേ വാത്സല്യം ആയിരുന്നു കൃഷ്ണന്. പൂജയുള്ള ദിവസങ്ങളിൽ ഒരു ലിറ്റർ മദ്യവും കൃഷ്ണന് നിർബന്ധം. അതും സ്കോച്ച് തന്നെ വേണം.

മാട്ടുമാരണം, ഒടിവിദ്യ, ആവാഹനം, ഉച്ചാടനം, സ്തംഭനം, വശീകരണം എന്നിവയിലൊക്കെ ആയിരുന്നു കാനാട്ട് കൃഷ്ണൻ ' സ്പെഷലൈസ്' ചെയ്തിരുന്നത്.

എതിരാളിയെ ചോര ഛർദ്ദിപ്പിച്ചു കൊല്ലുന്നതു മുതൽ മേലാസകലം ചൊറിഞ്ഞ് ഭ്രാന്തിന്റെ അവസ്ഥയിൽ എത്തിക്കുന്നതു വരെയുള്ള ക്രിയകൾ കാനാട്ട് കൃഷ്ണൻ ചെയ്തിരുന്നു. ദേഹം ചൊറിഞ്ഞു പൊട്ടാൻ ചേനയിലാണ് ആഭിചാരം. കൂടോത്രത്തിനെതിരെ നടപടിയെടുക്കാൻ ഇന്ത്യൻ പീനൽ കോഡിൽ വകുപ്പ് ഇല്ലാത്തതിനാൽ കൃഷ്ണനും കസ്റ്റമേഴ്സും ഹാപ്പി. കള്ളും കഞ്ചാവും കൂലിയായി സ്വീകരിച്ച് മുന്നൂറ് മൂർത്തികൾ കൃഷ്ണനു വേണ്ടി അഹോരാത്രം പണിയെടുത്തു. എല്ലാറ്റിനും സാക്ഷിയായി പരികർമി അനീഷും. 

ഇതിനിടെ, സ്വന്തം കല്യാണം നടക്കുന്നതിനായി അനീഷ് കൃഷ്ണനെ കൊണ്ടു ചില പൂജകൾ നടത്തിച്ചിരുന്നു. ശിഷ്യനു ഫീസിന്റെ കാര്യത്തിൽ പ്രത്യേക ഇളവൊന്നും കൃഷ്ണൻ നൽകിയില്ല. മുപ്പതിനായിരം രൂപ എണ്ണി വാങ്ങിച്ചു. പൂജയൊക്കെ കാര്യമായി നടന്നു. പക്ഷേ, അനീഷിന്റെ കല്യാണം മാത്രം നടന്നില്ല. ഇതോടെ അനീഷിന് കൃഷ്ണനോടു പകയായി. ചില അന്തർസംസ്ഥാന വിഗ്രഹകടത്തു സംഘങ്ങളുമായി കൃഷ്ണനു ബന്ധം ഉണ്ടായിരുന്നു. അവരിൽ നിന്നു കൃഷ്ണൻ തന്നെ അകറ്റി നിർത്തിയതും അനീഷിന് കൃഷ്ണനോടുള്ള പക ഇരട്ടിക്കാൻ കാരണമായി. ആശാന്റെ നിഴലായി ജീവിക്കുന്നതിലും നല്ലത് ആശാന്റെ 'പണി തീർത്ത്' സ്വന്തമായി പണി തുടങ്ങുന്നതാണെന്ന് അനീഷ് തീരുമാനിച്ചു.

രാത്രി 12.10 മഴയുടെ ശക്തി അല്പം കുറഞ്ഞിരുന്നു. കൃഷ്ണന്റെ വീടിനു കുറെ മാറി അനീഷ് ബൈക്ക് നിർത്തി. അനീഷും ലിബീഷും ഇറങ്ങി. വിസ്തൃതമായ പുരയിടത്തിനു നടുവിലാണ് കാനാട്ട് കൃഷ്ണന്റെ വീട്. അയൽക്കാരുമായി അടുപ്പമൊന്നുമില്ലാതിരുന്ന കൃഷ്ണനും കുടുബവും ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. വീട്ടിൽ വെളുക്കുവോളം ദുർമന്ത്രവാദം നടക്കുന്നതിനാൽ കൃഷ്ണന് ഒറ്റപ്പെട്ട വീട് ആയിരുന്നു ഇഷ്ടം.

ബൈക്ക് കൊക്കോച്ചെടികളുടെ മറവിലേക്ക് അനീഷ് മാറ്റിവച്ചു. ബൈക്കിന്റെ സൈഡിൽനിന്നു ബുള്ളറ്റിന്റെ ഒരു ക്രാഷ് ബാരിയർ പൈപ്പ് വലിച്ചെടുത്തു. സ്റ്റീൽ കൊണ്ടുള്ള പൈപ്പ് ഇരുട്ടിലൊന്ന് മിന്നി.

"വാ''അനീഷ് തിരിഞ്ഞ് ലിബീഷിനെ നോക്കി.

(തുടരും)

അടുത്ത ആഴ്ച

'ജലനിധി' യുടെ മാസവരി പിരിക്കാനായി കാനാട്ട് കൃഷ്ണന്റെ വീട്ടിലെത്തിയ അയൽവാസി ജേക്കബ് ഞെട്ടലോടെയാണ് അതു കണ്ടത്.

അടുക്കള വാതിലിന്റെ പടിയിൽ കറുത്ത് പടർന്നു കിടക്കുന്ന ചോര. അരികെ, പൊട്ടിക്കിടക്കുന്ന ഒരു ഏലസ്സും!