കുഴിച്ചിട്ടത് പാതി ജീവനോടെ

കാനാട്ട് കൃഷ്ണന്റെ വീടിനു പിന്നിൽ ചോരപ്പാടുകൾ. മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങൾ, പൊട്ടിയ ഏലസ്സ്. സംഗതി പന്തിയല്ലെന്നു തോന്നിയ അയൽക്കാരൻ കുറച്ചു മാറി താമസിക്കുന്ന കാനാട്ട് കൃഷ്ണന്റെ സഹോദരനെ വിളിച്ചു കൊണ്ടു വന്നു. കതക് അല്പം ബലം പ്രയോഗിച്ച് തുറന്നു നോക്കി. മുറിക്കുള്ളിൽ എന്തൊക്കെയോ ചിതറിക്കിടക്കുന്നതു കാണാം. ചോരയുടെ മടുപ്പിക്കുന്ന ഗന്ധം! 

"പൊലീസിൽ അറിയിക്കാം" അയൽവാസി വിറയലോടെ കാനാട്ട് കൃഷ്ണന്റെ സഹോദരനെ നോക്കി.

   

രണ്ടു ദിവസം മുമ്പത്തെ രാത്രി മഴ വീണ്ടും തുടരുകയാണ്. കാനാട്ട് കൃഷ്ണന്റെ വീടിനു താഴെ ബൈക്ക് വെച്ച് ലിബീഷും അനീഷും വീടിനു നേരെ നടക്കുകയാണ്. "കൃഷ്ണേട്ടനെ വീടിന് പുറത്ത് എത്തിക്കേേണ്ട?" ലിബീഷ് അനീഷിനെ നോക്കി; "ഈ നേരത്ത് നമ്മളെ കണ്ടാൽ അങ്ങേർക്ക് സംശയം തോന്നത്തില്ലേ..."

"അയാളെ പുറത്തിറക്കാനുള്ള വഴിയൊക്കെ എനിക്ക് അറിയാം. നീ കണ്ടോ" അനീഷിന്റെ മറുപടി. കാനാട്ട് കൃഷ്ണന്റെ വീടിനു പിന്നിൽ എത്തി അവർ നിന്നു."ആ പൈപ്പ് ഇങ്ങു താടാ"അനീഷ് ലിബീഷിന്റെ കൈയിൽനിന്നു ബുള്ളറ്റിന്റെ ഷോക്ക് അബ്സോർബർ പൈപ്പ് വാങ്ങി.

"ആശാൻ ഇത് എന്തു ഭാവിച്ചാ?'' ലിബീഷ് അമ്പരപ്പോടെ അനിഷിനെ നോക്കി. "നീ കണ്ടോ''

പറഞ്ഞിട്ട് അനീഷ് മുറ്റത്തിനു പിന്നിലുള്ള ആട്ടിൻ കൂടിന് നേരെ നടന്നു. പിന്നെ, സ്റ്റീൽ പൈപ്പുകൊണ്ട് ആടുകളെ ആഞ്ഞടിക്കാൻ തുടങ്ങി.

ആടുകളുടെ കരച്ചിൽ കേൾക്കുമ്പോൾ കാനാട്ട് കൃഷ്ണൻ ഇറങ്ങി വരും എന്ന് അനീഷിന് അറിയാമായിരുന്നു. ഊഹം തെറ്റിയില്ല. ആടുകളുടെ നിലവിളി കേട്ട് കാനാട്ട് കൃഷ്ണൻ ഇറങ്ങി വന്നു. മറഞ്ഞു നിന്ന അനീഷ് കൃഷ്ണന്റെ തലയിൽ സ്റ്റീൽ പൈപ്പുകൊണ്ട് ആഞ്ഞടിച്ചു.

കൃഷ്ണൻ അലറിക്കൊണ്ടു തിരിഞ്ഞോടി. അടുക്കള വാതിൽ കടന്നതും വീണ്ടും ഒരു അടി കൂടി. കൃഷ്ണൻ അകത്തേക്കു കമഴ്ന്നു വീണു.

ബഹളം കേട്ടുപാഞ്ഞു വന്ന കൃഷ്ണന്റെ ഭാര്യ സുശീല ആയിരുന്നു അടുത്ത ഇര! പിന്നീട്, മക്കളും.

മൂന്നാം പക്കം പകൽ

കാനാട്ട് കൃഷ്ണന്റെ വീട്ടു മുറ്റത്തേക്ക് രണ്ടു പൊലീസ് ജീപ്പുകൾ പാഞ്ഞു വന്നു നിന്നു. നാട്ടുകാരുടെ സാന്നിധ്യത്തിൽ പൊലീസ് ചുറ്റുപാടും പരിശോധന തുടങ്ങി. വീടിനുള്ളിൽ ചോര പരന്നൊഴുകി കിടപ്പുണ്ടായിരുന്നു. പരിസരത്ത് നോക്കിയപ്പോൾ ചോര പുരണ്ട ഒരു ചുറ്റിക കിട്ടി.

അതു കൂടാതെ, ആട്ടിൻ കൂടിന് പിൻവശത്തായി മണ്ണ് ഇളകിക്കിടക്കുന്നു. പൊലീസ് അവിടം മാന്തിത്തുടങ്ങി. നടുക്കുന്ന കാഴ്ച ആയിരുന്നു മണ്ണിനടിയിൽ. അട്ടിയടുക്കി നാല് മൃതദേഹങ്ങൾ. ഒരു കുഴിയിൽ ഒരു കുടുംബം !!!

പൊലീസും കേരളവും ഒന്നോടെ നടുങ്ങിയ ദിവസം. ഒരു കുടുംബം അപ്പാടെ ഒരു ശവക്കുഴിക്കുള്ളിൽ. ഇതിനിടെ, നടുക്കുന്ന ഒരു പോസ്റ്റ് മോർട്ടം റിപ്പോർട്ട് കൂടി വന്നു. കൃഷ്ണന്റെ മകനെ കുഴിച്ചിട്ടത് പാതി ജീവനോടെയാണ്.

(തുടരും)

അടുത്ത ആഴ്ച

വരുന്നു സ്പെക്ട്രം. പൊലീസിന്റെ ആരും പറയാത്ത അന്വേഷണ വഴികൾ