Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കളെ കൊന്നതിനു പിന്നിൽ വിചിത്രമായ കാരണം!

കെ.ബാലസുബ്രഹ്മണ്യൻ
finger-print-column-palakkadu-chittoor-murder-case

ഒരു ബീഡിയുടെ ആയുസ്സ് തീർന്നപ്പോഴേക്കും ഭാര്യയുടെ പിടച്ചിലും തീർന്നു. അവസാന പുകയും ഭാര്യയുടെ മിഴിഞ്ഞ കണ്ണുകളിലേക്ക് ഊതി വിട്ട് മാണിക്യൻ തിരിഞ്ഞു. ഒന്നുമറിയാതെ ഉറങ്ങുന്ന മക്കളായ മനോജിനും മേഘയ്ക്കും നേരെ ചോരയിറ്റു വീഴുന്ന കത്തി ഉയർന്നു. വലിയ നിലവിളികൾ ഇല്ല, ഞരുക്കങ്ങൾ മാത്രം. കൊഴുത്ത ചോര വീണ് പായ കുതിർന്നു. മാണിക്യൻ വരാന്തയിൽ വന്നിരുന്ന് അടുത്ത ബീഡിക്കു തീ കൊളുത്തി.

അല്പനേരം ആ ഇരിപ്പ് തുടർന്നു. പിന്നെ, എണീറ്റു വന്നു കൈയ്യും മുഖവും കഴുകി. തേച്ചു തീരാത്ത തുണികൾ എടുത്തു. കരി കത്തിച്ച് ഇസ്തിരിപ്പെട്ടിയിലിട്ട് അവ തേക്കാൻ തുടങ്ങി. ‘ഒരു ജോലി’ കഴിഞ്ഞു. ബാക്കിയുള്ളത് കൂടി തീർത്തിട്ട് വേണം പൊലീസിൽ കീഴടങ്ങാൻ.

manikyan-murder-case മാണിക്യൻ

"നിവൃത്തികേട് കൊണ്ടു ചെയ്തു പോയതാ സാറേ..." കൂട്ടക്കൊലയെക്കുറിച്ചു മാണിക്യൻ ആദ്യം പൊലീസിനോട് പറഞ്ഞതിങ്ങനെയാണ്. അത്രമേൽ സഹിച്ചിരുന്നു പോലും. അത്രമേൽ ആഴത്തിൽ മുറിവേറ്റിരുന്നു പോലും. എങ്കിൽ പിന്നെ കുടുംബത്തെ ഉപേക്ഷിച്ചു പൊയ്ക്കൂടായിരുന്നോ എന്ന ചോദ്യത്തിനു മാണിക്യൻ നൽകിയ മറുപടിയും അമ്പരപ്പിക്കുന്നതായിരുന്നു; "അവരെ വിട്ടിട്ടു പോവാൻ കഴിയത്തില്ലായിരുന്നു സാറേ. അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്ക് എന്റെ കുടുംബത്തെ... "

ഇടനെഞ്ചിലെ ഇസ്തിരിപ്പെട്ടിക്കുള്ളിൽ തീരാപ്പകയുടെ കനലുകൾ തിളയ്ക്കുമ്പോഴും ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ എല്ലാ വഴികളും മാണിക്യൻ നോക്കിയിരുന്നു. എന്തായിരുന്നു മാണിക്യൻ ഇത്രയും വലിയ കൊടും കുറ്റവാളി ആവാനുള്ള കാരണം? 

ഭാര്യയുടെ അവഗണന. പരിഹാസം. കറുത്തവനും കഴിവുകെട്ടവനെന്നും കാശിനു കൊള്ളാത്തവൻ എന്നുമുള്ള ആപേക്ഷം! കുട്ടിക്കാലം മുതൽക്കെ എല്ലാവരാലും ഒറ്റപ്പെട്ടവനും പരിഹാസ പാത്രവുമായിരുന്നു മാണിക്യൻ. കുടുംബത്തിലെ ഉന്നത ഉദ്യോഗമുള്ളവർക്കു വസ്ത്രം തേച്ചു കൊടുക്കാൻ വിധിക്കപ്പെട്ട കാശിനു കൊള്ളാത്ത ജന്മം.‌

ഭാര്യയും ഇതേ ആക്ഷേപം തുടർന്നപ്പോൾ മാണിക്യനു സഹിക്കാതെയായി. അന്യപുരുഷന്മാരുമായി താരതമ്യം ചെയ്തു കളിയാക്കുന്നത് ഭാര്യക്കു മറ്റു പുരുഷൻമാരുമായുള്ള അവിഹിത ബന്ധം കൊണ്ടാണ് എന്നു മാണിക്യൻ കരുതി. സംശയത്തിന്റെ കനലുകൾ മനസ്സിൽ നീറിയപ്പോൾ, ആ കനലിൽ ഭാര്യയ്ക്കായി ഒരു ആയുധം മാണിക്യൻ ചുട്ടെടുത്തു. പകയുടെ ചാണക്കല്ലിൽ രാകി മിനുക്കിയ ആ ആയുധംകൊണ്ട് ഭാര്യയുടെ കഴുത്തറത്തു. മക്കളുടെ ജീവനെടുത്തു.

എന്തിന് മക്കളെ കൊന്നു എന്ന ചോദ്യത്തിന് മാണിക്യന്റെ മറുപടി ഇങ്ങനെ; "ഭാര്യയെ കൊന്നു ഞാൻ ജയിലിൽ പോവുന്നതോടെ എന്റെ മക്കൾ ഒറ്റയ്ക്കാവില്ലേ. അവർ ആരുടെയും മുമ്പിൽ കൈ നീട്ടുന്നത് എനിക്കു സഹിക്കത്തില്ല..." മാണിക്യനു മാനസിക രോഗം ആണെന്ന് പറയുന്നവർ ഉണ്ടാവും. പക്ഷേ, ദയാരഹിതമായ സംസാരങ്ങളും സംശയങ്ങളും ഒരു വലിയ ദുരന്തമായി മാറുന്ന നമ്മുടെ കുടുംബങ്ങളിലെ ചോര വീണു നനഞ്ഞ ഒരു ഉദാഹരണം മാത്രമാണ് ചിറ്റൂരിലെ ഈ കൂട്ടക്കൊലപാതകം. കൂടുമ്പോൾ ഇമ്പം ഉള്ളതാവട്ടെ കുടുംബങ്ങൾ. 

ഓർക്കുക, മനസ്സ് ആണ് ഏറ്റവും വലിയ ആയുധപ്പുര !