പതിനൊന്ന് വർഷം മുമ്പ്. ഡിസംബർ മാസം രണ്ടാം തീയതി. വണ്ടിപ്പെരിയാർ അമ്പത്തിയേഴാം മൈലിലെ വള്ളോം പറമ്പിൽ വീട്ടിൽ അന്ന് നേരത്തെ വിളക്കുകൾ അണഞ്ഞു. സന്ധ്യ കഴിഞ്ഞപ്പോൾ തുടങ്ങിയ മഴയാണ്. മഞ്ഞും മഴയും പരസ്പരം ഇറുകെപ്പുണർന്ന് പെയ്തിറങ്ങുന്നു. കാറ്റടിക്കുമ്പോൾ ഏലക്കാടുകൾ തിരമാലകൾ പോലെ ആർത്തിരമ്പുന്നു. നീനു എന്ന ഇരുപത്തിരണ്ടുകാരിയും അമ്പതു വയസ്സുകാരിയായ അമ്മ മോളിയും നീനുവിന്റെ എട്ടു മാസം പ്രായമുള്ള കുഞ്ഞും മാത്രമായിരുന്നു അന്ന് വീട്ടിൽ. മോളി ഒരാഴ്ചയായി പനിച്ച് കിടപ്പാണ്.
നീനുവിന്റെ ഭർത്താവ് ജോലിയുടെ ഭാഗമായി കോയമ്പത്തൂർ ആയിരുന്നു. നീനുവിന്റെ ഏക സഹോദരൻ ബിനു ഒരു സുഹൃത്തിനെ കാണുന്നതിനായി എറണാകുളത്തും. ഇരുട്ടിലേക്ക് തുമ്പിക്കൈ വണ്ണത്തിൽ മഴ ഇരച്ചു വീണു കൊണ്ടിരുന്നു. ഇടയ്ക്കിടെ ഇടിമിന്നലിന്റെ നീലവെളിച്ചം മാത്രം!
പതിനൊന്നു മണി കഴിഞ്ഞു. നല്ല ഉറക്കത്തിലായിരുന്ന നീനു ഞെട്ടി ഉണർന്നു. മഴയുടെ അലർച്ചയുടെ ശക്തി അല്പം കുറഞ്ഞിട്ടുണ്ട്. മുറ്റത്ത് ആരുടെയോ അടക്കിപ്പിടിച്ച സംസാരം കേൾക്കുന്നത് പോലെ! തോന്നലാണോ ? നീനു ജാഗ്രതയോടെ ചെവി വട്ടം പിടിച്ചു. അല്ല, തോന്നൽ അല്ല. മുറ്റത്ത് ആരൊക്കെയോ ഉണ്ട്. നീനുവിന്റെ ശരീരം ഭയം കൊണ്ട് കുളിർന്നു .
"വിളിക്ക്, കതക് തുറക്കുമോന്ന് നോക്കാം. ഇല്ലെങ്കിൽ ബാക്കി നോക്കാം" അടക്കിപ്പിടിച്ച സംസാരം കേൾക്കാം.
"അമ്മച്ചീ... എണീറ്റേ..." നീനുവിന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി.
പെട്ടെന്ന്, മുറ്റത്തുനിന്ന് ശബ്ദം ഉയർന്നു; "എടാ ബിനുവേ ഒന്ന് വാതില് തൊറന്നേ".
നീനുവിന്റെ സഹോദരന്റെ പേരാണ് ആരോ വിളിക്കുന്നത്."ബിനുച്ചാച്ചൻ ഇവിടില്ല. ഞാനും അമ്മച്ചീം മാത്രേയൊള്ളു." നീനു ഉച്ചത്തിൽ പറഞ്ഞു.
"എന്നാ ശരി. ഞങ്ങള് പോയേക്കാം'' മുറ്റത്തുനിന്ന് മറുപടി കേട്ടു .
പിന്നെ നിശബ്ദതയായിരുന്നു. ഒന്നു രണ്ട് നിമിഷം കഴിഞ്ഞു. പടക്കം പൊട്ടുന്നതു പോലൊരു ശബ്ദം കേട്ട് നീനുവും അമ്മയും കിടുങ്ങിപ്പോയി. അടുക്കള വാതിൽ തകർന്ന് അകത്തേക്കു വീണു. നീനുവും മോളിയും അലറിക്കരഞ്ഞു. തൊട്ടിലിൽ കിടന്നുറങ്ങിയിരുന്ന കുഞ്ഞ് കരഞ്ഞുകൊണ്ട് ഉണർന്നു.
പിറ്റേന്ന്. മഴ തോർന്ന പ്രഭാതം. വള്ളോം പറമ്പിൽ വീട്ടിൽ നിന്ന് ഒച്ചയനക്കങ്ങൾ ഒന്നും കേട്ടില്ല. എട്ടു മണി കഴിഞ്ഞു. കുഞ്ഞിന്റെ കരച്ചിൽ മാത്രം കേട്ടു . അയൽക്കാർ പതിയെ അവിടേക്ക് എത്തി നോക്കി. വിശന്നു വലഞ്ഞ കുഞ്ഞ് അപ്പോഴേക്കും തറയിലൂടെ ഇഴഞ്ഞ് ഒരു വിധം മുറ്റത്ത് എത്തിയിരുന്നു. അമ്പരപ്പോടെ ഓടിയെത്തിയ അയൽക്കാർ വീടിനുള്ളിൽ കണ്ടത് നടുക്കുന്ന കാഴ്ച ആയിരുന്നു. നീനുവിന്റെയും അമ്മ മോളിയുടെയും ജീവനില്ലാത്ത ശരീരങ്ങൾ! മാനഭംഗത്തിന് ഇരയാക്കി തലയും വാരിയെല്ലും തകർത്ത് കൊന്നിട്ടിരിക്കുന്നു.
അര മണിക്കൂറിനുള്ളിൽ പൊലീസ് ജീപ്പുകൾ പാഞ്ഞെത്തി. നിമിഷ നേരംകൊണ്ട് വള്ളോം പറമ്പിൽ വീട് പൂർണ്ണമായും പൊലീസ് വലയത്തിൽ. ഏലക്കാടിനു കാക്കി നിറം! ചോര പുരണ്ട ഒരു കമ്പിവടിയും കത്തിയും വീടിനുള്ളിൽ നിന്നു പൊലീസിനു കിട്ടി. പൊലീസ് അന്വേഷണം തുടങ്ങി ഈ അന്വേഷണം നടക്കുമ്പോഴാണ് തേക്കടിയിലെ വെയിറ്റിങ് ഷെഡിൽ കുറുമ്പി എന്ന ഭിക്ഷക്കാരി കൊല്ലപ്പെടുന്നതും രാജേന്ദ്രൻ എന്ന പാറമടത്തൊഴിലാളി പിടിയിലാവുന്നതും.
കുറുമ്പിയുടെ ജീവനെടുത്ത രാജേന്ദ്രൻ തന്നെയാണ് ഇരട്ടക്കൊലപാതകത്തിലെ ഒരാൾ എന്ന് പൊലീസിന് ഏതാണ്ട് ഉറപ്പായി. നീനുവിന്റെയും മോളിയുടെയും ജീവനെടുക്കാൻ കൂട്ടുനിന്ന ആ രണ്ടാമൻ ആര്?
അടുത്ത ആഴ്ച
ഇന്നും ഒളിവിൽ കഴിയുന്ന രണ്ടാമൻ