പാറമടയിൽ പണിയെടുക്കുന്നതിനായിരുന്നു രാജേന്ദ്രൻ വണ്ടിപ്പെരിയാർ അമ്പത്തിയേഴാം മൈലിൽ എത്തിയത്. ചൂരക്കുഴ പുതുവൽതടത്തിൽ വീട്ടിൽ രാജേന്ദ്രൻ എന്നു മുഴുവൻ പേര്. ആദ്യത്തെ രണ്ടു മാസം രാജേന്ദ്രൻ തനിച്ചായിരുന്നു. പിന്നീട് കുടുംബത്തെയും കൂട്ടി എത്തി.
നീനുവിന്റെയും മോളിയുടെയും വീടിനു കുറച്ചു മാറി താമസവും തുടങ്ങി. നീനുവിന്റെ സഹോദരൻ ബിനുവുമായി പരിചയത്തിലായി. സുന്ദരിയായ നീനുവിൽ രാജേന്ദ്രന്റെ കണ്ണുകൾ അന്നേ വീണു. ചങ്ങാത്തം കൂടാനൊക്കെ ശ്രമിച്ചെങ്കിലും നീനുവും വീട്ടുകാരും അത്ര താൽപര്യം കാണിച്ചില്ല.
ഇതിനിടെ വിവാഹം കഴിഞ്ഞ നീനു ഭർതൃഗൃഹത്തിലേക്കു പോയി. രാജേന്ദ്രനും കുടുംബവും അവിടെ നിന്നു താമസം മാറി.
വണ്ടിപ്പെരിയാറിലും പരിസരങ്ങളിലും തന്നെ ഉണ്ടായിരുന്നു രാജേന്ദ്രൻ. നീനു അല്ലെങ്കിൽ മറ്റൊരാൾ. ഇരയെ റാഞ്ചാൻ തക്കം പാർത്ത പരുന്തിനെ പോലെ രാജേന്ദ്രൻ കാത്തിരുന്നു.
അങ്ങനെയാണ് ആ ദിവസം വന്നത്. നീനു വീട്ടിലുള്ള വിവരം രാജേന്ദ്രൻ അറിഞ്ഞു. രാവിലെ നീനുവിന്റെ സഹോദരൻ ബിനു എറണാകുളം ബസ് കാത്തു നിൽക്കുന്നത് രാജേന്ദ്രൻ കണ്ടു. രണ്ടു ദിവസം കഴിഞ്ഞേ ബിനു തിരികെയെത്തൂ എന്നും മനസ്സിലാക്കി. വീട്ടിൽ അന്നു രാത്രി നീനുവും അമ്മയും എട്ടു മാസം പ്രായമായ കുഞ്ഞും മാത്രം. രാജേന്ദ്രന്റെ ഉള്ളിലെ ചെന്നായ ഉണർന്നു.
പാറമടയിൽ വച്ചു സുഹൃത്തായ ജോമോൻ എന്ന ചെറുപ്പക്കാരനോടു രാജേന്ദ്രൻ ഇക്കാര്യം പറഞ്ഞു. രാജേന്ദ്രന്റെ അതേ സ്വഭാവമുള്ള ജോമോന് ഇക്കാര്യത്തിൽ രണ്ടാമത് ഒന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. പത്തു മണി രാത്രി വരെ അവർ പാറമടയിലിരുന്നു മദ്യപിച്ചു.
അപ്പോഴേക്കും മഴ തുടങ്ങി. രാജേന്ദ്രനും ജോമോനും നീനുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു. ബിനുവിന്റെ പേരു വിളിച്ചാൽ നീനു വാതിൽ തുറക്കുമെന്നും അങ്ങനെ അകത്തു കടക്കാം എന്നുമായിരുന്നു രാജേന്ദ്രന്റെ കണക്കുകൂട്ടൽ.
എന്നാൽ നീനു വാതിൽ തുറക്കാതായതോടെ ആ പദ്ധതി പൊളിഞ്ഞു. പിൻവാങ്ങാൻ രാജേന്ദ്രനും ജോമോനും തയാറായിരുന്നില്ല. വീടിനു പുറത്തു കിടന്നിരുന്ന അമ്മിക്കല്ല് കൊണ്ട് അടുക്കള വാതിൽ തുറന്ന് അവർ വീടിനുള്ളിൽ കടന്നു. നീനുവിനെയും അമ്മയെയും ഉപദ്രവിച്ചു. നീനുവിനെ തുണികൊണ്ടു കെട്ടിയിട്ടു മാനഭംഗപ്പെടുത്തിയത് രാജേന്ദ്രൻ ആയിരുന്നു. മോളിയെ ജോമോനും പീഡിപ്പിച്ചു. മോളിയെ തറയിലിട്ടു ചവിട്ടി വാരിയെല്ലുകൾ ഒടിച്ചു കൊല്ലുകയായിരുന്നു. മാനഭംഗത്തിനു ശേഷം നീനുവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലയടിച്ചു തകർത്തും കത്തി കൊണ്ട് കുത്തിയും കൊന്നു. വെളുപ്പിന് അഞ്ചു മണിക്കു ശേഷമാണ് പ്രതികൾ സ്ഥലം വിട്ടത്.
രാജേന്ദ്രൻ സത്യം തുറന്നു പറഞ്ഞതോടെ പൊലീസ് ജോമോനെയും അറസ്റ്റ് ചെയ്തു. കേസ് കോടതിയിൽ എത്തി. പക്ഷേ, വിചാരണയ്ക്കിടയിൽ ആരും ചിന്തിക്കാത്ത ഒന്ന് സംഭവിച്ചു!
അടുത്ത ആഴ്ച
(തുടരും)