സൂക്ഷിക്കുക ആ കൊലയാളി നിങ്ങളുടെ പിന്നിലുണ്ടാവും

അമ്പത് വയസ്സുകാരി അമ്മയെയും ഇരുപത്തിരണ്ടുകാരി മകളെയും എട്ടു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ മുമ്പിലിട്ടു  ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്ന കൂട്ട് പ്രതിയുടെ പേര് ജോമോൻ. അമ്പത്തിയേഴാം മൈൽ പെരുവേൽപറമ്പിൽ ജോമോൻ. കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു രാജേന്ദ്രനും ജോമോനും നീനുവിനെയും മോളിയെയും ബലാത്സംഗം ചെയ്ത് കൊന്നത്. കൃത്യം നടത്തുമ്പോൾ ജോമോന് പ്രായം ഇരുപത്തിയേഴ്!

ഈ കൊടും ക്രൂരതയ്ക്ക് രാജേന്ദ്രനു വേണ്ട വീര്യവും ധൈര്യവും പകർന്നു കൊടുത്തതു ജോമോൻ ആയിരുന്നു. നീനുവിനെ തോർത്തു കൊണ്ടു കെട്ടിയിട്ടാണു രാജേന്ദ്രൻ പീഡിപ്പിച്ചത്. ഈ സമയം ജോമോൻ മോളിയെ മാനഭംഗപ്പെടുത്തി. പിന്നെ, കട്ടിലിൽ നിന്നു വലിച്ചു താഴെയിട്ടു വാരിയെല്ലുകൾ ചവിട്ടിയൊടിച്ചു കൊന്നു.

അമ്മയെ രക്ഷിക്കാനായി അലറി വിളിച്ച നീനുവിനെ കറിക്കത്തി കൊണ്ടു വെട്ടിയും ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്.

ഈ സമയമെല്ലാം എട്ടു മാസം പ്രായമുള്ള കുഞ്ഞ് അലറിക്കരയുകയായിരുന്നു. ഒടുവിൽ കരഞ്ഞ് തളർന്ന് കുഞ്ഞ് മയങ്ങി. മഴ തോരും വരെ രാജേന്ദ്രനും ജോമോനും മൃതശരീരങ്ങൾക്ക് അരുകിൽ ഇരുന്നു. വെളുപ്പിന് അഞ്ചു മണിയോടെ മഴ തോർന്നു. രാജേന്ദ്രനും ജോമോനും ഒന്നും അറിയാത്തവരെ പോലെ വീട്ടിൽ നിന്നിറങ്ങി ഏലത്തോട്ടത്തിലൂടെ നടന്നു മറഞ്ഞു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളെ ആധാരമാക്കി ആയിരുന്നു വിചാരണ.

സർക്കിൾ ഇൻസ്പെക്ടർമാരായ ആർ.ജയശങ്കറിനും അനിൽ ശ്രീനിവാസനുമായിരുന്നു അന്വേഷണ ചുമതല. കോടതിയിൽ പ്രൊസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രൊസിക്യൂട്ടർ ഇ.എ റഹിം ഹാജരായി. അത്യപൂർവ്വങ്ങളിൽ അത്യപൂർവം എന്നാണ് കോടതി ഈ ക്രൂരകൃത്യത്തെ വിശേഷിപ്പിച്ചത്. ഒന്നാം പ്രതി രാജേന്ദ്രനു തൊടുപുഴ അഡീഷണൽ സെഷൻസ് ജസ്റ്റിസ് ടി.യു മാത്യുക്കുട്ടി വധശിക്ഷ വിധിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആ വിധി ശരിവച്ചു.

ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാം പ്രതി ജോമോനെ പൊലീസ് ഇപ്പോഴും തിരയുന്നു. കൊലക്കയർ കാത്ത് രാജേന്ദ്രൻ കഴിയുന്നു. പക്ഷേ, ജോമോൻ?

ആൾക്കൂട്ടത്തിനിടയിൽ, ആളൊഴിഞ്ഞ വിജന പ്രദേശങ്ങളിൽ നമ്മൾ സഞ്ചരിക്കുന്ന ബസിന്റെ പാതി സീറ്റിൽ. നമ്മൾ എന്നു കാണുന്ന പരിചിത മുഖങ്ങൾക്ക് ഇടയിൽ ചോര മണക്കുന്ന ഒരു ചൂര് ഒളിച്ചു കളിക്കുന്നു.