2017 ഏപ്രിൽ 9. പുലർച്ച. ക്ലിഫ് ഹൗസിനു സമീപമുള്ള ബെയ്ൻസ് കോമ്പൗണ്ടിലെ 117-ാം നമ്പർ വീട്. വീട്ടിൽ നിന്നു പുക ഉയരുന്നതു കണ്ടപ്പോൾ വീടിനു തീ പിടിച്ചു എന്നാണു നാട്ടുകാർ കരുതിയത്. നാട്ടുകാരും പൊലീസും ഫയർഫോഴ്സും പാഞ്ഞെത്തി.
വീടു പൊളിച്ച് അകത്തു കടന്ന പൊലീസിനെയും അഗ്നിശമന സേനാംഗങ്ങളെയും നാട്ടുകാരെയും കാത്തിരുന്നത് നടുക്കുന്ന ദൃശ്യങ്ങളായിരുന്നു. കത്തിക്കരിഞ്ഞ് അസ്ഥികൂടങ്ങളായി മാറിയ മൂന്നു മൃതശരീരങ്ങൾ. അതിനടുത്ത് ടാർപ്പോളിനും ബെഡ്ഷീറ്റും കൊണ്ടു മൂടിക്കെട്ടിയ നിലയിൽ പുഴുവരിച്ചു തുടങ്ങിയ മറ്റൊരു മൃതശരീരം!
മറ്റൊരു വിചിത്രമായ കാഴ്ച കൂടി അവിടെ കാത്തിരിപ്പുണ്ടായിരുന്നു. മനുഷ്യ ശരീരത്തിന്റെ ഒരു ഡമ്മി. ഇരുമ്പ് കമ്പികളും പ്ലാസ്റ്റിക്കും കൊണ്ടു നിർമ്മിച്ച ഡമ്മി പാതി കത്തിയ നിലയിൽ ആയിരുന്നു. അതോടെ , മനുഷ്യ മാംസം കത്തിയ വായുവിൽ നിന്ന് കരുതിക്കൂട്ടി നടത്തിയ ഒരു കൂട്ടക്കൊലപാതകത്തിന്റെ ചൂരും പൊലീസിന് കിട്ടി.
കൊല്ലപ്പെട്ടവർ പ്രൊഫസർ രാജ തങ്കം. ഭാര്യ ഡോക്ടർ ജീൻപത്മ. മകൾ കരോളിൻ ബന്ധുവായ ലളിത എന്നിവർ. കാണാതായിരിക്കുന്നതു രാജ തങ്കത്തിന്റെയും ജീൻപത്മയുടെയും ഏക മകനായ കേഡൽ ജിൽസൺ രാജയെ. കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് രാജ തങ്കത്തിന്റെയും ജീൻപത്മയുടെയും കരോളിന്റെയും മൃതശരീരങ്ങൾ. പൊതിഞ്ഞു കെട്ടി പുഴുവരിച്ച നിലയിൽ ബന്ധുവായ ലളിതയുടെ മൃതശരീരവും.
കേഡൽ ജിൻസൺ രാജയെ കാണാനുമില്ല. കൂട്ടക്കൊലയുടെ ഒരു നഖചിത്രം പൊലീസിന് മുമ്പിൽ വിടർന്നു. താൻ കൂടി കൊലപ്പെട്ടു എന്നു വരുത്തിത്തീർക്കാനായിട്ടാണു കേഡൽ ഒരു ഡമ്മി ഉണ്ടാക്കിയത് എന്ന നിഗമനത്തിലായി പൊലീസ്. കേഡലിനു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. കേരളവും അതിർത്തിഗ്രാമങ്ങളും അരിച്ചു പെറുക്കി. വിദേശത്തേക്കു കടക്കാതിരിക്കാൻ ജാഗ്രത പുലർത്തി.
ഇതിനിടയിൽ മൂന്നാംപക്കം തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ കേഡൽ ജിൻസൺ രാജ പ്രത്യക്ഷപ്പെട്ടു. ചെന്നൈയിലെ ഒളിവ് താമസത്തിനു ശേഷം കീഴടങ്ങാനുള്ള തിരിച്ചു വരവായിരുന്നു അത്. പൊലീസ് കസ്റ്റഡിയിൽ കേഡൽ കുറ്റം സമ്മതിച്ചു. ഡി.സി.പി അരുൾ കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ഉയർന്ന ജീവിത സാഹചര്യങ്ങളിലുള്ളവരായിരുന്നു കേഡലിന്റെ കുടുബം. അച്ഛൻ രാജ തങ്കം മാർത്താണ്ഡം ക്രിസ്ത്യൻ കോളജിലെ പ്രൊഫസർ ആയിരുന്നു. അമ്മ ഡോക്ടർ ജീൻപത്മ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് വി.ആർ.എസ് എടുത്തതാണ്.
അതിനു ശേഷം സൗദി അറേബ്യയിലും ബ്രൂണെയിലും ജോലി ചെയ്തിട്ടുണ്ട്. മകൾ കരോളിൽ ചൈനയിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കി നാട്ടിലെത്തിയത് സംഭവം നടക്കുന്നതിനും മൂന്നു മാസം മുമ്പ്. കേസൽ ജിൻസൺ ആസ്ട്രേലിയയിൽ നിന്ന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പഠിച്ച ആളും.
ഇത്രയേറെ സൗഭാഗ്യങ്ങളും സൗകര്യങ്ങളും ഉള്ള കുടുംബത്തിൽ എന്താണ് സംഭവിച്ചത്? എന്തിനാണ് കേഡൽ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രിയെയും ഇത്ര ക്രൂരമായി കൊന്നത്? പൊലീസിന്റെ പ്രധാന ചോദ്യം അതായിരുന്നു. കേഡൽ നിഷ്കളങ്കമായി മറുപടി പറഞ്ഞു; "ആസ്ട്രൽ പ്രൊജക്ഷൻ... ആത്മാക്കൾ പരലോകത്തേക്കു പറക്കുന്നത് എനിക്ക് കാണണമായിരുന്നു"
* * *
മാർത്താണ്ഡം സ്വദേശി രഞ്ജിതം എന്ന വീട്ട് വേലക്കാരിയുടെ കഥ! മൂന്ന് മാസം മുമ്പാണ് രഞ്ജിതം രാജ തങ്കത്തിന്റെ വീട്ടിൽ വേലയ്ക്ക് എത്തിയത്. ഡോക്ടർ രാജ തങ്കം മാർത്താണ്ഡത്തു ജോലി ചെയ്തിരുന്നപ്പോൾ രഞ്ജിതത്തിന്റെ ഭർത്താവുമായി ഉണ്ടായിരുന്ന പരിചയം വച്ചാണ് നന്തൻകോട്ടെ വീട്ടിൽ ജോലിക്ക് എത്തിയത്. കേഡൽ ആരോടും മിണ്ടില്ലായിരുന്നു എന്ന് രഞ്ജിതം ഓർക്കുന്നു. എപ്പോഴും വീടിന്റെ രണ്ടാമത്തെ നിലയിൽ കംപ്യൂട്ടറിനു മുമ്പിലായിരുന്നു കേഡൽ. വീടിന്റെ മുകളിലേക്ക് വീട്ടു ജോലിക്കാർക്കു പ്രവേശനവും ഇല്ലായിരുന്നു.
ബുധന്‍ പകൽ കേഡൽ അമ്മ ജീൻപത്മയെ വീടിന്റെ രണ്ടാം നിലയിലേക്കു വിളിച്ചു കൊണ്ടു പോവുന്നത് രഞ്ജിതം കണ്ടിരുന്നു. അപ്പോൾ രാജ തങ്കവും കരോളിനും വീട്ടിൽ ഉണ്ടായിരുന്നില്ല. ഉച്ചകഴിഞ്ഞു കേഡൽ അച്ഛനെയും സഹോദരിയെയും മുകളിലേക്കു കൊണ്ടു പോയി.അപ്പോഴും രഞ്ജിതത്തിനു അസ്വാഭാവികമായി ഒന്നും തോന്നിയില്ല. പിറ്റേന്ന്, കേഡൽ താഴെക്കിടന്ന തുണികൾ വാരി മുകളിലേക്കു കൊണ്ടുപോവുന്നത് രഞ്ജിതം കണ്ടു. എന്തോ സംശയം തോന്നിയ രഞ്ജിതം കേഡലിന്റെ വഴി തടഞ്ഞു.
തുടരും...