നൈർമല്യം

ഡോ.കെ.ബി. മേനോനെ മിക്കവരും മറന്നു തുടങ്ങിയപ്പോൾ നിര്യാണത്തിന് അര നൂറ്റാണ്ടിനു ശേഷം അദ്ദേഹത്തിന്റെ പേരിൽ ഒരു അവാർഡ് ഉണ്ടായത് ആ മഹാത്മാവിന്റെ ജീവിതത്തിലേക്കു വെളിച്ചം വീശുന്നതായി.

ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ച നാട്ടുരാജ്യ പ്രജാമണ്ഡലത്തിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹത്തിനു കേന്ദ്രമന്ത്രിയാകാനുള്ള അവസരങ്ങളുണ്ടായിരുന്നു. ജവാഹർലാൽ നെഹ്റു സ്ഥാപിച്ച പൗരസ്വാതന്ത്ര്യ സംഘടനയുടെ (പീപ്പിൾസ് ലിബർട്ടി കോൺഗ്രസ്) പ്രസിഡന്റായി നെഹ്റു തന്നെ പ്രവർത്തിച്ചിരുന്നപ്പോൾ അതിന്റെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്നതും പിന്നീടു നെഹ്റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നതുമൊക്കെ  അതിന് അനുകൂല ഘടകങ്ങളായിരുന്നു. പക്ഷേ, താൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്നു മാറി കോൺഗ്രസിൽ ചേരാൻ അദ്ദേഹം വിസമ്മതിച്ചു.

ഗാന്ധിജി മുതൽക്കുള്ള എല്ലാ ദേശീയ നേതാക്കളുമായും അടുപ്പമായിരുന്നു. ഗാന്ധിജിയുടെ വാർധാ ആശ്രമത്തിലെ അന്തേവാസിയായിരുന്നപ്പോൾ അവിടത്തെ ധനകാര്യ സെക്രട്ടറിയായിരുന്നു. സസ്യഭുക്ക്. ട്രെയിനിൽ മൂന്നാം ക്ലാസിൽ മാത്രമായിരുന്നു യാത്ര. ഏതാനും പുസ്തകങ്ങളും ഒരു ജോടി വസ്ത്രങ്ങളും മാത്രമുണ്ടാകും സഞ്ചിയിൽ. മിക്കയിടത്തും സുഹൃത്തുക്കളുടെ വീട്ടിലാകും താമസം. ചെന്നാലുടനെ വസ്ത്രം അലക്കി ഉണക്കി മടക്കി തലയണയുടെ അടിയിൽ വയ്ക്കും. അതായിരുന്നു ഇസ്തിരി. രാവിലെ അതെടുത്തിട്ടു യാത്രയാവും.

രണ്ടുമാസം കോഴിക്കോട് മെഡിക്കൽ കോളജിലെ ജനറൽ വാർഡിൽ  ചികിത്സയിലായിരുന്ന ശേഷമാണു മരിച്ചത്. സ്പെഷൽ വാർഡിലേക്കു മാറ്റാൻ അദ്ദേഹം സമ്മതിച്ചില്ല. അവസാനം താൻ സ്ഥാപിച്ച തൃത്താല ഹൈസ്കൂളിന്റെ വളപ്പിലായിരുന്നു സ്വന്തം ഇഷ്ടപ്രകാരം ഭൗതികാവശിഷ്ടം സംസ്കരിച്ചത്.

ഗാന്ധിജിയും നെഹ്റുവും കഴിഞ്ഞാൽ അക്കാലത്തു വിദേശത്ത് ഏറെ അറിയപ്പെടുന്ന ഇന്ത്യൻ നേതാവായിരുന്ന വി.കെ.കൃഷ്ണമേനോന്റെ അമ്മാവൻ വെങ്ങാലിൽ രാമൻ മേനോന്റെ മകനാണു ഡോ. കെ.ബി.മേനോൻ‌.

പതിമ്മൂന്നു വർഷം ഹാർവഡ് സർവകലാശാലയിൽ അധ്യാപകനായിരുന്നു. അന്നാണ് ഉപരിപഠനത്തിന് അമേരിക്കയിലെത്തിയ ജയപ്രകാശ് നാരായണനുമായി അടുപ്പത്തിലായത്. ജെപിയുടെ സ്വാധീനത്തിൽ ഇന്ത്യയിലേക്കു മടങ്ങി. അമേരിക്കയിൽ തന്നെ തുടർന്നിരുന്നെങ്കിലോ? ലോകത്തിലെ അറിയപ്പെടുന്ന ഒരു സാമ്പത്തിക വിദഗ്ധനായേനെ മേനോ‍ൻ.

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തോടുകൂടിയാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. സൗമ്യനായ ഡോ.മേനോന്റെ കരുത്തിന്റെ മുഖം നാടു കാണുന്നത് അന്നാണ്.

പട്ടാളവണ്ടി മലബാറിലേക്കു കടക്കാതിരിക്കാൻ ഫറോക്ക് പാലം ബോംബ് വച്ചു തകർക്കാൻ മേനോന്റെ നേതൃത്വത്തിൽ  തീരുമാനിക്കുന്നു. ഫറോക്കിൽ മാത്രമല്ല, മൊത്തം പതിനഞ്ചിടത്ത് ഒരേദിവസം ബോംബ് വയ്ക്കാനായിരുന്നു തീരുമാനം. പത്തിടങ്ങളിൽ 1942 നവംബർ 17നു ബോംബ് പൊട്ടി.

അധികാരികളിലാരുടെയും ശ്രദ്ധയിൽ പെടാതിരിക്കാനായി അന്ന് എത്തിപ്പെടാൻ പ്രയാസമുള്ള ഒരു കുഗ്രാമമായ കീഴരിയൂരിലായിരുന്നു ബോംബ് നിർമാണം. അതിനാലാണ് ഇതു കീഴരിയൂർ ബോംബ് കേസ് എന്നറിയപ്പെടുന്നത്. ഒന്നാം പ്രതി കെ.ബി.മേനോനു പത്തുവർഷവും മറ്റു 12 പേർക്ക് ഏഴുവർഷവും കഠിനതടവു വിധിച്ചു.

1952ലെ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ തൃത്താലയിൽ നിന്നു മദ്രാസ് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട മേനോൻ അവിടെ പിഎസ്പി നിയമസഭാകക്ഷി നേതാവായിരുന്നു. 1957ലെ പൊതു തിരഞ്ഞെടുപ്പിൽ വടകര ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസിനെതിരെ പിഎസ്പി സ്ഥാനാർഥിയായിരുന്നു ‍ഡോ. മേനോൻ‌. അന്നു തിരഞ്ഞെടുപ്പു പ്രചാരണാർഥം മലബാറിലെത്തിയ പ്രധാനമന്ത്രി നെഹ്റു കൊയിലാണ്ടിയിൽ ഡോ.മേനോനെതിരെ പ്രസംഗിക്കാൻ വിസമ്മതിച്ചുവെന്നു മാത്രമല്ല, തന്റെ സുഹൃത്തിന്റെ തിരഞ്ഞെടുപ്പു ചെലവിലേക്ക് 5000 രൂപയുടെ ചെക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തന്റെ എതിർ ചേരിയിൽനിന്നു പട നയിക്കുന്ന നെഹ്റുവിൽ നിന്നുള്ള ഈ സംഭാവന നന്ദിപൂർവം തിരിച്ചയച്ചു, മേനോൻ.

കോൺഗ്രസിലെയും കമ്യൂണിസ്റ്റ് പാർട്ടിയിലെയും പിളർപ്പിനു തൊട്ടു പിൻപേ ആർക്കും ഭൂരിപക്ഷം ലഭിക്കാതെ പോയ 1965ലെ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്നു ജയിച്ച മേനോൻ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ നിയമസഭാ നേതാവാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, പി.ആർ.കുറുപ്പ് അതെല്ലാം അട്ടിമറിച്ചു. മേനോനെപ്പോലെ സീനിയറായ ഒരു നേതാവ് പിൻതലമുറയിലെ കുറുപ്പിനെപ്പോലൊരാളോടു  മത്സരിച്ചു തോൽക്കുന്നത് ഒഴിവാക്കാനായി പാർട്ടി സെക്രട്ടറി പി.വിശ്വംഭരൻ എംഎൽഎ മാരെ ഓരോരുത്തരായി കണ്ട് അഭിപ്രായമാരാഞ്ഞു. മൂന്നുപേർ മാത്രമാണു മേനോനെ അനുകൂലിച്ചതെന്നും  തുടർന്നു താൻ മേനോനെ 

സ്വാധീനിച്ചു മത്സരരംഗത്തുനിന്നു മാറ്റുകയായിരുന്നുവെന്നും വിശ്വംഭരൻ പിന്നീടെഴുതി.

നിയമസഭ പിരിച്ചുവിടാൻ ഗവർണർ വി.വി.ഗിരി ശുപാർശ ചെയ്യും മുൻപ് എങ്ങനെയും ഒരു മന്ത്രിസഭ ഉണ്ടാക്കാൻ എല്ലാവരും ആഗ്രഹിച്ചു. മേനോനായിരുന്നു പാർലമെന്ററി പാർട്ടി ലീഡറെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ പിന്താങ്ങാൻ കേരള കോൺഗ്രസും (23) മുസ്‌ലിം ലീഗും (6) തയാറായിരുന്നുവെന്നും തിരഞ്ഞെടുപ്പിൽ എസ്എസ്പിയുടെ (13) സഖ്യകക്ഷിയായിരുന്നു സിപിഎം (40) എന്നതിനാൽ മന്ത്രിസഭയ്ക്കാവശ്യമായ ഭൂരിപക്ഷമുണ്ടായിരുന്നുവെന്നും  സിപിഎമ്മിനും ലീഗിനും കുറുപ്പ് സ്വീകാര്യനല്ലായിരുന്നുവെന്നും  വിശ്വംഭരൻ എഴുതി.

അങ്ങനെ മന്ത്രിസഭയ്ക്കു സാധ്യതയില്ലാതെ നിയമസഭ പിരിച്ചുവിട്ടതിന്റെ പിറ്റേന്ന് മനോരമയിൽ ഒരു ബോക്സ് വാർത്ത വന്നു; അന്നാദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.കുഞ്ഞമ്പു, എംഎൽഎ എന്ന ലെറ്റർ ഹെഡ് അച്ചടിച്ചു റേഷനിങ് ഓഫിസർക്ക് ഒരു ശുപാർശക്കത്തയച്ചത് അവിടെ എത്തിയപ്പോഴേക്കും കക്ഷി എംഎൽഎ അല്ലാതായി എന്ന്.

ഇതു വായിച്ച ജോസഫ് ചാഴികാടൻ മനോരമയ്ക്ക് എഴുതി: എംഎൽഎ എന്ന ലെറ്റർ ഹെഡിൽ എക്സ് എന്നു കൈകൊണ്ട് എഴുതിച്ചേർത്ത് ഒരു ശുപാർശക്കത്തയയ്ക്കുന്നതു പൈത്യമാണ്. അതുകൊണ്ടു ഞാൻ എക്സ് എംഎൽഎ എന്നാണ് ലെറ്റർ ഹെഡ് അച്ചടിപ്പിക്കുക. എംഎൽഎ ആകുമ്പോൾ എക്സ് പേനകൊണ്ടു വെട്ടും. അതൊരു സ്റ്റേറ്റസാ.