മനോരമയിൽ പ്രവർത്തിച്ചിരുന്നകാലത്ത് ഞാൻ സഹപ്രവർത്തകർക്കു വിവാഹവാർഷികത്തിനും ജന്മദിനത്തിനും ആശംസാകാർഡുകൾ അയയക്കുമായിരുന്നു. കാർഡുകളുടെ കാലം കഴിഞ്ഞപ്പോൾ എസ്എംഎസ് സന്ദേശങ്ങളും.
വൈകുന്നേരം ഡ്യൂട്ടിക്കെത്തിയ ഒരു സഹപ്രവർത്തകൻ കാർഡ് വായിച്ചശേഷം വന്നു പറഞ്ഞു വിവാഹാശംസാകാർഡ് ഒരു ദിവസം നേരത്തേ തരുന്നത് നന്നായിരിക്കുമെന്ന്.
എന്തേ എന്നു ചോദിച്ചപ്പോൾ അദ്ദേഹം ദുഃഖപര്യവസായിയായി ഒരു കഥ പറഞ്ഞു.
അന്നു വിവാഹവാർഷികമാണെന്ന കാര്യമേ അദ്ദേഹം മറന്നുപോയിരുന്നു. രാവിലെതന്നെ കെട്ടിപ്പിടിച്ച് ഒരാശംസ പ്രതീക്ഷിച്ചിരുന്ന പ്രിയ ഭാര്യ പ്രഭാതഭക്ഷണം കഴിഞ്ഞിട്ടും പ്രതികരിക്കുന്നില്ലെന്നു കണ്ടപ്പോൾ ചോദിച്ചു:
–ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നറിയാമോ?
–ഓ, നമ്മുടെ മോന്റെ ബർത്ത്ഡേ അല്ലേ? അവനെന്തിയേ സ്കൂളിൽ പോയിക്കഴിഞ്ഞോ?
–അവന്റെ ജന്മദിനത്തിന് നമ്മൾ ഇവനു പുതിയൊരു ടോയ്കാർ വാങ്ങിച്ചുകൊടുത്തിട്ടു മൂന്നുമാസമല്ലേ ആയുള്ളൂ.
–ഓ, മോൾടെ ബർത്ത്ഡേയ്ക്ക് ഇനി രണ്ടുമാസം കൂടിയുണ്ടല്ലോ.
–സോറി, നിന്റെ ബർത്ത്ഡേ...
–എന്റെ ബർത്ത്ഡേ പുതുവത്സരദിനത്തിലാണെന്നതും നിങ്ങൾ മറന്നുപോയോ മനുഷ്യാ...
ഒടുവിൽ തപ്പിത്തടഞ്ഞ് ‘നമ്മുടെ വിവാഹവാർഷികദിന’ത്തിലെത്തിയപ്പോഴേക്കും ഭാര്യയുടെ ഏങ്ങലടികൾ കേട്ടുതുടങ്ങി.
അതുകൊണ്ട് ഇത്തരം പൊല്ലാപ്പുകൾ ഒഴിവാക്കാൻ വിവാഹശംസാകാർഡ് ഒരു ദിവസം നേരത്തേ കൊടുക്കണമെന്നതാണ് ഭർത്താവിന്റെ ഡിമാൻഡ്.
എഡിറ്റോറിയലിലെ മുന്നൂറോളം സഹപ്രവർത്തകർക്കു കാർഡുകളയയ്ക്കുമ്പോൾ കൈ കഴച്ചുപോകുന്നതു മേയ്മാസത്തിലാണ് ഔദ്യോഗിക രേഖകളനുസരിച്ചു നൂറോളം പേരുടെ ജന്മദിനം മേയ്മാസത്തിലാണ്. ഒരു വിദ്യാലയ വർഷം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി മാതാപിതാക്കൾ അവരുടെ ജന്മദിനം ഏതാനുംമാസം മുൻപോട്ടാക്കിയതാണ്. ജൂൺ കഴിഞ്ഞുള്ള യഥാർഥ ജന്മദിനവുമായി അടുത്ത വർഷം സ്കൂളിൽ ചേർത്താൽ സർവീസിൽ മകന്റെ ഒരു വർഷം നഷ്ടപ്പെടുമല്ലോ എന്ന മാതാപിതാക്കളുടെ ഉത്കണ്ഠ മേയിലെ ഈ തീയതികൾക്കു പിന്നിൽ കാണാം.
സ്കൂളിൽ ഒരു വർഷം ലാഭിക്കാൻ വേണ്ടിയൊന്നുമല്ലാതെ ജനനത്തീയതി മാറ്റിയ പ്രശസ്തരുണ്ട്. മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി ജനിച്ചത് മീനമാസത്തിലെ കാർത്തികയിലാണെങ്കിലും പിറന്നാൾ ആഘോഷിക്കുന്നതു ഭരണി നക്ഷത്രത്തിൽ. ജ്യോതിഷത്തിലൊക്കെ നല്ല അറിവുണ്ടായിരുന്ന അച്ഛൻ, അക്കിത്തത്തിന്റെ പിറന്നാൾ ഒരു ദിവസം നേരത്തേയാക്കുകയായിരുന്നു. അങ്ങനെ മീനമാസത്തിലെ ഭരണിയായി അക്കിത്തത്തിനു പിറന്നാൾ.
ആ തറവാട്ടിൽ ഇതുപോലെ ഒരാൾകൂടിയുണ്ടായിരുന്നു. അക്കിത്തത്തിന്റെ അനുജൻ പരേതനായ വാസുദേവൻ നമ്പൂതിരിയും ഇതുതന്നെ ചെയ്യേണ്ടിവന്നു. തിരുവോണം നക്ഷത്രത്തിൽ ജനിച്ച വാസുദേവൻ നമ്പൂതിരി അച്ഛന്റെ താൽപര്യപ്രകാരം പിറന്നാൾ ഉത്രാടത്തിലാക്കുകയായിരുന്നു.
വെൺമണി കാവ്യ സംസ്കാരത്തിന്റെ അമരക്കാരനായ വെൺമണി അച്ഛൻ നമ്പൂതിരിപ്പാടിന്റെയും കൊടുങ്ങല്ലൂർ കോവിലകത്തെ കുഞ്ഞിപ്പിള്ള തമ്പുരാട്ടിയുടെയും മകനായി കന്നി അശ്വതിനക്ഷത്രത്തിൽ പിറന്ന ഉണ്ണിയുടെ ജനനസമയം അടി അളന്നപ്പോൾ രണ്ടടി നാലുവിരൽ. (അന്നൊക്കെ നിഴലിന്റെ നീളം അളന്നാണ് സമയം കണ്ടെത്തുക). അച്ഛൻ നമ്പൂതിരിപ്പാടിന്റെ നാവിൽ ഫലിതം വിരിഞ്ഞു: ‘ആ, കുട്ടിച്ചാത്തൻ തന്നെ.’
നാലു വിരലുകളുള്ളതു കുട്ടിച്ചാത്തന്മാർക്കാണെന്നാണു വിശ്വാസം.
അച്ഛൻ നമ്പൂതിരി നാളിലോ ജനനസമയത്തിലോ മാറ്റം വരുത്തിയില്ല. കുട്ടിച്ചാത്തന്റേതുപോലെ വിസ്മയിപ്പിക്കുന്നതായി കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കാവ്യസിദ്ധി.
പ്രസവേദന ഒഴിവാക്കാനുള്ള സ്ത്രീകളുടെ ആഗ്രഹം കാരണമാണു കേരളത്തിൽ പ്രസവ ശസ്ത്രക്രിയകൾ വർധിക്കുന്നതെന്നായിരുന്നു ആദ്യകാലത്തെ ധാരണ. എന്നാൽ മറ്റൊരു കാരണംകൂടി ഉണ്ടെന്ന് ഇരുപതുവർഷം മുൻപ് ഒരു കവർസ്റ്റോറിയിലൂടെ ‘വനിത’ മാസിക പറഞ്ഞു. ഗർഭസ്ഥശിശു ആണോ പെണ്ണോ എന്നു മുൻകൂട്ടി കണ്ടുപിടിക്കുന്നതിനു വിലക്കില്ലാതിരുന്ന അക്കാലത്ത് പ്രസവമാസത്തിൽ മകന് അല്ലെങ്കിൽ മകൾക്കു ജനിക്കാൻ പറ്റിയ ഒരു നാൾ ജോതിഷിയിൽനിന്നു കണ്ടുപിടിച്ച് ആ ദിവസം ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുന്ന കല ഇവിടെ വ്യാപകമായതാണ് ഒരു പ്രധാന കാരണമെന്ന് വന്നവരും പറഞ്ഞു. ഏതു നാളിൽ, എത്രമണിക്കു കുട്ടി പുറത്തുവരണമെന്നു പറയുന്ന മാതാപിതാക്കൾ ഏറിവരുന്നെന്ന് ഗൈനക്കോളജിസ്റ്റുകൾ ‘വനിത’യോടുപറഞ്ഞു. ജനനമുഹൂർത്തം നമ്മൾ ഇങ്ങനെ നിശ്ചയിക്കുന്നതു ശരിയാണോ എന്നു ചോദിച്ചപ്പോൾ ഒരു തെറ്റുമില്ല എന്നാണു ജ്യോതിഷികളെല്ലാം പറഞ്ഞത്. അവർ അങ്ങനെയല്ലേ പറയൂ, ബിസിനസിന് പുതിയൊരു മുഖം കൂടി തുറന്നുകിട്ടിയതല്ലേ!
അന്ന് അങ്ങനെ ദൈവനിശ്ചയത്തെ തോൽപിക്കാൻ നല്ല മുഹൂർത്തം നോക്കി പ്രസവിപ്പിച്ച കുറെ കുട്ടികളുടെ മേൽവിലാസം ശേഖരിച്ചുവച്ചില്ലല്ലോ എന്നതിൽ പിന്നീടും ദുഃഖം തോന്നി. അല്ലായിരുന്നെങ്കിൽ ഇപ്പോഴൊന്നന്വേഷിച്ചാൽ ഞെക്കിപ്പഴുപ്പിച്ചെടുത്ത ആ ‘മുഹൂർത്തജാതമാരി’ൽ ചിലർ ഇപ്പോഴും എസ്എസ്എൽസി പാസാകാതെ കിടക്കുന്നതുകാണാമായിരുന്നു.
ഇങ്ങനെ മുഹൂർത്തം നിശ്ചയിച്ച് സിസേറിയൻ പ്രസവം നടത്തുന്ന പ്രവണതയെപ്പറ്റി ഒരു പുതിയ കാര്യമെന്നമട്ടിൽ രണ്ടു വർഷം മുൻപ് ഒരു ഹിന്ദി വനിതാ പ്രസിദ്ധീകരണത്തിൽ ഒരു കവർ സ്റ്റോറി കണ്ടു. അവിടെ അവർ ദൈവത്തെ തോൽപിക്കാൻ ശ്രമിച്ചു തുടങ്ങിയിട്ടേയുള്ളൂവെന്നു തോന്നുന്നു.
ജന്മദിനം തന്നെ അറിയാത്ത പ്രശസ്തരുമുണ്ട്. 1915 സെപ്റ്റംബർ 17 ആണ് വിശ്രുത ചിത്രകാരൻ എം.എഫ്.ഹുസൈന്റെ ജന്മദിനമെന്നത് ഒരു ഭാവനാസൃഷ്ടിയാണ്. ആ അക്കങ്ങളോട് അദ്ദേഹത്തിന് ഇഷ്ടം തോന്നി. അങ്ങനെ അതാണു തന്റെ ജന്മദിനമെന്ന് അദ്ദേഹമങ്ങു തീരുമാനിച്ചു.
പരേതനായ സിപിഎം ജനറൽ സെക്രട്ടറി ഹർകിഷൻസിങ് സുർജിത്തിന് തന്റെ ജന്മദിനം ഏതെന്നു നിശ്ചയമില്ലായിരുന്നു. 1916ൽ എന്നോ ആണ് ജനനം എന്നുമാത്രം അറിയാവുന്ന അദ്ദേഹം മാർച്ച് 23 നാണ് തന്റെ ജന്മദിനമെന്നു സ്വയം തീരുമാനിക്കുകയായിരുന്നു. സുർജിത് കുട്ടിക്കാലം മുതൽക്കേ ആരാധിച്ചിരുന്ന വീരനായകൻ ഭഗത്‌സിങ്ങിന്റെ രക്തസാക്ഷിത്വദിനമായിരുന്നു അത്.
പ്രശസ്ത എഴുത്തുകാരനായിരുന്ന ഖുഷ്‌വന്ത് സിങ്ങിനും തന്റെ ജന്മവർഷം 1915 ആണെന്നു മാത്രമേ അറിയുമായിരുന്നുള്ളൂ. ജനനത്തീയതിയായി അദ്ദേഹം നിശ്ചയിച്ചത് ഓഗസ്റ്റ് 15 ആണ്.
തന്റെ ജനനത്തീയതി 1–2–34 ആണെന്ന് സാൽവദോർ ദാലിയുടേതുപോലുള്ള മീശയുമായി എഴുത്തിൽ നാം കാണാത്ത ഒരു ലോകം വരച്ചിട്ട എൻ. ഗോപാലകൃഷ്ണൻ പറയുമായിരുന്നു. അതും ഒരു വെടി ആയിരുന്നോ?
ഇഎംഎസിന്റെ ജനനത്തീയതി ഒന്നിലേറെ വിധത്തിൽ കാണാനുണ്ട്. മലയാളവർഷം 1084 ൽ ആയിരുന്നു ജനനം. ഇംഗ്ലിഷ് മാസമനുസരിച്ച് 1909 ജൂൺ 13. പല രേഖകളിലും ജനനത്തീയതി 14 എന്നു കാണാം. 13 ആണ് ശരിയെന്ന് ‘അറിയപ്പെടാത്ത ഇഎംഎസ്’ എഴുതാൻ വേണ്ടി ഒട്ടേറെ രേഖകൾ പരിശോധിച്ച അപ്പുക്കുട്ടൻ വള്ളിക്കുന്നു പറയുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ജനനവർഷവും തീയതിയും പലയിടത്തും പല രീതിയിലാണു കുറിച്ചിരിക്കുന്നത്. സി. പി. ശ്രീധരൻ എഴുതിയ ‘ഇന്നത്തെ സാഹിത്യകാരന്മാർ’ എന്ന പുസ്തകത്തിലും കേരള സാഹിത്യ അക്കാദമിയുടെ ‘സാഹിത്യകാര ഡയറികുറി’യിലും ബഷീറിന്റെ ജന്മവർഷമായി കൊടുത്തിരിക്കുന്നത് 1910 ആണ്. എന്നാൽ സാഹിത്യ അക്കാദമിയുടെ തന്നെ ഡയറിയിൽ പറയുന്നത് 1908 എന്നത്രെ. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘ബഷീർ സമ്പൂർണ കൃതികളി’ൽ 1908 ജനുവരി 19 ആണ് നൽകിയിട്ടുള്ളത്. ബഷീറിന്റെ ജന്മദിനമായി 1908 ജനുവരി 19, 20, 21 എന്നീ മൂന്നു ദിവസങ്ങളും വ്യത്യസ്ത ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.
ജന്മദിനത്തെപ്പറ്റി ‘ഓർമയുടെ അറകളി’ൽ (1973) ബഷീർ പറയുന്നത് ഇപ്രകാരമാണ്. ‘‘തലയോലപ്പറമ്പിലെ എന്റെ വീടിനടുത്തു താമസിക്കുന്ന ജാക്കോ ബൈറ്റ് കുടുംബത്തിലെ മത്തൻ കുഞ്ഞിനെയും എന്നെയും പ്രസവിച്ചത് ഒരു ദിവസം ഇടവിട്ടാണെന്ന് ഉമ്മ പറഞ്ഞ ഓർമയുണ്ട്. മത്തൻ കുഞ്ഞിന്റെ ജനനത്തീയതി ഈയിടെ കിട്ടി. 20.1.1908 (1083) മകരം ഏഴിനു തിങ്കളാഴ്ച. എന്റേത് ഒരു ദിവസം അപ്രത്തോ ഇപ്രത്തോ ആയിരിക്കും.’’
അങ്ങനെയെങ്കിൽ ബഷീറിന്റെ ജന്മദിനം 1908 ജനുവരി 19 ആകാം. അല്ലെങ്കിൽ ജനുവരി 21.
‘ഓർമയുടെ അറകൾ’ പ്രസിദ്ധീകരിക്കുന്നതിന് 28 വർഷം മുൻപ് 1945 ൽ പ്രസിദ്ധീകരിച്ച ‘ജന്മദിനം’ എന്ന കഥയുടെ തുടക്കത്തിൽ ബഷീർ പറയുന്ന: ‘‘മകരം എട്ടാം തീയതി. ഇന്ന് എന്റെ ജന്മദിനമാണ്.’’ ഇതനുസരിച്ചു 1908 ജനുവരി 21 തന്നെയാകും ബഷീറിന്റെ ജന്മദിനമെന്നു കരുതുന്നവർ ഏറെയാണ്.
എം.കെ. സാനു ജനിച്ചത് 1927 ൽ ആണെങ്കിലും അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളിലെയും ജീവചരിത്രക്കുറിപ്പുകളിൽ വർഷം 1928 ആണ്. ആദ്യ പുസ്തകങ്ങളിലൊന്നിന്റെ പ്രസാധകനാണ് 1928 എന്നു തെറ്റിച്ച് അച്ചടിച്ചത്. സ്വന്തം പുസ്തകങ്ങളിലെ ജീവചരിത്രക്കുറിപ്പുകൾ നോക്കി സാനു തിരുത്താറില്ലാത്തതിനാൽ പുസ്തകങ്ങളിൽ അതങ്ങനെ തുടർന്നു.
ജന്മദിനം താൻ ആഘോഷിക്കാറില്ലെന്നും മറ്റുള്ളവരാണ് അതുകൊണ്ടാടുന്നതെന്നും കവി എ. അയ്യപ്പൻ പറയാറുണ്ട്. അന്നു ദീപാവലിയാണ്!
ലോകപ്രശസ്ത മലയാളി പത്രപ്രവർത്തകൻ എം. ശിവറാം പറയാറുണ്ട്: ‘‘എന്റെ ജന്മദിനം ദേശീയമായി ആഘോഷിക്കപ്പെടുന്നുണ്ട്.’’ ഇഫക്ടിനുവേണ്ടി രണ്ടു സെക്കൻഡ് കാത്തശേഷം അദ്ദേഹം പറയും: ‘‘പിന്നീട് അവർ കണ്ടുപിടിച്ചു അത് ജവാഹർലാൽ നെഹ്റുവിന്റെയും ജന്മദിനമാണെന്ന്.’’
നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ഇന്ത്യയെങ്ങും ആഘോഷിക്കുന്നതിനെപ്പറ്റിയാണ് ഈ തട്ട്!