ആപ്പിളിന്റെ ഐ ഫോൺ പോലും ശ്രുതി ലക്ഷ്മി പേടിച്ച് പേടിച്ചാണ് ഉപയോഗിക്കുന്നതെന്നാണ് അണിയറ സംസാരം. ആപ്പിൾ കഴിക്കുന്ന കാര്യം ഓർത്താൽ തന്നെ ഞെട്ടുമത്രേ ! എന്താ കാര്യം?
നെഞ്ചിടിപ്പ് കൂട്ടാൻ വരട്ടെ.സംഗതി വല്യ സീരിയസ് ഒന്നുമല്ല. ഇത്തിരി തമാശയാ. അവിൻ പിണങ്ങി അകന്നാലോ എന്നോർത്താണ് ശ്രുതി ആപ്പിൾ കഴിക്കാൻ മടിക്കുന്നതെന്ന്!
അവിൻ... ? ആരാണ് ആ അവൻ?
ആപ്പിളിന്റെ കാര്യത്തിൽ ശ്രുതി ലക്ഷ്മി അവിൻ എന്ന അവനെ പേടിക്കുന്നത് എന്തിനാണ്? അവിൻ ശ്രുതി ലക്ഷ്മിയുടെ ഭർത്താവ് ആണ്.
അവിൻ അന്റോ എന്ന് മുഴുവൻ പേര്! 'എന്താണ് അവിനും ആപ്പിളും തമ്മിലുള്ള പ്രശ്നം എന്ന ചോദിച്ചാൽ ശ്രുതി ലക്ഷ്മി പൊട്ടിച്ചിരിക്കും;
"അതേ.. അവിൻ ഡോക്ടറാ. ആപ്പിള് കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നല്ലേ.. " അപ്പോ...അതാണ് കാര്യം.
വെറുതെ നെഞ്ചിടിപ്പ് കൂട്ടി, സീറ്റിൽ അള്ളിപ്പിടിച്ച് 'മിനി ബസ്സിൽ ' ഇരുന്നു.
ശ്രുതിലക്ഷ്മിയുടെ ഭർത്താവ് അവിൻ ആന്റോ ഡോക്ടറാണ്. തൃശൂർ മദർ ഹോസ്പിറ്റലിൽ ഓർത്തോ വിഭാഗത്തിലാണ്. ഓർത്തോ..!
രണ്ടായിരത്തിപ്പതിനാറ് ജനുവരി രണ്ടിന് കളമശ്ശേരിയിൽ വച്ചായിരുന്നു ശ്രുതിയുടെ വിവാഹം. ബാലതാരമായി സിനിമയിൽ എത്തിയ ആളാണ് ശ്രുതി ലക്ഷ്മി.
കാക്കനാട് കങ്ങരപ്പടി 'ശ്രുതിലയ' ത്തിൽ ജോസിന്റെയും ലിസി ജോസിന്റെയും ഇളയ മകൾ. മൂത്ത സഹോദരി ശ്രീലയയും അഭിനയരംഗത്താണ്.
ശ്രുതിയുടെ അമ്മ ലിസി ജോസും അറിയപ്പെടുന്ന സിനിമാ താരം ആണ്. 'റോമിയോ ' എന്ന സിനിമയിൽ ദിലീപിന്റെ ജോടി ആയിട്ടാണ് നായികാനിരയിലേക്കുള്ള ശ്രുതി ലക്ഷ്മിയുടെ അരങ്ങേറ്റം. പിന്നെ, ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങൾ. ബാങ്കോക്ക് സമ്മർ, ഹോട്ടൽ കാലിഫോർണിയ
പത്തേമാരി, സ്വന്തം ഭാര്യ സിന്ദാബാദ്....എന്നിവയാണ് പ്രധാന സിനിമകൾ.
കുമാരനാശന്റ 'ദുരവസ്ഥ' എന്ന കാവ്യത്തെ ആധാരമാക്കി വന്ന 'മിഴി തുറക്കൂ ' എന്ന സിനിമയിലും ശ്രുതി ആയിരുന്നു നായിക.
കെ.കെ രാജീവ് സംവിധാനം ചെയ്ത 'പോക്കുവെയിൽ' എന്ന സീരിയലിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡും ശ്രുതിക്ക് ലഭിച്ചു. ശ്രുതിയുടെ ഭർത്താവ് അവിൻ നല്ലൊരു ഡോക്ടർ മാത്രല്ല. നല്ലൊരു നടൻ കൂടിയാണ്.
'അവരിൽ ഒരാൾ ' എന്ന സീരിയലിലെ നായകൻമാരിൽ ഒരാളായിരുന്നു അവിൻ. ശ്രുതി ലക്ഷ്മി ആയിരുന്നു ആ സീരിയലിലെ നായിക.
ഇപ്പോൾ എ.എം നസീറിന്റെ പുതിയ സീരിയലിലെ നായികയാണ് ശ്രുതി ലക്ഷ്മി.
ആശുപത്രി തിരക്കിനിടയിലും അഭിനയത്തോടുള്ള മോഹം അവിൻ പൂർണ്ണമായി ഉപേക്ഷിച്ചിട്ടില്ല.
"ഞാൻ ഇഷ്ടം പോലെ ആപ്പിൾ കഴിക്കും കേട്ടോ... " ശ്രുതി ലക്ഷ്മി പറയുന്നു; "ഞാൻ എത്ര ആപ്പിൾ കഴിച്ചാലും ഈ ഡോക്ടർ എന്നെ വിട്ടു പോവത്തില്ല എന്നറിയാം.. "ഡോക്ടർ അവിന്റെ ചുമലിൽ തല ചേർത്ത് ശ്രുതി ലക്ഷ്മി ചിരിക്കുന്നു.
അടുത്ത ആഴ്ച 'മിനി ബസ്സി' ൽ...
സ്വന്തം ഭാര്യയെക്കാളേറെ മറ്റൊരാളെ പ്രണയിക്കുന്ന ഒരു നായകനടനുണ്ട് മലയാള മെഗാസീരിയൽ രംഗത്ത്.
ആരാണ് ആ നടൻ ?
വെയ്റ്റ് ആൻഡ് സീ...!