വാശിയോടെ ജീവിക്കാൻ പഠിപ്പിച്ചത് ശത്രുക്കൾ: പ്രേമി വിശ്വനാഥ്

'കറുത്തമുത്ത് ' എന്ന പരമ്പരയിലൂടെ മെഗാസീരിയൽ പ്രേക്ഷകരുടെ മനസ്സിൽ പൊൻമുത്ത് ആയി മാറിയ താരമാണ് പ്രേമി വിശ്വനാഥ്.കറുത്തമുത്തിലെ കാർത്തുവിനെ പ്രേക്ഷകർ ഏറ്റെടുത്തു. പതിവ് നായികാ സങ്കല്പങ്ങളുടെ പൊളിച്ചെഴുത്തായിരുന്നു കാർമുകിലിന്റെ നിറമുള്ള സുന്ദരി.

ഏതൊരു താരത്തെയും അസൂയപ്പെടുത്തുന്ന അരങ്ങേറ്റമായിരുന്നു മിനി സ്ക്രീനിൽ പ്രേമിയുടേത്. സീരിയലിന്റെ റേറ്റിംഗ് കൂടുന്നതനുസരിച്ച് പ്രേമിക്ക് അസൂയാലുക്കളുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു എന്നത് വേറെ കാര്യം. പക്ഷേ, അഗ്നിപരീക്ഷണങ്ങളെയും ആക്രമണങ്ങളെയും അതിജീവിച്ച് പ്രേമി മുൻപോട്ടു പോയ്കൊണ്ടിരുന്നു. എങ്കിലും, ഒടുവിൽ മനസ്സ് നൊന്ത് പ്രേമി വിശ്വനാഥിന് ആ സീരിയലിൽ നിന്നു മാറേണ്ടി വന്നു.പ്രിയ കാർത്തു സീരിയലിൽ നിന്നു കണ്ണീരോടെ പടിയിറങ്ങിയപ്പോൾ ലക്ഷക്കണക്കിന് സ്ത്രീ പ്രേക്ഷകരും കണ്ണീർ പൊഴിച്ചു.

സർവ്വം സഹയായ കാർത്തുവിന് പകരം പ്രേക്ഷകർ പ്രേമിയെ പിന്നീട് കണ്ടത് മറ്റൊരു ചാനലിലെ മയിലമ്മ എന്ന ആക്ഷൻ ലേഡി ആയിട്ടാണ്. 'മൂന്നു മണി' എന്ന മെഗാസീരിയലിലെ മയിലമ്മ എന്ന ആ കഥാപാത്രം കുടുംബ സദസ്സുകളിൽ ആവേശം വിതറിച്ചു. ഇതിന്റെ തുടർച്ച ആയിരുന്നു

'കായംകുളം കൊച്ചുണ്ണിയുടെ മകൻ' എന്ന മെഗാപരമ്പരയിലെ താമര എന്ന കഥാപാത്രം. അതിസാഹസിക രംഗങ്ങളും ഒട്ടേറെ ഫൈറ്റ് സീക്വൻസുകളുമായി സിനിമയെ വെല്ലുവിളിച്ച പരമ്പര ആയിരുന്നു 'കായംകുളം കൊച്ചുണ്ണിയുടെ മകൻ'.

ഇതിലെ ആക്‌ഷൻ രംഗങ്ങളിലൊക്കെ ഡ്യൂപ്പ് ഇല്ലാതെയാണ് പ്രേമി അഭിനയിച്ചത്. ഇതിനിടെ ' കത്തിരിക്ക വെണ്ടക്ക' എന്ന തമിഴ് ചിത്രത്തിൽ നായികയായും പ്രേമി അഭിനയിച്ചു. ഇപ്പോൾ 'കറുത്ത മുത്തിന്റെ തെലുങ്ക് പതിപ്പായ 'കാർത്തിക ദീപ'ത്തിലാണ് പ്രേമി അഭിനയിക്കുന്നത്.തന്റെ ജീവിത വിജയങ്ങൾക്ക് ദൈവത്തോടു കടപ്പെട്ടിരിക്കുന്നതു പോലെ തന്നെ പ്രേമി കടപ്പെട്ടിരിക്കുന്നത് തന്റെ ശത്രുക്കളോടും കൂടിയാണ്.

"ശത്രുക്കളാണ് എന്റെ ഊർജ്ജം !" ചിരിയോടെ പ്രേമി പറയുന്നു;"ശത്രുക്കൾ ആക്രമിക്കുന്നതിനും മുറിവേൽപ്പിക്കുന്നതിനും അനുസരിച്ച് എന്റെ വേഗവും വിജയങ്ങളുടെ എണ്ണവും കുടും. സത്യത്തിൽ വാശിയോടെ  ജീവിക്കാൻ എന്നെ പഠിപ്പിച്ചതു തന്നെ എന്റെ ശത്രുക്കളാണ്. അത്രമാത്രം എന്നെ അവഹേളിക്കുകയും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 'കറുത്ത മുത്ത് ' നടക്കുമ്പോൾ അതിലെ ഒരു നടന്റെ നേതൃത്വത്തിൽ ആയിരുന്നു എനിക്കു നേരെയുള്ള ആക്രമണം. അതിന്റെ കാരണം എനിക്ക് ഇപ്പോഴും അജ്ഞാതമാണ്! "

എന്തു കൊണ്ടാണ്  ഇത്രയും ശത്രുക്കൾ എന്നു ചോദിച്ചാൽഅതിനും പ്രേമിക്ക് കൃത്യമായ ഉത്തരമുണ്ട്. "അനാവശ്യമായി ആരെയും തൊഴാൻ പോവാറില്ല ഞാൻ. എനിക്കു ശരിയെന്നു തോന്നുന്നത് ഞാൻ എവിടെയും ഏത് വേദിയിലും ഉറക്കെ പറയും . പിന്നെ, നീതിക്ക് നിരക്കാത്ത കാര്യങ്ങൾ കണ്ടാൽ ചോദ്യം ചെയ്യുകയും ചെയ്യും. അതു കൊണ്ട് ആവാം എനിക്ക് ശത്രുക്കളുടെ എണ്ണം കൂടുതൽ " 

ശത്രുക്കൾക്കു  ഒരു അറിയിപ്പും നൽകി പ്രേമി പറഞ്ഞു നിർത്തുന്നു. " ഞാൻ സന്തോഷവതിയാണ്. പുതിയ ആക്രമണങ്ങൾ പ്രതീക്ഷിക്കുന്നു ! "