പെരുമ്പാവൂരിലെ 'സുന്ദരകില്ലാഡി'

പെരുമ്പാവൂർ എന്നു കേൾക്കുമ്പോൾ സിനിമാ പ്രേമികളുടെ മനസ്സിൽ ആദ്യം ഓടി വരുന്ന രണ്ടു പേരുകളാണ് ജയറാമും ആന്റണി പെരുമ്പാവൂരും. എങ്കിലിതാ, മൂന്നാമത് ഒരു താരത്തിന്റെ പേര് കൂടി ചേർത്ത് വച്ചോളു. നിവാസ് രവി. സിനിമയിലും സീരിയലിലും ഒരേ പോലെ മിന്നിത്തിളങ്ങുന്ന താരം.

നാട്ടുകാരാനായ ആൻറണി പെരുമ്പാവൂർ തന്നെയാണ് നിവാസിനെ ‘ബാബാ കല്യാണി’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ ക്യാമറയ്ക്കു മുന്നിൽ കൊണ്ടുവന്നത്. പിന്നീട്, തുടരെ നാലഞ്ച് സിനിമകൾ. 'കഥ, സംവിധാനം - കുഞ്ചാക്കോ, പത്മശ്രീ സരോജ് കുമാർ, ഇത് നമ്മുടെ കഥ, ഓറഞ്ച് ' എന്നിവ അവയിൽ ചിലതു മാത്രം.

കാലടി ശ്രീശങ്കരാ കോളജിൽ നിന്ന് എം.എ ഫിലോസഫി  കഴിഞ്ഞാണു നിവാസ് അഭിനയ രംഗത്തു സജീവമാകുന്നത്. സ്കൂൾ കോളജ് തലങ്ങളിൽ കലാരംഗത്തു മികവ് പുലർത്തിയിരുന്ന നിവാസിന്റെ ഗുരുക്കൻമാർ സ്വന്തം അച്ഛനും ജ്യേഷ്ഠനുമാണ്. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായിരുന്നു നിവാസിന്റെ അച്ഛൻ രവീന്ദ്രൻ നായർ. മികച്ച നാടകനടനായിരുന്ന അദ്ദേഹം പി.ജെ ആന്റണിയുടെ നാടക സമിതിയിലെ നായകനടൻ ആയിരുന്നു. നിവാസിന്റെ ജ്യേഷ്ഠൻ നവീനും കലാരംഗത്ത് മികവ് തെളിയിച്ച ആൾ ആണ്. അരങ്ങിൽ തിളങ്ങിയ നവീൻ ദൂരദർശനായി സീരിയലുകൾ നിർമ്മിച്ചിട്ടുണ്ട്. 

‘ഓറഞ്ച് ' എന്ന സിനിമയുടെ സംവിധായകനായ ബിജു വർക്കിയാണ് നിവാസിനു മെഗാസീരിയൽ രംഗത്തേക്കു വഴി തുറക്കുന്നത്. ‘പ്രിയമാനസി’ ആയിരുന്നു ആദ്യ സീരിയൽ. പിന്നെ, തുടർച്ചയായി പത്തോളം സൂപ്പർഹിറ്റുകൾ. ഇപ്പോൾ ഹിറ്റ് മേക്കറായ ഫൈസൽ അടിമാലിയുടെ സംവിധാനത്തിൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന 'മക്കൾ' എന്ന സീരിയലിൽ അജിത്ത് എന്ന അതിശക്തമായ കഥാപാത്രത്തെയാണു നിവാസ് അവതരിപ്പിക്കുന്നത്.

ഒരേ സമയം വില്ലൻ വേഷങ്ങളിലും നായകവേഷങ്ങളിലും തിളങ്ങാൻ കഴിയുന്നു എന്നതാണു നിവാസിനെ വ്യത്യസ്തനാക്കുന്നത്. മലയാള സീരിയൽ രംഗത്തെ 'സുന്ദരവില്ലൻ എന്നോ.... നായകൻ' എന്നോ നിവാസിനെക്കുറിച്ചു പറയാം. മികച്ച ഒരു ഫോട്ടോഗ്രാഫർ കൂടിയാണ് നിവാസ്. യാത്രയും ഫോട്ടോഗ്രാഫിയുമാണ് പ്രധാന ഹോബി. 

സരളാദേവിയാണ് നിവാസിന്റെ അമ്മ. ഭാര്യ ബീന അധ്യാപികയാണ്. ഏകമകൾ: ദേവനന്ദ. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഒരു മലയാള സിനിമയിൽ അതിശക്തമായ ഒരു പ്രതിനായകവേഷത്തിന് ഒരുങ്ങുകയാണ് നിവാസ്.