Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സല്യൂട്ട് തന്നെ നിർത്താറായി

Police

ഇറ്റലിയിലെ വലെൻസ എന്നിടത്ത്, അവരുടെ സായുധസേനയെ പരിശീലിപ്പിക്കുന്ന ഉന്നതകേന്ദ്രത്തിൽ ഒരിക്കൽ പോയിരുന്നു. അവിടത്തെ കമൻഡാന്റ് കേണൽ, സെന്റർ കഫെറ്റീരിയയിൽ ഞങ്ങളെ കൊണ്ടുപോയത് ഓർക്കുന്നു. അവിടെ സാദാ സൈനികർ മുതൽ കേണൽ, ക്യാപ്‌റ്റൻ, മേജർ റാങ്കുകാരെല്ലാം ഒന്നിച്ചിരുന്നു ലഘുഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഒറ്റയാളും കമൻഡാന്റ് കേണലിനെ എഴുന്നേറ്റ് അഭിവാദ്യം ചെയ്യുന്നതു കണ്ടില്ല. 

ബെയറർമാർ പ്രത്യേകം എന്തെങ്കിലും വിളമ്പിയതായോ ഉപചാരം കാട്ടിയതായോ കണ്ടില്ല. സൈനികൻ മുതൽ കമൻഡാന്റ് വരെ തീൻമുറിയിൽ പൂർണ സമന്മാർ. ബുഫെ ചെന്നെടുത്തു വേണ്ടതു കഴിക്കുക, അത്രതന്നെ. ആ സന്ദേശം വളരെ വ്യക്തമായിരുന്നു. ഓഫിസർ, സൈനികന്റെ ഉടമയായിട്ടല്ല പ്രവർത്തിക്കുന്നത്. ഇരുവരും തികഞ്ഞ പ്രഫഷനലുകളായ സ്വതന്ത്ര പൗരന്മാരാണ്. 

– സല്യൂട്ട് പരിപാടി നിങ്ങൾ വേണ്ടെന്നു വച്ചോ? ട്രെയിനി സൈനികർപോലും കമൻഡാന്റായ നിങ്ങളെ സല്യൂട്ട് ചെയ്യുന്നതു കണ്ടില്ലല്ലോ?. തിരികെ ഓഫിസിൽ ചെന്നപ്പോൾ ഞാൻ മൃദുവായി ചോദിച്ചു.

– ഇറ്റാലിയൻ സൈന്യം എന്നേ സല്യൂട്ട് വേണ്ടെന്നുവച്ചു. ‌

കൊളോണിയൽ– സാമ്രാജ്യത്വകാലത്തെ പരസ്‌പര അവിശ്വാസത്തിന്റെ പ്രതീകമാണ് ഈ വിരലുകൾ നികത്തി കൈപ്പടം പ്രദർശിപ്പിച്ചുകൊണ്ടുളള സല്യൂട്ട്. പണ്ട് സാമ്രാജ്യത്വ– മധ്യ കാലഘട്ടത്തിൽ, മേധാവികൾ രോഷാകുലരായ സൈനികരാൽ കൊല്ലപ്പെടുന്നതു പതിവായിരുന്നു. സൈനികർ അടുത്തു ചെല്ലുമ്പോൾ നിരായുധരാണ് എന്നു തെളിയാനാണു കൈപ്പടം തുറന്നു വിരലുകൾ പ്രദർശിപ്പിക്കുന്ന ആചാരം, മധ്യകാലഘട്ടത്തിൽ ഏതോ റോമൻ കമാൻഡർ ആവിഷ്‌കരിച്ചത്. ഇതിന്റെ തിരുശേഷിപ്പാണു ബ്രിട്ടിഷ് സാമ്രാജ്യത്തിലെ സൈനിക മേധാവികൾ കൊളോണിയൽ കാലത്ത് ലോകമെങ്ങും പ്രചരിപ്പിച്ചത്. 

ഇതു നിർത്താൻ സമയമായെന്നു മനസ്സിലാക്കി, ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ പതാകയെ (അതും ഒരു വട്ടം) രാവിലെ ജനറൽ അസംബ്ലിയിൽ  സൈനികരും ഓഫിസർമാരും ഒന്നിച്ചു സല്യൂട്ട് ചെയ്‌താൽ മതി എന്നു തീരുമാനിക്കുകയായിരുന്നു. ദേശീയദിനത്തിൽ പരേഡിൽ നടക്കുന്ന ജനറൽ സല്യൂട്ടിൽ ഇറ്റാലിയൻ പതാകയെ അല്ലാതെ, ഒരു വ്യക്തിയെയും ഇനിമേൽ സല്യൂട്ട് ചെയ്യേണ്ട എന്നാണു സേനാ തീരുമാനം. സൈനിക മേധാവിയെ ഇതര കമാൻഡർമാരും ഇപ്പോൾ സല്യൂട്ട് ചെയ്യുന്നില്ല.

2008ലോ മറ്റോ ആയിരുന്നു എന്റെ സന്ദർശനം. മുൻപ് ഇന്ത്യൻ സൈന്യത്തോടൊപ്പം ഓപ്പറേഷനൽ മേഖലകളിൽ ചെന്നപ്പോൾ കണ്ടത്, കമ്മിഷൻഡ് ഓഫിസർമാർക്കും നോൺ കമ്മിഷൻഡ് ഓഫിസർമാർക്കും സൈനികർക്കും അവിടെപ്പോലും പ്രത്യേകം പ്രത്യേകം ഭക്ഷണശാല. ബെയറർമാരും കുക്കുകളുമായ സൈനികർക്കു മാത്രമേ കമ്മിഷൻഡ് ഓഫിസർമാരുടെ മെസ്സിൽ അഥവാ ബാറിൽ കയറാനാവൂ. മൂത്രപ്പുരകൾ പോലും മൂന്നുതരമാണ് എന്നതാണു രസം. 

സാധാരണ സമതലപ്രദേശത്തെ കാര്യമല്ല ഈ പറയുന്നത്. പർവതസമാനമായ സദാ മഞ്ഞുമൂടിയ ചൈനീസ് അതിർത്തിയിൽവരെ ഇന്ത്യൻ കാലാൾപ്പടയാളിക്ക്, മേജർമാർക്കുള്ള മൂത്രപ്പുരയിൽ പ്രവേശനമില്ല. കൊളോണിയൽ പാരമ്പര്യം കൊളോണിയൽ രാജ്യങ്ങളാകെ ഉപേക്ഷിച്ചിട്ടും, നമ്മുടെ സൗകര്യപ്രദമായ വർണാശ്രമ ധർമ വ്യവസ്ഥയുടെ ഭാഗമാക്കി നമ്മൾ വിളക്കിച്ചേർത്തതിന്റെ ഫലമാണ് ഇപ്പോൾ മുന്നിൽക്കാണുന്ന പലതും.  

അതുകൊണ്ട് പൊലീസുകാരുടെ വീട്ടു ഡ്യൂട്ടി ദുരുപയോഗം ചർച്ചചെയ്യുമ്പോൾ സർക്കുലർ പുറപ്പെടുവിച്ച് അതു നിരോധിക്കണം എന്നൊക്കെപ്പറയുന്നതു തൊലിപ്പുറത്തെ ചികിത്സകളേ ആവൂ. പൊലീസിലെ അധികാരഘടന ജനാധിപത്യപരമായി, നിയമവിധേയമായി ഉപയോഗിക്കപ്പെടണമെങ്കിൽ ആദ്യം തല്ലിക്കൊഴിക്കേണ്ടത് ഈ സല്യൂട്ട് സംസ്‌കാരമാണ്. 

പരസ്‌പര വിശ്വാസമില്ലാതെ, ‘ഞാൻ അങ്ങയെ ആക്രമിക്കാനാവാത്തവിധം സമ്പൂർണ നിരായുധനാണ്’ എന്നു വിളിച്ചുപറയുന്ന ഒരു വിധേയത്വ പ്രദർശനം നമ്മളെന്തിന് ഇനിയും കൊണ്ടുനടക്കുന്നു?  

യൂറോപ്പിലാകെ, ഉദ്യോഗസ്ഥർ പരസ്‌പരം നടത്തുന്ന സല്യൂട്ട് അവസാനിച്ചുകഴിഞ്ഞു. അവിടെയൊക്കെ ജൂനിയർ, സീനിയറെ കാണുമ്പോൾ കേവലം അറ്റൻഷനായി ‘ഗുഡ്‌ മോണിങ്  കേണൽ, ഗുഡ് ആഫ്‌റ്റർനൂൺ മേജർ’ എന്നിങ്ങനെ പുഞ്ചിരിച്ചുകൊണ്ടു പറയുന്നേയുള്ളൂ. നമുക്കു പൊലീസിനെ നന്നാക്കാൻ ആദ്യം വേണ്ടതു കൊളോണിയൽ സല്യൂട്ടിങ്ങിനെ – നമ്മുടെ അവിശ്വസ്തതയുടെ പ്രദർശനമായ ഈ അനാചാരത്തെ – ഉച്ചാടനം ചെയ്യുകയാണ്. 

സല്യൂട്ട് പോയാൽ പൊലീസ് സേനയാകെ പോകും എന്നും, ആകെ കുത്തഴിഞ്ഞ അവസ്ഥയാകും എന്നുമൊക്കെ വാദിക്കാനാളുണ്ടാകും. ഇതേ ഓഫിസർമാർ പങ്കെടുക്കുന്ന, സ്‌കോട്‌ലൻഡ് യാഡിന്റെയും ന്യൂയോർക്ക് സിറ്റി പൊലീസിന്റെയുമൊക്കെ പരിശീലനങ്ങളിൽ ഒരിടത്തും കമ്മിഷണറെ പോലും ‘മിലിട്ടറി’ സല്യൂട്ട് ചെയ്യുന്നില്ല. 

സല്യൂട്ടിനു പിന്നാലെ വരുന്നതാണു കൊളോണിയൽ പിന്തുടർച്ചയായ വീട്ടു ഡ്യൂട്ടിയും പരിണതഫലമായ തല്ലുമൊക്കെ. പൊലീസ് സേനയെ കൂടുതൽ ജനസൗഹൃദമാക്കുന്നതിനു സല്യൂട്ട് മുതൽ ഒരു പുനരാവിഷ്‌കാരം വേണ്ടതാണ്.

(സംസ്ഥാന പാർലമെന്ററികാര്യ  സെക്രട്ടറിയാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)