പുതുവര്‍ഷ ദിവസമാണ്. നേരം ഉച്ചയോടടുക്കുമ്പോഴും തണുപ്പ് തങ്ങിനില്‍ക്കുന്നുണ്ട്. അവധിയായതിനാല്‍ ഓഫിസിലും പോകണ്ട. ചുരുണ്ടുകൂടി കിടന്നുറങ്ങാന്‍ മോഹമില്ലാഞ്ഞിട്ടല്ല. പക്ഷേ എഴുന്നേറ്റേ ഒക്കൂ. വേറെ മാര്‍ഗമില്ല. "ഭക്ഷണം എടുത്തു വച്ചിട്ടുണ്ട്, വന്ന് കഴിച്ചോ" എന്ന വിളി കേള്‍ക്കാന്‍ താമസിക്കുന്നത് വീട്ടിലല്ല, വാടകമുറിയിലാണ്. നാട്ടിലെ സ്വൈര്യജീവിതമല്ല, പ്രവാസമാണ്.
സ്ഥിരം ആശ്രയമായ തൊട്ടടുത്തുള്ള കഫ്തീരിയയില്‍ നിന്നെന്തെങ്കിലും വാങ്ങാമെന്നു കരുതി റൂമും പൂട്ടിയിറങ്ങി. അടുത്തുള്ള പള്ളിയും കഴിഞ്ഞ് കഫ്തീരിയയുടെ കെട്ടിടമെത്തി. പക്ഷേ, പെട്ടെന്നൊരു തോന്നല്‍ - 'ഇന്നിവിടെ നിന്നു വേണ്ട. അപ്പുറത്തെവിടെയെങ്കിലും നോക്കാം.'
സ്ഥലങ്ങളൊക്കെ പരിചയമായി വരുന്നതേയുള്ളൂ. ദുബായിലേക്ക് നീളുന്ന കിങ്ങ് ഫൈസല്‍ റോഡും മുറിച്ചു കടന്നു അപ്പുറത്തെ കെട്ടിട നിരയിലെത്തി. രണ്ടു ഹോട്ടലുകളില്‍ കയറി. രണ്ടിടത്തും വിഭവങ്ങള്‍ തയാറാവാന്‍ നേരമെടുക്കും
കാത്തിരിക്കാന്‍ വയ്യ. നടത്തം തുടര്‍ന്നു. തണുത്ത കാറ്റുണ്ടെങ്കിലും വെയിലിന്റെ ചൂട് മരുഭൂമിയുടേതാണ്. തൊട്ടടുത്തൊരു കഫ്തീരിയ ഉണ്ടായിട്ടും, ആവശ്യത്തിനുള്ള വിഭവങ്ങള്‍ അവിടെ കിട്ടുമെന്നുറപ്പുണ്ടായിട്ടും, ഒരു വര്‍ഷത്തിന്റെ ആദ്യ ദിവസം തന്നെ എന്തിനാ വെയിലു കൊള്ളാന്‍ ഇറങ്ങിപ്പുറപ്പെട്ടെതെന്ന് സ്വയം ചോദിച്ചങ്ങനെ നടന്നു. അടുത്തുള്ള ലുലുവിലേക്ക്.
പെട്ടെന്നാണ് വശത്തു നിന്നൊരു വിളി - "ഭായ്"
തിരിഞ്ഞു നോക്കുമ്പോള്‍ ഏകദേശം അറുപതു വയസ്സിലേറെ തോന്നിപ്പിക്കുന്ന ഒരാള്‍. കണ്ടിട്ടും വിളി കേട്ടിട്ടും ഇന്ത്യക്കാരനാണ്.
"റോഡിന്റെ മറുവശത്തേക്ക് എങ്ങനെയാണ് പോവുക?"- വേലിക്കെട്ടിത്തിരിച്ച റോഡിലേക്ക് വിരല്‍ചൂണ്ടി അയാള്‍ ഹിന്ദിയില്‍ ചോദിച്ചു.
"തൊട്ടപ്പുറത്താണ് സബ്‍ വേ. ഞാനാ വഴിയാണ് പോകുന്നത്." - നേരത്തേ ഒരു പ്രാവശ്യം ആ വഴി നടന്നതിന്റെ പരിചയത്തില്‍ ഞാന്‍ പറഞ്ഞു. ഇത്തിരി മാറിയുള്ള സബ്‍ വേയിലേക്ക് അയാളോടൊപ്പം നടന്നു.
രാജ, അങ്ങനെയാണ് അയാള്‍ സ്വയം പരിചയപ്പെടുത്തിയത്. കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. ഇവിടുത്തെ ഭാഷയില്‍ പറഞ്ഞാല്‍, 'ലേബറാണ്'. വെയിലത്ത് നിന്ന് കയറിവന്നതുകൊണ്ടാവണം, അയാളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.
ഇന്ത്യയില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ സംസാരിക്കാനുള്ള മടി മാറി. സീബ്രാ ക്രോസിങ് തേടി കുറേ നേരം നടന്നത്ര. വെറുതെയല്ല കണ്ണ് തിളങ്ങിയത്! നാട്ടിലെവിടെയാണെന്നു ചോദിച്ചപ്പോള്‍ ഏതോ ഒരു ഗ്രാമത്തിന്റെ പേരു പറഞ്ഞു. "തെലങ്കാന" - എനിക്കാ ഗ്രാമപ്പേര് മനസ്സിലാകില്ലെന്നു തിരിച്ചറിഞ്ഞ് അയാള്‍ മാറ്റിപ്പറഞ്ഞു.
"എത്ര നാളായി ഇവിടെ?" - നടക്കുന്നതിനിടെ ചോദിച്ചു.
"ഒരുപാട് വര്‍ഷമായിട്ടുണ്ടാവും. ദാ ഈ തലമുടി കറുത്ത് തിങ്ങി നിന്ന കാലത്തു വന്നതാണ്" - അയാള്‍ പറഞ്ഞു.
"വര്‍ഷമോര്‍മയില്ലേ?" - അദ്ഭുതം തോന്നി ചോദിച്ചു.
"ഇരുപത്തഞ്ചു വര്‍ഷമൊക്കെ കഴിഞ്ഞുകാണും" - ഇത്തിരി നേരം ആലോചിച്ചു നിന്ന് അയാള്‍ പറഞ്ഞു.
എത്ര നാളായി പ്രവാസിയായിട്ട് എന്നു പോലും കൃത്യമായി നിശ്ചയമില്ലാത്ത ഒരു മനുഷ്യന്‍ ! ഇവിടെ വരുമ്പോള്‍ മുടിയിഴകള്‍ കറുത്ത് നിന്നിരുന്നു എന്നതു മാത്രമാണ് അയാളുടെ ഓര്‍മക്കണക്ക്. അദ്ഭുതം തോന്നി. വീട് വിട്ടു നിന്നതിന്റെ നാള്‍വഴികള്‍ ഓര്‍ത്തുവയ്ക്കുന്നവരാണ് എല്ലാ പ്രവാസികളുമെന്നായിരുന്നു ധാരണ.
"ഇത്രയും കാലം ദുബായിയിലായിരുന്നു. കെട്ടിടനിര്‍മാണം തന്നെ. നാട്ടില്‍ ഭാര്യയും മകനും മകളുമുണ്ട്. എല്ലാവരും സുഖമായിരിക്കുന്നു. ചെറിയ വീടുവച്ചിട്ടുണ്ട്. രണ്ടു മാസം കൂടി കഴിഞ്ഞാല്‍ പ്രവാസം അവസാനിപ്പിച്ച് മടങ്ങിപ്പോവും"- രാജ കഥ പറഞ്ഞു. "പോകുന്ന വരെ ചെയ്യാന്‍ ഇവിടെ ജോലിയുണ്ടെന്നു പറഞ്ഞിട്ടു വന്നതാണ്"- അയാള്‍ ചിരിച്ചു.
സബ് വേ കഴിഞ്ഞ് റോഡിനപ്പുറമെത്തി. ലുലു തൊട്ടടുത്താണ്. ഇനി പോകാനുള്ള വഴിയറിയാമെന്നു പറഞ്ഞ് രാജ കൈ തന്നു. കയ്യിലെ കവര്‍ ഒന്നുകൂടെ ചുരുട്ടിമുറുക്കെ പിടിച്ച് അയാള്‍ നടത്തത്തിന്റെ വേഗം കൂട്ടി.
കാഴ്ചയില്‍ നിന്ന് മറഞ്ഞിട്ടും ഓര്‍ത്തത് അയാളെക്കുറിച്ചായിരുന്നു. വര്‍ഷങ്ങളുടെ എണ്ണം പോലും തെറ്റിയ ആ പ്രവാസത്തെക്കുറിച്ച്. മരുഭൂ വെയിലില്‍ പരുവപ്പെട്ട അയാളുടെ മുഖത്തെ ചുളിവുകളെക്കുറിച്ച്. അയാളിലൂടെ പ്രതീക്ഷകളും സ്വപ്നങ്ങളും ഒരുക്കൂട്ടിയ ഒരു കുടുംബത്തെക്കുറിച്ച. ഒരു ചെിയ വീടിനെക്കുറിച്ച്...അങ്ങനെയങ്ങനെ.
രണ്ടു മാസത്തിനപ്പുറം പ്രവാസം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുന്ന അയാളെക്കുറിച്ച് മാത്രം ഓര്‍ത്തില്ല. സങ്കല്‍പ്പിച്ചില്ല. വാര്‍ധക്യത്തിന്റെ നിഴലുകളുമായി ഗള്‍ഫിലെ ജോലിയവസാനിപ്പിച്ച് കയറിവരുന്ന അയാളെ കാത്തിരിക്കുന്നതെന്താണെന്നറിയില്ലല്ലോ. ആ മനസ്സിലെ പ്രതീക്ഷയെങ്ങനെയാണോ, അതു പോലെയാവട്ടെ.
ജീവിതസായാഹ്നത്തില്‍ പ്രവാസമവസാനിപ്പിച്ച് വീട്ടിലെത്തുന്ന ഒരുപാട് മനുഷ്യര്‍ക്ക് നേരെ, അവരുടെ വിയര്‍പ്പ് പണിതുയര്‍ത്തിയ വാതിലുകള്‍ കൊട്ടിയടക്കപ്പെടാറുണ്ട്. അവഗണനയുടെ തുരുത്തില്‍ ആര്‍ക്കും വേണ്ടാതെ ഒറ്റപ്പെടാറുണ്ട്. വായിച്ചു മറക്കാത്ത അനുഭവങ്ങളോര്‍ത്തപ്പോള്‍ ഹൈപര്‍മാര്‍ക്കറ്റിന്റെ ശീതികരിച്ച അകത്തായിട്ടും ഉള്ള് പൊള്ളി. ദൈവമേ, അയാളുടെ പ്രതീക്ഷ പോലെയെല്ലാമാക്കണേ എന്നു പ്രാര്‍ഥിച്ചു.
തൊട്ടടുത്ത കഫ്തീരിയയുണ്ടായിട്ടും ഇത്രയും ദൂരം നടക്കാന്‍ തോന്നിയത് വെറുതയായിരുന്നില്ല - ഇയാളെ കാണാന്‍ വേണ്ടിയാണ്. കഥ കേള്‍ക്കാനാണ്. റൂമി പറഞ്ഞ പോലെ- 'നമ്മളിലേക്ക് വന്നെത്തുന്ന ആരും, ഒന്നും വെറുതെയല്ല. അതെല്ലാം, അവരെല്ലാം നമുക്ക് വഴി കാണിക്കാനായി പിന്നില്‍ നിന്ന് പറഞ്ഞയക്കപ്പെട്ടതാണ്. അവരോടെല്ലാം ജീവിതം കടപ്പെട്ടിരിക്കുന്നു'
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam