Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിഷിദ്ധമല്ല, നിസ്കാരപ്പായ നിവര്‍ത്തുകയാണ് ഗസലുകള്‍

നസീല്‍ വോയ്സി
music-column-by-naseel-voici

''യെ ദൗലത്ത് ഭി ലേലോ, യെ ഷൊഹറത്ത് ഭി ലേലോ...''(ഈ സമ്പത്തും പ്രശസ്തിയും എന്റെ യൗവനുമെല്ലാം എടുത്തോളൂ, പകരം ആ കുട്ടിക്കാലം തിരിച്ചു തരൂ. കടലാസു തോണിയുണ്ടാക്കി കളിച്ച ആ മഴക്കാലം തിരിച്ചു തരൂ...) - ഏറെ വിഷാദാര്‍ദ്രമായ ഈ ഗസല്‍ കേട്ടതു കൊണ്ടു മാത്രം, മടിപിടിച്ചു കിടന്ന കട്ടിലില്‍ നിന്നെഴുന്നേറ്റ് നിസ്കാരപ്പായയിലേക്ക് പോയ ദിവസങ്ങളുണ്ട്. തല കുമ്പിട്ടു കരഞ്ഞ രാത്രികളുണ്ട്. വേദികളില്‍ ഉറക്കെ കേട്ട പ്രസംഗങ്ങളെക്കാള്‍, നരകത്തീയിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളേക്കാള്‍ ഹൃദയത്തോട് ചേര്‍ന്ന് നിന്നത്, 'നീ നിന്നിലേക്ക് തന്നെ നോക്കൂ, ഇന്നലെകളിലേക്ക് നോക്കൂ' എന്നു മെല്ലെ പറഞ്ഞ ഗസലുകളാണ്. അതിന്റെ പതിഞ്ഞ സംഗീതമാണ്. 

പടവുകളിറങ്ങി ഉള്ളത്തെ മെല്ലെ തൊട്ടത് കര്‍മശാസ്ത്രവും ധര്‍മങ്ങളുമെല്ലാം തികഞ്ഞ പണ്ഡിതരല്ല, ജഗ്ജിത് സിങ്ങും പങ്കജ് ഉദാസും ഗുലാം അലിയുമൊക്കെയാണ്. ഒരു മരണത്തിന്റെ തീയാളല്‍ നെഞ്ചിലിങ്ങനെ കത്തിപ്പടര്‍ന്നപ്പോള്‍, ''കരയരുത്, ലോകം ഇങ്ങനെയൊക്കെയാണ്. ആളുകള്‍ വരും പോവും. മെല്ലെ മെല്ലെ എല്ലാവരും മറക്കും...''- എന്നു പാടി, ഇടറാതെ ചേര്‍ത്ത് പിടിക്കാന്‍ തലത്ത് അസീസിന്റെ പാട്ടുണ്ടായിരുന്നു. ആലോചനകളില്‍ മുറുകി അന്തമില്ലാതെ കിടന്ന പല രാത്രികളില്‍, എഴുന്നേറ്റ് നിസ്കരിച്ചു പ്രാര്‍ഥിക്കൂ എന്നോര്‍മപ്പെടുത്തിയത് മുഹമ്മദ് റാഫിയുടെ ശബ്ദമാണ്. പ്രിയപ്പെട്ടവരില്‍ നിന്നൊക്കെ ദൂരെ, മറ്റൊരിടത്ത് ജോലിയുമായി കഴിയുന്ന കാലത്ത് പങ്കജ് ഉദാസ്  ''ബഹാറോം മേ ഹവാന്‍ ഹെ ക്യൂ...''- എന്നു പാടുന്നത് കേള്‍ക്കുമ്പോള്‍ ഒരു പ്രാ‍ര്‍ഥന പോലെ മനസ്സില്‍ നിറയാറുണ്ട് - പടച്ചോനോടുള്ള സ്നേഹവും ചുറ്റുമുള്ളവരെക്കുറിച്ചുള്ള ഓര്‍മകളും. 

കേള്‍ക്കുന്ന പാട്ടുകളിലേറെയും ജനിക്കുന്നതിനു മുന്‍പേ പുറത്തിറങ്ങിയവയാണ്. പക്ഷേ ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ അങ്ങാടികളിലെയും മറ്റു വേദികളിലെയും വച്ചു കേട്ട മതപ്രസംഗങ്ങളെക്കാള്‍ മനസ്സിനെ തൊട്ടത്, ഒരുപക്ഷേ കൂടുതല്‍ പടച്ചോനോട് അടുപ്പിച്ചത് ഈ പാട്ടുകളാണ്. പാട്ടിലെ വരികളുടെ അര്‍ഥം മനസ്സിലാക്കിയിട്ടൊന്നുമായിരുന്നില്ല ആദ്യത്തെ ഈ അടുപ്പം, മറിച്ച് അതു കേട്ട കാലത്തോടും ഇടങ്ങളോടും കേള്‍പ്പിച്ച മനുഷ്യരോടുമുള്ള സ്നേഹമായിരുന്നു. പാട്ട് കേള്‍ക്കുമ്പോള്‍ ആദ്യം അവരിലേക്കും ആ കാലത്തിലേക്കുമെത്തും. അതിലൂടെ കണ്ണു നിറയുന്ന വേദനയിലേക്ക്, ആ നനവില്‍ പടച്ചോനിലേക്ക് - അതായിരുന്നു, അതാണ്  റൂട്ട്. അല്ലെങ്കിലും, പാട്ടിനെക്കാളേറെ, അതിന്റെ താളത്തേക്കാളേറെ അതിലൂടെ നമ്മളെത്തുന്നത് പിന്നിട്ടുപോയ ഏതോ ഒരു കാലത്തിലേക്കല്ലേ, തിരിച്ചു പിടിക്കാനാവാത്ത ചിലതിലേക്ക് ?

'നമസ്കാരത്തിനു നേരമായി' എന്നോര്‍മപ്പെടുത്തുന്ന ചില ബാങ്കുവിളികളുണ്ട്. നിസ്കരിക്കാതെ പോവാം എന്ന് തീരുമാനിച്ച നേരത്ത് ആ ബാങ്ക് വന്ന് നെഞ്ച് തുളച്ചിറങ്ങും. അതിന്റെ അര്‍ഥം കൊണ്ടാവില്ല അത്, മറിച്ച് ആ ബാങ്കുവിളിയുടെ സംഗീതം കൊണ്ടും വിളിക്കുന്നവന്റെ ശബ്ദം കൊണ്ടുമാണ്. അത് ദൈവീകമാണ്. ചില ഖുര്‍ആന്‍ പാരായണങ്ങളുണ്ട്, അതു കേള്‍ക്കുമ്പോള്‍ ഉള്ളിലാകെയൊരു വിറയല്‍ പടരും, പടച്ചോനോടുള്ള സ്നേഹം നിറയും, അറിയാതെ കരഞ്ഞുപോവും. ചൊല്ലുന്നതിന്റെ അര്‍ഥം മനസ്സിലാവുന്നത് കൊണ്ടല്ല, മറിച്ച് അതിന്റെ സംഗീതം കൊണ്ട്. അയാളുടെ സ്വരത്തിലെ ആ ദൈവികാംശം താളമായി നമ്മളിലേക്ക് അരിച്ചിറങ്ങുന്നത് കൊണ്ട്.

ഇസ്ലാമില്‍ സംഗീതം നിഷിദ്ധമാണെന്ന വാദിക്കുന്നവരോടും ഇത്രയേ പറയാനുള്ളൂ. നരക ശിക്ഷയെക്കുറിച്ചും കര്‍മശാസ്ത്രത്തെക്കുറിച്ചുമൊക്കെയുള്ള കവലപ്രസംഗങ്ങളേക്കാള്‍ ലളിതമായി, നൈര്‍മല്യത്തോടെ, പടച്ചോന്റെ സ്നേഹത്തെയും ബാക്കിയുള്ളവരെ സ്നേഹിക്കുന്നതിനെക്കുറിച്ചുമെല്ലാം ഓര്‍മിപ്പിക്കുന്ന സംഗീതമുണ്ട്. നിസ്കരിക്കാന്‍ മടിപിടിച്ചിരുന്ന നേരത്ത് ഓര്‍മപ്പെടുത്തിയതു പോലെ ഒരുപാട് പാട്ടുകളുണ്ട്; ഓരോരുത്തരുടെയും കാലത്തിന്റെ ഡയറിയില്‍. അതിന്റെ  ചിറകിലേറെയെത്തുന്ന ലോകങ്ങള്‍ റദ്ദ് ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല. പരിഹാസവും എനിക്കെല്ലാമറിയാമെന്ന മട്ടിലുള്ള ഭാഷണങ്ങള്‍ക്കും അതിന്റെ പരിസരങ്ങളില്‍ പോലും ഇടംകിട്ടില്ല. 'നന്മ പ്രബോധനം ചെയ്ത് പരലോകത്തേക്ക് കുറേ കൂലി കിട്ടുന്നു'വെന്ന് കരുതുന്ന നിങ്ങളേക്കാള്‍ കൂലി ജഗ്ജിത് സിങ്ങിനും ഗുലാം അലിക്കും റാഹത്ത് ഫത്തേഹ് അലി ഖാനുമൊക്കെ പടച്ചോന്റെ ഖജനാവ് ഒരുപക്ഷേ കരുതിവച്ചിട്ടുണ്ടാവും. സ്വര്‍ഗ കവാടത്തിന്റെ താക്കോലും നന്മതിന്മകളുടെ കണക്കുപുസ്തകവും നിങ്ങളുടെ കയ്യിലല്ലല്ലോ.