വര്‍ഷം 2014. ഡാര്‍ജിലിങ്ങില്‍ നിന്ന് സിക്കിമിലെ ഗാങ്ടോക്കിലേക്കുള്ള ഷെയര്‍ ടാക്സി യാത്ര. മലനിരകളുടെ പലയറ്റങ്ങളിലായി ചിതറിക്കിടക്കുന്ന വടക്കുകിഴക്കന്‍ പട്ടണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത് ഇത്തരം ഷെയര്‍ ടാക്സികളാണ്. ബസ്സുകള്‍ പോലെ, അല്ലെങ്കില്‍ അതിനേക്കാളേറെ സഞ്ചാരികള്‍ ഈ വാഹനങ്ങളെ ആശ്രയിക്കുന്നു. ഡാര്‍ജിലിങ്ങ് പട്ടണത്തിനടുത്തെ സ്റ്റാന്‍ഡില്‍ നിന്ന് ആളൊന്നിന് നൂറ്റമ്പതു രൂപ പറഞ്ഞുറപ്പിച്ച് യാത്ര തുടങ്ങി.
ടാറ്റാ സുമോയുടെ ഏറ്റവും പിന്നിലെ സീറ്റാണ് കിട്ടിയത്. മലഞ്ചെരിവുകളിലെ കുത്തനെയുള്ള റോഡുകളില്‍ സഞ്ചാരികള്‍ പേടിക്കാതിരിക്കാനെന്ന പോലെ ഡ്രൈവര്‍ വാഹനത്തിലെ പാട്ടിന്റെ ശബ്ദം കൂട്ടി. ഇടയ്ക്ക് കലങ്ങി മറിഞ്ഞൊഴുകുന്ന നദികളുണ്ട്. ഏതു നിമിഷവും ഇടിഞ്ഞുവീഴുമെന്ന് തോന്നിപ്പിക്കുന്ന ചെരിവുകളിലൂടെയുള്ള സാഹസികവും മനോഹരവുമായ യാത്ര. ഇടയ്ക്ക് ചായ കുടിക്കാനായി വാഹനം നിര്‍ത്തിയപ്പോഴാണ് തൊട്ടുമുന്‍പിലിരുന്ന പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇഷ - ഏഴാം ക്ലാസുകാരിയാണ്. അമ്മയോടൊപ്പം ഡാര്‍ജിലിങ്ങില്‍ പഠിക്കുന്ന ചേച്ചിയെ കാണാന്‍ വന്നു മടങ്ങുകയാണ്. പെട്ടെന്നു തന്നെ സൗഹൃദം സ്ഥാപിച്ച അവള്‍ പിന്നീടങ്ങോട്ട് ഞങ്ങളുടെ ഗൈഡായി മാറി.
''എന്റെ നാടു കാണാന്‍ വന്ന നിങ്ങളെ സഹായിക്കേണ്ടത് എന്റെ കടമയല്ലേ'' - എന്നു പറഞ്ഞ് ആ മിടുക്കിക്കുട്ടി വഴിയരികിലെ കാഴ്ചകളെല്ലാം വിശദമായി വിവരിച്ചു. നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരുന്ന അവള്‍ക്ക് കേരളത്തെക്കുറിച്ച് തീരാത്ത ചോദ്യങ്ങളുണ്ടായിരുന്നു. 'ഇഷ'യെന്നു പേരുള്ള ഒരു നായികയുണ്ട് (ഇഷ തല്‍വാര്‍) ഞങ്ങളുടെ നാട്ടിലെന്നു പറഞ്ഞപ്പോള്‍ സിനിമാ താരമാവാനാണ് മോഹമെന്ന് പറഞ്ഞ അവളുടെ കണ്ണുകള്‍ വിടര്‍ന്നു. അഞ്ചു മണിക്കൂറോളം നീണ്ട യാത്രയ്ക്കൊടുവില്‍, ഒരുപാട് കഥകള്‍ക്കും ചിരികള്‍ക്കുമൊടുവില്‍ ഗാങ്ടോക്കിനടുത്തുള്ള ഗ്രാമത്തില്‍ അവളും അമ്മയും ഇറങ്ങി. മൊബൈല്‍ ക്യാമറയിലേക്ക് നോക്കി ചിരിച്ച്, ഒരു ചെറിയ കടലാസു കഷ്ണത്തില്‍ ഇമെയില്‍ ഐഡിയും വാങ്ങിയാണ് അവള്‍ യാത്ര പറഞ്ഞത്. വീണ്ടും കാണാമെന്ന് പറഞ്ഞ്, പക്ഷേ പിന്നീടൊരിക്കലും കാണാതെ, കേള്‍ക്കാതെ പോയ എത്രയത്രെ പരിചയപ്പെടലുകളുണ്ട്, അങ്ങനെയൊന്നായി അതും മറന്നു.
മൂന്നുവര്‍ഷത്തിനിപ്പുറം. രണ്ടായിരത്തിപ്പതിനേഴിന്റെ ഒടുക്കം. ഫേസ്ബുക്കില്‍ പരിചയമില്ലാത്ത അക്കൗണ്ടില്‍ നിന്നൊരു സന്ദേശം ''ഹായ്, ഓര്‍മയുണ്ടോ?'' - പരിചയമില്ലാത്ത മുഖത്തിനു നേരെ 'ഇഷ കതിവാര'യെന്ന പേര്! സൂക്ഷിച്ചു നോക്കി, അതെ. ഗാങ്ടോക്കിലെ ഏഴാം ക്ലാസുകാരി ഇഷ. നാലു വര്‍ഷം മുന്‍പ് ഷെയര്‍ ടാക്സിയില്‍ വച്ച് മൂന്ന് മണിക്കൂര്‍ കഥ പറഞ്ഞ പരിചയം മാത്രമുള്ള അവള്‍ തന്നെ! സൂക്ഷിച്ചുവയ്ക്കാന്‍ യാതൊരു സാധ്യതയുമില്ലാതിരുന്ന ആ ചെറിയ കടലാസിലെ ഈമെയില്‍ വിലാസം വച്ചാണ് അവള്‍ തന്നെ കണ്ടുപിടിച്ചിരിക്കുന്നത്. രണ്ടുപേരില്‍ ഒരാളുടെ മനസ്സില്‍ ഒരു പൊട്ടു പോലെയെങ്കിലും ബാക്കിയായാല്‍ ഒരോര്‍മയും മാഞ്ഞുപോവില്ല എന്നു പറയാറുണ്ടല്ലോ. അതുപോലെ ആ കുട്ടിയുടെ മനസ്സില്‍ കഥയോര്‍മകളുടെ ചീന്ത് ബാക്കിയുണ്ടായിരുന്നു.
പ്ലസ് വണ്ണിലാണ് ഇഷയിപ്പോള്‍. കുട്ടിത്തം നിറഞ്ഞ കഥകള്‍ പക്ഷേ അതുപോലെ തുടരുന്നു. സിനിമാ താരമാവണമെന്ന മോഹം എയര്‍ ഹോസ്റ്റസിലേക്ക് വഴിമാറിയിട്ടുണ്ട്. ബാംഗ്ലൂരാണ് ഇഷ്ടനഗരം, അവിടെ പഠിക്കാന്‍ വരുമെന്നും അന്നു കേരളം കാണിക്കണമെന്നും അവള്‍ ഓര്‍മപ്പെടുത്തി. ചേച്ചിയുടെ പഠനം തീര്‍ന്നതും തന്റെ ഡാര്‍ജിലിങ്-ഗാങ്ടോക്ക് യാത്രകള്‍ അവസാനിച്ചതും കൂട്ടുകാരുടെ വിശേഷങ്ങളുമെല്ലാം വര്‍ഷങ്ങളായി പരിചയമുള്ള സുഹൃത്തിനോടെന്ന പോലെ അവള്‍ പറഞ്ഞു. ''എഴാം ക്ലാസിലായപ്പോള്‍ ഇമെയില്‍ ഇല്ലായിരുന്നു, ഈയടുത്താണ് ഈമെയിലും ഫേസ്ബുക്കുമൊക്കെ തുടങ്ങിയത്. ഡയറിയില്‍ കുറിച്ചിട്ടിരുന്ന ഓര്‍മയില്‍ നിന്ന് വീണ്ടെടുത്തതാണ് ആ കാലം'' അവള്‍ കഥകള്‍ തുടര്‍ന്നു.
യാത്രകള്‍ക്കിടെ പരിചയപ്പെട്ട ഒരുപാട് മനുഷ്യരുണ്ട്, നമ്മുടെയെല്ലാം ഡയറിത്താളുകളില്‍. 'ഇനിയൊരിക്കലും കാണാനിടയില്ല' എന്ന ബോധ്യമുണ്ടായിട്ടും, 'വീണ്ടും കാണാമെന്ന്' പറഞ്ഞാണ് പിരിഞ്ഞിട്ടുള്ളത്, പിരിയാറുള്ളത്. ഏറിയ പേര്‍ക്കും വെറുതെ പറഞ്ഞു പോകുന്ന ഒരു വാക്ക് മാത്രമാണത്. പക്ഷേ ചിലരുണ്ട്, വീണ്ടും കാണാമെന്നതിനെ പ്രത്യാശയായി കാണുന്നവര്‍. കഴിഞ്ഞ കാലത്ത് നിന്ന് ഇന്നിലേക്ക് കയറിവരാന്‍ ആ വാക്ക് മാത്രം മതിയവര്‍ക്ക്. ഒട്ടും പ്രതീക്ഷിക്കാത്ത നേരങ്ങളില്‍ അങ്ങനെ ചിലര്‍ കടനനു വരുമ്പോള്‍ ജീവിതത്തിനെന്തൊരു ഭംഗിയാണ്.