ഒന്നോ രണ്ടോ വാക്കുകളിൽ സൂചന തന്നിട്ടാണ് എല്ലാ പെൺകുട്ടികളും ഒളിച്ചോടാറുള്ളത്.
ഇടുക്കിയിലെ രാജകുമാരിയിലുണ്ടായ ജിൻസിയുടെ ഒളിച്ചോട്ടം തന്നെ നോക്കാം
ജിൻസിയുടെ വിവാഹത്തിന്റെ തലേന്നു മെഹന്ദി ആഘോഷം. ലഹരി പിടിച്ച ഇല്യൂമിനേഷൻ ലൈറ്റുകൾ ബാലൻസ് തെറ്റി തുള്ളുന്ന രാത്രി. പെണ്ണിന്റെ കൈവെള്ളയിൽ മൈലാഞ്ചി ഇടുന്ന കൂടെ ആരോ ചെറുക്കന്റെ ഓമനപ്പേര് എഴുതാൻ നോക്കിയപ്പോൾ ജിൻസി സമ്മതിച്ചില്ല.
ഇബ്രൂ എന്നാണ് കുഞ്ഞിലേ മുതലേ ചെറുക്കന്റെ ചെല്ലപ്പേര്. ആ പേരു കൈയിലെഴുതാനുള്ള ജിൻസിയുടെ ചമ്മലാണെന്ന് എല്ലാവരും കരുതി.
വെഡ്ഡിങ് റിങിൽ കട്ടപോലെ പേര് ഉണ്ടല്ലോ.. പിന്നെന്തിനാ വേറെ എന്നു പറഞ്ഞാണ് ജിൻസി ഒഴിഞ്ഞു മാറിയത്. അതായിരുന്നു പിറ്റേന്നത്തേക്കുള്ള സൂചന !
പിറ്റേന്ന് വെളുക്കുന്നതിനു മുമ്പ് റോസാപ്പൂക്കണ്ടത്തെ ക്യൂട്ടി ടച്ച് ബ്യൂട്ടി പാർലറിൽ മേക്കപ്പിടാൻ പോയ ജിൻസി തിരിച്ചു വന്നില്ല.
പോകുന്ന വഴി കവലയിൽ സുബ്രഹ്മണ്യന്റെ അമ്പലത്തിന്റെ കാണിക്കമണ്ഡപം ആയപ്പോൾ കാർ നിർത്തിച്ച് അവൾ ഇറങ്ങി. വണ്ടി ഓടിച്ചിരുന്ന എളേപ്പന്റെ മകൻ റോബിനോടു ജിൻസി പറഞ്ഞു.. ഡാ റോബീ, ഒരു നല്ല കാര്യത്തിനു പോകുവല്ലേ, ഞാനൊന്നു പ്രാർഥിച്ചേച്ചും വരാം. നീ വെയ്റ്റ് ചെയ്യ്.
മഞ്ഞിലേക്കു നടന്നു പോയ ജിൻസി മാഞ്ഞുപോയി.
പിന്നെ കേട്ടത് മലമടക്കുകൾ ചുറ്റി തിടുക്കത്തിൽ പാഞ്ഞു പോകുന്ന ഒരു ബുള്ളറ്റിന്റെ ശബ്ദമാണ്. ഒരു ചുവന്ന വെളിച്ചം റോബിക്കു ചെയ്സ് ചെയ്യാവുന്നതിലും വേഗത്തിൽ മഞ്ഞിന്റെ താഴ് വരകളിലൂടെ പാഞ്ഞുപോയി.
റോബി കല്യാണവീട്ടിൽച്ചെന്നു പറഞ്ഞു.. അവള് ഒരു ബുള്ളറ്റിൽക്കേറി ഒരുത്തന്റെ കൂടെ ഒളിച്ചോടി ! തെണ്ടി.. !
ഇബ്രൂ ഇട്ട വെഡ്ഡിങ് റിങ് ഊരി അമ്പലത്തിലെ കാണിക്കവഞ്ചിയിൽ നേർച്ചയിട്ടിട്ടാണ് ജിൻസി പോയത്.
സംഭവം അറിഞ്ഞപ്പോൾ ജിൻസീടെ അമ്മേടെ ചേച്ചീടെ മകൾ രജനി പറഞ്ഞു.. ഇന്നലെ മൈലാഞ്ചിയിട്ടോണ്ടിരുന്നപ്പോഴേ എനിക്കൊരു സംശയം തോന്നിയതാ..
എന്നിട്ടെന്താ ചോദിക്കാഞ്ഞതെന്നു ചോദിച്ചപ്പോൾ രജനി പറഞ്ഞു; ചോദിക്കാഞ്ഞെ നന്നായി, ഇല്ലേൽ അവള് കല്യാണം കഴിഞ്ഞിട്ട് ഒളിച്ചോടിയേനെ..
മോഹനൻ ചേട്ടന്റെ മകൾ പല്ലവിയുടെ കാര്യത്തിൽ ഒളിച്ചോട്ടമല്ല, വരാതിരിക്കലായിരുന്നു.
പല്ലവി ഇന്റരീയർ ഡിസൈനിങ്ങും ഹോം ഡെക്കറേഷനും കോഴ്സ് കഴിഞ്ഞ് ഡൽഹിയിൽ ചില ഇന്റീരിയർ ഡിസൈനിങ് സ്ഥാപനങ്ങളിൽ ഇന്റൻഷിപ്പ് ചെയ്യുന്ന സമയത്താണ് കല്യാണം തീരുമാനിച്ചത്.
മോഹനൻ ചേട്ടനും ഭാര്യ സരിഗയും കുറെ നാൾ ഗൾഫിലായിരുന്നു. പിന്നെ നാട്ടിൽ വന്നു സെറ്റിൽ ചെയ്തതാണ്. അക്കൗണ്ടിൽ ധാരാളം പൈസ, വലിയ ഗേറ്റുള്ള വീട്, പടിപ്പുര, മുറ്റത്തു പട്ടിക്കൂട്, കിണറിനു ചുറ്റും ഉരുളി പോലുള്ള ഡിസൈൻ, കാണാൻ ഭംഗിയുള്ള മകൾ.. ആർഭാടം കുറയ്ക്കാൻ പറ്റുമോ ! കല്യാണ നിശ്ചയത്തിനു തന്നെ അഞ്ഞൂറു പേരെ ക്ഷണിച്ചിരുന്നു.
വിവാഹ നിശ്ചയത്തിന്റെ തലേന്ന് ഉച്ചയ്ക്ക് ഡൽഹിയിൽ നിന്നുള്ള ഫ്ളൈറ്റിൽ പല്ലവി തിരുവനന്തപുരത്ത് വന്നിറങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്.
അവളുടെ കൂടെ മലയാളം അറിയാത്ത നാലഞ്ച് ഡൽഹി ഫ്രണ്ട്സും ഉണ്ടാവും എന്നു കേട്ടതോടെ മോഹനൻ ചേട്ടനും ഹാപ്പിയായിരുന്നു. പുള്ളിക്ക് പാവ് ബജിയും ഹിന്ദി ഭാഷയും നടി ശ്രീദേവിയും ഭയങ്കര വീക്നെസ്സാണ്.
ആയിയേ.. കേരൾ മേം മജാ കർകെ പല്ലവി കി ശാദി സെലിബ്രേറ്റ് കരോഗി എന്നൊക്കെ ആലോചിച്ച് എയർപോർട്ടിലെത്തി വെയ്റ്റ് ചെയ്യുമ്പോഴാണ് പല്ലവിയുടെ ഫോൺ വന്നത്.
മോഹൻജി, റിയലി സോറി. ഈ കല്യാണത്തിന് റെഡി അല്ല. ഞാൻ വരുന്നില്ല.
മകൾക്ക് കടുത്ത ദേഷ്യവും മുടിഞ്ഞ ഇഷ്ടവും തോന്നുമ്പോൾ അച്ഛനെ വിളിക്കുന്ന പേരാണ് മോഹൻജി എന്ന്.
കാരണം ഒന്നും പറയാതെ അവൾ ഫോൺ കട്ട് ചെയ്തു. പിന്നെ വിളിക്കുമ്പോൾ കഭി അൽവിദാ ന കഹനാ എന്ന പാട്ടു മാത്രം റിങ്ബാക് ടോണായി ഇങ്ങനെ പാടിക്കൊണ്ടിരുന്നു. അവൾ എടുക്കുന്നില്ല, കട്ട് ചെയ്യുന്നുമില്ല.
കുറെ വിളിച്ചു കഴിഞ്ഞപ്പോൾ മോഹനൻ ചേട്ടന്റെ വാട്സാപ്പിൽ മകളുടെ ഒരു മെസേജ് വന്നു.. ഡാഡ്, യു ഡോൺ ഗോ മാഡ് ! ഐ സെലക്ടഡ് എ ബെറ്റർ ചാപ് ലൈക് യു !
അന്നു രാവിലെ ഡൽഹി ഫ്ളൈറ്റിന്റെ സമയം ചോദിക്കാൻ മോഹനൻ ചേട്ടൻ വിളിക്കുമ്പോൾ പല്ലവി പറഞ്ഞിരുന്നു... മോഹൻജി എന്നും എന്നെ റിസീവ് ചെയ്യാൻ വരുന്നതുപോലെ ലഗേജ് കാരിയറുള്ള ഇന്നൊവയിലൊന്നും വരണ്ട. നാനോയിൽ വന്നാൽ മതി.
അതെന്താ നീ ലഗേജ് ഒന്നും കൊണ്ടു വരുന്നില്ലേയെന്നു ചോദിച്ചപ്പോൾ അമ്മയ്ക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു. എന്നിട്ട് സരിഗയോടു മകൾ ഫോണിൽ പറഞ്ഞു.. അച്ഛനോട് ഇന്ന് എയർപോർട്ടിലേക്ക് ഡ്രൈവ് ചെയ്യേണ്ടെന്ന് പറയണം. എനിക്ക് ഫ്ളൈറ്റ് എങ്ങാനും മിസ്സായാൽ അച്ഛനു ബിപി കൂടും. ദേഷ്യപ്പെട്ട് ഡ്രൈവ് ചെയ്യുന്നത് സേഫ് അല്ല.
ഇതായിരുന്നു പല്ലവി കൊടുത്ത സൂചന.
പന്ത്രണ്ടാം മണിക്കൂറിലായിരുന്നു പല്ലവിയുടെ ആ കാലുമാറ്റം. വീട്ടുമുറ്റത്തെ മുല്ലപ്പന്തൽ നിറയെ കസേരകൾ. അടുക്കളപ്പുരയിൽ കല്യാണ സദ്യയ്ക്ക് ഉപ്പേരി വറുത്തു. പച്ചടി, കിച്ചടി, ഓലൻ കാളനെല്ലാം പാകമായി. പപ്പടം കാച്ചാൻ എണ്ണ അടുപ്പത്തു വച്ചും കഴിഞ്ഞു.. മോഹനൻ ചേട്ടൻ തകർന്നുപോയി.
എയർപോർട്ടിൽ നിന്ന് റോഡിലൂടെ ഒരു വിമാനത്തിൽ മോഹനൻ ചേട്ടൻ നേരെ വിട്ടത് കല്യാണച്ചെറുക്കന്റെ വീട്ടിലേക്കാണ്.
അവിടെയും ഫോട്ടോസെഷനൊക്കെ നടക്കുന്നു.
പല്ലവിയെ കല്യാണം കഴിക്കാൻ ഇരുന്ന പയ്യൻ ഓടി വന്നു. മോഹനൻ ചേട്ടൻ തൊണ്ട വരണ്ടു ചോദിച്ചു.. മോന്റെ അച്ഛന്റെ കാലെവിടെ ?
ഓടിച്ചെന്ന് കല്യാണച്ചെറുക്കന്റെ അച്ഛന്റെ കാലിൽ വീണു... എന്നോടു ക്ഷമിക്കണം. മകൾ എന്നെ വഞ്ചിച്ചു. അവൾ വരുന്നില്ല.. ഈ കല്യാണനിശ്ചയം നടക്കില്ല.
പയ്യൻ പല്ലവിയെ വിളിക്കാൻ ഫോണെടുത്തെങ്കിലും അവന്റെ അച്ഛൻ പറഞ്ഞു.. വേണ്ട മോനേ. ഒളിച്ചോടിയ പെൺകുട്ടികൾ ഫോണെടുക്കാറില്ല.
പല്ലവി വന്നില്ലെങ്കിലും ക്ഷണിച്ചവരെല്ലാം പിറ്റേന്ന് കൃത്യസമയത്തു തന്നെ മോഹനൻ ചേട്ടന്റെ വീട്ടിൽ വന്നു.
പുളളി ഓരോരുത്തരെയും കണ്ട് അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ വിശദീകരിച്ചു. മാപ്പു ചോദിച്ചു. ചിലരോട് ഇംഗ്ളീഷിൽ, ചിലരോട് മലയാളത്തിൽ, ചിലരുടെ കൈയിൽ പിടിച്ച്, ചിലരെ കെട്ടിപ്പിടിച്ച്..
സദ്യ ഉണ്ണാൻ എല്ലാവരോടും അപേക്ഷിച്ചു. കഴിക്കാൻ സന്മനസ്സു കാട്ടിയവരുടെ കൂടെയിരുന്നു പുള്ളി ഭക്ഷണം കഴിച്ചു.
എല്ലാം കഴിഞ്ഞ് സന്ധ്യയ്ക്ക് ആളൊഴിഞ്ഞ പന്തലിൽ കൂട്ടിയിട്ട ചുവന്ന പ്ളാസ്റ്റിക കസേരകളിലൊന്നിൽ കാലുയർത്തി വച്ചിരുന്ന് മൂന്നാമത്തെ ഡ്രിങ്ക് സിപ് ചെയ്യുമ്പോൾ മോഹനൻ ചേട്ടൻ ഭാര്യയോടു പറഞ്ഞു.. സരിഗാ.. നമ്മുടെ മോളെ ഫോണിൽ കിട്ടുമോ എന്ന് ഒന്നൂടെ നോക്കൂ..
അവൾ എടുത്തില്ല. പിന്നെയും അൽവിദ ന കഹനാ.. !
നിന്റെ അച്ഛന്റെ പതിനാറടിയന്തിരത്തിന് എല്ലാവരും വന്നു, നീയൊഴികെ.. എന്നൊരു മെസേജ് മകൾക്ക് രണ്ടു തവണ അയച്ചിട്ട് അയാൾ ഫോൺ ഓഫ് ചെയ്തു.
ഈയിടെ കണ്ടപ്പോഴും മോഹനൻ ചേട്ടൻ പറഞ്ഞു.. സാരി മുതൽ വെഡ്ഡിങ് കാർഡ് വരെ എല്ലാം പല്ലവിയുടെ ഇഷ്ടത്തിനാണ് സെലക്ട് ചെയ്തത്. അവൾ പറഞ്ഞതുകൊണ്ടു മാത്രം മേതി മലായ് പനീർ എന്ന ഒരു നോർത്ത് ഇന്ത്യൻ കറി കൂടി കല്യാണസദ്യയിൽ ഉൾപ്പെടുത്തി. അപ്പോഴൊന്നും ഞങ്ങൾക്ക് ഒരു സൂചനയും തരാതെ കൂടെ നിന്നിട്ട് അവൾ ഒടുവിൽ എന്താ ഇങ്ങനെ ചെയ്തത്.. ? !
പല അച്ഛനമ്മമാരും ഇതേ കൺഫ്യൂഷനിലാണ് !
പെൺകുട്ടികൾ പലതും ഒളിച്ചു വയ്ക്കുന്നതാണോ അതോ അവർ തരുന്ന ചെറുസൂചനകൾ മാതാപിതാക്കളുടെ കണ്ണിൽപ്പെടാതെ പോകുന്നതാണോ ?
എത്ര ആലോചിച്ചിട്ടും പിടികിട്ടാത്തത് പെൺകുട്ടികൾ എന്തിന് ഒളിച്ചോടാൻ ഈ മുഹൂർത്തം നോക്കിയിരിക്കുന്നു എന്നതാണ് ?!
Read more.. Panakathy, More Columns