Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നും സാരി ഉടുക്കുന്നതിന്റെ രഹസ്യമെന്ത് ?

വിനോദ് നായർ
Author Details
Peanakathi സാധാരണ ആണുങ്ങൾ പെൺകുട്ടികളെ നോക്കുന്നതുപോലെയല്ല അയാൾ തന്നെ നോക്കുന്നതെന്ന് അവൾക്കു തോന്നി. പൊതുവേ ആണുങ്ങൾ ഇതിൽ എന്ത് എനിക്കു കിട്ടും എന്ന മട്ടിലാണ് പെൺകുട്ടികളെ നോക്കുന്നത്. ഇയാൾ അങ്ങനെയല്ല...

പരസ്യ ഏജൻസിയുടെ റിസപ്ഷനിൽ അലങ്കാര വിളക്കുപോലെ ഇരിക്കുന്ന പെൺകുട്ടിയെ നോക്കി അയാൾ പറഞ്ഞു.. നല്ല സാരി.. 

അവൾ ചിരിച്ചു .. താങ്ക്യു... 

എന്നും സാരിയാണോ ഉടുക്കുന്നത് ?

ചോക്കലേറ്റ് മണമുള്ള ഇംഗ്ളീഷിൽ അവളുടെ മറുപടി.. അല്ല.. ഇന്ന് താങ്കൾ വരുമെന്ന് ഞാൻ ഊഹിച്ചു. 

അയാൾ പൂത്തുലഞ്ഞു. എന്നിട്ടു പറഞ്ഞു..  എനിക്ക് ഒരു ടെക്സ്റ്റൈൽ ഷോപ്പ് ഉണ്ടായിരുന്നെങ്കിൽ ഈ വാക്കുകൾ അതിന്റെ പരസ്യവാചകമാക്കിയേനെ ! 

അവളും വിട്ടുകൊടുത്തില്ല..  താങ്കൾക്ക് എന്തും നന്നായി വിൽക്കാൻ അറിയാം. !

എംജി റോഡിലെ പരസ്യ ഏജൻസിയിൽ ഒരു ദിവസം ഉച്ചവെയിലിൽ പെട്ടെന്ന് പൊട്ടിമുളച്ചതായിരുന്നു ആ ചെറുപ്പക്കാരൻ.  പത്രത്തിൽ ഒരു പരസ്യം കൊടുക്കണം. അതായിരുന്നു അയാളുടെ ആവശ്യം.

പരസ്യ ഏജൻസിയിലെ റിസപ്ഷനിസ്റ്റായ ആ പെൺകുട്ടിയുടെ മുന്നിലെ കസേരയിൽ അയാൾ വന്നിരുന്നു. റിസപ്ഷനിൽ അവളുടെ മുന്നിൽ നാലു കസേരകൾ.  മൂന്നെണ്ണത്തിലും ഓരോ വലിയ കുരങ്ങന്മാരുടെ പ്രതിമകളാണ്.  ഒരു കസേര മാത്രം വരുന്നവർക്ക് ഇരിക്കാനായി ഒഴിച്ചിട്ടിരുന്നു. രണ്ടാമത്തെ കസേരയിലിരുന്ന കുരങ്ങനെ എടുത്ത് തന്റെ മടിയിൽ വച്ചിട്ട് അയാൾ ആ കസേരയിൽത്തന്നെ ഇരുന്നു !

കയറി വന്നപ്പോൾ മുതൽ അവൾ അയാളെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. എവിടെയോ ഒരു സ്ക്രൂ അയഞ്ഞു കിടക്കുന്നുണ്ടോ !

കുരങ്ങനോടാണ് അയാൾ ആദ്യം സംസാരിച്ചത്.. താങ്കളും ഇവിടെ പരസ്യം കൊടുക്കാൻ വന്നതാണോ ?

മറുപടി പറഞ്ഞത് അവളായിരുന്നു..  അതെ, താങ്കളുടെ മുൻഗാമിയാണ്. മാട്രിമോണിയൽ പരസ്യം കൊടുക്കാൻ വന്നതാണ്. 

അന്നേരമായിരുന്നു സാരിയെപ്പറ്റി അയാളുടെ കമന്റ്.

സാധാരണ ആണുങ്ങൾ പെൺകുട്ടികളെ നോക്കുന്നതുപോലെയല്ല അയാൾ തന്നെ നോക്കുന്നതെന്ന് അവൾക്കു തോന്നി. പൊതുവേ ആണുങ്ങൾ ഇതിൽ എന്ത് എനിക്കു കിട്ടും എന്ന മട്ടിലാണ് പെൺകുട്ടികളെ നോക്കുന്നത്. ഇയാൾ അങ്ങനെയല്ല.

അവൾ ചോദിച്ചു.. എന്തു പരസ്യം കൊടുക്കാനാണ് ? 

മാട്രിമോണിയൽ  അല്ല എന്നു പറഞ്ഞിട്ട് അയാൾ ചിരിച്ചു... പിന്നെ പോക്കറ്റിൽ നിന്ന് ചുവന്ന നിറമുള്ള ഒരു കടലാസെടുത്ത് അതിൽ നോക്കി വായിച്ചു.  കെയർടേക്കറെ ആവശ്യമുണ്ട്.  ഇതായിരിക്കണം പരസ്യത്തിന്റെ തലക്കെട്ട്.  മൂന്നാറിലെ റംബൂട്ടാൻ, ഗ്രാന്റിസ് തോട്ടത്തിലെ ഫാംഹൗസിലേക്ക്  കെയർടേക്കറെ ആവശ്യമുണ്ട്. സംസാരശേഷിയില്ലാത്ത, ചെവി കേൾക്കാത്ത, നല്ല ഇന്റലിജന്റായ ചെറുപ്പക്കാർക്കു മുൻ‌ഗണന.  ഫോൺ നമ്പർ.. 94470 500...

അവൾ വിചിത്രമായി അയാളെ നോക്കി... ഇതെന്തിനാണ് ഇങ്ങനെയൊരു പരസ്യം ?  

അയാൾ പെട്ടെന്ന് ആ സംശയം കട്ട് ചെയ്തു..  സോറി.. അത് പരസ്യമാക്കേണ്ട കാര്യമല്ല. 

ചമ്മിപ്പോയ പെൺകുട്ടി പിന്നെയൊന്നും ചോദിച്ചില്ല. 

പരസ്യത്തിനുള്ള പണം അടച്ച് ഇറങ്ങാൻ നേരം അയാൾ കുരങ്ങനെ തിരിച്ച് സീറ്റിൽ വച്ചിട്ടു പറഞ്ഞു.. ഈ കസേരയിൽ തന്നെ ഇരുന്നോളൂ.. എങ്ങോട്ടും പോകരുത്. നിങ്ങൾക്കു പറ്റിയ സ്ഥലമാണിത്. 

പറ്റിയ എന്ന വാക്ക് അയാൾ ആവശ്യത്തിലധികം ഊന്നൽ കൊടുത്താണ് പറഞ്ഞതെന്ന് അവൾ ശ്രദ്ധിച്ചു. എന്തായിരിക്കും അയാൾ ഉദ്ദേശിച്ചത് ! അവൾ മൊബൈൽ ഫോൺ എടുത്ത് അന്നു രാവിലെ എടുത്ത സെൽഫി നോക്കി. ഇല്ല.. മേക്കപ്പ് അധികമില്ല.  അയാൾ പറഞ്ഞത് തന്നെപ്പറ്റിയാവില്ല ! കൊരങ്ങൻ !

എന്തായിരിക്കും അയാളുടെ ലക്ഷ്യം.. ? നിറയെ റംബൂട്ടാൻ പഴങ്ങളുള്ള, ഗ്രാന്റിസ് മരങ്ങളിൽ മഞ്ഞു വീണു കിടക്കുന്ന വിജനമായ എസ്റ്റേറ്റ്. ഇലകൾ തണുത്തു പൊഴിയുന്ന ശബ്ദം മാത്രമുള്ള  ആ എസ്റ്റേറ്റിനു നടുവിൽ  പച്ചപ്പെയ്ന്റടിച്ച തടികൾ കൊണ്ടു പണിത ഫാംഹൗസ്. അവിടേക്ക് കെയർടേക്കറായി മിണ്ടാൻ വയ്യാത്ത, ചെവി കേൾക്കാത്ത ചെറുപ്പക്കാരൻ ! 

വിചിത്രമായ ആലോചനകൾ അവളുടെ മനസ്സിലേക്ക്  കാക്കച്ചിറകുകളിൽ പറന്നിറങ്ങി. 

എന്തായിരിക്കും ഫാംഹൗസ് ഉടമയായ ഈ മനുഷ്യന്റെ മനസ്സിലിരുപ്പ് ?

എന്താണ് കെയർടേക്കറുടെ ജോലി ?

പരസ്യം പത്രത്തിൽ വന്ന ദിവസം രാത്രി ഫാംഹൗസ് ഉടമയായ ചെറുപ്പക്കാരന്റെ ഫോണിലേക്ക് ഒരു പെൺകുട്ടിയുടെ കോൾ വന്നു.. ഹലോ.. നിങ്ങൾ പറഞ്ഞ യോഗ്യതകൾ ഒക്കെയുള്ള ആളാണ് ഞാൻ. കെയർടേക്കറായി ജോലിക്കു വരാൻ ഞാൻ തയാറാണ്.

അയാൾ പറഞ്ഞു..  നിങ്ങൾ സംസാരിക്കുന്നത് ക്ളിയറല്ല. ഒന്നു കൂടി പറയാമോ? 

പെൺകുട്ടി പറഞ്ഞതൊക്കെ വീണ്ടും പറഞ്ഞു. എന്നിട്ട് കളിയാക്കൽ ടോണിൽ കൂട്ടിച്ചേർത്തു.. എനിക്ക് നല്ല ക്ളിയറായി കേൾക്കാം.. ഇവിടെ മൊബൈൽ ഫോണിനു നല്ല റേഞ്ചുണ്ട്.

അയാൾ  കൗശലത്തോടെ പൊട്ടിച്ചിരിച്ചു...  എങ്കിൽ നിങ്ങളെത്തന്നെ നിയമിക്കാം. പക്ഷേ ഇങ്ങോട്ടു വരുമ്പോൾ ആ കസേരയിലിരിക്കുന്ന കുരങ്ങന്മാരെക്കൂടി കൊണ്ടു വരാൻ മറക്കരുത്. 

അവൾ അതു തീരെ പ്രതീക്ഷിച്ചില്ല.  അവൾക്കു ദേഷ്യം വന്നു... നിങ്ങൾക്ക് എന്നെ എങ്ങനെ മനസ്സിലായി മിസ്റ്റർ ?

അയാൾ അലയലയായി ചിരിച്ചു.. ചെവി കേൾക്കാത്ത, സംസാരിക്കാനാവാത്തയാൾ എന്നു പറഞ്ഞിട്ട് നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നതോ?

അവൾ അതങ്ങനെ വിടാൻ ഭാവമില്ലെന്നു തോന്നി..  എങ്കിൽ പറയൂ, സത്യത്തിൽ എന്താണ് ആ കെയർടേക്കറുടെ ജോലി..?

അയാൾ പറഞ്ഞു..  രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിയണം.  

എന്നു വച്ചാൽ ?

അവിടെ എന്തു കണ്ടാലും പുറത്തു പറയരുത് എന്നായി അയാൾ. 

റംബൂട്ടാൻ മരങ്ങൾ പൂവിടുന്ന കാര്യം ആരും അറിയരുതെന്നാണോ എന്നു ചോദിച്ച് അവൾ ഉറക്കെ ചിരിച്ചു. എന്നിട്ടു പറഞ്ഞു..  നിങ്ങളോടെനിക്ക് ആരാധനയും ദേഷ്യവും തോന്നുന്നു ! 

പിന്നെയവൾ ഫോൺ വച്ചു.

Read more: Trenidng News in Malayalam, Viral News in Malayalam, Beauty Tips in Malayalam