ആദ്യമായി ദോശയുണ്ടാക്കാൻ ശ്രമിക്കുമ്പോഴാണ് ദോശക്കല്ല് ശ്..ശ്.. ശ്.. എന്നൊരു ശീൽക്കാരത്തോടെ നിഷിമയുടെ കൈയിൽ കയറി പിടിച്ചത്. നിഷിമ അന്ന് എട്ടാംക്ളാസിലാണ്. അമ്മയുണ്ടാക്കുന്ന സാദാ ദോശയ്ക്കു രുചി പോരാഞ്ഞിട്ട് നെയ് ദോശയുണ്ടാക്കാൻ ശ്രമിച്ചതായിരുന്നു അവൾ. ലിപ്സ്റ്റിക്കിട്ട ചുണ്ടുകൊണ്ട് ആരോ ബലത്തിൽ ഉമ്മ വച്ചതുപോലെ കൈത്തണ്ടയിൽ തിണർത്ത പാടുകൾ !
വല്ലാതെ പൊള്ളിയോ മോളേ എന്നു ചോദിച്ച് ഓടി വന്ന അമ്മ വെളിച്ചെണ്ണ സ്നേഹം ചേർത്ത് കൈയിൽ പുരട്ടിത്തരുന്നതിനിടെ നിഷിമയോടു പറഞ്ഞു.. ഇതു കണ്ടോ ? അരി വാർത്തപ്പോൾ കഞ്ഞിവെള്ളം വീണതാണ്.
അമ്മയുടെ അടിവയറിൽ അശോകപ്പൂമൊട്ട് കരിഞ്ഞതുപോലെ രണ്ടു പാടുകൾ.
അമ്മ പറഞ്ഞു.. അടുക്കള ആണുങ്ങളെപ്പോലെയാ മോളേ, എത്ര സ്നേഹിച്ചാലും തരം കിട്ടുമ്പോൾ നമ്മളെ പൊള്ളിക്കും, മുറിവേൽപ്പിക്കും.
പിന്നെയും കുറെ നാളെടുത്തു നിഷിമയുടെ പൊള്ളൽ മായാൻ.
ഇടയ്ക്ക് കൊതി വരുമ്പോൾ ബ്രെഡ് ഓംലെറ്റ്, ഞായറാഴ്ച നാലുമണിക്ക് പൊട്ടറ്റോ ഫ്രൈ എന്ന മട്ടിൽ ഇഷ്ടമുള്ള കാര്യങ്ങൾക്കു മാത്രം അടുക്കളയെ സമീപിച്ചിരിക്കെയാണ് നിഷിമയ്ക്കു കല്യാണം വന്നത്. അതോടെ അടുക്കള വീണ്ടും അവളുടെ ജീവിതത്തിലേക്ക് കയറി വന്നു.
വിവാഹത്തിനു മുമ്പുള്ള ദിവസങ്ങളിൽ ഒരിക്കൽ കാലിലും കൈയിലും നാൽപാമരത്തിന്റെ വെളിച്ചെണ്ണ തേച്ചുകൊടുക്കുമ്പോൾ അമ്മ നിഷിമയോടു പറഞ്ഞു.. നിഷീ, നീ അവിയൽ ഉണ്ടാക്കാൻ പഠിച്ചോണം. അവിയലും വറുത്തരച്ച മീൻ കറിയും ഉണ്ടാക്കാൻ പഠിച്ചാൽ നീ അടുക്കളയിൽ എക്സ്പേർട് ആകും.
നിഷിമയ്ക്കിഷ്ടം ചെട്ടിനാട് ചിക്കൻ മസാലയായിരുന്നു.
അമ്മ പറഞ്ഞു.. അതിനെക്കുറിച്ച് ഓർത്ത് ടെൻഷൻ വേണ്ട. ഇഷ്ടമുള്ള കറി ഒരിക്കലും നിനക്ക് ഉണ്ടാക്കേണ്ടി വരില്ല. അത് ഹോട്ടലുകാർ ചെയ്തോളൂം.
അവൾ പറഞ്ഞു... മീൻ കറി മാനേജ് ചെയ്യാൻ പറ്റും. പക്ഷേ അവിയൽ എന്തിനാ ?
അമ്മ പറഞ്ഞു.. കേരളത്തിലെ ചെറുപ്പക്കാർ അമ്മയുണ്ടാക്കുന്ന അവിയൽ, അമ്മയുണ്ടാക്കുന്ന മീൻ കറി എന്ന് ഇടയ്ക്കിടെ പറഞ്ഞ് ഭാര്യയെ ഇറിറ്റേറ്റ് ചെയ്തു കൊണ്ടേയിരിക്കും. അതിനെ പൊട്ടിക്കലാണ് ഒരു പെണ്ണ് ആദ്യം ചെയ്യേണ്ടത്. നന്നായി അവിയലുണ്ടാക്കുന്നതോടെ നിനക്ക് അമ്മായിയമ്മയെ പൊട്ടിക്കാൻ പറ്റും.
അടുക്കളയിൽ എക്സ്പേർട് ആവുന്നതുകൊണ്ട് എന്താ ഗുണം എന്നായി നിഷിമയുടെ സംശയം.
ഒരു ഗുണവുമില്ല. എന്നു മാത്രമല്ല, പല ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും വെറുതെ നിരാശ തോന്നുകയും ചെയ്യും.
നിരാശയോ അതെന്താ എന്നു ചോദിക്കുന്നതിനു മുമ്പ് നിഷിമയുടെ അമ്മ പറഞ്ഞു.. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും അടുക്കള സ്ത്രീകളെ അതിരാവിലെ വിളിച്ചുണർത്തും. വൈകിയേ ഉറങ്ങാൻ സമ്മതിക്കൂ. രാവിലെ നമ്മൾ അടുക്കളയിലെ മിക്സർ ഗ്രൈൻഡറു പോലെ കറങ്ങുമ്പോൾ മറ്റെല്ലാ മുറികളും ഇരുട്ടിന്റെ പുതപ്പിനടിയിൽ കിടന്ന് ഉറങ്ങുകയായിരിക്കും. രാത്രിയിൽ നമ്മൾ പാത്രങ്ങളെ സോപ്പിടുമ്പോൾ ബാക്കിയുള്ളവർ ടിവിയുടെ മുന്നിൽ ഉപ്പുചാക്കു പോലെ ഇരിക്കുന്നുണ്ടാകും.
നിഷിമ പറഞ്ഞു... എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് കുളിമുറിയാണ്. അവിടെ ഭയങ്കര ഫ്രീഡമുണ്ട്. എന്തും ചെയ്യാം. ആരെയും പേടിക്കേണ്ട..
അമ്മ പറഞ്ഞു.. എനിക്കും പണ്ട് അങ്ങനെയായിരുന്നു. ഇപ്പോൾ ഇരുട്ടിലെ സിറ്റൗട്ടാണ്. രാത്രി ജോലിയെല്ലാം തീർത്ത് സിറ്റൗട്ടിൽ ഇരിക്കണം. പുറത്തെ ഇരുട്ട് ഒരു സ്ക്രീൻ ആയി മാറും. അതിൽ ഒരുപാട് കാര്യങ്ങൾ സിനിമയിലെപ്പോലെ തെളിഞ്ഞു വരും...
അമ്മായിയമ്മയുമായി അടുക്കളയിൽ വച്ചു വഴക്കിടരുത് എന്നൊക്കെ വിവാഹത്തിനു മുമ്പ് അമ്മ ഉപദേശിച്ചിരുന്നെങ്കിലും നിഷിമയ്ക്ക് അത് പാലിക്കാൻ കഴിഞ്ഞില്ല.
ഗ്യാസ് സ്റ്റൗവിൽ പാല് തിളച്ചു തൂവിയ ദിവസമായിരുന്നു നിഷിമയും അമ്മായിയമ്മയും തമ്മിൽ ആദ്യമായി വഴക്കിട്ടത്.
നിഷിമ ഗ്യാസ് സ്റ്റൗവിന്റെ നോബ് ഓണിനും സിമ്മിനും ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് വെറുതെ കളിച്ചുകൊണ്ടിരിക്കെ ഒരു ദുർബല നിമിഷത്തിൽ തിളച്ച പാൽ കുഞ്ഞിക്കുഞ്ഞിക്കൈകൾ നീട്ടി പാത്രത്തിന്റെ വക്കുകളിലേക്ക് വലിഞ്ഞു കയറി വെള്ളമുയൽക്കുട്ടികളെപ്പോലെ പുറത്തു ചാടി.
നല്ല രസം തോന്നി നിഷിമയ്ക്ക് ആ കാഴ്ച. പഠിക്കുന്ന കാലത്ത് താനുൾപ്പെട്ട പെൺകുട്ടികളുടെ ഗ്രൂപ്പ് കോളജിനു പിന്നിലെ മതിൽ ചാടുന്നത് അവൾക്ക് ഓർമ വന്നു. തിളച്ചു തൂവുന്ന പാലിനെ നോക്കി ചിരിക്കുന്ന നിഷിമയുടെ മുന്നിലേക്കാണ് അമ്മായിയമ്മ വന്നത്.
അമ്മായിയമ്മ പറഞ്ഞു.. പെൺകുട്ടികൾക്ക് അടുക്കളയിൽ ഇത്ര അശ്രദ്ധ പാടില്ല.
അവൾ മറുപടി പറയാതെ കരിഞ്ഞ പാൽപ്പാത്രം എടുത്ത് വെള്ളത്തിലിട്ടു. ഉടൽ പൊള്ളിയപ്പോൾ വെള്ളത്തിന്റെ ശീൽക്കാരം കേട്ടു !
വൈകിട്ട് അമ്മ വിളിച്ചപ്പോൾ നിഷിമ ചോദിച്ചു.. ഈ ട്രഡീഷനണൽ അമ്മായിയമ്മമാർ ഇനി എത്ര ജനറേഷൻ കൂടി ഉണ്ടാവും ?
അമ്മ പറഞ്ഞു.. നീഷി.. അമ്മായമ്മ എന്നത് ഡെങ്കിപ്പനി പോലെയാണ്. അത് എപ്പോൾ വേണമെങ്കിലും ബാധിക്കാം. പ്രത്യേകിച്ച് രോഗലക്ഷണം ഒന്നും ഇല്ല.
ഫോൺ വയ്ക്കാൻ നേരം അമ്മ ഇത്രയും കൂടി പറഞ്ഞു.. ഒരു സ്ത്രീ അമ്മായിയമ്മയാകുന്നതോടെ സത്യത്തിൽ പകരം വീട്ടുന്നത് മരുമകളോടല്ല. അവരുടെ പണ്ടത്തെ അമ്മായിയമ്മയോടാണ്.
നിഷിമയ്ക്ക് അതിന്റെ ലോജിക് മനസ്സിലായില്ല. പലകാര്യങ്ങളും മനസ്സിലാവാതിരിക്കുമ്പോഴാണ് ഒരു സ്ത്രീ നല്ല ഭാര്യയാകുന്നതെന്നു എവിടെയോ വായിച്ചത് ഓർമ വന്നു.
അമ്മായിയമ്മയുമായുള്ള രണ്ടാമത്തെ വഴക്ക് ഒരു ദിവസം രാവിലെ ദോശ തിന്നുമ്പോഴായിരുന്നു. സ്ഥിരമായി വറ്റൽ മുളക് അരച്ച് ചുവന്ന ചമ്മന്തിയുണ്ടാക്കി ബോറടിപ്പോഴാണ് അന്ന് നിഷിമ പച്ചമുളക് അരച്ച് ചമ്മന്തി വച്ചത്. ആ ചമ്മന്തി നിലാവു പോലെ വെളുത്തിരുന്നു.
ഇന്നത്തെ ചമ്മന്തിക്ക് അമ്മയെപ്പോലെ നല്ല ഐശ്വര്യം എന്നൊക്കെ പറഞ്ഞാണ് നിഷിമയുടെ ഭർത്താവ് രജത് അന്ന് ദോശ കഴിക്കാൻ ഇരുന്നത്. പെട്ടെന്ന് ചമ്മന്തിയിൽ അതാ ഒരു വെളുത്ത മുടിയിഴ !
അമ്മയുടെ മുടിയായിരിക്കും. സാരമില്ല.. എടുത്തുകളഞ്ഞേക്കാം എന്നു പറഞ്ഞ് നിഷിമ സമയം നോക്കി സ്കോർ ചെയ്തെങ്കിലും അന്ന് ആരും ചമ്മന്തി കൂട്ടിയില്ല.
എന്റെ മുടിയിഴയ്ക്ക് ഇത്ര നീളമില്ലല്ലോ എന്നൊക്കെ അമ്മായിയമ്മ പറഞ്ഞെങ്കിലും ഏറ്റില്ല. കാരണം അമ്മായിയമ്മയുടെ മുടി പലയിടത്തും നരച്ചുതുടങ്ങിയിരുന്നു.
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. അന്ന് ഉച്ചയ്ക്ക് പതിവുപോലെ ചെമ്പരത്തിത്താളിയിട്ടു മിനുക്കിയ നിഷിമയുടെ മുടി ചീകിക്കൊടുക്കുമ്പോൾ അമ്മായിയമ്മയ്ക്ക് ചീപ്പിൽ നിന്ന് ഒരു വെള്ളിയിഴ കിട്ടി.
അവർ സന്തോഷത്തോടെ പറഞ്ഞു.. മോളേ.. നിന്റെ മുടിയിലും നര തുടങ്ങി കേട്ടോ. ഇനി അടുക്കളയിൽ നിൽക്കുമ്പോൾ സൂക്ഷിച്ചോണം.
കുളി കഴിഞ്ഞ് ഈറൻ മുടിയഴിച്ചിട്ട് ഫാനിന്റെ കറങ്ങുന്ന ഇതളുകൾക്കു താഴെ വട്ടത്തിൽ നടക്കുന്നത് നിഷിമയ്ക്ക് ഇഷ്ടമായിരുന്നു. അടുക്കളയിലും പരിസരത്തും ഇനി ആ പരിപാടി നടക്കില്ലെന്ന് അവൾക്കു തോന്നി.
പുതിയ വീടിനെപ്പറ്റി ചർച്ച നടക്കുന്ന കാലം.
ചില വീടുകളുടെ പ്ളാൻ നിഷിമയെയും രജത്തിനെയും കാണിക്കുകയായിരുന്നു ആർക്കിടെക്ട്.
നിഷിമ ആർക്കിടെക്ടിനോടു പറഞ്ഞു.. അടുക്കള പ്രത്യേകമായി വേണ്ട. കിച്ചനും ഡൈനിങ് റൂമിനും സ്വീകരണ മുറിക്കും ഇടയിൽ ഭിത്തി പാടില്ല. എഴുത്തുകാരി അരുന്ധതി റോയിയുടെ വീട്ടിൽ ഡ്രോയിങ് റൂം തന്നെയാണ് അടുക്കള എന്ന് വായിച്ചിട്ടുണ്ട്.
നമ്മൾക്ക് അതു വേണോ എന്ന മട്ടിൽ രജത് സംശയിക്കെ ആർക്കിടെക്ട് വിശദീകരിച്ചു.. ഓപ്പൺ കിച്ചൻ ഇപ്പോഴത്തെ ഒരു ട്രെൻഡാണ്. കിച്ചനും ഡൈനിങ് ഏരിയയും ഡ്രോയിങ് റൂമും എല്ലാം ഒരുമിച്ച്.
രജത് ചിരിച്ചു.. ഡ്രോയിങ് റൂമിൽ തന്നെ അടുക്കള ! ആണുങ്ങളെക്കൂടി അടുക്കളയിൽ കയറ്റാൻ എന്തുണ്ട് വഴി എന്നുള്ള ആലോചനയിൽ നിന്ന് ഏതോ ബുദ്ധിയുള്ള ആർക്കിടെക്ടിനു തോന്നിയ ഐഡിയയാണിത് ! കൊള്ളാം. !
നിഷിമ ചാടി വീണു.. ഞാനങ്ങനെ വിശ്വസിക്കുന്നില്ല, രജത്. ഏതോ ബുദ്ധിയുള്ള പെണ്ണിന്റെ ഐഡിയയാണെന്നു കരുതാനാണ് എനിക്കിഷ്ടം.
Read more: Lifestyle Malayalam Magazine