ഉറങ്ങാൻ നേരം രവിശങ്കറിനോടു വിമല ചോദിച്ചു.. സുപ്രീം കോടതി വിധിയെക്കുറിച്ച് സത്യത്തിൽ എന്താ ഏട്ടന്റെ അഭിപ്രായം ?
രവിശങ്കർ പറയാൻ തുടങ്ങി... വിശ്വാസപരമായി ആലോചിച്ചാൽ ഈ പതിനെട്ടാം പടി..
ബാക്കി പടി കയറാൻ സമ്മതിക്കാതെ വിമല പറഞ്ഞു... ശബരിമലയ്ക്കു പോകാനുള്ള എന്റെ പ്രായം ഏട്ടനറിയാമല്ലോ.. ഞാനുദ്ദേശിച്ചത് മറ്റെ വിധിയെപ്പറ്റിയാണ്.
വിമലയുടെ ചോദ്യം കേട്ടപ്പോൾത്തന്നെ വിഷയം ശബരിമലയല്ലെന്ന് രവിശങ്കറിനു മനസ്സിലായതായിരുന്നു. നടക്കുമെങ്കിൽ കാട്ടിലൂടെ നടക്കട്ടെ എന്നു വിചാരിച്ച് ശബരിമലയ്ക്ക് നടന്നു നോക്കിയതാണ്.
കിടപ്പുമുറികളിലെ സ്ത്രീകളുടെ ചോദ്യങ്ങൾക്കു പല അന്തർധാരകളുമുണ്ട്. ഫാനിൽ നോക്കി കിടന്നാണ് ചോദിക്കുന്നതെങ്കിൽ ഉത്തരം അവർക്ക് നന്നായി അറിയാമെന്നർഥം. കബളിപ്പിക്കാൻ നോക്കാതിരിക്കുകയാണ് നല്ലത്.
വിമലയുടെ ചോദ്യം ഫാനിൽ നോക്കിക്കിടന്നായിരുന്നു.
രവിശങ്കർ ആലോചിച്ച് മറുപടി പറഞ്ഞു.. പെണ്ണുങ്ങൾക്ക് അനുകൂലമാണെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും ആണുങ്ങൾക്കു വേണ്ടിയാണ് ഈ വിധി.
വിമല ഉറക്കെ ചിരിച്ചു.. ചില ചുരിദാറുകൾ പോലെ !
രവിശങ്കർ ഒന്നു ചമ്മി, പിന്നെ വിഷയം മാറ്റാൻ ഒരു ശ്രമം കൂടി നോക്കി.. ഇന്ന് ഉച്ചയ്ക്ക് ഓഫിസിൽ ഈ വിഷയം ചർച്ചയ്ക്കു വന്നപ്പോൾ ഞാൻ സ്വീകരിച്ച നിലപാടും മുഖ്യമന്ത്രി ശബരിമലയുടെ കാര്യത്തിൽ സ്വീകരിച്ച നിലപാടും...
വിമല പറഞ്ഞു.. മതി, ഉറക്കം വരുന്നു. ഗുഡ്നൈറ്റ്.
പിറ്റേന്നു രാവിലെ ഉണരുമ്പോഴായിരുന്നു ആ സംഭവം. രവിശങ്കറിന്റെ പത്തു വിരലിലും നെയ്ൽ പോളിഷ് !
മകളാണ് ആദ്യം കണ്ടു പിടിച്ചത്. കിടപ്പുമുറിയിലേക്കു കടന്നു വന്ന അവൾ വിളിച്ചു കൂവി.. അച്ഛന്റെ ബോഡി, അമ്മയുടെ ഫിംഗേഴ്സ് ! അയ്യേ.. !
അപ്പോഴാണ് രവിശങ്കറും ശ്രദ്ധിച്ചത്. പത്തു വിരലുകളിലും നിറങ്ങൾ ! കാലിൽ പച്ച, കൈയിൽ ചുവപ്പ് !
മകൾ ചിരി നിർത്തുന്നില്ല. രവിശങ്കർക്കു ദേഷ്യം വന്നു. അയാൾ ചോദിച്ചു.. ആരാടീ ഇതു ചെയ്തത് ?
മകൾ പറഞ്ഞു.. മാവോയിസ്റ്റുകളായിരിക്കും. നിറം കണ്ടിട്ട് അങ്ങനെ ഒരു ഡൗട്ട്..
രവിശങ്കർക്ക് കലി വന്നു.. നീയെന്താ എന്നെ പരിഹസിക്കുവാ?
മകൾ പറഞ്ഞു.. പിന്നെന്താ പറയേണ്ടത്. ഇന്നലെ അച്ഛന്റെ കൂടെ കിടന്നുറങ്ങിയത് ആരാ? അമ്മയല്ലേ.. ?
രവിശങ്കർ പെട്ടെന്ന് നിശബ്ദനായി. ഭാര്യയായിരിക്കുമോ ഇത് ചെയ്തത് ? അയാൾ ഉറക്കെ വിളിച്ചു.. വിമലേ....
മകൾ പറഞ്ഞു.. അമ്മ രാവിലെ ഓഫിസിൽ പോയി. ഇന്നലെ നിങ്ങൾ ഉറങ്ങുന്നതിനു മുമ്പ് എന്താണ് സംഭവിച്ചത് ? സംശയിക്കത്തക്ക എന്തെങ്കിലും ഇൻസിഡെന്റ്സ് ?
അയാൾ പെട്ടെന്ന് ആലോചിച്ചു. രണ്ടു കാര്യങ്ങൾ മകളോടു പറയാവുന്നതാണ്. രണ്ടു കാര്യങ്ങൾ പറയാൻ പാടില്ലാത്തതും.
രവിശങ്കർ പറഞ്ഞു.. മുറിയിൽ ഒരു പാറ്റ വന്നു. ഞാനതിനെ കൊന്നു. നിന്റെ അമ്മയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല.
മകൾ പറഞ്ഞു... കൊന്നതിലല്ല അമ്മയ്ക്കു പ്രശ്നം. ചത്തിട്ടും അച്ഛൻ അതിനെ ചെരുപ്പു കൊണ്ട് ചവിട്ടി അരച്ചു. ആണുങ്ങളുടെ ആ നിലപാടിനോടല്ലേ അമ്മ പ്രതികരിച്ചത് ?
അതെങ്ങനെ ഇത്ര കൃത്യമായി മകൾ അറിഞ്ഞു എന്നായി അയാളുടെ ആലോചന ! പ്രായപൂർത്തിയായ മകൾ മാതാപിതാക്കൾക്ക് സിബിഐയാണ്. പ്രത്യേകിച്ച് അച്ഛന്മാർക്ക്. പക്ഷേ തൽക്കാലം പ്രശ്നം അതല്ല. രാത്രിയിൽ ഭാര്യയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന രവിശങ്കറിന്റെ നഖങ്ങളിൽ ആരാണ് ഇങ്ങനെ നിറമടിച്ചത് എന്നതാണ്. അതുകണ്ടെത്തിയേ തീരൂ.
മകൾ പറഞ്ഞു.. അപ്പോൾ നിറങ്ങളുടെ അച്ഛാ ബൈ !
രവിശങ്കർ ഒരു കോളജ് അധ്യാപകനാണ്. വിരലുകൾക്ക് വളരെ പ്രാധാന്യമുള്ള ജോലിയാണ് കോളജ് അധ്യാപകരുടേത്. ചില തിയറികൾ, ഡെഫനിഷനുകൾ ഒക്കെ വിവരിക്കുമ്പോൾ അന്തരീക്ഷത്തിൽ വിരലുകൾ കൊണ്ട് ചില ആംഗ്യങ്ങൾ കാണിക്കുന്നത് മികച്ച അധ്യാപകനെന്ന തോന്നലുണ്ടാക്കാൻ നല്ലതാണ്.
പക്ഷേ, വിരലുകളിൽ നിറയെ നെയ്ൽ പോളിഷുമായി എങ്ങനെ ക്ളാസിൽ കയറും ! പ്രത്യേകിച്ച് മിക്സഡ് ക്ളാസിൽ ! അയാൾ ആ ആശയക്കുഴപ്പത്തിൽ വാഷ്റൂമിൽ കയറി നഖങ്ങളിൽ മണം പിടിച്ചു. ഫെവിക്കോളിന്റെ മണം. പശ ചേർത്താണ് കളറടിച്ചിരിക്കുന്നത്. നിറം ഇളകാതിരിക്കാൻ പെയിന്റടിക്കുന്നവർ സ്വീകരിക്കുന്ന തന്ത്രം. അതിനു പിന്നിൽ അയാൾ ഒരു ഗൂഢാലോചന മണത്തു.
റിമൂവർ ഉപയോഗിച്ചിട്ടും നിറമിളകാതെ വന്നതോടെ രവിശങ്കർ യുട്യൂബിൽ സേർച്ച് ചെയ്യാൻ തുടങ്ങി– നെയ്ൽ കളറുകൾ ഇളക്കാനുള്ള വഴികൾ.
ആദ്യം കണ്ട ടോൾ ഫ്രീ നമ്പരിൽ ഒരു യുവതി കാത്തിരിപ്പുണ്ടായിരുന്നു.
അവളോടു പ്രശ്നം ഇംഗ്ളീഷിൽ വിവരിച്ചു– നഖങ്ങളിലെ നിറം എത്രയും വേഗം റിമൂവ് ചെയ്യണം.
യുവതി ഉപദേശിച്ചു.. പത്തു നഖങ്ങളും സർജറിയിലൂടെ മാറ്റി വയ്ക്കാൻ ഓപ്ഷനുണ്ട്. പക്ഷേ വീണ്ടും ഇതേ സംഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ താങ്കളുടെ ബെഡ്റൂമിൽ ക്യാമറ വയ്ക്കുന്നതും നല്ലതാണ്. തൽക്കാലം താങ്കൾക്ക് ട്രാൻസ്ജെൻഡറായി ജീവിച്ചാൽപ്പോരേ ?
അയാൾ ഫോൺ വച്ചു.
മൂന്നാം ദിവസമാണ് രവിശങ്കർ കോളജിൽ പോയത്.
സഹപ്രവർത്തകയായ ഡോ. കായാമ്പൂ കൃഷ്ണൻ കോളജ് കന്റീനിൽ വച്ച് രവിശങ്കറോടു ചോദിച്ചു.. എന്തിനാണ് ഇതു ചെയ്തതെന്ന് ഭാര്യയോടു ചോദിക്കാൻ രവിക്ക് എന്താ ഒരു മടി ?
രവിശങ്കർ പറഞ്ഞു.. മടിയൊന്നുമില്ല. ഉത്തരം എന്തായിരിക്കുമെന്ന് ഒരു പേടി.
കായാമ്പൂ പറഞ്ഞു.. മകൾ അറിഞ്ഞിട്ടാണോ ഭാര്യ ഇതു ചെയ്തത് ?
രവി പറഞ്ഞു.. ആവില്ല. മകളാണെങ്കിൽ എന്തു ചെയ്യുന്നതിനു മുമ്പും ഒരു ക്ളൂ തരാറുണ്ട്.
കായാമ്പൂ പറഞ്ഞു.. സുപ്രീം കോടതി വിധിയെപ്പറ്റി താങ്കൾ അഭിപ്രായം പറഞ്ഞ ദിവസം രാത്രിയിലാണ് ഇത് സംഭവിച്ചത് എന്നതിന് പ്രസക്തിയുണ്ട്. എംടി വാസുദേവൻ നായരുടെ ഷെർലക്ക് എന്ന കഥയിലെ നഖങ്ങൾ നീക്കം ചെയ്ത അമേരിക്കയിലെ പൂച്ചയെ ഓർമ വരുന്നു.
രവിശങ്കർ നഖങ്ങളിലേക്കു നോക്കിയിട്ടു ചോദിച്ചു.. ഞാൻ ആ കഥ വായിച്ചിട്ടില്ല. ആ പൂച്ചയെ വിടൂ, എന്തായിരിക്കും ഇതിന്റെ അർഥം?
കായാമ്പൂ പറഞ്ഞു.. സുപ്രീം കോടതി വിധി നല്ലതാണ്. അത് അനുവദിക്കുന്ന സ്വാതന്ത്ര്യങ്ങളും നല്ലതു തന്നെ. പക്ഷേ വീട്ടിലെ സുപ്രീം കോടതി ഭാര്യയാണ്. ആ കോടതിയെ ആശ്രയിച്ചിരിക്കും രവിയെപ്പോലുള്ളവരുടെ വിധി !
രവിശങ്കർ മെല്ലെ എഴുന്നേറ്റിട്ടു ചോദിച്ചു.. എന്നാൽപ്പിന്നെ.. ?
കായാമ്പൂ പറഞ്ഞു.. അതാ നല്ലത്.
രവിശങ്കർ ക്യാംപസിലൂടെ പുറത്തേക്കു നടന്നു.