നാലു പെൺമക്കളാണ് ചെമ്പിളാവിലെ ജോസുകുട്ടിക്ക്..
മൂത്തമകൾ മെറീന പ്ളസ് ടുവിനു പഠിക്കുന്നു. താഴോട്ട് ഈരണ്ടു വർഷം വീതം കുറച്ചാൽ അലീന, മിലീന, നിലീന..
ഭാര്യ ജെസ്ന ഉൾപ്പെടെ പ്രകാശം പരത്തുന്ന അഞ്ചു മെഴുതിരികളുടെ നാഥനാണ് ജോസുകുട്ടി.
മെറീനയ്ക്ക് മെഡിക്കൽ എൻട്രൻസിന് അപേക്ഷിക്കാൻ പാസ്പോർട്ട് സൈസ് ഫോട്ടോ എടുക്കാനാണ് വാകത്താനം കവലയിലെ സ്റ്റുഡിയോയിൽ പോയത്. സ്റ്റുഡിയോയുടെ പേര് സ്മൈൽ പ്ളീസ്..
സ്റ്റുഡിയോയിലേക്കായതുകൊണ്ട് ചേച്ചിയുടെ കൂടെ അനിയത്തിമാരും പോയി. നാലു പെൺമക്കൾ ഒരുങ്ങിക്കെട്ടി ടൗണിൽ പോകുന്നതല്ലേ, ജോസുകുട്ടിയും ജെസ്നയും കൂടെപ്പോയി.
വാടാമുല്ലയിൽ ചെറിയ ഫ്ളോറൽ പ്രിന്റുള്ള കുർത്തിയായിരുന്നു മെറീനയുടെ വേഷം. അതേ കളറിൽ ഫ്രോക്കും മിഡിയും അനിയത്തിക്കുട്ടികൾ. ജെസ്ന ഉടുത്തത് വാടാമുല്ലക്കളറിൽ ഒരു പട്ടുസാരി. പിന്നെ ചേലിനൊരു പാലയ്ക്കാ മാല. ജോസ്കുട്ടി ക്രീം ഷർട്ടും ഡാർക് ബ്രൗൺ പാന്റ്സും..
മെറീന ആഭരണങ്ങളൊന്നും ഇടാതെയാണ് പാസ്പോർട്ട് സൈസ് പടമെടുത്തത് ! കാരണം കാതുകൾ രണ്ടും വ്യക്തമായി കാണുന്ന പടം വേണം. മുടി പിന്നിലേക്കു കെട്ടണം.
എന്തായാലും പോയതല്ലേ, അച്ഛനും അമ്മയും പെൺമക്കളും ഒരുമിച്ച് നിന്ന് ഒരു ഫാമിലി ഫോട്ടോ കൂടിയെടുത്തു.. എല്ലാം കൂടി 600 രൂപ.
ഫോട്ടോയുടെ പ്രിന്റുകൾ കണ്ടപ്പോൾ ജെസ്നയ്ക്ക് ഒരു മോഹം. കുറച്ചു കോപ്പി കൂടി വേണം.
അങ്ങനെ കൂടുതൽ കോപ്പിക്കായി സ്റ്റുഡിയോയിൽ ചെന്ന ജോസുകുട്ടി ഒന്നു ഞെട്ടി. കഴിഞ്ഞ ദിവസമെടുത്ത അവരുടെ ഫാമിലി ഫോട്ടോ വലിയ പ്രിന്റടിച്ച് സ്റ്റുഡിയോയുടെ റിസപ്ഷനിൽത്തന്നെ പ്രദർശിപ്പിച്ചിരിക്കുന്നു. ഫോട്ടോയുടെ താഴെ ഇങ്ങനെയൊരു അടിക്കുറിപ്പുമുണ്ട് – കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യം, ഒരു തുള്ളി പോലും ചോരാതെ, തെളിവുറ്റ ചിത്രങ്ങൾക്ക്... സ്മൈൽ പ്ളീസ് സ്റ്റുഡിയോ വാകത്താനം.. മോഡൽസ് മെറീന, അലീന, മിലീന, നിലീന, ജെസ്ന..
ഫോട്ടോയിൽ ജോസുകുട്ടിയെ മാത്രം കാണാനില്ല !
ജോസുകുട്ടി ചോദിച്ചു.. ഇതിനകത്ത് ഞാനെന്തിയേ ?
സ്റ്റുഡിയോയിലെ പയ്യൻ പറഞ്ഞു.. ഈ ഫ്രെയിമിൽ ജോസൂട്ടിച്ചായൻ കേറി നിന്നാൽ സ്യൂട്ടാവില്ല..
അവൻ സീക്രട്ടായി ഒരു കാര്യം കൂടി പറഞ്ഞു.. മെറീനയെ നന്നായി മേക്കപ് ചെയ്യിച്ച് ഒരു ഫോട്ടോ എടുത്താൽ വീക്കിലിയുടെ കവറടിക്കാം. അതെങ്ങാനും സിനിമക്കാർ കണ്ടാൽ അവളെ കൊത്തിക്കൊണ്ടു പോകും. ഇനിയൊന്നു ഒന്നു ചിരിച്ചേ, സ്മൈൽ പ്ളീസ്..
ജോസ്കുട്ടി വന്ന കാര്യം പറയാതെ സ്റ്റുഡിയോയിൽ നിന്നു തിരിച്ചിറങ്ങി.
ടൗണിലൂടെ തിരിച്ചു നടക്കുമ്പോൾ അയാൾ ആലോചിച്ചു.. അത്രേം നല്ലതാണോ മെറീന മോളെ കാണാൻ.. ?
ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, നിമിഷ സജയൻ, അനു സിതാര, അപർണ ബാലമുരളി.. ഇങ്ങനെ ഒരുപാടു മുഖങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും നിന്ന് ചിരിയോടെ അയാളെ നോക്കി. ജോസുകുട്ടിക്കു എന്തിനെന്നറിയാതെ ഒരു ചങ്കിടിപ്പ്..
വീട്ടിൽച്ചെന്നപ്പോൾ ഭാര്യ ജെസ്ന ചോദിച്ചു.. എത്ര കോപ്പി കിട്ടി ?
ജോസുകുട്ടി പറഞ്ഞു.. ഒരു കോപ്പും കിട്ടിയില്ല.
ജെസ്ന ആ ദേഷ്യം ചീനച്ചട്ടിയിലെ മത്തിയോടു തീർത്തു. മത്തി എണ്ണയിൽക്കിടന്നു പുളഞ്ഞു. അതിന്റെ മണം പിടിച്ച് ജോസുകുട്ടി ഒരു പൂച്ചയെപ്പോലെ അടുക്കളയിൽ കയറി വന്ന് പമ്മി നിന്നു.
ജെസ്ന ചോദിച്ചു.. എന്നാ പറ്റി പതിവില്ലാത്ത പോലെ ഒരു ചാട്ടം ?
ജോസുകുട്ടി ചോദിച്ചു.. എടീ നമ്മുടെ മെറീനയെ കണ്ടാൽ സിനിമാ നടിയെപ്പോലെ തോന്നുവോ ?
ജെസ്ന പറഞ്ഞു.. ഇതിപ്പോ ആരാ പറഞ്ഞെ.. ! ആ സ്റ്റുഡിയോയിലെ പയ്യൻസ് ഞങ്ങളോടും ഇതു തന്നെ പറഞ്ഞാരുന്നു. ഞങ്ങളെ കണ്ടാൽ ചേച്ചിയും അനിയത്തിമാരും പോലെയുണ്ടെന്ന്... അതിനിപ്പോൾ നിങ്ങൾക്കെന്താ ഇത്ര ടെൻഷൻ !
അയാൾ സ്വയം പറഞ്ഞു.. ഇന്നത്തെ കാലത്ത് പെൺകുട്ടിയായിരിക്കുന്നതിനെക്കാൾ ടെൻഷനാണ് പെൺകുട്ടിയുടെ അച്ഛനായിരിക്കാൻ.. ! ആ ഫോട്ടോകൾ അയാളുടെ കസ്റ്റഡിയിൽ ഇരിക്കുന്നിടത്തോളം കാലം എനിക്കു ടെൻഷനാണ്.
എല്ലാവരും ഉറങ്ങി. ജോസുകുട്ടിക്ക് ഉറക്കം വന്നില്ല. അയാൾ സ്വീകരണ മുറിയിൽ വന്ന് അവരുടെ ഫാമിലി ഫോട്ടോ എടുത്തു മടിയിൽ വച്ച് അതിലെ തന്റെ ചിത്രം മാത്രം കൈകൊണ്ട് മറച്ചിട്ട് ആ ഫ്രെയിമിലേക്കു നോക്കി. മോഡൽസ് മെറീന, അലീന, മിലീന, നിലീന, ജെസ്ന..
ജോസ്കുട്ടിക്ക് വല്ലാത്ത പേടി തോന്നി. അതു തിരിച്ചെടുക്കാൻ എന്താണ് വഴി ? മറ്റൊന്നും ആലോചിക്കാതെ രാത്രിയിൽത്തന്നെ അയാൾ സ്റ്റുഡിയോയിലേക്കു നടന്നു.
സുറ്റുഡിയോയുടെ പിന്നിലെ വാതിൽ തള്ളിത്തുറന്ന് ഉള്ളിലെത്തിയ ജോസുകുട്ടി ഇരുട്ടിൽത്തപ്പിത്തടഞ്ഞു നടന്നു. പിന്നെ അയാൾ തന്റെ വിരലിൻ തുമ്പിൽത്തടഞ്ഞ സ്വിച്ചുകൾ ഓരോന്നായി അമർത്തി. ഏതോ സംഗീതയന്ത്രത്തിന്റെ കീബോർഡിൽ തൊട്ടാലെന്ന പോലെ വിളക്കുകൾ ഓരോന്നായി തെളിയാൻ തുടങ്ങി. വെളിച്ചത്തിന്റെ നടുവിൽ ഒരു സ്റ്റുഡിയോ മുറി തെളിഞ്ഞു വന്നു.
ആ മുറി നിറയെ പെൺകുട്ടികൾ ക്യൂ നിൽക്കുന്നതായി ജോസുകുട്ടിക്കു തോന്നി. മേക്കപ്പിട്ട പെൺകുട്ടികൾ ഉറുമ്പുകളെപ്പോലെ ക്യൂ നിൽക്കുകയാണ്. അതിൽ തന്റെ പെൺമക്കളുടെ മുഖം തിരഞ്ഞു തിരഞ്ഞ് ജോസ്കുട്ടി ആ ക്യൂവിന്റെ മുന്നിലേക്കു നടന്നു.
ക്യൂവിന്റെ ഒടുവിൽ ഒരിടത്ത് ഒരാൾ നിന്ന് ഓരോ പെൺകുട്ടിയെയും ഓരോ ചിത്രമാക്കി മാറ്റുന്നതായി ജോസുകുട്ടി കണ്ടു.
പെട്ടെന്ന് ആരോ പിന്നിലൂടെ വന്ന് കറുത്ത തൂവാല കൊണ്ട് അയാളുടെ കണ്ണു പൊത്തി