മണ്ണിനടിയിൽ ഒരു പായ്ക്കപ്പൽ! ഏതാണ്ട് പതിനൊന്ന് വർഷം മുമ്പ് ചേർത്തലയ്ക്കടുത്ത് ഒരു വീട് പണിയുന്നതിനു വേണ്ടി മണ്ണെടുത്തപ്പോഴാണ് സംഭവം. നാട്ടുകാരും പുരാവസ്തു വകുപ്പും പാഞ്ഞെത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പായ്ക്കപ്പൽ മണ്ണിനടിയിൽ കണ്ടെത്തിയിരിക്കുന്നു.
പണ്ട് കടൽ ഇരച്ചു കയറിയപ്പോൾ വെള്ളത്തിനടിയിലായതോ, മണ്ണിലുറച്ച് പോയപ്പോൾ ഉപേക്ഷിക്കപ്പെട്ടതോ ആവാം കപ്പൽ എന്ന നിഗമനത്തിലെത്തി. സംഗതി കേൾക്കാൻ രസമുണ്ടെങ്കിലും പെട്ട് പോയത് പാവം സ്ഥലം ഉടമയാണ്. സ്ഥലം ആർക്കിയോളജി വകുപ്പിന്റെ കസ്റ്റഡിയിൽ. അവിടെ ഒരു നിർമ്മാണ പ്രവർത്തനവും നടത്താൻ പറ്റാത്ത അവസ്ഥ.
തിരയിൽ പെട്ട് കരയ്ക്കടിഞ്ഞ ഈ പായ്ക്കപ്പൽ തിരശ്ശീലയിൽ എത്തിയതാണ് 2009 നവംബറിൽ പുറത്തിറങ്ങിയ 'കപ്പല് മുതലാളി' എന്ന സിനിമ . 'ഈ പറക്കും തളിക ' എന്ന മെഗാഹിറ്റിന് ശേഷം താഹ മലയാളത്തിൽ ചെയ്ത സിനിമ ആയിരുന്നു ഇത്. താഹയും സജി ദാമോദരനും ചേർന്നാണ് തിരക്കഥ എഴുതിയത്. മമ്മി സെഞ്ചറിയും റമീസ് രാജയും ചേർന്നായിരുന്നു നിർമ്മാണം.
രമേശ് പിഷാരടി ആദ്യമായി നായകനായ ചിത്രം എന്നൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു ഈ സിനിമയ്ക്ക്. മിനി സ്ക്രീൻ താരമായിരുന്ന സരയു ആദ്യമായി ഒരു നായികാ വേഷം ചെയ്ത ചിത്രവും ഇതു തന്നെ. 2001 ൽ ഈ പറക്കും തളികയും അതിന്റെ തുടർച്ചയായി പറക്കും തളികയുടെ തമിഴ് പതിപ്പായ 'സുന്ദരാ ട്രാവൽസും ചെയ്തിട്ട് പുതിയ സിനിമയ്ക്ക് താഹ കഥ തേടിക്കൊണ്ടിരിക്കുമ്പോഴാണ് ചേർത്തലയിലെ പായ്ക്കപ്പലിന്റെ പത്രവാർത്ത കാണുന്നത്.
അതിലൊരു കഥയുണ്ടെന്നു തോന്നിയ താഹ യഥാർത്ഥ സംഭവത്തിൽ ഒരു സാധാരണക്കാരന്റെ കണ്ണുനീരും കഷ്ടപ്പാടും വിയർപ്പും ഒക്കെ കൂട്ടിച്ചേർത്തപ്പോൾ അത് ഒരു സിനിമ ആയി. പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള താഹയുടെ കഴിവ് കൂടി ചേർന്നപ്പോൾ 'കപ്പല് മുതലാളി' മികച്ച ഒരു എന്റർടെയ്നർ ആയി മാറി. നായകനായ ഭൂമിനാഥൻ എന്ന കഥാപാത്രത്തെയാണ് രമേശ് പിഷാരടി അവതരിപ്പിച്ചത്. പേര് ഭൂമിനാഥൻ എന്നാണെങ്കിലും സ്വന്തമായി ഒന്നുമില്ലാത്ത നായകൻ. ഉള്ള കിടപ്പാടം ജപ്തിയുടെ വക്കിലും. ഒടുവിൽ ചുളുവിലയ്ക്ക് കിട്ടിയ ഒരു പറമ്പ് വാങ്ങിച്ച് ഭൂമിനാഥൻ ഒരു റിസോർട്ട് പണിയാൻ ശ്രമിക്കുന്നു. രക്ഷപ്പെടാനുള്ള അവസാന ചാൻസ് ആണ്.
റിസോർട്ടിന്റെ പണി തുടങ്ങിയതോടെ മണ്ണിനടിയിൽ ഒരു കപ്പൽ തെളിഞ്ഞു വന്നു. അതോടെ ഭൂമിനാഥന്റെ കഷ്ടകാലം തുടങ്ങി. സ്ഥലം ആർക്കിയോളജി വകുപ്പ് ഏറ്റെടുത്തു. അതിന്റെ കൂടെ കപ്പലിൽ വലിയ നിധിയുണ്ടെന്നുള്ള പ്രചരണവും നിധി കണ്ടെത്താനുള്ള ശ്രമവും വേറെ .
ഒരുപാട് അലഞ്ഞെങ്കിലും, ഒടുവിൽ കപ്പലും ഭൂമിയും ഭൂമിനാഥന് സ്വന്തമായി കിട്ടുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. മുകേഷ്, ജഗതി, ജഗദീഷ് , കവിയൂർ പൊന്നമ്മ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. നവംബർ ഇരുപത്തിയേഴിനാണ് 'കപ്പല് മുതലാളി' സ്ക്രീനുകളിലെത്തിയത്.