ഷാജി കൈലാസിനെ കുഴപ്പിച്ച് ആറാംതമ്പുരാനിലെ ആ ഗാനം; രക്ഷകനായി പ്രിയദർശൻ

ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ സിനിമയിൽ പ്രിയദർശന് എന്തു കാര്യം എന്നു ചോദിക്കാൻ വരട്ടെ. ഷാജി കൈലാസിന്റെ ജീവിതത്തിലെ വളരെ നിർണായകമായ ഒരു സമയത്ത് സഹായവുമായി പ്രിയദർശൻ പറന്നെത്തി.

1997ൽ ആണ് സംഭവം. ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ടിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ആറാം തമ്പുരാൻ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. ജഗന്നാഥനായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം ഏറെ സംഗീത പ്രാധാന്യമുള്ള ഒരു സിനിമ കൂടി ആയിരുന്നു.

ഗിരീഷ് പുത്തഞ്ചേരി രചിച്ച ഗാനങ്ങൾക്ക് രവീന്ദ്രൻ മാഷ് സംഗീത സംവിധാനം നിർവഹിച്ചു. മഞ്ജു വാര്യർ നായികയായ ചിത്രത്തിലെ നരേന്ദ്ര പ്രദാസിന്റെ കൊളപ്പുള്ളി അപ്പൻ എന്ന കഥാപാത്രം മലയാളം കണ്ട ഏറ്റവും മികച്ച വില്ലൻ കഥാപാത്രങ്ങളിലൊന്നാണ്. രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ നിർമ്മിച്ച ചിത്രം സ്വർഗ്ഗ ചിത്രയാണ് തീയറ്ററുകളിലെത്തിച്ചത്.

ചിത്രത്തിലെ 'ഹരിമുരളീരവം...' എന്ന ഗാനം ചിത്രീകരിക്കുന്ന സമയം. സിന്ധുഭൈരവിയും ഇടയിൽ ഹിന്ദുസ്ഥാനിയും കലരുന്ന ഈ ഗാനത്തിലൂടെയാണ് മോഹൻലാൽ അവതരിപ്പിക്കുന്ന ജഗന്നാഥൻ എന്ന കഥാപാത്രത്തിന്റെ ഭൂതകാലം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.

ഒരുപാട് നർത്തകർ പങ്കെടുക്കുന്ന ഗാനം കൂടി ആയിരുന്നു ഇത്. തെരുവിലെ ഘോഷയാത്രയും അവിടെ ഉണ്ടാകുന്ന സംഘർഷവും  ഗാനത്തിനിടയിൽ വരുന്ന രീതിയിലാണ് ചിത്രീകരിക്കേണ്ടത്.

മഹാബലിപുരത്ത് സെറ്റിട്ടു. ഗാന ചിത്രീകരണത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായി. അപ്പോഴാണ് ഷാജി കൈലാസിന് നാട്ടിൽ നിന്ന് ഒരു ഫോൺ കാൾ. ‘ഭാര്യ ആനിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു’. കടിഞ്ഞൂൽ പ്രസവമാണ് പോയേ പറ്റൂ. പക്ഷേ, ഷൂട്ടിങ് മുടക്കാനും പറ്റില്ല. എന്തു ചെയ്യും?

അങ്ങനെ ഷാജി കൈലാസ് വിഷമിച്ചു നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി പ്രിയദർശൻ അവിടെ എത്തുന്നത്. മോഹൻലാലിനെ കാണുന്നതിനും ലൊക്കേഷനിൽ ഒരു സൗഹൃദ സന്ദർശനത്തിനുമായാണ് പ്രിയദർശൻ എത്തിയത്. ഷാജി കൈലാസിന്റെ ധർമ്മസങ്കടം അറിഞ്ഞ പ്രിയദർശൻ പറഞ്ഞത് ഇങ്ങനെ; "നീ ധൈര്യമായി നാട്ടിൽ പോ... നീ അവിടെ വേണ്ട സമയമാ ഇപ്പോൾ. സോംഗ് ഒക്കെ ഞാൻ എടുത്തോളാം..." 

ഷാജി കൈലാസ് ആശ്വാസത്തോടെ അടുത്ത ഫ്ലൈറ്റിനു നാട്ടിലേക്ക് പറന്നു. അങ്ങനെ, പ്രിയദർശൻ ചിത്രീകരിച്ച ഗാനരംഗമാണ് ആറാം തമ്പുരാനിലെ ‘ഹരിമുരളീരവം’! ഷാജി കൈലാസിനു പിറന്നത് ഒരു ആൺകുഞ്ഞ്. കടിഞ്ഞൂൽ കൺമണിയെ ഷാജി കൈലാസ് ഒന്നും നോക്കാതെ വിളിച്ചു; "ജഗൻ...!"