പത്തു വർഷം മുൻപ്. വളർത്തമ്മയായ മേരി ടീച്ചറിന്റെ കൊലപാതകത്തിനു പകരം ചോദിക്കാനായി ബിലാൽ ജോൺ കുരിശിങ്കൽ എന്ന നായകൻ മുംബൈയിൽ നിന്നു തന്റെ കടും നീല ടാറ്റാ സഫാരിയിൽ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ പാഞ്ഞു വരുന്നു.
നാട്ടിലെത്തിയ ബിലാൽ തിരിച്ചു പോവാതെ മേരി ടീച്ചറിന്റെ മറ്റു ദത്ത് പുത്രൻമാരായ മുരുകനും എഡ്ഡിക്കും ബിജോയ്ക്കും ഒപ്പം കൊച്ചിയിൽ തുടരുന്നു. മേരി ടീച്ചറിന്റെ കൊലപാതകികളെ കണ്ടെത്തുകയാണ് ലക്ഷ്യം.
അമൽ നീരദ് സംവിധാനം ചെയ്ത 'ബിഗ് ബി' എന്ന മെഗാഹിറ്റ് ചിത്രത്തെക്കുറിച്ചാണു പറഞ്ഞു വരുന്നത്. മമ്മൂട്ടി ആണ് ബിഗ് ബിയിൽ ബിലാൽ ജോൺ കുരിശിങ്കൽ എന്ന തകർപ്പൻ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ‘കൊച്ചി പഴയ കൊച്ചി അല്ലായിരിക്കും, പക്ഷേ ബിലാല് പഴയ ബിലാലാ തന്നെയാണ്’ എന്ന മാസ് ഡയലോഗ് ഇപ്പോഴും ചെറുപ്പക്കാരുടെ ചുണ്ടിലുണ്ട്.
മേരി ടീച്ചറായി നഫീസ അലി വേഷമിട്ടു. ഹോളിവുഡ് ചിത്രമായ ഫോർ ബ്രദേഴ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അമൽ നീരദ് ചെയ്ത ചിത്രമായിരുന്നു 'ബിഗ് ബി’. മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത ദൃശ്യഭാഷ്യം ആയിരുന്നു ചിത്രത്തിന്റേത്. ഉണ്ണി. ആർ ആണ് സംഭാഷണം ഒരുക്കിയത്.
ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണു മെഗാസ്റ്റാർ മമ്മൂട്ടി വലിയ അപകടത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. മരണം മമ്മൂട്ടിയെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പറന്നു പോവുകയായിരുന്നു. കുണ്ടന്നൂരിലെ പുൽ മൈതാനത്ത് ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു സംഭവം. മേരി ടീച്ചറുടെ കൊലയാളികൾ സഞ്ചരിച്ച ജിപ്സിയെ പിൻതുടർന്നു വന്ന ബിലാൽ ജോൺ മറിഞ്ഞു കിടന്ന ജിപ്സിക്കു തീ കൊളുത്തുന്നതായിരുന്നു രംഗം.
ഷൂട്ടിംഗ് തുടങ്ങി. മറിഞ്ഞു കിടക്കുന്ന ജിപ്സിയിൽ മമ്മൂട്ടി പെട്രോൾ ഒഴിച്ചു. ഇരുപതടിയിലേറെ പിന്നിലേക്കു മാറി നിന്ന് ലൈറ്റർ കത്തിച്ചു ജിപ്സിയിലേക്ക് എറിഞ്ഞു. തീ ആളിപ്പടർന്നു. പിന്നീട്, ആരും ചിന്തിക്കാത്ത ഒന്നാണു സംഭവിച്ചത്. പൊട്ടിത്തെറിച്ച ജിപ്സിയിൽ നിന്നു തീ പിടിച്ച ഒരു ലോഹപ്പാളി മമ്മൂട്ടിക്ക് നേരെ പാഞ്ഞു വന്നു. മിന്നൽവേഗത്തിൽ തല വെട്ടിച്ചതുകൊണ്ടു മാത്രമാണ് മമ്മൂട്ടി വൻ അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്.
ഷൂട്ടിങ് സെറ്റ് മുഴുവൻ നിലവിളിച്ചു പോയ നിമിഷം ആയിരുന്നു അത്. ബിഗ് ബി എന്ന സിനിമയിൽ ഈ ഷോട്ട് വ്യക്തമായി കാണാം.