Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വന്‍ഹിറ്റായി ഈ പറക്കും തളിക; നോവായി താമരാക്ഷൻ പിള്ള

ലൂമിയർ ബ്രദർ
Tamarakshan-pilla-bus-in-movie-e-parakkum-thalika

‘പറക്കും തളിക... ഇത് മനുഷ്യനെ കറക്കും തളിക’ ഈ പാട്ട് ഒരു തവണയെങ്കിലും മൂളാത്ത ഒരു സിനിമാ പ്രേമിയും ഉണ്ടാവില്ല. താഹ സംവിധാനം ചെയ്തു രണ്ടായിരത്തി ഒന്നിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ ആയിരുന്നു ‘ഈ പറക്കും തളിക’. മഹേഷ്മിത്ര, ഗോവിന്ദ് പത്മൻ എന്നിവരുടെ കഥയ്ക്കു വി.ആർ ഗോപാലകൃഷ്ണൻ തിരക്കഥ രചിച്ച ഈ സിനിമ തിയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂരാഘോഷം തീർത്തു. ഇപ്പോഴും പ്രേക്ഷകർ ഓർത്തു ചിരിക്കുകയും കാത്തിരുന്നു കാണുകയും ചെയ്യുന്ന ഒരു സിനിമയാണ് ‘ഈ പറക്കും തളിക’

ജീവിക്കാൻ പെടാപ്പാട് പെടുന്ന ഉണ്ണി എന്ന ചെറുപ്പക്കാരനും അദ്ദേഹത്തിന് അച്ഛന്റെ അപകടമരണത്തെ തുടർന്നു നഷ്ടപരിഹാരമായി കിട്ടിയ ഒരു തല്ലിപ്പൊളി ബസുമായിരുന്നു കഥയിലെ പ്രധാന കഥാപാത്രങ്ങൾ. അച്ഛന്റെ പേരാണ് ബസിന് ഇട്ടിരിക്കുന്നത്- 'താമരാക്ഷൻ പിള്ള'.ദിലീപ് ആണ് ഉണ്ണി എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഉണ്ണിയുടെ സന്തത സഹചാരി ആയി ഹരിശ്രീ അശോകൻ അവതരിപ്പിച്ച ‘സുന്ദരൻ’ എന്ന കഥാപാത്രവുമുണ്ട്. ഇവരുടെ ജീവിത പ്രാരാബ്ധങ്ങളിേലക്കു ബസന്തി എന്ന പെൺകുട്ടി എത്തുന്നതോടെ കഥ കൂടുതൽ രസകരമാവുന്നു.

നിത്യാദാസ് ആണ് ബസന്തി ആയി എത്തിയത്. നിത്യാദാസിന്റെ അരങ്ങേറ്റ സിനിമ കൂടി ആയിരുന്നു ഇത്. കലാ സംഘം ഹംസ നിർമിച്ച ചിത്രം നിരവധി പ്രതിസന്ധികളിലൂടെയാണു ചിത്രീകരണം പൂർത്തിയാക്കിയത്. സാമ്പത്തിക പ്രതിസന്ധി ആയിരുന്നു ഏറ്റവും വലിയ പ്രശ്നം.ചിത്രീകരണം മുടങ്ങുന്ന അവസ്ഥ വരെ ഉണ്ടായി.എറണാംകുളത്തായിരുന്നു ഭൂരിഭാഗം രംഗങ്ങളുടെയും ചിത്രീകരണം. ഇടപ്പള്ളിയിലെ അഞ്ചുമന ക്ഷേത്രത്തിന്റെ മുൻവശം ആയിരുന്നു പ്രധാന ലൊക്കേഷൻ. സിനിമയ്ക്കു വേണ്ടി ഒരു പഴയ ബസ് വാങ്ങുകയായിരുന്നു. ‘താമരാക്ഷൻ പിള്ള’ എന്ന ഈ ബസ് ചിത്രത്തിന്റെ ആദ്യ രംഗം മുതൽ അവസാന രംഗം വരെ നിറഞ്ഞുനിന്നു. 

അങ്ങനെ ഒരുവിധത്തിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി. പ്രദർശന തീയതിയും പ്രഖ്യാപിച്ചു. അപ്പോഴാണു പുതിയ പ്രശ്നം.സിനിമയുടെ പോസ്റ്ററുകൾ അച്ചടിച്ചത് വാങ്ങാൻ പണം ഇല്ല. പ്രസ്സുകാരൻ ആണെങ്കിൽ കാശു കൊടുക്കാതെ പോസ്റ്ററുകൾ തരികയും ഇല്ല.പല വഴിക്കും കാശ് സംഘടിപ്പിക്കാൻ ശ്രമിച്ചു നോക്കി. ഒരു രക്ഷയും ഇല്ല. ഒടുവിൽ, വേദനയോടെ ആ തീരുമാനത്തിലെത്തി. ‘താമരാക്ഷൻ പിള്ളയെ’ വിൽക്കുക. അല്ലാതെ മറ്റു വഴികൾ ഇല്ലായിരുന്നു.

dileep-ee-parakkum-thalika

അറുപത്തിഅയ്യായിരം രൂപയ്ക്കു ബസ് വിറ്റു. ആ കാശ് കൊടുത്തു പോസ്റ്ററുകൾ വാങ്ങി. സിനിമ റിലീസായി... വമ്പൻ ഹിറ്റ് ആയി. ‘താമരാക്ഷൻ പിള്ള’ ഒപ്പമില്ലാത്ത ദു:ഖം മാത്രം! സിനിമയുടെ പ്രൊമോഷനു വേണ്ടി ആ ബസ് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്നു തിയറ്റർ ഉടമകൾ വരെ പറഞ്ഞു. അങ്ങനെ നിർമാതാവ് ഹംസയും സംവിധായകൻ താഹയും ‘താമരാക്ഷൻ പിള്ളയെ’ തിരിച്ചു പിടിക്കാൻ കച്ചകെട്ടി ഇറങ്ങി. വാങ്ങിയതിന്റെ ഇരട്ടി കാശു കൊടുക്കാനും തയാർ!

താമരാക്ഷൻ പിള്ളയെ തിരികെ വേണം. അങ്ങനെ, ബസ് വാങ്ങിയ കോട്ടയത്തെ ഏജന്റിന്റെ അടുത്ത് എത്തി. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ബസ് കോയമ്പത്തൂരിലേക്കു കൊണ്ടു പോയി എന്ന്. പിറ്റേന്നു താഹയും ഹംസയും കോയമ്പത്തൂർക്കു പുറപ്പെട്ടു. അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ‘താമരാക്ഷൻ പിള്ള’യെ പൊളിച്ചു മാറ്റി കഷ്ണങ്ങളാക്കിയിരിക്കുന്നു.വേദനയോടെ താഹയും ഹംസയും മടങ്ങി. ഇപ്പോഴും ‘താമരാക്ഷൻ പിള്ള’ ആളുകളെ ചിരിപ്പിക്കുമ്പോൾ ആ ബസ് സംരക്ഷിക്കാൻ കഴിയാതെ പോയതിന്റെ സങ്കടത്തിലാണു സംവിധായകൻ.