നിറതോക്കിനു മുമ്പിൽ മോഹന്‍ലാൽ; അമ്പരന്ന് മേജർ രവി

അതിസാഹസിക രംഗങ്ങളിലും സംഘട്ടന രംഗങ്ങളിലും ഡ്യൂപ്പില്ലാതെ അഭിനയിക്കുന്ന ആളാണ് ആരാധകരുടെ ഏട്ടൻ തമ്പുരാനായ മോഹൻലാൽ. ഒരിക്കൽ മോഹൻലാലിനു നേരെ മേജർ രവി നിറയൊഴിച്ചു, അതും ഒറിജനൽ തോക്കു കൊണ്ട്. ഭദ്രൻ സംവിധാനം ചെയ്ത ‘ഒളിമ്പ്യൻ അന്തോണി ആദം’ എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു സംഭവം.

ആന്റണി എന്ന പൊലീസ് ഓഫീസർ വേഷം മാറി ഊട്ടിയിലെ ഒരു സ്കൂളിൽ ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ ആയി എത്തുന്നതും അങ്ങനെ കേസ് അന്വേഷണം വിജയിപ്പിക്കുന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഇതിലെ ഒരു സംഘട്ടന രംഗത്തിലാണു യഥാർഥ തോക്കു കൊണ്ടു മോഹൻലാലിനെ വില്ലൻ വെടിവെയ്ക്കുന്ന ഒരു സീൻ സംവിധായകൻ ആലോചിച്ചത്.

മോഹൻലാലിന്റെ ചെവിയുടെ അരുകിലൂടെ ചീറിപ്പോവുന്ന വെടിയുണ്ട ഭിത്തിയിൽ വച്ചിട്ടുള്ള മോഹൻലാലിന്റെ വലിയ ചിത്രത്തിന്റെ പുരികത്തിൽ തറയ്ക്കണം. ഇതാണു സംവിധായകന്റെ ആശയം. ഉന്നം ഒരല്പം തെറ്റിയാൽ മോഹൻലാലിന്റെ ജീവൻ അപകടത്തിലാവും എന്നുറപ്പ്. പക്ഷേ, മോഹൻലാൽ സന്തോഷത്തോടെ ആ വെല്ലുവിളി ഏറ്റെടുത്തു. അങ്ങനെ ആ രംഗം ചിത്രീകരിക്കുന്ന ദിവസം എത്തി. ചെന്നൈയിൽ ആയിരുന്നു ഷൂട്ടിങ്. മോഹൻലാലിനു നേരെ നിറയൊഴിക്കാൻ ഷൂട്ടറെ എത്തിച്ചു.

മോഹൻലാൽ ഈ രംഗത്തിൽ അഭിനയിക്കുന്നതിന്റെ വലിയ ആവേശത്തിലായിരുന്നു. ഇങ്ങയൊരു രംഗം ചിത്രീകരിക്കുന്ന വിവരം മോഹൻലാൽ പ്രിയദർശനെ അറിയിച്ചിരുന്നു. ഇതു കേട്ടപ്പോൾ പ്രിയദർശനു വല്ലാത്ത ടെൻഷൻ. ഒരു ഷൂട്ടറുടെ നിറതോക്കിനു മുമ്പിൽ മോഹൻലാൽ നിൽക്കുക എന്നു വച്ചാൽ! പ്രിയദർശൻ ഇക്കാര്യം മേജർ രവിയോട് പറഞ്ഞു.മുൻ കമാൻഡോയും ഷാർപ്പ് ഷൂട്ടറുമായ മേജർ രവി അടുത്ത വിമാനത്തിനു ചെന്നൈയ്ക്ക് പറന്നു. അവിടെയെത്തിയ മേജർ രവി അമ്പരന്നു പോയി.

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല. ഒരു പ്ലൈവുഡ് ഭിത്തിയിലാണു മോഹൻലാലിന്റെ ചിത്രം. മോഹൻലാലിന്റെ അരികിലൂടെ പായുന്ന വെടിയുണ്ട പ്ലൈവുഡ് ഭിത്തിയും തുളച്ചു നേരെ തിരക്കേറിയ തെരുവിലേക്കു പോകും. മേജർ രവി ആ സീനിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പലക ഭിത്തിക്ക് അപ്പുറം സുരക്ഷയ്ക്കായി മണൽചാക്കുകൾ അട്ടിയടുക്കി വെപ്പിച്ചു. പിന്നെ, നിറയൊഴിക്കുക എന്ന ദൗത്യം നെഞ്ചിടിപ്പോടെ ഏറ്റെടുത്തു.

കോടിക്കണക്കിന് ആരാധകരുള്ള സൂപ്പർ സ്റ്റാറിന്റെ തലയ്ക്കു നേരെയാണു തോക്ക് ചൂണ്ടേണ്ടത്. ഒരു കമാൻഡോയുടെ മനോധൈര്യത്തോടെ മേജർ രവി തോക്ക് ഉയർത്തി. ലൊക്കേഷനിലുള്ളവർ മുഴുവൻ ശ്വാസമടക്കി നിന്നു. ഒറ്റ ഷോട്ട്, ഒറ്റ ടേക്കിൽ സീൻ ഓക്കെ. നിർഭയനായി നിന്ന മോഹൻലാലിന്റെ ചെവിക്ക് അരികിലൂടെ വെടിയുണ്ട ചീറിപ്പോയി. നടുങ്ങി നിന്നവർ നിറഞ്ഞ് കൈയ്യടിച്ചു. സംവിധായകൻ ഭദ്രൻ മേജർ രവിയെ വാരിപ്പുണർന്നു. ഈ ചിത്രത്തിലെ ഒരു കമാൻഡോ ഓപ്പറേഷനിൽ മേജർ രവി അഭിനയിക്കുകയും ചെയ്തു.