അമേരിക്കയിൽ ഇനിയെന്ത് ?

(യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഫലം അതിൽ ഇരു പാർട്ടികൾക്കും ഉണ്ടായ ജയാപജയങ്ങളിൽമാത്രം ഒതുങ്ങിനിൽക്കുന്നില്ല. രാഷ്ട്രീയാന്തരീക്ഷം കഴിഞ്ഞ രണ്ടു വർഷത്തേതിനേക്കാൾ കൂടുതൽ കലുഷവും പ്രക്ഷുബ്ധവുമാകാനുള്ള സാധ്യതകൾ ഉരുത്തിരിഞ്ഞുവരുന്നു)

അമേരിക്കയിലെ ഇക്കഴിഞ്ഞ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടിക്കുണ്ടായ തിരിച്ചടി പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇരുത്തിച്ചിന്തിപ്പിക്കുമെന്നു ചിലരെങ്കിലും ഒരുപക്ഷേ ആഗ്രഹിച്ചിരിക്കാം. അവർക്കു തെറ്റി. ചിന്തിക്കുകയാണെങ്കിൽ, അതിന്റെ പരിണിതഫലം വാക്കുകളിലും പെരുമാറ്റത്തിലും വല്ല മാറ്റവും വരുത്തേണ്ടുതുണ്ടോയെന്ന കണ്ടെത്തലായിരിക്കും. ട്രംപ് തൽക്കാലം അതിനു തയാറില്ല. 

മാത്രമല്ല, തിരഞ്ഞെടുപ്പിൽ തന്റെ റിപ്പബ്ളിക്കൻ പാർട്ടി പരാജയപ്പെട്ടതായിപ്പോലും അദ്ദേഹം അംഗീകരിക്കുന്നുമില്ല. അംഗീകരിച്ചാൽ അതു തനിക്കെതിരായ വിധിയെഴുത്തായും സമ്മതിക്കേണ്ടിവരും. അതിനൊന്നും സന്നദ്ധനല്ലാത്ത അദ്ദേഹം രണ്ടു വർഷത്തിനുശേഷം വീണ്ടം പ്രസിഡന്റാകാനുള്ള പ്രതീക്ഷയിലും മുഴുകിയിരിക്കുന്നു. 

കോൺഗ്രസ്സിന്റെ രണ്ടു സഭകളിൽ ഒന്നായ സെനറ്റിൽ റിപ്പബ്ളിക്കൻ പാർട്ടിക്കുണ്ടായിരുന്ന നേരിയ ഭൂരിപക്ഷം വർദ്ധിച്ചുവെന്നതു ശരിയാണ്.  പക്ഷേ, എട്ടു വർഷമായി പ്രതിനിധിസഭയിലും അവർക്കായിരുന്നു മേൽകൈ. ഇത്തവണ അതു നഷ്ടപ്പെട്ടു. ഇങ്ങനെ സംഭവിക്കുമെന്നാണ് അഭിപ്രായ വോട്ടുകൾ പൊതുവിൽ പ്രവചിച്ചിരുന്നതും. 

ഡമോക്രാറ്റിക് പാർട്ടിയുടെ നിയന്ത്രണത്തിലാകുന്ന  പുതിയ പ്രതിനിധിസഭയക്കു പ്രസിഡന്റിന്റെ പ്രവർത്തനങ്ങൾക്കു കുറേയൊക്കെ കടിഞ്ഞാണിടാനാവും. അതിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന കാര്യമാണ് ഇപ്പോൾ സജീവമായി ചർച്ചചെയ്യപ്പെട്ടുവരുന്നത്. പക്ഷേ, അതൊന്നും ട്രംപിനെ സ്പർശിക്കുന്നില്ല. കഴിഞ്ഞ രണ്ടു വർഷവും പ്രകടമായിക്കൊണ്ടിരുന്ന കൂസലില്ലായ്മയിലും ആക്രമണോൽസുകതയിലും ഒരുമാറ്റവും വരുത്താതെതന്നെ  അടുത്ത രണ്ടു വർഷവും മുന്നോട്ടുപോകാനാണ് ട്രംപിന്റെ തീരുമാനമെന്ന് അദ്ദേഹത്തിന്റെ വാക്കുകളും പെരുമാറ്റവും വ്യക്തമാക്കുന്നു. 

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ തൊട്ടുപിന്നാലെ വൈറ്റ്ഹൗസിൽ ട്രംപ് നടത്തിയ വാർത്താസമ്മേളനംതന്നെ അതിന് ഉദാഹരണമായിരുന്നു. മാധ്യമങ്ങളോടു പൊതുവിൽ ട്രംപിനുള്ള അലർജി കുപ്രസിദ്ധമാണ്. തനിക്കെതിരെ വരുന്ന വാർത്തകളെയെല്ലാം വ്യാജവാർത്തകളെന്നു പറഞ്ഞു തള്ളിക്കളയുന്ന അദ്ദേഹം മാധ്യമപ്രവർത്തകരെ പൊതുവിൽ ജനശത്രുക്കളെന്നു മുദ്രകുത്താനും മടിച്ചിരുന്നില്ല. 

അതിന്റെ തുടർച്ചയെന്നോണം ഇത്തവണ അദ്ദേഹം സിഎൻഎൻ വാർത്താചാലനിന്റെ മുഖ്യ വൈറ്റ് ഹൗസ് പ്രതിനിധി ജിം എക്കോസ്റ്റയുമായി നേരിട്ടേറ്റുമുട്ടി.  എക്കോസ്റ്റയുടെ തുടർച്ചയായുള്ള ചോദ്യങ്ങൾ പ്രസിഡന്റിനെ ക്രൂദ്ധനാക്കി. ഒരു വൈറ്റ്ഹൗസ് ഉദ്യോഗസ്ഥ ഇടപെടുകയും എക്കോസ്റ്റയുടെ കൈയിൽനിന്നു മൈക്ക് പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. എക്കോസ്റ്റ ചെറുത്തപ്പോൾ പിടിവലിയായി. അതിനിടയിൽ എക്കോസ്റ്റ ആ സ്ത്രീയുടെ ശരീരത്തിൽ സ്പർശിച്ചതായി പ്രസിഡന്റിന്റെ ആളുകൾ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് ആരോപണം ഉന്നിയിക്കുകയും ചെയ്തതോടെ പ്രശ്നം ഗുരുതരമായി. 

ആരോപണം എക്കോസ്റ്റ നിഷേധിക്കുകയും അദ്ദേഹം പറയുന്നതാണ് ശരിയെന്നു സംഭവത്തിന്റെ വിഡിയോ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. പക്ഷേ, ഫലമുണ്ടായില്ല. വാർത്താ ശേഖരണത്തിനുവേണ്ടി വൈറ്റ് ഹൗസിൽ പ്രവേശിക്കുന്നതിന് അദ്ദേഹത്തിനു നൽകിയിരുന്ന പാസ്സ് ട്രംപിന്റെ ഉത്തരവനുസരിച്ച് പിൻവലിക്കപ്പെട്ടു. ഇത്തരമൊരു സംഭവം മുൻപ് എപ്പോഴെങ്കിലും നടന്നതായി തങ്ങളുടെ ഒാർമകളിൽ ഇല്ലെന്നു ദീർഘകാലമായി വൈറ്റ്ഹൗസിലെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തുവരുന്ന മാധ്യമപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.

അമേരിക്കയിൽ ഇപ്പോൾ നിലനിൽക്കുന്ന കലുഷമായ രാഷ്ട്രീയ കാലാവസ്ഥയുടെ ഒരു നേർക്കാഴ്ചകൂടിയാണ് ഇൗ സംഭവം. ട്രംപിന്റെ ആഗമനത്തോടെ ആരോഗ്യകരമായ സംവാദത്തിനു സ്ഥാനമില്ലാതായി. വാക്കുകളിലും പെരുമാറ്റത്തിലുമുള്ള മാന്യതയും ചോർന്നുപോയിക്കൊണ്ടിരിക്കുന്നു. ആ നിലയിലും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ്് യുഎസ് ചരിത്രത്തിലെ ഒരു നാഴികക്കല്ലായി.  

രണ്ടു വർഷം കൂടുമ്പോൾ കോൺഗ്രസിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പ് അമേരിക്കയിലെ ഒരു സുപ്രധാന സംഭവമാണെങ്കിലും അതിന് ഇത്രയും വീറും വാശിയും കൈവന്ന സന്ദർഭം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. പ്രതിനിധിസഭയിലെ മുഴുവൻ (435) സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 (ഏതാണ്ട് മൂന്നിൽ ഒന്ന്) സീറ്റുകളിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ്്. 

സെനറ്റ് അംഗങ്ങളുടെ കാലാവധി ആറു വർഷമാണെങ്കിൽ പ്രതിനിധിസഭാംഗങ്ങളുടേതു വെറും രണ്ടു വർഷമാണ്.  അൻപതു സംസ്ഥാനങ്ങളുള്ളിൽ 36 എണ്ണത്തിലെ ഗവർണർമാർ, മറ്റു ചില പ്രമുഖ ഉദ്യോഗസ്ഥർ എന്നിവരുടെ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു.

ഇത്തവണത്തെ തിരഞ്ഞെടുപ്പിനു പതിവിൽക്കവിഞ്ഞ പ്രാധാന്യം ലഭിക്കാൻ  ഒരു മുഖ്യ കാരണം ട്രംപ് അതിൽ വഹിച്ച പങ്കായിരുന്നു. അടുത്ത കാലത്തൊന്നും ഒരു പ്രസിഡന്റ് തന്റെ പാർട്ടിയുടെ സ്ഥാനാർഥികൾക്കുവേണ്ടി ഇത്രയേറെ അദ്ധ്വാനിച്ചിട്ടില്ല. നാടുനീളെ അദ്ദേഹം യാത്രചെയ്യുകയും ഒട്ടേറെ വേദികളിൽ പ്രസംഗിക്കുകയുംചെയ്തു. 

ഇരുസഭകളിലും റിപ്പബ്ളിക്കൻ പാർട്ടിയുടെ ഭൂരിപക്ഷം നിലനിർത്തുക മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. അതിലൂടെ തന്റെ സ്വന്തം ജനസമ്മതി തെളിയിക്കാൻ കൂടി അദ്ദേഹം ആഗ്രഹിക്കുകയായിരുന്നു. ട്രംപിനെ ചെറുക്കാനായി ഡമോക്രാറ്റിക് പാർട്ടി മുൻപ്രസിഡന്റ് ബറാക് ഒബാമയെയും രംഗത്തിറക്കി. അങ്ങനെ ഇതു നിലവിലുള്ള പ്രസിഡന്റും അദ്ദേഹത്തിന്റെ മുൻഗാമിയും തമ്മിലുള്ള ഏറ്റമുട്ടലുമായി. ഇൗ തിരഞ്ഞെടുപ്പിലേക്ക് അഭൂതപൂർവമായ വിധത്തിൽ ലോകശ്രദ്ധ കേന്ദ്രീകരിക്കപ്പെടാൻ ഇതുമൊരു കാരണമായി. 

ഇനിയെന്ത് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ രണ്ടു വർഷവും കോൺഗ്രസിന്റെ ഇരുസഭകളുടെയും പിന്തുണയുണ്ടായിരുന്ന ട്രംപിനു മേലിൽ  തന്റെ നിയമനിർമാണ നടപടികൾക്കുവേണ്ടി പ്രതിനിധിസഭയെ ആശ്രയിക്കാനാവില്ല. മാത്രമല്ല, ഡമോക്രാറ്റിക് പാർട്ടിയുടെ നിയന്ത്രണത്തിലാകുന്ന പുതിയ പ്രതിനിധിസഭയ്ക്ക് അദ്ദേഹത്തിന്റെ നീക്കങ്ങളെ തടയാനുമാവും. ട്രംപിനു വ്യക്തിപരമായിത്തന്നെ  പ്രയാസമുണ്ടാക്കുന്ന നടപടികൾക്കു പുതിയ സഭ തുടക്കം കുറിക്കാനിടയുണ്ടെന്നും പലരും കരുതുന്നു.   

ഒബാമയ്ക്കും  ആദ്യത്തെ രണ്ടു വർഷം ഇരുസഭകളുടെയും പിന്തുണയുണ്ടായിരുന്നു. പാവങ്ങൾക്ക് കുറഞ്ഞ ചെലവിൽ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്ന  തന്റെ സ്വപ്ന പദ്ധതിക്ക് കോൺഗ്രസിന്റെ അംഗീകാരം അദ്ദേഹം  നേടിയെടുത്തത് അതിനിടയിലാണ്. എന്നാൽ, 2010ൽ ഡമോക്രാറ്റിക് പാർട്ടിക്കു പ്രതിനിധിസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ സ്ഥിതിമാറി. തുടർന്നുള്ള ആറു വർഷക്കാലം 

നിയമനിർമാണ കാര്യത്തിൽ കോൺഗ്രസിനെ ആശ്രയിക്കുന്നത് ഒബാമയ്ക്കു ദുഷ്ക്കരമായിത്തീർന്നു. നയപരിപാടികൾ നടപ്പാക്കാൻ എക്സിക്യൂട്ടീവ് ഉത്തരവുകളെ ആശ്രയിക്കേണ്ടിവന്നു. ഇതുതന്നെയായിരിക്കും ഒരു പക്ഷേ ട്രംപും അഭിമുഖീകരിക്കാനിടയുള്ള ഒരു പ്രശ്നം. 

കുറ്റവിചാരണയെയും (ഇംപീച്ച്മെന്റ്) ട്രംപിനു നേരിടേണ്ടിവരുമോ? പല കാരണങ്ങളാൽ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നത് അദ്ദേഹം ഭരണം തുടങ്ങിയതു മുതൽക്കേ ഡമോക്രാറ്റിക് പാർട്ടി ഉന്നയിച്ചുകൊണ്ടിരുന്ന ഒരാവശ്യമാണ്. പ്രതിനിധിസഭയിൽ ഭൂരിപക്ഷം നേടിയതോടെ അതിനുള്ള അവസരമാണ് അവർക്കു കൈവന്നിരിക്കുന്നത്. 

ഇംപീച്ച്മെന്റ് നടപടികൾ  ആരംഭിക്കേണ്ടതു പ്രതിനിധിസഭയിലാണ്. അതു സംബന്ധിച്ച പ്രമേയം പാസ്സാകാൻ കേവല ഭൂരിപക്ഷം മതിതാനും. എന്നാൽ, പ്രതിനിധിസഭയുടെ തീരുമാനം മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്്. സെനറ്റ് ഇപ്പോഴും റിപ്പബ്ളിക്കന്മാരുടെ നിയന്ത്രണത്തിലായതിനാൽ അതിനുള്ള സാധ്യത പൂജ്യമാണ്. ട്രംപിനെ പുറത്താക്കാനാവില്ല, നാണംകെടുത്തിവിടാമെന്നുമാത്രം.

സെനറ്റ് പിടിച്ചെടുക്കാനാവില്ലെന്നു ഡമോക്രാറ്റുകൾക്ക് അറിയാമായിരുന്നു. അതിനാലാവണം, ട്രംപിനെ ഇംപീച്ച്ചെയ്യുന്ന കാര്യം ഇൗ തിരഞ്ഞെടുപ്പിൽ അധികമൊന്നും ചർച്ചാവിഷയമായിരുന്നില്ല. എങ്കിലും, അടുത്ത രണ്ടു വർഷത്തിനകം ഇംപീച്ച്മെന്റ് ആവശ്യം വീണ്ടും ഉയരാനുള്ള സാധ്യത ആരും തള്ളിക്കളയുന്നുമില്ല. 

ട്രംപിനെ വ്യക്തിപരമായിത്തന്നെ ലക്ഷ്യം വച്ചുള്ള നീക്കങ്ങൾക്കായിരിക്കും ഒരുപക്ഷേ ഡമോക്രാറ്റുകൾ ആദ്യംതന്നെ തയാറാവുക. അദ്ദേഹത്തിന്റെ ആദായനികുതി സംബന്ധിച്ച കണക്കുകൾ, ബിസിനസ് ഇടപാടുകൾ, 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് അനുകൂലമായി റഷ്യ നടത്തിയതായി ആരോപിക്കപ്പെടുന്ന ഇടപെടൽ എന്നിവ അവരുടെ കൈകളിൽ ഇതിനുവേണ്ടിയുള്ള ശക്തമായ ആയുധങ്ങളായി മാറാനിടയുണ്ട്.  

  

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നവർ തങ്ങളുടെ ആദായ നികുതി വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് അമേരിക്കയിൽ ദീർഘകാലമായിപാലിക്കപ്പെട്ടുവരുന്ന കീഴ്വഴക്കമാണ്. പക്ഷേ, ട്രംപ് അതു ലംഘിച്ചു. ഇപ്പോഴും അദ്ദേഹം അതിനു തയാറില്ലതാനും. കണക്കുകൾ ഹാജരാക്കാൻ പ്രതിനിധിസഭയ്ക്ക് അദ്ദേഹത്തോട് ആവശ്യപ്പെടാനാവും. ബിസിനസ് സംബന്ധമായ വിവരങ്ങളും ആവശ്യപ്പെടാം. ട്രംപിന്റെ പ്രതികരണം എന്തായിരിക്കുമെന്നത് ഉത്തരമില്ലാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടിരുന്നുവെന്നത് അമേരിക്കയുടെ ഇന്റലിജൻസ് ഏജൻസികൾ സ്ഥിരീകരിച്ചിട്ടുളളതാണ്. എന്നാൽ ട്രംപ് അതിനോടു യോജിക്കുന്നില്ല. ഇതിനെക്കുറിച്ച് സ്പെഷൽ കൗൺസൽ റോബർട്ട് മുളളർ നടത്തിവരുന്ന അന്വേഷണത്തെ അദ്ദേഹം തനിക്കെതിരായ യക്ഷിവേട്ടയായി കുറ്റപ്പെടുത്തുകയും ചെയ്യുന്നു. മുള്ളറുമായുള്ള അഭിമുഖത്തിന് ഇരുന്നുകൊടുക്കാനോ അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് രേഖാമൂലം ഉത്തരം നൽകാനോ ട്രംപ് വിസമ്മതിക്കുന്നു. 

പ്രതിനിധിസഭ റിപ്പബ്ളിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്നപ്പോൾ ട്രംപിന് ഇതൊരു പ്രശ്നമായിരുന്നില്ല. എന്നാൽ, ഇൗ തിരഞ്ഞെടുപ്പോടെ സ്ഥിതിഗതികൾ മാറുന്നു. മുൻ എഫ്ബിെഎ തലവൻ കൂടിയായ മുള്ളറുടെ അന്വേഷണം ഉൗർജിതമാകുമെന്ന കാര്യം ഉറപ്പായി. പ്രതിനിധിസഭയുടെ പൂർണ സഹായവും സഹകരണവും അദ്ദേഹത്തിനു ലഭിക്കുകയുംചെയ്യും. 

ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഫലം അതിൽ ഇരു പാർട്ടികൾക്കും ഉണ്ടായ ജയാപജയങ്ങളിൽമാത്രം ഒതുങ്ങിനിൽക്കുന്നില്ലെന്നർഥം. അമേരിക്കയിലെ രാഷ്ട്രീയം കഴിഞ്ഞ രണ്ടു വർഷത്തേതിനേക്കാൾ കൂടുതൽ കലുഷവും പ്രക്ഷുബ്ധവുമാനുള്ള സാധ്യതകളാണ് ഉരുത്തിരിഞ്ഞുവരുന്നത്.