Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹായുദ്ധത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ

വിദേശരംഗം  / കെ. ഉബൈദുള്ള
World War ഒന്നാം ലോകമഹായുദ്ധം സൃഷ്ടിച്ച കെടുതികളുടെ ഭീകരത അത്തരമൊരു യുദ്ധത്തിലേക്കു വീണ്ടും എടുത്തു ചാടുന്നതിൽനിന്നു രാജ്യങ്ങളെ തടയേണ്ടതായിരുന്നു. എന്നാൽ, അതിനേക്കാൾ ഭയാനകമായ മറ്റൊരു യുദ്ധത്തിനുള്ള വിത്തുകൾ പാകിക്കൊണ്ടുകൂടിയാണ് ഒന്നാം ലോകമഹായുദ്ധം അവസാനിച്ചത്

നൂറു വർഷം മുൻപ് ഇൗ നാളുകളിൽ, ഒരു മഹായുദ്ധം അവസാനിച്ചതിൽ ആഹ്ളാദം കൊള്ളുകയായിരുന്നു ലോകം, വിശേഷിച്ച് യൂറോപ്പ്. 1918 നവംബർ 11. ഒന്നാംലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഫ്രാൻസിലെ കോംപിയേനിൽ ഒൗപചാരികമായ വെടിനിർത്തൽ കരാറുണ്ടായത് അന്നായിരുന്നു. അതിന്റെ ഒാർമ പുതുക്കാൻ  എഴുപതോളം രാജ്യങ്ങളുടെ നേതാക്കളാണ് ഇക്കഴിഞ്ഞ ഞായറാഴ്ച (നവംബർ 11) ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ സമ്മേളിച്ചത്. 

ഫ്രഞ്ച്  പ്രസിഡന്റ് ഇമ്മാന്വൽ മക്രോൺ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമീർ പുടിൻ, ജർമൻ ചാൻസലർ ആംഗല മെർക്കൽ എന്നിവർ അവരിൽ ഉൾപ്പെടുന്നു. യുദ്ധത്തിൽ മൃതിയടഞ്ഞ രണ്ടു കോടിയോളം ആളുകൾക്ക് അവർ ആദരാഞ്ജലികൾ അർപ്പിച്ചു.  

എല്ലാ യുദ്ധങ്ങൾക്കും അന്ത്യം കുറിക്കുന്ന യുദ്ധം എന്നാണ് ബ്രിട്ടീഷ് സാഹിത്യകാരൻ എച്ച്. ജി. വെൽസ് അതിനെ വിശേഷിപ്പിച്ചിരുന്നത്. ഇൗ യുദ്ധം സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ ഭീകരത ഇത്തരമൊരു യുദ്ധത്തിലേക്കു വീണ്ടും  എടുത്തുചാടുന്നതിൽനിന്നു രാഷ്ട്രനേതാക്കളെ പിന്തിരിപ്പിക്കുമെന്ന പ്രത്യാശയായിരുന്നു അതിന്റെ പിന്നിൽ. പക്ഷേ, 

barbed-wire1 ചിത്രത്തിനു കടപ്പാട്: GettyImages

അതിനേക്കാൾ ഭയാനകമായ മറ്റൊരു യുദ്ധത്തിനുള്ള വിത്തുകൾ പാകിക്കൊണ്ടുകൂടിയാണ് ഒന്നാം ലോകമഹായുദ്ധം അവസാനിച്ചത്. 

ഇരുപത്തൊന്നു വർഷത്തിനുശേഷം യൂറോപ്പിൽതന്നെ രണ്ടാം ലോകമഹായുദ്ധവും പൊട്ടിപ്പുറപ്പെട്ടു. ആദ്യത്തേതുപോലെ ലോകത്തിന്റെ മിക്കവാറും എല്ലാഭാഗങ്ങളിലേക്കും അതു പടർന്നു പിടിക്കുകയും ചെയ്തു. പട്ടാളക്കാരും സാധാരണ ജനങ്ങളും ഉൾപ്പെടെ മരിച്ചവർ ആറു കോടിയിൽപ്പരം. ലോകത്തെ അപ്പാടെതന്നെ അതു മാറ്റിമറിച്ചു.

അക്കാലത്തെ പ്രശസ്തമായ നാലു സാമ്രാജ്യങ്ങളുടെ നാശത്തിനുകൂടി ഒന്നാം ലോകമഹായുദ്ധം വഴിയൊരുക്കുകയുണ്ടായി. ജർമൻ കൈസറും ഒാട്ടോമൻ സുൽത്താനും ഒാസ്ട്രോ-ഹംഗറി ചക്രവർത്തിയും റഷ്യൻ സാറും അപ്രത്യക്ഷരായി. റഷ്യയിലെ രാജഭരണം അവസാനിച്ചത് യുദ്ധത്തിനിടയിൽ തന്നെയുണ്ടായ വിപ്്ളവത്തിന്റെ 

ഫലമായിട്ടായിരുന്നുവെന്നുമാത്രം. പ്രതാപകാലത്തു യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലുമായി പരന്നുകിടന്നിരുന്ന ഒാട്ടോമൻ സാമ്രാജ്യത്തിനു ആറു നൂറ്റാണ്ടു കാലത്തെ പഴക്കമുണ്ടായിരുന്നു.

ലോകഭൂപടത്തിൽ അനേകം പുതിയ രാജ്യങ്ങൾ പ്രത്യക്ഷപ്പെടാനും ആ യുദ്ധം കാരണമായി. പശ്ചിമേഷ്യയിൽ ജനഹിതം പരിഗണിക്കാതെ ഒാട്ടോമൻ സാമ്രാജ്യം വെട്ടിമുറിച്ചു പുതിയ രാജ്യങ്ങൾക്കു രൂപംനൽകിയത് പിൽക്കാലത്തു സംഘർഷത്തിനും സംഘട്ടനങ്ങൾക്കും വഴിയൊരുക്കുകയും ചെയ്തു. പലസ്തീനും ഇറാഖും സിറിയയും ലെബനനും ഇപ്പോഴും അതിനു സാക്ഷ്യം വഹിക്കുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും യൂറോപ്യൻ കോളണികളിൽ സ്വാതന്ത്ര്യസമരങ്ങൾ ശക്തിപ്പെട്ടതും ഒന്നാം ലോകമഹായുദ്ധത്തെ തുടർന്നായിരുന്നു. 

ഇതെല്ലാം ഇപ്പോൾ വീണ്ടും ഒാർമിക്കപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ രാജ്യങ്ങൾതമ്മിലുളള തർക്കങ്ങളും ഏറ്റുമുട്ടലുകളും യൂറോപ്പിൽ അസാധാരണമായിരുന്നില്ല. അതിനിടയിലാണ് ഒാസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ കിരീടാവകാശിയായ രാജകുമാരൻ ഫ്രാൻസ് ഫെർഡിനന്റ്1914 ജൂൺ 28നു വെടിയേറ്റു മരിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിനു തിരികൊളുത്തിയത് ആ സംഭവമാണെന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇന്നത്തെ ബോസ്നിയ-ഹെർസഗോവിനയുടെ തലസ്ഥാനമായ സരയേവോവിൽ പത്നീസമേതം വാഹനഘോഷയാത്രയായി സഞ്ചരിക്കുകയായിരുന്നു രാജകുമാരൻ. അയൽരാജ്യമായ സെർബിയയുടെ ചില ഭാഗങ്ങൾ (ബോസ്നിയ ഉൾപ്പെടെ) ഒാസ്ര്ട്രോ-ഹംഗറി വെട്ടിപ്പിടിച്ചതിൽ സെർബിയൻ ദേശീയവാദികൾ 

രോഷാകുലരായിരുന്നു. അവരിൽ ഒരു യുവാവാണ് രാജകുമാരനെയും പത്നിയെയും വെടിവച്ചത്. ഇരുവരും മരിച്ചു.  തിരിച്ചടിയെന്ന നിലയിൽ ഒരു മാസത്തിനുശേഷം ഒാസ്ട്രിയ-ഹംഗറി സെർബിയയെ ആക്രമിച്ചു. 

സെർബിയയെ സഹായിക്കാൻ റഷ്യയിലെ സാർ നിക്കൊളാസ് രണ്ടാമൻ തയാറായപ്പോൾ ജർമനിയിലെ കൈസർ വില്യം രണ്ടാമൻ ഒാസ്ട്രോ-ഹംഗറിയുടെ പക്ഷം ചേർന്നു.  ബെൽജിയത്തെയും ലക്സംബർഗിനെയും അവർ ആക്രമിക്കുകയും ചെയ്തു. ഫ്രാൻസിനെതിരെയും  ജർമനി തിരിഞ്ഞതോടെ ഫ്രാൻസിനെ സഹായിക്കാൻ ബ്രിട്ടൻ ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.  

യുദ്ധം യൂറോപ്പിനു പുറത്തേക്കു പടർന്നുപിടിക്കാനും കാലതാമസമുണ്ടായില്ല. തുർക്കി ആസ്ഥാനമായ ഒാട്ടോമൻ സാമ്രാജ്യം ഒാസ്ട്രോ-ഹംഗറിക്കും ജർമനിക്കും ഒപ്പം ചേർന്നതോടെ യുദ്ധം പശ്ചിമേഷ്യയിലും മറു ഭാഗത്തു  ജപ്പാന്റെ രംഗപ്രവേശനത്തോടെ ഏഷ്യയുടെ മറ്റു ചില ഭാഗങ്ങളിലുമെത്തി. ബ്രിട്ടനും ഫ്രാൻസും ജർമനിയുടെ ആഫ്രിക്കൻ കോളണികൾക്കെതിരെ തിരിഞ്ഞു. 

ആദ്യഘട്ടത്തിൽ അമേരിക്ക യുദ്ധത്തിൽനിന്നു മാറിനിൽക്കുകയായിരുന്നു. എങ്കിലും ബ്രിട്ടനും ഫ്രാൻസും മറ്റും ഉൾപ്പെടുന്ന സഖ്യശക്തികളെ സഹായിക്കാൻ 1917ൽ അമേരിക്കയും രംഗത്തിറങ്ങി. സഖ്യശക്തികളുടെ വിജയത്തിന് അത് ഏറെ ഉപകരിക്കുകയുംചെയ്തു. വൻശക്തി പദവിയിലേക്കും പാശ്ചാത്യലോകത്തിന്റെ നേതൃസ്ഥാനത്തേക്കുമുളള  അമേരിക്കയുടെ പ്രയാണവും അതോടെയായിരുന്നു. 

artillery-1

ബ്രിട്ടന്റെ മറ്റു പല കോളണികളെയുംപോലെ ഇന്ത്യയും യുദ്ധത്തിലേക്ക് എടുത്തെറിയപ്പെട്ടു. എംഡൻ എന്ന ജർമൻ യുദ്ധക്കപ്പൽ ചെൈന്ന (അന്നത്തെ മദ്രാസ്) തുറമുഖത്തിനുനേരെ ആക്രമണം നടത്തിയത്് ആ യുദ്ധത്തിന്റെ  ആദ്യഘട്ടത്തിലായിരുന്നു. പശ്ചിമേഷ്യയിലും ആഫ്രിക്കയിലും നടന്ന പോരാട്ടങ്ങളിൽ 13 ലക്ഷം ഇന്ത്യൻ പട്ടാളക്കാർ പങ്കെടുക്കുകയും മുക്കാൽ ലക്ഷം പേർ മരിക്കുകയും ചെയ്തു. അവരുടെ സ്മരണയ്ക്കായി സ്ഥാപിച്ചതാണ് ന്യൂഡൽഹിയിലെ ഇന്ത്യാഗേറ്റ്. 

യുദ്ധത്തിന്റെ ഉത്തരവാദിത്തം മുഖ്യമായി ചുമത്തപ്പെട്ടത് ജർമനിയുടെ മേലാണ്. ആ രാജ്യത്തിന്റെ കോളണികൾ ജേതാക്കൾ വീതിച്ചെടുത്തു. സൈനിക കാര്യങ്ങളിൽ ജർമനി കർശനമായ നിർബന്ധനകൾക്കു വിധേയമായി. യുദ്ധത്തിൽ ജയിച്ച രാജ്യങ്ങൾക്കു കനത്ത നഷ്ടപരിഹാരം നൽകാനും ജർമനി നിർബന്ധിതമായി. 1919ൽ ഫ്രാൻസിലെ വെർസെയിൽസിൽ ജർമനിയും മറ്റു രാജ്യങ്ങളും ഒപ്പുവച്ച ഉടമ്പടിയിലെ നിബന്ധനകൾ അത്തരത്തിലുള്ളതായിരുന്നു. 

യുദ്ധംമൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങളോടൊപ്പം ഇതുംകൂടി ചേർന്നപ്പോൾ ജർമൻകാർ അസ്വസ്ഥരായി. ഇൗ സാഹചര്യത്തിൽനിന്നു സമർഥമായി മുതലെടുത്തുകൊണ്ടാണ് അഡോൾഫ് ഹിറ്റ്ലർ ജർമൻ രാഷ്ട്രീയത്തിൽ ഉയരാൻ തുടങ്ങിയത്. ഒന്നാം ലോകമഹായുദ്ധത്തിൽ ജർമൻ സൈന്യത്തിലെ ഒരു കോർപറലായിരുന്ന ഹിറ്റ്ലർ പുതിയ പാർട്ടി (നാഷനൽ സോഷ്യലിസ്റ്റ് അഥവാ നാസി പാർട്ടി)രൂപീകരിക്കുകയും 1933ൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജയിച്ചു ചാൻസലർ അഥവാ പ്രധാനമന്ത്രിയാവുകയുംചെയ്തു. പിന്നീട് ആരെയും കൂസാത്ത നിഷ്ഠുരനായ ഏകാധിപതിയുമായി. 

9-mustardgas1 ചിത്രത്തിനു കടപ്പാട്: Henry Guttmann/Getty Images

ലോകമഹായുദ്ധത്തിലെ പരാജയത്തിനും വെർസെയിൽസ് ഉടമ്പടിക്കും പകരംവീട്ടുക, ജർമനിയുടെ പഴയ പ്രതാപം വീണ്ടെടുക്കുക-ഇതായിരുന്നു ഹിറ്റ്ലറുടെ ഉദ്ദേശ്യം. അതിനുവേണ്ടി രഹസ്യമായി സൈനികശക്തി വർധിപ്പിക്കാൻ തുടങ്ങി. അയൽരാജ്യമായ പോളണ്ടിനെ 1939 സെപ്റ്റംബർ 11 ന് ആക്രമിച്ചുകൊണ്ടു രണ്ടാം ലോകമഹായുദ്ധത്തിനു തുടക്കം കുറിക്കുകയും ചെയ്തു. 

ബ്രിട്ടനും ഫ്രാൻസും പോളണ്ടിന്റെ സഹായത്തിനെത്തി. കാലക്രമത്തിൽ ജർമനിയോടൊപ്പം ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും മറുഭാഗത്തു സോവിയറ്റ് യൂണിയൻ ഉൾപ്പെടെ മറ്റ് ഒട്ടേറെ രാജ്യങ്ങളും അണിനിരന്നു. ഇൗ യുദ്ധത്തിലും ഇടപെടാൻ അമേരിക്ക ആദ്യം മടിക്കുകയായിരുന്നു. എന്നാൽ, അമേരിക്കയുടെ പേൾ ഹാർബർ നാവികസേനാ താവളം ജപ്പാൻ ബോംബിട്ടു തകർത്തതോടെ സ്ഥിതിമാറി. ഒടുവിൽ 1945ൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആണവബോംബിടുകയും ചെയ്തു. ആ വർഷം സെപ്റ്റംബറിൽ യുദ്ധം ഒൗപചാരികമായി അവസാനിക്കുന്നതിനുമുൻപ്തന്നെ ഹിറ്റ്ലർ സ്വയം ജീവനൊടുക്കി. 

ഒന്നാം ലോകമഹായുദ്ധം ആ പേരിൽ വിളിക്കപ്പെടാൻ തുടങ്ങിയതു രണ്ടാം ലോകമഹായുദ്ധത്തോടെയാണ്. അതിനുമുൻപ് അറിയപ്പെട്ടിരുന്നതു ലോകമഹായുദ്ധം എന്നുമാത്രമായിരുന്നു. അതുപോലൊരു യുദ്ധം വീണ്ടും ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. പിൽക്കാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശത്രുതയും മൽസരവും മൂന്നാം ലോകമഹായുദ്ധത്തിലേക്കു വഴുതിപ്പോകുമോ എന്ന ഭയം പലതവണ ഉയരുകയുണ്ടായെങ്കിലും ഭാഗ്യവശാൽ യുദ്ധം ഒഴിവാവുകയായിരുന്നു. 

രണ്ടു മഹായുദ്ധങ്ങൾക്കും കാരണമായതുപോലെ യൂറോപ്യൻ രാജ്യങ്ങൾ തമ്മിൽ പോരടിക്കുന്നതും തടയപ്പെട്ടു. യൂറോപ്യൻ യൂണിയൻ  അതിൽ നിർണായകമായ പങ്കു വഹിക്കുകയും ചെയ്തു. യൂറോപ്യൻ യൂണിയൻ ഇപ്പോൾ അസ്തിത്വപരമായ വെല്ലുവിളികളെ നേരിടുന്നു. അതിനിടയിലാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കപ്പെടുന്നതും.