Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന് ഒരു ചൈനീസ് പ്രശ്നം

വിദേശരംഗം / കെ. ഉബൈദുള്ള
new-problems-in-china-pakistan-relation (ചൈനയുമായുള്ള സൗഹൃദത്തെ പാക്ക് നേതാക്കൾ എത്രയേറെ പാടിപ്പുകഴ്ത്തിയാലും അതിനൊരു മറുവശംകൂടി ഉണ്ട്. കറാച്ചിയിലെ ചൈനീസ് കോൺസുലേറ്റിനു നേരേയുണ്ടായ ഭീകരാക്രമണം, പാക്ക്-ചൈന സാമ്പത്തിക ഇടനാഴിയെക്കുറിച്ചുളള ആശങ്കകൾ എന്നിവ അതിലേക്കു വിരൽചൂണ്ടുന്നു)

ഹിമാലയത്തേക്കാൾ ഉയരവും അറബിക്കടലിനേക്കാൾ ആഴവുമുള്ളത് എന്നാണ് ചൈനയുമായുള്ള പാക്കിസ്ഥാന്റെ സൗഹൃദത്തെ പാക്ക് നേതാക്കൾ വിശേഷിപ്പിക്കുക പതിവ്. പുതിയ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇക്കഴിഞ്ഞ വെള്ളിയാഴ്ച (നവംബർ 23) അതാവർത്തിക്കുകയുണ്ടായി. അന്നായിരുന്നു ഏറ്റവും വലിയ പാക്ക് നഗരമായ കറാച്ചിയിലെ ചൈനീസ് കോൺസുലേറ്റിനു നേരെയുണ്ടായ ഭീകരാക്രമണം. 

വാസ്തവത്തിൽ ഇമ്രാൻ സംസാരിച്ചതും അതിനെപ്പറ്റി തന്നെയായിരുന്നു. ഇത്തരം സംഭവങ്ങൾക്കൊന്നും പാക്ക്-ചൈനാ സൗഹൃദത്തിൽ വിളളലേൽപ്പിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിവക്ഷ. എന്നാൽ, ചൈനയുമായുള്ള സൗഹൃദത്തെ പാക്ക് നേതാക്കൾ എത്രയേറെ പാടിപ്പുകഴ്ത്തിയാലും അതിനൊരു മറുവശംകൂടി ഉണ്ടെന്നു  കോൺസുലേറ്റ് ആക്രമണം വ്യക്തമാക്കുന്നു. 

പാക്കിസ്ഥാനിൽ ചൈന ആദരിക്കപ്പെടുക മാത്രമല്ല, സംശയിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്നു. പാക്ക്-ചൈന സഹകരണത്തിന്റെ നിസ്തുല മാതൃകയായി വാഴ്ത്തപ്പെടുന്ന ബൃഹദ് പദ്ധതിതന്നെ ഇതിനു കാരണമായിരിക്കുന്നു എന്നതാണ് ഏറെ കൗതുകകരമായ വസ്തുത. 

videsarangam-china-pak (4)

പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനിൽ പ്രവർത്തിക്കുന്ന വിഘടനവാദികളുടെ സംഘടനകളിൽ ഒന്നായ ബലൂചിസ്ഥാൻ നാഷനൽ ആർമിയാണ് (ബിഎൽഎ) കറാച്ചി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. കോൺസുലേറ്റിലെ ആർക്കും അപായം സംഭവിച്ചില്ലെങ്കിലും രണ്ടു പോലീസുകാരും അക്രമികളിൽ മൂന്നുപേരും കൊല്ലപ്പെട്ടു. അന്നുതന്നെയാണ് രാജ്യത്തിന്റെ മറ്റൊരു ഭാഗത്തു, ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 32 പേർ മരിച്ചത്. 

അഫ്ഗാൻ അതിർത്തിയോടു ചേർന്നു കിടക്കുന്ന ആ പ്രദേശത്ത്  ഇത്തരം സംഭവങ്ങൾ സാധാരണമാണ്. അതിനേക്കാൾ പാക്കിസ്ഥാനെ പിടിച്ചുലച്ചതു കറാച്ചിസംഭവമാണെന്ന് അതിനെക്കുറിച്ചുള്ള ഒൗദ്യോഗിക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനത്തു കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള സ്ഥലത്തായിരുന്നു  ആക്രമണം.  തെക്കു പടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിലെ വിഘടനവാദികൾ അവരുടെ പ്രവർത്തനം കറാച്ചിയിലേക്കു വ്യാപിപ്പിച്ചുവെന്നതും ഗവൺമെന്റിനു ഞെട്ടലുണ്ടാക്കുന്നു. ഇത്തവണത്തെ ആക്രമണത്തിനുവേണ്ടി അവർ ചൈനീസ് കോൺസുലേറ്റ് തിരഞ്ഞെടുത്തതും അസാധാരണമായ സംഭവവികാസമാണ്. 

ബലൂച് വിഘടനവാദികൾക്കു ചൈനയുടെ നേരെ ഇത്രയേറെ വിരോധമുണ്ടാകാൻ കാരണമെന്ത് ? അല്ലെങ്കിൽ ബലൂച് തീവ്രവാദികളും ഇസ്ലാമാബാദിലെ ഭരണകൂടവും തമ്മിലുള്ള തർക്കത്തിലേക്കു ചൈന വലിച്ചിഴയ്ക്കപ്പെട്ടതെങ്ങനെ ? ഇൗ ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നവർ എത്തിച്ചേരുന്നതു മുഖ്യമായി ബലൂചിസ്ഥാനെ ഉൾപ്പെടുത്തിക്കൊണ്ട് പാക്കിസ്ഥാനും ചൈെനയും നടപ്പാക്കിവരുന്ന ഒരു  സ്വപ്ന പദ്ധതിയിലാണ്.   അറബിക്കടൽ തീരത്തെ പാക്ക് തുറമുഖമായ ഗ്വാദറിൽനിന്നു തുടങ്ങി ചൈനയുടെ പടിഞ്ഞാറൻ മേഖലയിൽ സിൻജിയാങ്ങിലെ കാഷ്ഗർവരെ  നീണ്ടുകിടക്കുന്ന ഒരു സാമ്പത്തിക ഇടനാഴിയാണ് ഇൗ പദ്ധതി.  റോഡുകൾ, റയിൽപ്പാതകൾ, എണ്ണ-പ്രകൃതി വാതക പൈപ്ലൈനുകൾ, വാർത്താവിനിമയ ബന്ധങ്ങൾ എളുപ്പമാക്കുന്ന ഫൈബർ ഒാപ്റ്റിക് കേബിളുകൾ എന്നിവ അടങ്ങിയ ഇതിന്റെ നീളം 3000 കിലോ മീറ്റർ വരും. ചെലവ് 6200 കോടി ഡോളർ.  

videsarangam-china-pak (7)

ഇൗ പദ്ധതിയിലെ പങ്കാളിത്തത്തിലൂടെ ചൈന ബലൂചിസ്്ഥാനിലെ പാക്ക് ചൂഷണത്തിൽ സഹകരിക്കുകയാണെന്നാണ് ബലൂച് വിഘടനവാദികളുടെ ആരോപണം. ധാതുവിഭവ സമ്പന്നമായിട്ടും പാക്കിസ്ഥാനിലെ ഏറ്റവും അവികസിതമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. പഞ്ചാബ് പ്രവിശ്യയിലെ നേതാക്കൾക്കു മേധാവിത്തമുള്ള ഇസ്ലാമാബാദിലെ കേന്ദ്ര ഭരണകൂടം ഏഴു പതിറ്റാണ്ടു കാലമായി തുടർന്നുവരുന്ന അവഗണനയും വിവേചനവുമാണ് ഇതിനു കാരണമെന്നു ബലൂചികൾ കുറ്റപ്പെടുത്തുന്നു. അവരുടെ അസംതൃപ്തിയിൽനിന്നും രോഷത്തിൽനിന്നും രൂപംകൊണ്ടതാണ് വിഘടനവാദം. സ്വതന്ത്ര ബലൂചിസ്ഥാൻ വേണമെന്ന് അവർ ആവശ്യപ്പെടുന്നു. ബംഗ്ളദേശ് സ്വതന്ത്രമായതിനുശേഷം പാക്കിസ്ഥാൻ വീണ്ടും വെട്ടിമുറിക്കപ്പെടുകയും നിലവിലുള്ള നാലു പ്രവിശ്യകളിൽ ഏറ്റവും വലിയതുതന്നെ വേറിട്ടുപോവുകയും ചെയ്യുന്നതു പാക്ക് ഭരണാധികാരികൾക്കു സങ്കൽപ്പിക്കാൻ പോലും വയ്യ. 

വിഘടന പ്രവർത്തനങ്ങളെ സർവശക്തിയും ഉപയോഗിച്ച് അടിച്ചമർത്താനുളള ശ്രമത്തിലാണവർ. അതിനുള്ള തങ്ങളുടെ പ്രതികരണമാണ് ഭീകരാക്രമണങ്ങളെന്നു ബലൂച് തീവ്രവാദികൾ അവകാശപ്പെടുന്നു. പാക്ക്-ചൈന സാമ്പത്തിക ഇടനാഴിയുടെ പണി തുടങ്ങിയതോടെ അവരുടെ രോഷം വർധിക്കുകയാണ് ചെയ്തത്. തങ്ങളെ എളുപ്പത്തിൽ അടിച്ചമർത്താൻ സഹായകമാകുന്ന വിധത്തിൽ സൈനികനീക്കം സാധ്യമാക്കുകയെന്ന ഗൂഢോദ്ദേശ്യവും ഇൗ പദ്ധതിയുടെ പിന്നിലുണ്ടെന്ന് അവർ ഭയപ്പെടുന്നു. ഗ്വാദർ തുറമുഖം ഉൾപ്പെടെ ബലൂചിസ്ഥാന്റെ പല ഭാഗങ്ങളിലുമുള്ള ചൈനീസ് എൻജിനീയർമാരുടെയും തൊഴിലാളികളുടെയും സാന്നിധ്യം അവരെ അസ്വസ്ഥരാക്കുകയും ചെയ്യുന്നു. ഗ്വാദറിൽനിന്ന് ഏറെയൊന്നും അകലെയല്ല സിന്ധ് പ്രവിശ്യയുടെ തലസ്ഥാനംകൂടിയായ കറാച്ചി. 

ബലൂച് തീവ്രവാദികൾ ചൈനക്കാർക്കെതിരെ തിരിയുന്നത് ഇതാദ്യമല്ല.  ഇക്കഴിഞ്ഞ ഒാഗസ്റ്റിൽ ബലൂചിസ്ഥാനിൽതന്നെ  ദൽബന്ധിനിൽ ചൈനീസ് എൻജിനീയർമാർ യാത്രചെയ്യുകയായിരുന്ന ഒരു ബസിനുനേരെയാണ് ആക്രമണമുണ്ടായത്.  അവരിൽ മൂന്നുപേർ ഉൾപ്പെടെ ആറുപേർമരിച്ചു. ചൈനീസ് എൻജിനീയർമാർ അവിടെ ഒരു ഖനന പദ്ധതിയിൽ ജോലിചെയ്യുകയായിരുന്നു. പാക്ക്-ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയിൽ പ്രവർത്തിക്കുന്ന രണ്ടു ചൈനക്കാരെ കഴിഞ്ഞ വർഷം തീവ്രവാദികൾ തട്ടിക്കൊണ്ടുപോവുകയും പിന്നീടു വധിക്കുകയുംചെയ്തു.  തീവ്രവാദികളുമായി ഒത്തുതീർപ്പുണ്ടാക്കാനും ചൈനക്കാർ ശ്രമിക്കുകയായിരുന്നു. അതു കൊണ്ടു ഫലമുണ്ടായില്ലെന്നാണ് കറാച്ചിയിലെ കോൺസുലേറ്റ് ആക്രമണം ചൂണ്ടിക്കാട്ടുന്നത്. പാക്ക്-ചൈന സാമ്പത്തിക ഇടനാഴി പദ്ധതി മറ്റൊരു കാരണത്താലും ഇപ്പോൾ പാക്കിസ്ഥാനിൽ സജീവ ചർച്ചാവിഷയമായിവരികയാണ്. 

videsarangam-china-pak (3)

പാക്കിസ്ഥാൻ കടക്കെണിയിലാണെന്നു പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്നെ സമ്മതിക്കുന്നു. അതിൽനിന്നു രക്ഷപ്പെടാനുളള തത്രപ്പാടിലുമാണ് അദ്ദേഹം. ഇതിനു മുഖ്യകാരണം പാക്കിസ്ഥാൻ-ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയാണെന്നു പല സാമ്പത്തിക വിദഗ്ദ്ധരും ചൂണ്ടുക്കാട്ടുന്നു.  വാസ്തവത്തിൽ പാക്കിസ്ഥാനെ സഹായിക്കണമെന്ന മുഖ്യ ഉദ്ദേശ്യത്തോടെ ആവിഷ്ക്കരിക്കപ്പെട്ടതല്ല ഇൗ പദ്ധതി. അറബിക്കടലിലേക്കും ഇന്ത്യാസമുദ്രത്തിലേക്കും നേരിട്ടു പ്രവേശിക്കാനും അവയിലൂടെ മധ്യപൂർവദേശത്തേക്കു കടക്കാനും ആഫ്രിക്കയുമായും യൂറോപ്പുമായും ബന്ധപ്പെടാനും ചൈനയ്ക്കു സഹായകമാകുന്ന കൂടൂതൽ വിപുലമായ ഒരു പദ്ധതിയുടെ ഭാഗമാണിത്. അതിലൂടെ ലോകമൊട്ടുക്കും സ്വന്തം സ്വാധീനം വർധിപ്പിക്കാനും ചൈന ആഗ്രഹിക്കുന്നുവെന്നതു രഹസ്യമല്ല.  

പാക്കിസ്ഥാനേക്കാൾ അതിന്റെ പ്രയോജനം ചൈനക്കാണെന്നതും നേരത്തെതന്നെ പലരും ചൂണ്ടിക്കാട്ടിയതാണ്. ആവശ്യമായി വരുന്ന റോഡുകളും റയിൽപ്പാതകളും തുരങ്കങ്ങളും തുറമുഖങ്ങളും വിമാനത്താവളങ്ങളും വൈദ്യുതിനിലയങ്ങളുമെല്ലാം ചൈനീസ് എൻജിനീയർമാരുടെ നേതൃത്വത്തിൽ ചൈനീസ് തൊഴിലാളികൾ നിർമിച്ചുകൊടുക്കുകയാണ്. ചൈനയിൽനിന്ന് ഇറക്കുമതിചെയ്യുന്ന ഉരുക്കുകമ്പികളും സിമന്റും മറ്റു നിർമാണ സാമഗ്രികളുമാണ് അതിനുവേണ്ടി ഉപയോഗിക്കുന്നതും. 

ഇതിനുവേണ്ടി ചൈനയിൽനിന്നുതന്നെ വാങ്ങിക്കൊണ്ടിരിക്കുന്ന വായ്പകളുടെ ഭാരം പാക്കിസ്ഥാനെ കുഴക്കുന്നു. കയറ്റുമതി കുറയുകയും ഇറക്കുമതി വർദ്ധിക്കുകയും ചെയ്യുന്നതു വിദേശനാണയ കരുതൽ നിക്ഷേപത്തിൽ വൻതോതിലുള്ള ഇടിവുണ്ടാകാനും കാരണമായി. രണ്ടുമാസത്തേക്കുമാത്രം മതിയാകുന്ന കരുതൽ നിക്ഷേപമേ അവശേഷിക്കുന്നുളളൂവെന്നും റിപ്പോർട്ടുകളുണ്ട്.

China Pakistan

ഒടുവിൽ, കടക്കെണിയിൽനിന്നു രക്ഷപ്പെടാനാവാതെ പാക്കിസ്ഥാന്റെ വിലയേറിയ ആസ്തികൾ ചൈനയ്ക്കു തീരെഴുതിക്കൊടുക്കേണ്ടിവരുമോ എന്ന ആശങ്കയും ചില കേന്ദ്രങ്ങൾനിന്ന് ഉയർന്നിരിക്കുകയാണ്. അതിനുദാഹരണമായി അവർ ശ്രീലങ്കയുടെ അനുഭവം ചൂണ്ടിക്കാട്ടുന്നു. 

ശ്രീലങ്കയുടെ തെക്കു കിഴക്കു ഭാഗത്ത് ഇന്ത്യാസമുദ്ര തീരത്തുകിടക്കുന്ന ഹംബന്തോട ആഴക്കടൽ തുറമുഖം പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ ഭരണകാലത്തു ചൈനീസ് സഹായത്തോടെ നിർമിച്ചതാണ്. അതൊരു വെള്ളാനയായി മാറുകയും ചൈനയുടെ കടംവീട്ടാൻ പിൽക്കാലത്തെ ശ്രീലങ്ക ഗവൺമെന്റ്ിനു പ്രയാസം നേരിടുകയുംചെയ്തു. ഒടുവിൽ, കഴിഞ്ഞ വർഷം ജൂലൈയിൽ തുറമുഖത്തിന്റെ 70 ശതമാനം ഒാഹരി  99 വർഷത്തേക്കു ചൈനയ്ക്കു 112 കോടി ഡോളറിനു വിൽക്കേണ്ടിവന്നു. 

കടക്കെണിയിൽനിന്നു രക്ഷപ്പെടാനായി പാക്കിസ്ഥാന് ആയിരം കോടി ഡോളറിന്റെ അടിയന്തര വായ്പ അനുവദിക്കണമെന്ന ആവശ്യവുമായി രാജ്യാന്തര നാണയ നിധിയെ (എെഎംഎഫ്) സമീപിച്ചിരിക്കുകയാണ് ഇമ്രാന്റെ ധനമന്ത്രി അസദ് ഉമർ. എന്നാൽ, കർശനമായ നിബന്ധനകൾക്കു വിധേയമായിട്ടല്ലാതെ എെഎംഎഫ് ആർക്കും പണം നൽകാറില്ല. വായ്പ തിരിച്ചടക്കാനുള്ള കഴിവ് ഉറപ്പുവരുത്തുകയാണ് ഉദ്ദേശ്യം. 

videsarangam-china-pak (1)

ചൈനയിൽനിന്നു പാക്കിസ്ഥാൻ വാങ്ങിയ വായ്പകളുടെ കണക്കുകൾ, അതിനുവേണ്ടി സമ്മതിച്ച നിബന്ധനകൾ എന്നിവയെല്ലാം തങ്ങളെ അറിയിക്കണമെന്നാണ് എെഎംഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈന അതിനു സമ്മതിക്കുമോ ? ചൈന-പാക്ക് ബന്ധത്തെ ഇത് എങ്ങനെ ബാധിക്കുമെന്നതും ഇസ്ലാമാബാദിലെ പുതിയ ഗവൺമെന്റ് നേരിടുന്ന ഒരു പ്രശ്നമാണ്.