സിറിയ മൈനസ് യുഎസ്

സിറിയയിൽനിന്നു യുഎസ് ഭടന്മാർ തിരിച്ചുപോകുന്നതോടെ എെഎസ് വീണ്ടും ശക്തിപ്രാപിക്കുമെന്നു മാത്രമല്ല ട്രംപിന്റെ ഉപദേഷ്ടാക്കൾ ഭയപ്പെടുന്നത്. സിറിയയിൽ റഷ്യയുടെയും ഇറാന്റെയും സ്വാധീനം വർധിക്കുമെന്ന ഭീതിയും അവർക്കുണ്ട്

സിറിയയിൽനിന്ന് അമേരിക്കൻ ഭടന്മാരെ പിൻവലിക്കുകയാണെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം പലരെയും ആഹ്ളാദിപ്പിച്ചപ്പോൾ മറ്റു പലരെയും ഞെട്ടിക്കുകയാണ് ചെയ്തത്. ഞെട്ടിയവരിൽ ഒരാളാണ് ട്രംപിന്റെ പ്രതിരോധസെക്രട്ടറിയായ ജനറൽ ജിം മാറ്റിസ്. പിറ്റേന്നു തന്നെ മാറ്റിസ് രാജിക്കത്തുനൽകി.

രാജിയുടെ കാരണം അദ്ദേഹം കത്തിൽ വിശദീകരിച്ചിട്ടില്ല. എങ്കിലും, ട്രംപുമായി തനിക്ക് അഭിപ്രായ ഭിന്നതയുണ്ടെന്ന കാര്യം മറച്ചുവച്ചിട്ടുമില്ല. താനുമായി അഭിപ്രായ എെക്യമുള്ള ഒരാളെ ട്രംപിനു പ്രതിരോധ സെക്രട്ടറിയായി നിയമിക്കാൻ കഴിയുന്നതിനുവേണ്ടി െഫബ്രുവരിയിൽ സ്ഥാനമൊഴിയുന്നുവെന്നാണ് മാറ്റിസ് അറിയിച്ചത്.

സിറിയയിൽനിന്നു പെട്ടെന്നുള്ള സൈനിക പിന്മാറ്റം അപകടകരമാണെന്നു മാറ്റിസ് മാത്രമല്ല, മറ്റു ചില സീനിയർ ഉപദേഷ്ടാക്കളും ട്രംപിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുവരികയായിരുന്നു. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ, സിറിയൻ കാര്യത്തിലുള്ള പ്രസിഡന്റിന്റെ പ്രത്യേക ദൂതൻ ജിം ജെഫ്രി എന്നിവർ ഇക്കൂട്ടത്തിൽപ്പെടുന്നു. 

ജിം മാറ്റിസ്

പ്രസിഡന്റിന്റെ തീരുമാനത്തിൽ ഇവരെല്ലാവരും അസ്വസ്ഥരാണത്രേ. പരസ്യമായി പ്രതികരിച്ചിട്ടില്ലെന്നുമാത്രം. അതേസമയം, ട്രംപിന്റെ പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ-അവർ സാധാരണ ട്രംപിനെ അനുകൂലിച്ച് സംസാരിക്കുന്നവരുമാണ്- അദ്ദേഹത്തിന്റെ തീരുമാനത്തെ ആനമണ്ടത്തരമെന്ന മട്ടിൽ വിമർശിച്ചിട്ടുണ്ട്.

ആഹ്ളാദിക്കുന്നവരിൽ അധികവും അമേരിക്ക ശത്രുക്കളായി കാണുന്നവരാണ്-റഷ്യയും ഇറാനും സിറിയയിലെ പ്രസിഡന്റ് ബഷാർ അൽ അസദും. അമേരിക്കയുമായി ഇണങ്ങിയും പിണങ്ങിയും കഴിയുന്ന തുർക്കിയിലെ പ്രസിഡന്റ്് റസിപ് തയ്യിപ് എർദൊഗാനുമുണ്ട് സന്തോഷം.

ഇതെല്ലാം സൃഷ്ടിച്ച അങ്കലാപ്പിനിടയിൽ, അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക സാന്നിധ്യം വെട്ടിക്കുറക്കാനും ട്രംപ് ഒരുങ്ങുകയാണെന്ന്അഭ്യൂഹങ്ങൾ പരന്നിട്ടുണ്ട്. അമേരിക്കൻ വിദേശനയരംഗം  ഇത്രയും ആഴത്തിൽ ആശയക്കുഴപ്പത്തിലായ സന്ദർഭം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ട്രംപിന്റെ മുൻഗാമിയായ പ്രസിഡന്റ് ബറാക് ഒബാമയാണ് 2016 ൽ  ആദ്യമായി യുഎസ് ഭടന്മാരെ സിറിയയിലേക്ക് അയച്ചത്. സിറിയയിൽ അപ്പോൾ പ്രസിഡന്റ് അസദിന്റെ സൈന്യവും എതിരാളികളും തമ്മിലുള്ള ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊള്ളുകയായിരുന്നു. 

അതിനിടയിൽ  ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ അവിടെ ശക്തിപ്രാപിക്കുകയും ലോകത്തിനു പൊതുവിൽതന്നെ ഭീഷണിയാവുകയും ചെയ്തു. അവരെ തകർക്കുകയായിരുന്നു ഒബാമയുടെ ഉദ്ദേശ്യം. വടക്കു കിഴക്കൻ സിറിയയിൽ എെഎസുമായി പോരാടുന്ന കുർദുകെൾക്കു പരിശീലനവും ഉപദേശവും നൽകാനായി അഞ്ഞൂറിൽ താഴെ ഭടന്മാരെയാണ് ഒബാമ അയച്ചത്. ട്രംപിന്റെ കാലത്ത് അവരുടെ എണ്ണം  രണ്ടായിരത്തിലധികമായി. 

ഐഎസിന്റെ മേൽ അമേരിക്ക വിജയം നേടിയെന്നും  അതിനാൽ യുഎസ് ഭടന്മാർ ഇനിയും സിറിയയിൽനിൽക്കേണ്ട ആവശ്യമില്ലെന്നും  ട്രംപ് കരുതുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്  അവരെ പൂർണമായും  വേഗത്തിലും മടക്കിവിളിക്കുകയാണെന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച (ഡിസംബർ 19)  ട്വിറ്ററിലൂടെ പെട്ടെന്ന് അദ്ദേഹം ലോകത്തെ അറിയിച്ചത്.

സിറിയയുടെയും തൊട്ടടുത്തുളള ഇറാഖിലെയും പ്രദേശങ്ങൾ ഐഎസ് ഒന്നൊന്നായി വെട്ടിപ്പിടിച്ചതു മധ്യപൂർവദേശത്ത് അടുത്ത കാലത്തുണ്ടായ ഏറ്റവും ആശങ്കാജനകമായ സംഭവ വികാസങ്ങളിൽ ഒന്നായിരുന്നു.  അവിടെ അവർ സ്വന്തം രാഷ്ട്രം (ഖിലാഫത്ത്) സ്ഥാപിക്കുകയുമുണ്ടായി. ഭീകരമായ അക്രമങ്ങൾ അഴിച്ചുവിട്ടതു കാരണം  അവർക്ക് എല്ലാ ഭാഗങ്ങളിൽനിന്നും തിരിച്ചടിയേൽക്കാനും താമസമുണ്ടായില്ല.

തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്ന റഖ ഉൾപ്പെടെ സിറിയയിൽ  പിടിച്ചടക്കിയിരുന്ന പ്രദേശങ്ങളിൽ മിക്കതും അവർക്കു നഷ്ടപ്പെട്ടു. കുർദ് പോരാളികളോടൊപ്പം ചേർന്ന് അവരെ തുരത്തുന്നതിൽ യുഎസ് ഭടന്മാർ നിർണായക പങ്കു വഹിച്ചുവെന്നും വിലയിരുത്തപ്പെടുന്നു.  

എന്നാൽ, ചില പോക്കറ്റുകളിൽ ഐഎസ് ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അവർ വീണ്ടും ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും ട്രംപിനെ ബോധ്യപ്പെടുത്താൻ അദ്ദഹത്തിന്റെ  ഉപദേഷ്ടാക്കൾ ശ്രമിച്ചുവരികയായിരുന്നു. അവരെ തീർത്തുംഅവഗണിച്ചുകൊണ്ടാണ് എെഎസിന്റെ മേൽ വിജയം നേടിയെന്ന അദ്ദേഹത്തിന്റെ അവകാശവാദം.

ഇറാഖ് യുദ്ധത്തിന്റെ ആരംഭഘട്ടത്തിൽ, 2003 മേയ് ഒന്നിന്, അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ബുഷ് നടത്തിയ സമാനമായ അവകാശവാദവുമായി ഇതിനെ താരതമ്യം ചെയ്യുന്നവരുണ്ട്. ഇറാഖിനെ ആക്രമിക്കുകയും പ്രസിഡന്റ് സദ്ദാം ഹുസൈനെ മറിച്ചിടുകയും ചെയ്ത ശേഷം ബുഷ് ഒരു യുദ്ധക്കപ്പലിൽ പ്രത്യക്ഷപ്പെട്ടതു  ""ദൗത്യം വിജയിച്ചു'' എന്നെഴുതിയ ബാന്നറിന്റെ മുന്നിൽ നിന്നുകൊണ്ടായിരുന്നു.

അതൊരു ഭീമാബദ്ധമായിരുന്നുവെന്നു പിന്നീടു തെളിഞ്ഞു. ഇറാഖിൽ നിന്നു യുഎസ് ഭടന്മാരെ പിൻവലിക്കാനായതു പിന്നെയും എട്ടു വർഷങ്ങൾ കഴിഞ്ഞ ശേഷമാണ്. അതിനിടയിൽ ഒട്ടേറെ ഭടന്മാരെ ഇറാഖിൽ അമേരിക്കയ്ക്കു നഷ്ടപ്പെടുകയുംചെയ്തു.

സിറിയയിൽനിന്നു യുഎസ് സൈന്യത്തെ തിരിച്ചുകൊണ്ടുവരുമെന്നത് 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്കാലം മുതൽക്കേയുള്ള ട്രംപിന്റെ വാഗ്ദാനമായിരുന്നു. വിദേശങ്ങളിൽപോയി അമേരിക്ക യുദ്ധം ചെയ്യുന്നതിനോടുളള എതിർപ്പ് അദ്ദേഹം ഒരിക്കലും മറച്ചുവച്ചിരുന്നുമില്ല. എങ്കിലും, ഇതു സംബന്ധിച്ച് ട്രംപും ഉപദേഷ്ടാക്കളും തമ്മിലുണ്ടായ ഏറ്റവും ഒടുവിലത്തെ വിശദമായ ചർച്ചയ്ക്കൊടുവിൽ തീരുമാനിച്ചതു പെട്ടെന്ന് ഒന്നും ചെയ്യേണ്ടതില്ലെന്നായിരുന്നുവത്രേ. പുതിയ തീരുമാനം  പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപ് അവരുമായി ട്രംപ് കൂടിയാലോചിച്ചിരുന്നില്ലെന്നും പറയപ്പെടുന്നു.

തലേന്നു രാത്രിയാണത്രേ അവരെ വിവരം അറിയിക്കുകപോലും ചെയ്തത്. പ്രസിഡന്റിന്റെ പ്രഖ്യാപനം ഉണ്ടായ ശേഷം അതിന്റെ വിശദാംശങ്ങൾ മാധ്യമങ്ങൾക്കു വിവരിച്ചുകൊടുക്കാൻ പറ്റാതെ അവർ പരുങ്ങലിലായതായും റിപ്പോർട്ടുകളുണ്ട്.യുഎസ് ഭടന്മാർ തിരിച്ചുപോകുന്നതോടെ ഐഎസ് വീണ്ടും ശക്തിപ്രാപിക്കുമെന്ന ഭീതിമാത്രമല്ല അവർക്കുള്ളത്. സിറിയയിൽ റഷ്യയുടെയും ഇറാന്റെയും സ്വാധീനം വർധിക്കാനിടയുണ്ടെന്നും അവർ ഭയപ്പെടുന്നു. ഏഴു വർഷത്തെ ആഭ്യന്തര യുദ്ധത്തിനിടയിൽ നഷ്ടപ്പെട്ട പ്രദേശങ്ങളുടെ വലിയൊരു ഭാഗം സിറിയയിലെ പ്രസിഡന്റ്  അസദിന്റെ സൈന്യം തിരിച്ചുപടിച്ചിട്ടുള്ളതു റഷ്യയുടെയും ഇറാന്റെയും സഹായത്തോടെയാണ്.

സിറിയയിൽ ഇറാന്റെ സ്വാധീനം വർധിക്കുന്നതു സ്വാഭാവികമായും മധ്യപൂർവദേശത്തെ യുഎസ് താൽപര്യങ്ങൾക്കു ഭീഷണിയായേക്കാം. ആ പ്രശ്നം നിലനിൽക്കുന്നതുവരെ സിറിയയിൽനിന്നു യുഎസ് സൈന്യത്തെ പിൻവലിക്കില്ലെന്നു ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ കഴിഞ്ഞ സെപ്റ്റംബറിൽ തറപ്പിച്ചു പറഞ്ഞതും ഇപ്പോൾ ഒാർമിക്കപ്പെടുന്നു. 

ഇറാനോടുള്ള ട്രംപിന്റെ എതിർപ്പ് സുവിദിതമാണ്. ഇറാനുമായുള്ള 2015ലെ ആണവ കരാറിൽനിന്ന് അമേരിക്കയെ  വേർപെടുത്താൻ അദ്ദേഹത്തിനു മടിയുണ്ടായില്ല. ഇറാനെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധത്തിൽ ആ കരാർ പ്രകാരം അയവുവരുത്തിയിരുന്നത് അദ്ദേഹം റദ്ദാക്കുകയും ചെയ്തു. 

ട്രംപിനെ അതിനു പ്രേരിപ്പിച്ചത് ആണവ കരാറിനോടുള്ള എതിർപ്പ്മാത്രമല്ല. സിറിയയിൽ ഇറാൻ ഇടപെടുന്നതിലുള്ള രോഷവും അതിൽ പങ്കു വഹിക്കുകയുണ്ടായി. സിറിയ-റഷ്യ-ഇറാൻ കൂട്ടുകെട്ട് മധ്യപൂർവദേശത്തെ യുഎസ് താൽപര്യങ്ങളെ അപകടത്തിലാക്കുമെന്നാണ് അദ്ദേഹവും ഉറച്ചുവിശ്വസിക്കുന്നത്.

സിറിയയിലെ യുഎസ് സൈനിക സാന്നിധ്യം ഇൗ പശ്ചാത്തലത്തിലും സുപ്രധാനമാണെന്നു വിലയിരുത്തപ്പെടുകയായിരുന്നു. എന്നാൽ, ഭടന്മാരെ പൂർണമായും വേഗത്തിലും പിൻവലിക്കുകയാണെന്ന ട്രംപിന്റെ പ്രഖ്യാപനം അതുമായി ഒട്ടും പൊരുത്തപ്പെടുന്നില്ല. 

സിറിയയുമായി അതിർത്തി പങ്കിടുന്ന ഇസ്രയേൽ പ്രത്യേകിച്ചും ആശങ്കപ്പെടാനിടയുണ്ട്. ഇറാൻ അനുകൂലികളും ഇസ്രയേൽ വിരുദ്ധരുമായ ഹിസ്ബുല്ല എന്ന ലെബനീസ് സായുധ സംഘടനയും അസദിനുവേണ്ടി സിറിയയിൽ സജീവമായി പ്രവർത്തിക്കുന്നതായി  ഇസ്രയേലിനു പരാതിയുണ്ട്.  അവരെ ചെറുക്കാനും സിറിയയിലെ യുഎസ് സൈനിക സാന്നിധ്യം ഉപകരിക്കുമെന്നു കരുതുകയായിരുന്നു  ഇസ്രയേലും അമേരിക്കയിലെതന്നെ പലരും. 

സിറിയയിൽനിന്നുള്ള സൈനിക പിൻമാറ്റം പ്രഖ്യാപിക്കുന്നതിനുമുൻപ് ട്രംപ് അമേരിക്കയുടെ സഖ്യരാജ്യങ്ങളുമായി കൂടിയാലോചനകൾ നടത്തിയതായി സൂചനകളില്ല. എന്നാൽ, അതിനു നാലു ദിവസംമുൻപ് തുർക്കി പ്രസിഡന്റ് റസിപ് തയ്യിപ് എർദൊഗാനെ ഫോണിൽ വിളിച്ചു വിവരം അറിയിക്കുകയുണ്ടായി. ഇതും ട്രംപിന്റെ ഉപദേഷ്ടാക്കളിൽ പലരെയും അമ്പരപ്പിച്ചുവത്രേ.

പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയിൽ അമേരിക്കയോടൊപ്പം തുർക്കി അംഗമാണെങ്കിലും സിറിയയിൽ അവരുടെ താൽപര്യങ്ങൾ തമ്മിൽ ഇടയുകയുണ്ടായി. വൈപിജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കുർദ് പോരാളികളോടൊപ്പം ചേർന്നാണ് യുഎസ് സൈന്യം വടക്കു കിഴക്കൻ സിറിയയിൽ എെഎസിനെ തുരത്തിയത്. എന്നാൽ, ഇൗ കൂട്ടുകെട്ട് തുർക്കിയെ അസ്വസ്ഥമാക്കുന്നു.

കാരണം വൈപിജിയെ തുർക്കി കാണുന്നതു തെക്കൻ തുർക്കിയിലെ വിഘടന വാദികളായ പികെകെ എന്ന തീവ്രവാദി സംഘടനയുടെ ഭാഗമായിട്ടാണ്. അമേരിക്കയുമായുള്ള കൂട്ടുകെട്ട് അവർക്കു ശക്തി പകരുകയാണെന്നു തുർക്കി കരുതുന്നു. അതിർത്തി കടന്ന് അവരെ ആക്രമിക്കാനായി സ്വന്തം സൈന്യത്തെ അയക്കുമെന്നു എർദൊഗാൻ പല തവണ ഭീഷണിപ്പെടുത്തുകയുമുണ്ടായി. 

അതിനാൽ, സിറിയയിൽനിന്നു യുഎസ് സൈന്യം ‌പോവുകയാണെന്നത് സ്വാഭാവികമായും തുർക്കിയെ ആഹ്ളാദിപ്പിക്കുന്നുണ്ടാവും. അവർ പോയിക്കഴിഞ്ഞ ഉടനെ വൈപിജിക്കെതിരെ തുർക്കി ആക്രമണം ആരംഭിക്കാനുള്ള സാധ്യതയുമുണ്ട്.

അഫ്ഗാനിസ്ഥാനിൽനിന്നും യുഎസ് സൈന്യത്തെ പിൻവലിക്കാൻ ട്രംപ് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയതു സിറിയയിൽ നിന്നുള്ള പിന്മാറ്റത്തെപ്പറ്റി അദ്ദേഹം നടത്തിയ പ്രഖ്യാപനത്തിന്റെ തൊട്ടുപിന്നാലെയാണ്. നിലവിലുള്ള 14000 ഭടന്മാരിൽ പകുതിയോളം പേരെ ഉടൻ മടക്കിവിളിക്കുമത്രേ.

അമേരിക്കൻ പട്ടാളക്കാർ അഫ്ഗാനിസ്ഥാനിൽ എത്തിയിട്ട് ഇപ്പോൾ 17 വർഷമാകുന്നു. യുഎസ് ചരിത്രത്തിലെ ഏറ്റവും നീണ്ട യുദ്ധമെന്ന പേരും അതിനിടയിൽ അഫ്ഗാൻ യുദ്ധം നേടി. അവരെ  തിരിച്ചുകൊണ്ടുവരുമെന്നതും ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

പക്ഷേ, അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇപ്പോൾ അതിന് അനുവദിക്കുന്നില്ലെന്ന നിലപാടിലാണ് അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കൾ. അക്കൂട്ടത്തിലും മുൻപനായിരുന്നു പ്രതിരോധ സെക്രട്ടറി പദത്തിൽനിന്നു രാജി പ്രഖ്യാപിച്ചിട്ടുള്ള ജിം മാറ്റിസ്.