അമേരിക്കയിലെ എട്ടു ലക്ഷം കേന്ദ്ര ഗവൺമെന്റ് ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കുകയോ ശമ്പളമില്ലാതെ ജോലിചെയ്യുകയോ ചെയ്യാൻ തുടങ്ങിയിട്ട് ഇൗ ശനിയാഴ്ച (ജനുവരി 12) ഇരുപത്തിരണ്ടു ദിവസമാകുന്നു. 22 വർഷം മുൻപ് പ്രസിഡന്റ് ബിൽ ക്ളിന്റന്റെ ഭരണകാലത്തു ഇതുപോലൊരു സ്ഥിതി നീണ്ടുനിന്നതു 21 ദിവസമായിരുന്നു. ആ റെക്കോഡാണ് ഇപ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണത്തിൽ മറികടക്കപ്പെട്ടിരിക്കുന്നത്. മാസങ്ങളോ വർഷങ്ങളോപോലും ഇതു നീണ്ടുനിന്നേക്കാമെന്നു ട്രംപ്തന്നെ പറഞ്ഞത് ഒാർമിക്കപ്പെടുന്നു.
ട്രംപാണ് ഇതിന് ഉത്തരവാദിയെന്ന് അമേരിക്കയിലെ ഭൂരിപക്ഷം പേരും കുറ്റപ്പെടുത്തുന്നുവെന്നാണ് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്. പ്രതിപക്ഷ ഡമോക്രാറ്റിക് പാർട്ടിയെ പഴിചാരുന്നുവരുമുണ്ട്. ഇവർ തമ്മിലുള്ള തർക്കമാണ് ഇതിനു കാരണമെന്ന കാര്യത്തിൽ ആർക്കും സംശയവുമില്ല.
തെക്കു ഭാഗത്തെ മെക്സിക്കോ അതിർത്തിയിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ മതിൽ കെട്ടിയേ തീരൂവെന്നു വാദിക്കുകയാണ് ട്രംപ്. 2016ൽ പ്രസിഡന്റ്
തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന കാലം മുതൽക്കേ അദ്ദേഹം ഏറ്റവും ശക്തമായി ഉന്നയിച്ചുകൊണ്ടിരുന്ന കാര്യങ്ങളിൽ ഒന്നാണിത്. മതിലിനുവേണ്ടി കോൺഗ്രസ് (പാർലമെന്റ്) 570 കോടി ഡോളർ അുനുവദിക്കണമെന്നും ട്രംപ്് ആവശ്യപ്പെടുന്നു.
അത്രയും തുക ബജറ്റിൽ ഉൾപ്പെടുത്താൻ പക്ഷേ, കോൺഗ്രസ്സിലെ ഡമോക്രാറ്റിക് അംഗങ്ങൾ സമ്മതിക്കുന്നില്ല. എങ്കിൽ അതുൾപ്പെടാത്ത ബജറ്റിനു അംഗീകാരം നൽകാൻ ട്രംപും വിസമ്മതിക്കുന്നു.
ഇതു കാരണം ഗവൺമെന്റിലെ ഒൻപതു ഡിപ്പാർട്ടുകൾക്കും ഒട്ടേറെ ഏജൻസികൾക്കും പ്രവർത്തിക്കാൻ ആവശ്യമായ പണം കിട്ടാതായി. അവയിലെ എട്ടു ലക്ഷം ജീവനക്കാർ മൊത്തം കേന്ദ്ര ജീവനക്കാരുടെ നാലിലൊന്നുവരും. അവരിൽ പകുതിയിലേറെ പേർ ഇക്കഴിഞ്ഞ ഡിസംബർ 22 മുതൽ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ നിർബന്ധിതരായി. ബാക്കിയുള്ളവർ ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്.
അവരുടെ ക്രിസ്മസ് അങ്ങനെ സന്തോഷരഹിതമായി. വർഷാവസാന അവധിക്കുശേഷം കോൺഗ്രസ് വീണ്ടും സമ്മേളിക്കുമ്പോൾ പ്രശ്ന പരിഹാരമുണ്ടൊകുമെന്നു കരുതിയവർക്കും നിരാശയാണുണ്ടായത്. ഒത്തുതീർപ്പിനുവേണ്ടി ട്രംപും ഡമോക്രാറ്റിക് പാർട്ടി നേതാക്കളും തമ്മിൽ നടന്ന ചർച്ചകൾ അവസാനിച്ചത് ഇരുപക്ഷത്തിന്റെയും നിലപാടുകൾ പൂർവാധികം കടുപ്പിച്ചുകൊണ്ടാണ്. പ്രതിനിധി സഭയിലെ ഡമോക്രാറ്റിക് പാർട്ടിക്കാരിയായ സ്പീക്കർ നാൻസി പെലോസി, സെനറ്റിലെ ഡമോക്രാറ്റിക് പാർട്ടി നേതാവ് ചക്ക് ഷുമർ എന്നിവരുമായി ഇക്കഴിഞ്ഞ ബുധനാഴ്ച (ജനുവരി ഒൻപത്്) നടന്ന ചർച്ചയിൽനിന്നു ട്രംപ് പെട്ടെന്നു "ബൈബൈ' പറഞ്ഞ് ഇറങ്ങിപ്പോയി.
തന്റെ ആവശ്യം നടന്നുകിട്ടുന്നതിനുവേണ്ടി ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ. അങ്ങനെ ചെയ്താൽ പ്രതിരോധം ഉൾപ്പെടെയുള്ള മറ്റുകാര്യങ്ങൾക്കു നീക്കിവച്ച പണമെടുത്തു മതിൽ നിർമാണം നടത്താനാവുമത്രേ. പക്ഷേ, അതു കോടതികളിൽ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്. അതിനാൽ ട്രംപ് സംശയിച്ചു നിൽക്കുകയാണെന്നും പറയപ്പെടുന്നു.
ട്രംപിനെ സംബന്ധിച്ചിടത്തോളം ഇൗ മതിൽ ഏറ്റവും വലിയ അഭിമാന പ്രശ്നമായി മാറിയിരിക്കുന്നുവെന്നതാണ് വാസ്തവം. മതിൽ നിർമാണം നടക്കാതിരിക്കുന്നതു രാജ്യം നേരിടുന്ന വളരെ ഗുരുതരമായ ഒരു പ്രതിസന്ധിയാണെന്നും അദ്ദേഹം കരുതുന്നു. അക്കാര്യം വ്യക്തമാക്കുന്നതായിരുന്നു ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ജനുവരി എട്ട്) രാത്രി വൈറ്റ്ഹൗസിലെ ഒാവൽ ഒാഫീസിൽനിന്ന് അദ്ദേഹം രാഷ്ട്രത്തോടായി ചെയ്ത പ്രസംഗം. എല്ലാ ടിവി ചാനലുകളും അതു പൂർണമായി സംപ്രേക്ഷണം ചെയ്തു.
അമേരിക്കൻ പ്രസിഡന്റിന്റെ അധികാരത്തിന്റെ ആസ്ഥാനമാണ് ഒാവൽ ഒാഫീസ്. ചരിത്ര മുഹൂർത്തങ്ങളിലും അടിയന്തര പ്രാധാന്യം അർഹിക്കുന്ന സന്ദർഭങ്ങളിലും മാത്രമാണ് പ്രസിഡന്റുമാർ അവിടെയിരുന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്യുക പതിവ്. ക്യൂബയിൽ സോവിയറ്റ് യൂണിയൻ വിന്യസിപ്പിച്ച ആണവ മിസൈലുകൾ അമേരിക്കയ്ക്ക് എത്രമാത്രം ഭീഷണിയാണെന്നു 1962ൽ പ്രസിഡന്റ് ജോൺ കെന്നഡി ജനങ്ങളെ അറിയിച്ചത് അത്തരമൊരു പ്രസംഗത്തിലൂടെയായിരുന്നു.
പ്രസിഡന്റ് റിച്ചഡ് നിക്സൻ 1974ൽ രാജി പ്രഖ്യാപിച്ചതും കുവൈത്ത് പിടിച്ചടക്കിയ ഇറാഖ് സൈന്യത്തിനെതിരെ 1991ൽ പ്രസിഡന്റ് ജോർജ് ബുഷ് സീനിയർ യുദ്ധപ്രഖ്യാപനം നടത്തിയതും ഒാവൽ ഒാഫീസിൽനിന്നുള്ള പ്രസംഗത്തിലൂടെയാണ്. 2001ൽ അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം പ്രസിഡന്റ് ബുഷ് ജൂനിയർ ചെയ്ത പ്രസംഗവും ഒാർമിക്കപ്പെടുന്നു.
എന്നാൽ, ട്രംപ് തന്റെ പ്രസംഗം ഉപയോഗിച്ചതു വിവാദ വിഷയമായ മെക്സിക്കോ അതിർത്തി മതിലിനെക്കുറിച്ചുള്ള സ്വന്തം നിലപാട് ഒരിക്കൽ കൂടി ആവർത്തിക്കാൻ മാത്രമാണ്. മതിലിന്റെ ആശ്യകത ഉൗന്നിപ്പറയാനായി അനധികൃത കുടിയേറ്റത്തിന്റെ പ്രശ്നം അദ്ദേഹം പെരുപ്പിച്ചു കാണിക്കുകയും ഒട്ടേറെ അസത്യങ്ങളും അർദ്ധ സത്യങ്ങളും വിളമ്പുകയും ചെയ്തതായി പരാതിയുമുണ്ടായി.
കഴിഞ്ഞ 20 വർഷങ്ങളിലെ കണക്കുകൾ അനുസരിച്ച് അമേരിക്കയിൽ അനധികൃത കുടിയേറ്റം ഇപ്പോൾ ഏറ്റവും കുറവാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനിടയിലാണ് അതൊരു വൻപ്രശ്നമായി ട്രംപ് എടുത്തുകാട്ടുന്നത്. നിയമവിരുദ്ധ കുടിയേറ്റക്കാർ അമേരിക്കക്കാരെ നിഷ്ഠുരമായി കൊലചെയ്യുകയാണെന്നു പറയാനും അങ്ങനെ അമേരിക്കക്കാരിൽ ഭീതി ജനിപ്പിക്കാൻ ശ്രമിക്കാനും അദ്ദേഹം മടിച്ചില്ല.
മെക്സിക്കോ അതിർത്തിയിലുടെ ഭീകര പ്രവർത്തകർ അമേരിക്കയിലേക്കു പ്രവേശിക്കുന്നുവെന്നായിരുന്നു ട്രംപ് പറഞ്ഞ മറ്റൊരു കാര്യം. അമേരിക്കയിൽ ഭീകരാക്രമണം നടത്തുകയോ അതിനുവേണ്ടി ശ്രമിക്കുകയോ ചെയ്തവരിൽ ആരും മെക്സിക്കോ അതിർത്തി കടന്നുവന്നവരായിരുന്നില്ല എന്നതാണ് വാസ്തവം.
ഇൗ അതിർത്തിയിലൂടെയാണ് ഹെറോയിൻ പോലുള്ള ലഹരിമരുന്നുകളുടെ 90 ശതമാനവും അമേരിക്കയിൽ എത്തുന്നതെന്നു ട്രംപ് പറഞ്ഞതും ഖണ്ഡിക്കപ്പെടുന്നു. നിയമവിധേയമായി അമേരിക്കയിൽ പ്രവേശനം ലഭിക്കുന്ന സ്ഥലങ്ങൾ തന്നെ ലഹരിമരുന്നു കള്ളക്കടത്തിനുവേണ്ടി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്നതു രഹസ്യമല്ല.
മെക്സിക്കോയുമായുള്ള അതിർത്തിയിലൂടെ അമേരിക്കയിലേക്ക് ഒളിച്ചുകടക്കുന്നത് മെക്സിക്കോക്കാർ മാത്രല്ല. മെക്സിക്കോയുടെ തെക്കു ഭാഗത്തുള്ള ഹോൻഡുറസ്, എൽസാൽവദോർ, ഗ്വാട്ടിമാല തുടങ്ങിയ ദരിദ്രമായ മധ്യഅമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരും അമേരിക്കയിലേക്കു നുഴഞ്ഞകയറാൻ ഇൗ അതിർത്തി ഉപയോഗിക്കുന്നു.
അമേരിക്കയിൽ കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം ഇവരെല്ലാമാണെന്നാണ് ട്രംപിന്റെ ആരോപണം. ഇതും വസ്തുതകൾക്കു നിരക്കുന്നതല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അനധികൃത കുടിയേറ്റക്കാർ അധികമുള്ള യുഎസ് സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങൾ താരതമ്യേന കുറവാണത്രേ.
മെക്സിക്കോ അതിർത്തിയിൽ മതിൽ കെട്ടുമെന്നു 2016ൽ ട്രംപ് പറയാൻ തുടങ്ങിയതുമുതൽ എല്ലാവരും കരുതിയത് അതൊരു കോൺക്രീറ്റ് മതിലായിരിക്കുമെന്നാണ്. അങ്ങനെയല്ലെന്ന് അദ്ദേഹം ഒരിക്കലും വ്യക്തമാക്കിയിരുന്നില്ല. എന്നാൽ യുഎസ് നികുതിദായകരുടെ പണം കൊണ്ട് നിർമിക്കാൻ ഇപ്പോൾ അദ്ദേഹം തീരുമാനിച്ചിട്ടുള്ളത് ഉരുക്കു തൂണുകൾ അടുത്തടുത്തായി കുത്തിയുറപ്പിച്ചണ്ടാക്കുന്ന ഒരു വേലിക്കെട്ടാണത്രേ.
മതിൽ പണിയാനുള്ള സാഹചര്യം ഉണ്ടാക്കിയതു മെക്സിക്കോയാണെന്നും അതിനാൽ മതിൽ നിർമാണത്തിനുള്ള പണം മെക്്സിക്കോ തരണമെന്നുമായിരുന്നു ട്രംപിന്റെ വാദം. തന്നില്ലെങ്കിൽ താൻ വാങ്ങുമെന്ന് അദ്ദേഹം വീമ്പിളക്കുകയുമുണ്ടായി. മെക്സിക്കോ അതെല്ലാം ചിരിച്ചുതള്ളി.
തുടർന്നാണ് നികുതിയദായകരുടെ പണം തന്നെ അതിനുവേണ്ടി ഉപയോഗിക്കാൻ ട്രംപ് തീരുമാനിച്ചത്. മതിലിനുള്ള പണം മെക്സിക്കോയിൽ നിന്നു ഒന്നിച്ചു നേരിട്ടു വസൂലാക്കുമെന്നു താൻ ഒരിക്കലും പറഞ്ഞിരുന്നില്ലെന്ന ഒരു വിശദീകരണവും ട്രംപ് ഏറ്റവും ഒടുവിൽ പുറപ്പെടുവിച്ചിട്ടുണ്ട്. നേരിട്ടല്ലാതെയും ഗഡുക്കളായും വസൂലാക്കാനായിരുന്നുവത്രെ പരിപാടി.
അഭിമാനപ്രശ്നമായി മാറിക്കഴിഞ്ഞതിനാൽ മതിൽ നിർമാണത്തിൽനിന്നു പിന്മാറുകയെന്നത് ട്രംപിനു ചിന്തിക്കാൻ പ്രയാസമാണ്. തിരഞ്ഞെടുപ്പ്കാലത്തു തന്റെ ആരാധകരെ ഹരം പിടിപ്പിക്കാൻ അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്ന രണ്ടു മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു "ബിൽഡ് ദ വാൾ' (മതിൽ നിർമിക്കൂ) എന്നത്.
മറ്റേ മുദ്രാവാക്യം "ലോക്ക് ഹെർ അപ്' (അവരെ തുറങ്കിലിടൂ) എന്നായിരുന്നു. അതിനർഥം തന്റെ എതിർ സ്ഥാനാർഥിയായ ഹിലരി ക്ളിന്റനെ ജയിലിലാക്കണമെന്നായിരുന്നു. പൊതുയോഗങ്ങളിൽ പ്രസംഗിക്കുമ്പോൾ ട്രംപ് ഇൗ മുദ്രാവാക്യങ്ങൾ ആവർത്തിച്ചുചൊല്ലുകയും ആരാധകർ ആവേശപൂർവം ഏറ്റു ചൊല്ലുകയും ചെയ്യുകയായിരുന്നു പതിവ്.
്അതിനാൽ, മതിൽ ഉയരുന്നതുകാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ട്രംപിന്റെ ആരാധകർ. അവരെ നിരാശപ്പെടുത്തുന്ന കാര്യം അദ്ദേഹത്തിനു സങ്കൽപ്പിക്കാൻ പോലും വയ്യ. താനൊരു മണ്ടനാണെന്ന് അവർ കരുതുമോ എന്ന ഭയവും അദ്ദേഹത്തെ അലട്ടുകയാണെന്നു പലനിരീക്ഷകരും കരുതുന്നു.
അതേസമയം, ട്രംപിനെ സ്വന്തം ആരാധകർക്കിടയിൽ തന്നെ കൊച്ചാക്കിക്കാണിക്കാൻ ഡമോക്രാറ്റുകൾ ആഗ്രഹിക്കുന്നുവെന്നതും രഹസ്യമല്ല. ഡമോക്രാറ്റുകളെ, പ്രത്യേകിച്ച് മുൻ പ്രസിഡന്റ് ബറാക് ഒബാമയെ പരസ്യമായി ഇടിച്ചുതാഴ്ത്താൻ കിട്ടുന്ന ഒരവസരവും അദ്ദേഹം പാഴാക്കാത്ത സാഹചര്യത്തിൽ ഇത് ആരെയും അൽഭുതപ്പെടുത്തുന്നില്ല. മെക്സിക്കോ അതിർത്തിയിൽ ട്രംപ് പറയുന്നതു പോലുള്ള മതിൽ കെട്ടേണ്ട ആവശ്യമില്ലെന്നും അത് അധാർമികമാണെന്നുമുള്ള ശക്തമായ അഭിപ്രായവും ഡമോക്രാറ്റുകൾക്കിടയിലുണ്ട്.
പന്ത് ഇപ്പോൾ ഡമോക്രാറ്റുകളുടെ കോർട്ടിലാണെന്നാണ് ട്രംപിന്റെ വാദം. ട്രംപിന്റെ കോർട്ടിലാണെന്നു ഡമോക്രാറ്റുകളും വാദിക്കുന്നു. അതിനിടയിൽ എട്ടു ലക്ഷം യുഎസ് കേന്ദ്രജീവനക്കാർ ഇൗ സ്തംഭനാവസ്ഥ എപ്പോൾ തീരുമെന്നറിയാതെ പകച്ചുനിൽക്കുന്നു