ചേരമാൻ പെരുമാൾ ദുർഗാദേവി പ്രതിഷ്‌ഠയ്ക്കായി ഉദയനാപുരത്തും സുബ്രഹ്‌മണ്യനെ പ്രതിഷ്‌ഠിക്കുന്നതിനു കുമാരനല്ലൂരിലും ക്ഷേത്രങ്ങൾ നിർമിച്ചു. വിഗ്രഹങ്ങളുടെ നിർമാണവും ആരംഭിച്ചു. അക്കാലത്തു മധുരാപുരി രാജാവിന്റെ പരദേവതയായ മധുര മീനാക്ഷി വിഗ്രഹത്തിൽ നിന്നു മൂക്കുത്തി മോഷണം പോയി. ഇതു കണ്ടുപിടിക്കുന്നതിനായി ദേവീഭക്‌തനും മേൽശാന്തിയുമായ നമ്പൂതിരിയെ രാജാവ് ചുമതല ഏൽപിച്ചു. മൂക്കുത്തി കണ്ടെത്തുന്നതിനു 41 ദിവസത്തെ സാവകാശവും നൽകി. തെളിവുണ്ടാകാത്തപക്ഷം ശിരഛേദനം എന്ന കൽപനയും പ്രഖ്യാപിച്ചു. എന്നാൽ 40 ദിവസം പിന്നിട്ടിട്ടും മൂക്കുത്തി കണ്ടെത്താനായില്ല. ദുഃഖിതനായ നമ്പൂതിരി ഉറക്കത്തിൽ ലഭിച്ച അശരീരിയെ തുടർന്നു കുമാരനല്ലൂരിലേക്കു പുറപ്പെട്ടു. മുന്നിൽ വഴികാട്ടിയായിരുന്ന ദിവ്യചൈതന്യം ക്ഷേത്ര ശ്രീകോവിലിൽ എത്തി.
സുബ്രഹ്‌മണ്യനെ പ്രതിഷ്‌ഠിക്കുന്ന സമയത്തുണ്ടായ ഈ അദ്ഭുത തേജസ്സ് സുബ്രഹ്‌മണ്യന്റെ ചൈതന്യമാണെന്നു കണ്ട് വിഗ്രഹ പ്രതിഷ്‌ഠയ്‌ക്കുള്ള പൂജകൾ ആരംഭിച്ചു. എന്നാൽ ഈ സമയം ‘കുമാരനല്ല ഊരിൽ’ എന്ന അശരീരി ഉണ്ടായി. ഈ അശരീരി പിന്നീട് സ്‌ഥലനാമമായി. ഇവിടേക്കു നിർമിച്ച സുബ്രഹ്‌മണ്യ വിഗ്രഹം ഉദയനാപുരത്തു പ്രതിഷ്‌ഠിച്ചു. പകരം ദേവീവിഗ്രഹം കുമാരനല്ലൂരിലും പ്രതിഷ്‌ഠിച്ചു.