ചൈതന്യ-സമാന്ത വെഡ്ഡിങ്ങിന് പണം ആര് മുടക്കും?

സമാന്തയും നാഗചൈതന്യയും വിവാഹ നിശ്ചയവേളയിൽ

സമാന്തയുടെ കഴുത്തില്‍ നാഗചൈതന്യ മിന്നുകെട്ടുന്നതു കാണാൻ കാത്തിരിക്കുകയാണ് ടോളിവുഡ്. ഇരുവരുടെയും കല്ല്യാണമാണ് തെലുഗു സിനിമാലോകത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. ഒക്‌ടോബര്‍ ആറിനായിരിക്കും ഇരുവരുടെയും ഗംഭീര വിവാഹം എന്നാണ് വാര്‍ത്തകള്‍. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ശൈലിയില്‍ കിടുപരിപാടികളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. 

എന്നാല്‍ ഇപ്പോള്‍ സംസാരവിഷയമായിരിക്കുന്ന രസകരമായ കാര്യം ആരാണ് ഈ സെലിബ്രിറ്റി കല്ല്യാണം ഫണ്ട് ചെയ്യുക എന്നതാണ്. നേരത്തെ വന്ന വാര്‍ത്തകള്‍ അനുസരിച്ച് കുടുംബത്തെ ബുദ്ധിമുട്ടിക്കാതെ തങ്ങളുടെ കല്ല്യാണത്തിനു വേണ്ട എല്ലാ ചെലവുകളും വഹിക്കാനായിരുന്നു പ്രിയ താരങ്ങളുടെ പദ്ധതി. സ്വന്തം കയ്യില്‍ നിന്നു പണം മുടക്കി സ്വന്തം കല്ല്യാണം നടത്തുകയെന്ന ത്രില്ലിലായിരുന്നു താരങ്ങള്‍ എന്നും വാര്‍ത്ത വന്നു. 

എന്നാല്‍ ഇപ്പോള്‍ ഇതാ അതിനെ നിഷേധിച്ചു രംഗത്തെത്തിയിരിക്കുകയാണ് നാഗചൈതന്യ. എന്തിനാണ് ഞങ്ങള്‍ കല്ല്യാണത്തിന് ചെലവിടുന്നത്. അങ്ങനെ സ്വന്തം കാശെടുത്ത് കല്ല്യാണം നടത്തിയാല്‍ അതു രണ്ടുപേരുടെയും മാതാപിതാക്കള്‍ക്കു സങ്കടമാകില്ലേയെന്നാണ് ചൈതന്യയുടെ ചോദ്യം. കല്ല്യാണത്തിനുള്ള ചെലവുകള്‍ സ്വയം വഹിച്ചാല്‍ അതു തന്റെ അച്ഛന് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും എന്നും നാഗചൈതന്യ പറയുന്നു.

ബിഗ് ഡേക്കായുള്ള ഒരുക്കങ്ങളെല്ലാം ഇരുതാരങ്ങളുടെയും കുടുംബങ്ങള്‍ തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. മനസില്‍ തങ്ങളുടെ വിവാഹം എപ്പോഴേ കഴിഞ്ഞെന്നാണ് സമാന്ത അടുത്തിടെ പറഞ്ഞത്. കല്ല്യാണത്തിനു ശേഷവും സമാന്ത അഭിനയം തുടരുമെന്ന് ചൈതന്യ വ്യക്തമാക്കിയിട്ടുണ്ട്.

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam