പ്രിയാമണിയുടെ വിവാഹ റിസപ്ഷനു കിടിലൻ സർപ്രൈസ് ഒരുക്കി പൂർണിമ!

പൂർണിമയ്ക്കൊപ്പം പ്രിയാമണി

ഡിഫോർ ഡാൻസ് വേദികളിൽ കിടിലൻ ലുക്കിൽ എത്തിയിരുന്ന പ്രിയാമണി തന്റെ വിവാഹത്തിനും അതുപോലെ അണിഞ്ഞൊരുങ്ങിയായിരിക്കും വരിക എന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. എന്നാൽ ആഭരണങ്ങളുടെയോ ഫാഷന്റെയോ അകമ്പടിയില്ലാതെ തീർത്തും ലളിതമായൊരു വിവാഹമായിരുന്നു പ്രിയാമണിയുടെയും വ്യവസായി മുസ്തഫയുടെയും. പക്ഷേ റിസപ്ഷനില്‍ പ്രിയാമണി വീണ്ടും ഞെട്ടിച്ചു, നീല നിറത്തിലുള്ള ക്രോപ്ടോപ്പിലും സ്കർട്ടിലും താരം അതിസുന്ദരിയായി. പ്രിയകൂട്ടുകാരിയുടെ വിവാഹ വിരുന്നുവസ്ത്രത്തെ അതിഗംഭീരമാക്കിയത് നടിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്താണ്. പ്രിയാമണിക്കായി ചില സർപ്രൈസുകളും പൂർണിമ തന്റെ ഡിസൈനിൽ ഒരുക്കിയിരുന്നു. 

പൂർണിമ ഡിസൈൻ ചെയ്ത പ്രിയാമണിയുടെ റിസപ്ഷൻ വസ്ത്രം

വിവാഹം ഉറപ്പിച്ച സമയത്തു തന്നെ റിസപ്ഷൻ വസ്ത്രം പൂർണിമ തന്നെ ഡിസൈൻ ചെയ്യണമെന്ന് പ്രിയാമണി പറഞ്ഞിരുന്നുവത്രേ. എന്നാൽ ഒരു സെലിബ്രിറ്റി ആയിട്ടുപോലും വസ്ത്രം എങ്ങനെയായിരിക്കണമെന്ന യാതൊരു നിബന്ധനകളും പ്രിയാമണിക്ക് ഇല്ലായിരുന്നുവെന്ന് പൂർണിമ പറയുന്നു. എന്തു ചെയ്താലും കുഴപ്പമില്ല, ഭംഗിയുള്ളൊരു ഡ്രസ് മതിയെന്നു മാത്രമായിരുന്നു പ്രിയ പറഞ്ഞത്. അത്രയും വിശ്വാസത്തോടെ യാതൊരു നിർബന്ധങ്ങളുമില്ലാതെ ഏൽപിച്ചതുകൊണ്ട് നല്ല ടെൻഷൻ ഉണ്ടായിരുന്നുവെന്നു പറയുന്നു പൂർണിമ.

ഒരു സെലിബ്രിറ്റി ആയിട്ടുപോലും വസ്ത്രം എങ്ങനെയായിരിക്കണമെന്ന യാതൊരു നിബന്ധനകളും പ്രിയാമണിക്ക് ഇല്ലായിരുന്നുവെന്ന് പൂർണിമ പറയുന്നു..

' പ്രിയാമണിയെ പോലൊരു സെലിബ്രിറ്റിക്കു വിവാഹത്തിനു വേണ്ടി ഡിസൈനറെ തിരഞ്ഞെടുക്കുമ്പോൾ നിരവധി ഓപ്ഷനുകൾ ഉണ്ടായിരുന്നു, അതൊന്നും തേടാതെ എന്നെത്തന്നെ തിരഞ്ഞെടുത്തപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണുണ്ടായത്, മാത്രമല്ല അതെനിക്കു കിട്ടിയൊരു അംഗീകാരം കൂടിയാണ്. നേരത്തെയും പ്രിയാമണിക്കു ഡിഫോർ ഡാൻസിനു വേണ്ടി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരുന്നു, അന്നും യാതൊരു പരാതികളും പറഞ്ഞു കേട്ടിട്ടില്ല, തനിക്കു കംഫർട്ടബിൾ ആയിരിക്കണമെന്നു മാത്രമേ കക്ഷിക്കുള്ളു. അതുകൊണ്ടുതന്നെ പരമാവധി ഭംഗിയോടെ ചെയ്യണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. 

ആഭരണങ്ങളുടെയോ ഫാഷന്റെയോ അകമ്പടിയില്ലാതെ തീർത്തും ലളിതമായൊരു വിവാഹമായിരുന്നു പ്രിയാമണിയുടെയും വ്യവസായി മുസ്തഫയുടെയും...

പ്രിയയ്ക്കു നീല നിറത്തോടുള്ള പ്രണയം അറിയാവുന്നതുകൊണ്ട് ഔട്ട്ഫിറ്റിന്റെ നിറത്തിന്റെ കാര്യത്തില്‍ ആദ്യം മുതൽക്കേ സംശയമേ ഉണ്ടായില്ല. പ്രിയയ്ക്കു സർപ്രൈസായി ഇരുവരുടെയും പേരുകളും തുന്നിച്ചേർത്തിരുന്നു. ക്രിസ്റ്റൽ സ്റ്റോണുകളും സീക്വൻസുകളും എംബ്രോയ്ഡറിയുമൊക്കെയുള്ള പൂർണമായും ഹാൻഡ്‌വർക്കിൽ ചെയ്തെടുത്ത വസ്ത്രമാണത്. 

പ്രിയാമണിക്കും മുസ്തഫയ്ക്കുമൊപ്പം സജ്ന നജാമും ഭാവനയും

അതിലെ ത്രീഡി ചിത്രശലഭമൊക്കെ പ്രിയ ഒരു മൃഗസ്നേഹിയായതുകൊണ്ടു മാത്രം തുന്നിച്ചേർത്തതാണ്. പിന്നെ ബാക്‌ലെസ് േടാപ് ആണെന്ന് ആദ്യകാഴ്ചയില്‍ തോന്നുമെങ്കിലും പുറകിൽ നിറത്തോടു ചേർന്ന ഫാബ്രിക് ഉണ്ട്. സാധാരണ എല്ലാ പെൺകുട്ടികൾക്കും ഞാന്‍ ഒന്നിലധികം വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാറുണ്ട്, അതിൽ നിന്നൊന്നു തിരഞ്ഞെടുക്കുകയാണു ചെയ്യാറ്. പ്രിയാമണി ഈ ഡിസൈൻ ഇട്ടു കഴിഞ്ഞപ്പോൾ തന്നെ മറ്റേതും കാണേണ്ടെന്നാണു പറഞ്ഞത്, അത്രയേറെ ഇഷ്പ്പെട്ടിരുന്നു അത്.''- പൂർണിമ പറഞ്ഞു.

വിവാഹ വേദികളിൽ ഗൗണ്‍ തരംഗമാകുന്നതിനെക്കുറിച്ചും പൂർണിമ പറഞ്ഞു. ''വിവാഹത്തിനു ചടങ്ങുകൾ ഏറെയുള്ള കാലമാണിത്. വിവാഹം ഉറപ്പിക്കുന്ന ദിവസവും വിവാഹദിനവും മാത്രമല്ല വിവാഹത്തലേന്ന് ഹൽദി, സംഗീത് സെറിമണികളില്‍ തുടങ്ങി ഇരുവീടുക‌ളിലെയും റിസപ്ഷനുകളും കൂടിയാകുമ്പോൾ വരനും വധുവിനും അത്രയും വൈവിധ്യമായ വസ്ത്രങ്ങളും വേണം. വിവാഹദിനത്തിൽ മാത്രം പരമ്പരാഗത വസ്ത്രത്തിൽ അവതരിക്കുന്ന വധു അതിനുമുമ്പും ശേഷവുമുള്ള ചടങ്ങുകള്‍ക്കായി ഗൗണുകളാണ് കൂടുതലും തിരഞ്ഞെടുക്കാറുള്ളത്. വരന്മാരുടെ സ്യൂട്ടുകൾക്കും കുർത്തികൾക്കുമൊപ്പം കൂടുതൽ ചേരുന്നതു ഗൗണ്‍ ആയതുകൊണ്ടാകാം ഇത്രയേറെ ഇഷ്ടക്കാർ കൂടുതൽ.''

Read more: Lifestyle Malayalam Magazine