സ്റ്റൈൽ ഐക്കണായി ബോളിവുഡ് അംഗീകരിച്ച ദീപികാ പദുക്കോണിനു ഫാഷൻ സെൻസില്ലെന്നു പറഞ്ഞയാളാണു സോനം കപൂർ. ഈ ‘അഹങ്കാരം’ സോനത്തിന് എവിടുന്ന് കിട്ടിയെന്നു പക്ഷേ, ആരും ചോദിച്ചില്ല. ഇങ്ങനെയൊരു കമന്റ് നടത്താൻ ആർക്കെങ്കിലും അർഹത ഉണ്ടെങ്കിൽ അതു സോനത്തിനു മാത്രമാണെന്നു ഫാഷൻ നിരീക്ഷകർ പറയുന്നു.
ബോളിവുഡിൽ ഏറ്റവും കൂടുതൽ ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്ന നടിയാണു സോനം. ഓരോ ദിവസവും ഓരോ ലുക്ക്. ഇന്ന് ട്രഡീഷനലാണെങ്കിൽ നാളെ ഇന്തോ വെസ്റ്റേൺ... മറ്റന്നാൾ റെട്രോ. വസ്ത്രങ്ങൾ മാത്രമല്ല ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിലും ഒന്നൊന്നര സെൻസാണ് സോനത്തിന്. സോനത്തിന്റെ സ്റ്റൈൽ ബുക്കിൽനിന്ന് ആർക്കും അനുകരിക്കാവുന്ന ജ്വല്ലറി ടിപ്സ്...
ചോക്കർ നെക്‌ലസ്
നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ ഫാഷൻ പ്രേമികളുടെ കഴുത്തിൽ മുറുകെ പിടിച്ചിരിക്കുന്ന ചോക്കർ സോനത്തിന്റെ ഇഷ്ട ആഭരണങ്ങളിൽ ഒന്നാണ്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അനാമിക ഖന്നയുടെ ഡ്രേപ് ഔട്ട്ഫിറ്റിനൊപ്പം പരമ്പരാഗത ഡിസൈനിലുള്ള ചോക്കർ ധരിച്ചാണു സോനം തിളങ്ങിയത്. സാരി, കുർത്തി, ജീൻസ്, ഡിസൈനർ വെയർ തുടങ്ങി ഏതുതരം വസ്ത്രത്തൊടൊപ്പവും ചോക്കർ അണിയാമെന്നാണു സോനത്തിന്റെ സ്റ്റൈൽ മന്ത്ര. ചോക്കറിനൊപ്പം ലോ ബൺ, ഹൈ ബൺ ഹെയർസ്റ്റൈലാണു നല്ലത്. മുടി അഴിച്ചിടുകയാണെങ്കിൽ രണ്ടറ്റവും പുറകിലേക്കിടാം. എല്ലാ കണ്ണുകളും ചോക്കറിലെത്തട്ടേ..
ട്രഡീഷനൽ+ വെസ്റ്റേൺ
വെസ്റ്റേൺ വസ്ത്രങ്ങളോടൊപ്പം ട്രഡീനൽ ആഭരണങ്ങളിടാൻ എത്ര പേർ ധൈര്യപ്പെടും? ഇക്കാര്യത്തിൽ പുലിയാണു സോനം. ഇന്തോ വെസ്റ്റേൺ ഔട്ട്ഫിറ്റിനൊപ്പം കുന്ദൻ നെക്‌ലസ്, വെസ്റ്റേൺ ഗൗണുകൾക്കൊപ്പം ജുംക, ചന്താബലി ഇയർറിങ്സ്... സോനം പരീക്ഷിക്കാത്തവ ചുരുക്കം. ഈ ലുക്കിൽ ആഭരണങ്ങൾ അമിതമാകരുത്. ഒരു സ്റ്റേറ്റ്മെന്റ് ജ്വല്ലറി തന്നെ ധാരാളം.
ട്രെൻഡി പേൾ
പെണ്ണും പേളും തമ്മിലുള്ള പ്രേമം പണ്ടേ പ്രസിദ്ധമാണ്. മൾട്ടി ലെയർ പേൾ മാലകളാണ് സോനത്തിന്റെ ശേഖരത്തിൽ കൂടുതലും. മാലയ്ക്കു മാച്ചിങ് ആയ കമ്മൽ തന്നെ ഉപയോഗിച്ചാൽ ബഹളങ്ങൾ ഒഴിവാക്കാം. ഓവർസൈസ്ഡ് പേൾ ഇയർറിങ്സും ട്രൻഡിയാണ്. പല വലിപ്പത്തിലുള്ള മുത്തുകൾ ഇടകലർത്തിയും ലുക്ക് വ്യത്യസ്തമാക്കാം.
വെള്ളി
വെള്ളിയിൽ ട്രൈബൽ ഡിസൈനുകളോടാണു സോനത്തിനു പ്രിയം. പ്രശസ്ത ജ്വല്ലറി ബ്രാൻഡായ അമ്‌രപാലിയുടെ സ്റ്റേറ്റ്മെന്റ് പീസുകളുടെ കലക്‌ഷൻ തന്നെയുണ്ട് സോനത്തിന്. അൽപം മാച്ചിങ് സെൻസുണ്ടെങ്കിൽ പാന്റ്സ്, സാരി, ഗൗൺ തുടങ്ങി ഏതു വസ്ത്രത്തോടൊപ്പവും വെള്ളി അണിയാം.
Read more: Viral stories in Malayalam