ഇനി ഗുഡ്‌ലുക്ക് ഫീല്‍; സ്വന്തം ഫാഷന്‍ ലേബലുമായി അനുഷ്‌ക 

അനുഷ്‌ക ശര്‍മ

മോഡലാണ്, പേരെടുത്ത സിനിമാ താരമാണ്, നിര്‍മാതാവാണ്...ഇപ്പോള്‍ സ്വന്തം ഫാഷന്‍ ലേബലും. അനുഷ്‌ക ശര്‍മ്മയ്ക്ക് ഇത് എന്തായാലും നല്ല കാലം തന്നെ. സംരംഭകത്വം അനുഷ്‌ക ശര്‍മയ്ക്ക് പുത്തരിയൊന്നുമല്ല. വെറും 11 വയസ്സുള്ളപ്പോഴാണ് ബാംഗ്ലൂരില്‍ അനുഷ്‌ക സ്വന്തം സംരംഭം തുടങ്ങിയത്. അതും ബ്യൂട്ടി പാര്‍ലര്‍, സുഹൃത്തുക്കളോടൊത്ത്. അതിനുശേഷം ഒരു ലൈബ്രറിയും അതേ വയസ്സില്‍. 

2008ലായിരുന്നു അനുഷ്‌കയുടെ ബോളിവുഡ് അരങ്ങേറ്റം. അതിന് ശേഷം സ്വന്തം ഫിലിം പ്രൊഡക്ഷന്‍ കമ്പനി തുടങ്ങി. ക്ലീന്‍ സ്ലേറ്റ് ഫിലിംസ്, 2014ല്‍. ഇപ്പോഴിതാ സുദിതി ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി ചേര്‍ന്ന് സ്വന്തം അപ്പാരല്‍ ലൈന്‍ തുടങ്ങിയിരിക്കുന്നു, പേര് നഷ്. വന്‍കിട ബ്രാന്‍ഡുകള്‍ പ്രിയപ്പെട്ടതാണ് അനുഷ്‌കയ്ക്ക്. തന്റെ വ്യക്തിഗത ഫാഷന്‍ അഭിരുചിയും വിവിധ തലങ്ങളിലുള്ള സ്ത്രീകളുടെ ടേസ്റ്റും ഒരുമിച്ചു ചേര്‍ത്താണ് നഷിന് അനുഷ്‌ക ശര്‍മ്മ തുടക്കമിട്ടിരിക്കുന്നത്. റെഡി ടു വെയര്‍ ഡ്രസുകളായിരിക്കും പ്രധാന ബിസിനസ്. 

ഗുഡ്‌ലുക്ക് വരാന്‍ ഒരുപാട് എഫര്‍ട്ട് എടുക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നാണ് അനുഷ്‌കയുടെ നിലപാട്. അതുകൊണ്ടുതന്നെ സിംപിള്‍ ആയി ഗുഡ്‌ലുക്കിങ് അപ്പാരല്‍സാണ് അനുഷ്‌കയുടെ ബ്രാന്‍ഡ് ലഭ്യമാക്കുന്നത്. അത് എല്ലാവരുടെയും ബജറ്റില്‍ ഒതുങ്ങുന്നതുമായിരിക്കുമത്രെ. പ്രൈസിലും സ്റ്റൈലിലും വ്യത്യസ്തതയുണ്ടാകുമെന്നാണ് അനുഷ്‌കയുടെ അവകാശവാദം. 699 രൂപ മുതല്‍ 3,300 രൂപ വരെയുള്ള പ്രൈസ് റേഞ്ചിലുള്ള ഉല്‍പ്പന്നങ്ങളാണ് നഷിന്റെ പ്രധാന ബിസിനസ് ആകുക. 

കഴിഞ്ഞ നാലു വര്‍ഷമായി ഒരു ഫാഷന്‍ ബ്രാന്‍ഡിനെക്കുറിച്ചുള്ള ആലോചനയിലായിരുന്നു താനെന്ന് അനുഷ്‌ക പറയുന്നു. വസ്ത്രങ്ങളിലാണ് നമ്മുടെ ജീവിതം തന്നെ, നമ്മുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നത് വസ്ത്രങ്ങളാണ്. അതുകൊണ്ടുതന്നെ തന്റെ സംരംഭം ഇതിലായിരിക്കണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായം താരത്തിനുണ്ടായിരുന്നില്ല. ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഒരു ബ്രാന്‍ഡായി നഷ് മാറുമെന്നാണ് അനുഷ്‌കയുടെ വിശ്വാസം. അതേസമയം ശുദ്ധ വെജിറ്റേറിയനും മൃഗ സ്‌നേഹിയുമായതിനാല്‍ ഒരു മൃഗത്തിന്റെ തോലും തന്റെ ബ്രാന്‍ഡിന്റെ നിര്‍മാണത്തിനു വേണ്ടി ഉപയോഗിക്കില്ലെന്ന് അനുഷ്‌ക ഉറപ്പു പറയുന്നു. 

Read more: Lifestyle Malayalam Magazine