ബോളിവുഡിലെ ഏറ്റവും സെക്സിയായ സുന്ദരി ആരെന്നു ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ ഉത്തരം പറയാൻ കഴിയും അതു ബിപാഷ ബസു ആണെന്ന്. മോഡലിങ്ങിലൂടെ തുടക്കം കുറിച്ച് അഭിനയരംഗത്തെത്തി ബോളിവുഡിൽ ഇടംനേടിയ ബംഗാളി സുന്ദരി. ഫിറ്റ്നസിന്റെയും വർക്കൗട്ടിന്റെയുമൊക്കെ കാര്യത്തില്‍ ഒട്ടും കോപ്രമൈസ് ചെയ്യാറില്ല ഈ താരം. അതുതന്നെയാണ് ഇപ്പോഴും ബിപാഷയെ ബോളിവുഡിലെ ഫിറ്റ്നസ് സ്റ്റാര്‍ ആയി നിലനിർത്തുന്നതും. തിളക്കമാർന്ന മുഖവും മനോഹരമായ മുടിയിഴകളും ഫിറ്റായ ശരീരവുമൊക്കെ നിലനിർത്തി പോരാൻ ബിപാഷ ചില ചിട്ടയായ ശീലങ്ങളും പിന്തുടരാറുണ്ട്. ബിപാഷയുടെ ബ്യൂട്ടി സീക്രട്ടുകളിലേക്ക്...
ഓർഗാനിക് ബ്യൂട്ടി
മനോഹരവും മൃദുലവുമായ ചർമമാണ് ബിപാഷയുടേത്. പക്ഷേ എളുപ്പത്തിൽ ഡ്രൈ ആകുന്ന ചർമം ആയതുകൊണ്ടു തന്നെ മോയ്സചറൈസിങ്ങിന് വലിയ സ്ഥാനം കൊടുക്കുന്നയാളാണ് ബിപാഷ. അലോവേര, ആൽമണ്ട് പേസ്റ്റ്, കോക്കോ ബട്ടർ തുടങ്ങിയ നാടൻ ഉൽപന്നങ്ങളാണ് മോയ്സചറൈസിങ്ങിനായി ബിപാഷ തിരഞ്ഞെടുക്കാറുള്ളത്.
പതിനഞ്ചു ദിവസത്തിലൊരിക്കൽ ഓർഗാനിക് ഫേസ് സ്ക്രബും ദിവസവും ഓർഗാനിക് ഫേസ് വാഷും ഉപയോഗിക്കുന്നയാളാണ് ബിപാഷ. എന്നും കിടക്കാന്‍ പോകുന്നതിനു മുമ്പ് ക്ലെൻസിങ്ങും ടോണിങ്ങും മോയ്സ്ചറൈസിങ്ങും മുടക്കാറേയില്ല. ഉറങ്ങുംമുമ്പ് തന്റെ മുഖം മേക്അപ് ഫ്രീ ആണെന്ന് ഉറപ്പു വരുത്തുന്നത് ബിപാഷയ്ക്കു നിർബന്ധമാണ്. ഇനി തിരക്കുകളെല്ലാം ഒഴിഞ്ഞു വീട്ടിലിരിക്കുന്ന സമയമാണെങ്കിൽ മേക്അപ് സാധനങ്ങൾ തൊടാൻ പോലും ഇഷ്ടമില്ലാത്തയാളാണ് ബിപാഷ.
ആൽമണ്ട് തഴുകും മിഴികൾ
കണ്ണുകൾക്കു ചുറ്റുമുള്ള ചർമം ഏറെ സെന്‍സിറ്റീവാണ്. അതുകൊണ്ടാണ് പല ഫേസ്പാക്കുകളും ക്രീമുകളുമൊക്കെ പുരട്ടുമ്പോൾ നമ്മൾ കണ്ണിന്റെ ചുറ്റുമുള്ള ഭാഗം ഒഴിവാക്കുന്നത്. കണ്ണിനു താഴെ ചുളിവു വരാതിരിക്കാനും പ്രായക്കൂടുതൽ തോന്നാതിരിക്കാനുമൊക്കെയായി ബിപാഷ ചെയ്യുന്നത് സ്ഥിരമായി ആൽമണ്ട് ഓയിൽ പുരട്ടുന്നതാണ്. കണ്ണിനു താഴെയുള്ള കറുപ്പു നിറം അകറ്റാനും ഇതു വളരെ നല്ലതാണ്.
ലിപ് ബാം മസ്റ്റാണ്
ബിപാഷയുടെ ഫീച്ചേഴ്സിൽ ഏറ്റവുമധികം ആരാധകരുള്ളത് മനോഹരമായ ചുണ്ടുകൾക്കാണ്. ലിപ് ബാം മുടക്കാതെ ഉപയോഗിക്കുന്നതാണ് തന്റെ ചുണ്ടുകളുടെ സൗന്ദര്യ രഹസ്യമായി ബിപാഷ പറയുന്നത്. ഇനി അത്രയേറെ വരണ്ട ചുണ്ടുകളുള്ളവരാണെങ്കില് ലിപ് സ്ക്രബ് ഉപയോഗിക്കുന്നതു നല്ലതാണെന്നാണ് ബിപാഷയുടെ വാദം. രാത്രി മുഴുവനും ആൽമണ്ട് ഓയിൽ ചുണ്ടുകളിൽ പുരട്ടുന്നതും ബിപാഷയുടെ പതിവാണ്. ചുണ്ടുകൾ വരളുന്നതു തടഞ്ഞ് തിളക്കമുള്ളതാകാൻ ആൽമണ്ട് ഓയിൽ മികച്ചതാണെന്നാണ് ബിപാഷ പറയുന്നത്.
മുടിയിഴകള്‍ക്കു ഹോട്ട് മസാജ്
ഹോട്ട് ഓയിൽ മസാജ്, ഷാപൂ ചെയ്യൽ, ഡീപ് കണ്ടീഷനിങ് എന്നിവയാണ് ബിപാഷയുടെ മുടിയുടെ സൗന്ദര്യ രഹസ്യം. മാസത്തിലൊരിക്കൽ മുടിയിൽ പ്രൊട്ടീൻ പാക്ക് അപ്ലൈ ചെയ്യുന്നതു മുടക്കാറില്ല. ആന്റി ഡാൻഡ്രഫ് ഷാംപൂവും ആൽക്കഹോൾ ഫ്രീ ആയ സോഫ്റ്റ് കണ്ടീഷണറുകളുമാണ് ഉപയോഗിക്കാറുള്ളത്.
വെള്ളവും ഉറക്കവും
ബിപാഷയുടെ ഒരു ദിവസം ആരംഭിക്കുന്നതു തന്നെ നാലോ അഞ്ചോ ഗ്ലാസ് ഇളംചൂടുവെള്ളം കുടിച്ചുകൊണ്ടാണ്. ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കാൻ ബിപാഷ ശ്രദ്ധിക്കാറുണ്ട്. ചർമ സംരക്ഷണത്തിനായി ഒമേഗാ ത്രീ ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾക്കു മുൻഗണന കൊടുക്കാറുണ്ട്. മത്സ്യങ്ങൾ, ശുദ്ധമായ പച്ചക്കറികളും പഴവർഗങ്ങളും നട്സ് എന്നിവ നിർബന്ധമായി ഉൾപ്പെടുത്തും. പിന്നെ ഏറ്റവും പ്രധാനമായി താരം പറയുന്ന മറ്റൊരു കാര്യം ഉറക്കമാണ്. ദിവസവും ഏഴെട്ടു മണിക്കൂർ സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നത് സൗന്ദര്യ സംരക്ഷണത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നു പറയുന്നു േബാളിവുഡിന്റെ ഈ സെക്സി ബ്യൂട്ടി.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam