Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഇനി രാജകീയ കടമകളിലേക്ക്,അഭിനയം നിർത്തുന്നു' മേഗൻ!

megan

ഒടുവില്‍ മേഗന്‍ മാര്‍ക്കിള്‍ തീരുമാനിച്ചു. ഇനി അഭിനയമെല്ലാം അങ്ങ് നിര്‍ത്താം തല്‍ക്കാലത്തേക്ക്. കൊട്ടാരത്തിലേക്കല്ലേ പോകുന്നത്. അപ്പോള്‍ രാജധര്‍മ്മം തന്നെയാകട്ടെ ഇനിയുള്ള കുറച്ചു നാള്‍ പതിവ്. 

ഹാരി രാജകുമാരന്റെ മനസ് കീഴടക്കിയ ലോകത്തിന്റെ പ്രിയപ്പെട്ട സുന്ദരി അങ്ങനെ തന്റെ ഭാവി ജീവിതത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ്. അമേരിക്കയിലെ പ്രശസ്ത നടിയായ മേഗന്‍ മാര്‍ക്കിള്‍ അഭിനയം നിര്‍ത്തി രാജകീയ കര്‍മങ്ങളില്‍ വ്യാപൃതയാകാനാണ് ആഗ്രഹിക്കുന്നതെന്ന് തുറന്നു പറഞ്ഞു. 

megan-markle

വളരെ ആകാംക്ഷാഭരിതയാണ് ഞാന്‍. എങ്ങനെയാണ് കരിയറിലെ മാറ്റത്തെ സമീപിക്കുന്നത് എന്നത് സംബന്ധിച്ച ആകാംക്ഷ. എന്നാല്‍ എന്റെ കൂടുതല്‍ ഊര്‍ജ്ജം ഞാന്‍ രാജകീയ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിന് നല്‍കാന്‍ പോവുകയാണ്-മേഗന്‍ പറഞ്ഞു. 

ജനത തന്റെ ശബ്ദം കേള്‍ക്കാനും ശ്രദ്ധിക്കാനും തുടങ്ങുന്ന നിമിഷങ്ങളാണ് വരുന്നത്. അപ്പോള്‍ അതിനെ തീര്‍ത്തും ഗൗരവത്തോടെ തന്നെ കാണണം എന്നാണ് മേഗന്റെ പക്ഷം. 

megan-markle-prince-harry

ഒരു രാജകുടുംബാംഗം എന്ന നിലയിലുള്ള തന്റെ കടമകള്‍ നിറവേറ്റുന്നതിനായിരിക്കും ഇനി ശ്രദ്ധ നല്‍കുകയെന്നാണ് മേഗന്‍ വ്യക്തമാക്കിയത്. ഹാരിയും താനും മികച്ചൊരു ടീമായി ഇതിനോടകം മാറിയെന്നാണ് മേഗന്‍ പറയുന്നത്. ഇനി കൂടുതല്‍ കാര്യങ്ങള്‍ ക്രിയാത്മകമായി അവര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നും മേഗന്‍ വിശ്വസിക്കുന്നു. 

36കാരിയായ മേഗന്‍ മാര്‍ക്കിള്‍ ജനിച്ചതും വളര്‍ന്നതും കാലിഫോര്‍ണിയയില്‍ ആണ്. അടുത്തിടെ വരെ താമസിച്ചിരുന്നത് ടൊറോന്റോയിലും. മേഗന്റെ അമ്മ ഡോറിയ പ്രശസ്തമായ യോഗ പരിശീലകയും സാമൂഹ്യ പ്രവര്‍ത്തകയുമാണ്. അച്ഛന്‍ ടെലിവിഷന്‍ ലൈറ്റിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 27നാണ് ഇരുവരുടെയും വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. 

2018 മെയ് മാസം കല്ല്യാണമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ‍. വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ വെച്ചായിരിക്കും ഹാരി മേഗന്റെ കഴുത്തില്‍ മിന്ന് ചാര്‍ത്തുക. പ്രശസ്ത യുഎസ് ടിവി ഷോ ആയ സ്യൂട്ട്‌സിലൂടെ ശ്രദ്ധേയയായ മേഗന്റെ ആദ്യ ഭര്‍ത്താവ് ട്രെവര്‍ ഏഞ്ചല്‍സണ്‍ എന്ന സംരംഭകനായിരുന്നു. 2013ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

Read More in Lifestyle Magazine