മാനുഷി ചില്ലറിനെ വിവാഹം കഴിക്കണോ? ഇതാണ് യോഗ്യതകൾ !

തന്റെ കാഴ്ചപ്പാടുകളുടെ കാര്യത്തിലും ഏറെ വ്യത്യസ്തയാണ് ലോകസുന്ദരിയായ മാനുഷി ചില്ലർ

സൗന്ദര്യത്തിന്റെ കാര്യത്തിൽ മാത്രമല്ല, തന്റെ കാഴ്ചപ്പാടുകളുടെ കാര്യത്തിലും ഏറെ വ്യത്യസ്തയാണ് ലോകസുന്ദരിയായ മാനുഷി ചില്ലർ. അടുത്തിടെ ആരാധകരുമായി നടത്തിയ ഒരു സംഭാഷണത്തിനിടെ തന്റെ ജീവിതത്തിലെ നേട്ടങ്ങളെ കുറിച്ചും അതിനിടയാക്കിയ സാഹചര്യങ്ങളെ കുറിച്ചും ആഗ്രഹങ്ങളെയും ഇഷ്ടങ്ങളെയും കുറിച്ചുമെല്ലാം മാനുഷി വാചാലയായി. 

ഇത്തരത്തിൽ മാനുഷിയോട് ചോദിച്ച ചോദ്യങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമായത് മാനുഷിയുടെ മനസ്സിലെ പുരുഷ സങ്കൽപം എന്താണെന്നതും അതിനു നൽകിയ ഉത്തരവുമാണ്. നല്ല ഹ്യൂമർ സെൻസ് ഉള്ള ആളായിരിക്കണം. ബുദ്ധിയും ഉണ്ടാവണം. അപ്പോൾ സൗന്ദര്യം വേണ്ടേ എന്ന് മറുചോദ്യം . സൗന്ദര്യം കൊണ്ട് ഞാൻ എന്ത് ചെയ്യാനാണ്, എനിക്ക് ആവശ്യത്തിന് ഭംഗിയുണ്ടല്ലോ, അപ്പോൾ അതുമായി ബാലൻസ് ചെയ്യാം എന്നാണ് മാനുഷി നൽകിയ ഉത്തരം. 

ലോകസുന്ദരിയായി തെരെഞ്ഞെടുക്കപ്പെട്ട നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ആ നിമിഷം ഒന്ന് കടന്നു കിട്ടാനും യാഥാർഥ്യത്തിലേക്ക് മടങ്ങിയെത്താനും ഏറെ പണിപ്പെട്ടു എന്നായിരുന്നു മാനുഷിയുടെ മറുപടി. താൻ ഒരു മത്സരത്തിൽ പങ്കെടുക്കുകയാണ് എന്ന ചിന്തയേ ഉണ്ടായിരുന്നില്ല. കാഴ്ചക്കാർ എല്ലാവരും ഇന്ത്യ ഇന്ത്യ എന്ന് വിളിക്കുന്നത് കേട്ടപ്പോൾ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തമായി അത് തോന്നി. 

സംഭവം ഇങ്ങനെയൊക്കെ ആയാലും താൻ ഇപ്പോഴും ഒരു അമ്മക്കുഞ്ഞാണ് എന്ന് മാനുഷി പറയുന്നു. അതുകൊണ്ടാണ് അവസാന റൗണ്ടിൽ അമ്മയെക്കുറിച്ച് അത്രയും മനോഹരമായി പറയാൻ കഴിഞ്ഞത്. നല്ലൊരു അമ്മയാകാൻ സാധിക്കുന്നത് പുണ്യമാണ് എന്ന് തന്നെയാണ് മാനുഷിയുടെ അഭിപ്രായം. 

ഏതുവിധേനയും എംബിബിഎസ് പൂർത്തിയാക്കണം. രോഗികളെ ചികിൽസിക്കണം, നല്ലൊരു ഡോക്ടർ ആവണം. ഒപ്പം ആമീർഖാനുമൊത്ത് ഒരു സിനിമ ചെയ്യണം എന്നുള്ള തന്റെ ആഗ്രഹവും മാനുഷി മറച്ചു വയ്ക്കുന്നില്ല. ദിവസവും രാവിലെ നാലര മണിക്ക് എഴുന്നേറ്റാണ് മാനുഷി പഠനവും സൗന്ദര്യമത്സര പരിശീലനവും ഒരുമിച്ച് മുന്നോട്ടു കൊണ്ട് പോയിരുന്നത്. 

നൃത്തം, പഞ്ചാബി പോപ്പ്, ബോളിവുഡ് സോങ്‌സ് എന്നിവയിലാണ് മാനുഷിക്ക് താല്പര്യം. ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം വിരാട് കോഹ്ലി. അഭിനേത്രി, പ്രിയങ്ക ചോപ്ര. ഭക്ഷണ കാര്യത്തിൽ യാതൊരു വിധ വിട്ടുവീഴ്ചയ്ക്കും തയാറല്ലാത്ത മാനുഷിക്ക് മധുരത്തോടാണ് കൂടുതൽ പ്രിയം. 

Read more on : Lifestyle Magazine, Viral stories