ശ്രീദേവിയോ മാനുഷിയോ കൂടുതൽ സുന്ദരി, ആരാധകർ കൺഫ്യൂഷനിൽ

ശ്രീദേവിയും മാനുഷി ഛില്ലറും

ബോളിവുഡിന്റെ നിത്യഹരിത നായികമാരിലൊരാളാണ് ശ്രീദേവി. പ്രായം അമ്പത്തിനാലായെങ്കിലും ഇപ്പോഴും മക്കളായ ജാൻവിയെയും ഖുഷിയെയും കടത്തിവെട്ടുന്ന സ്റ്റൈലിലാണ് ശ്രീദേവി പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ടു തന്നെ ശ്രീദേവിയുടെ അപ്പിയറൻസ് എന്നും ആരാധകരുടെ ഇഷ്ടവിഷയമാണ്. ഒരു സാരി ധരിച്ചു നിൽക്കുന്ന ശ്രീദേവിയുടെ പുതിയൊരു ഫോട്ടോയാണ് ചർച്ചയാകുന്നത്. അതേ ലുക്കിലുള്ള സാരിയുമായി കഴിഞ്ഞ ദിവസം മിസ് വേൾഡ് മാനുഷി ഛില്ലറും പ്രത്യക്ഷപ്പെട്ടിരുന്നു. അപ്പോൾപ്പിന്നെ ഊഹിക്കാമല്ലോ ആരാണ് ഈ വേഷത്തിൽ കൂടുതൽ സുന്ദരിയെന്നതാണ് സമൂഹമാധ്യമത്തിൽ പൊടിപൊടിക്കുന്ന ചർച്ച. 

അടുത്തിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനായി സബ്യസാചി ഡിസൈൻ ചെയ്ത മനോഹരമായൊരു നീലനിറത്തിലുള്ള സാരിയാണ് ശ്രീദേവി ധരിച്ചത്. ഒപ്പം എംബ്രോയ്ഡറിയാൽ സമൃദ്ധമായൊരു ബ്ലൗസ് കൂടിയായപ്പോൾ ശ്രീദേവി അസ്സൽ റോയൽ ലുക്കിലായി. പ്ലെയിൻ സ്ലീവ് ബ്ലൗസിലെ മറ്റു വർക്കുകൾ ആഡംബര ലുക്ക് നൽകിയതിനൊപ്പം സാരിയിലെ ഗോൾഡൻ വര്‍ക്കുകളും എടുത്തു കാട്ടുന്നവയായിരുന്നു. അൺകട്ട് ഡയമണ്ട് കമ്മലുകളും കോക്‌ൈടൽ മോതിരവും മിനിമൽ മേക്കപ്പുമായി ബോളിവു‍ഡിന്റെ സ്റ്റൈൽ ഐക്കണായി തന്നെയാണ് ശ്രീദേവി എത്തിയത്. 

എന്നാൽ ഇതേ സാരിയുടെ മോഡലായി കഴി‍ഞ്ഞ ദിവസം മാനുഷി ഛില്ലർ പ്രത്യക്ഷപ്പെട്ടിരുന്നു. കഴുത്തു നിറഞ്ഞു നില്‍ക്കുന്ന കിടിലൻ ചോക്കർ നെക്‌ലസും കമ്മലിനോടു ചേരുന്ന മോതിരവുമൊക്കെ മാനുഷിയുടെ എടുപ്പ് എടുത്തുകാണിക്കുന്നവയായിരുന്നു. മുടി നടുവില്‍ നിന്നു വകഞ്ഞ് പുറകുവശത്തേക്കു കെട്ടിവച്ച് ചെറിയൊരു െപാട്ടുംവച്ച് മിനിമൽ മേക്കപ്പിലാണ് മാനുഷിയും പ്രത്യക്ഷപ്പെ‌ട്ടത്. ബോളിവു‍ഡിന്റെ എവർഗ്രീൻ സുന്ദരിയും ലോകസുന്ദരിയും ഒരേ അപ്പിയറൻസിൽ എത്തിയപ്പോൾ ആരാണു കൂടുതൽ സുന്ദരി എന്ന ചർച്ചകളാണ് സജീവമാകുന്നത്. 

എന്തായാലും ഇരുവരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള കമന്റുകളാണ് ഏറെയും. ശ്രീദേവിയും മാനുഷിയും സബ്യസാചിയുടെ ഡിസൈനിൽ കിടിലനായിട്ടുണ്ടെന്നു പറയുന്നു ഭൂരിഭാഗവും. റോയൽ ബ്ലൂ നിറവും സബ്യസാചിയുടെ ഡിസൈനും മാനുഷിയുടെയും ശ്രീദേവിയുടെയും സൗന്ദര്യം വർധിപ്പിച്ചുവെന്നു പറഞ്ഞവരും കുറവല്ല. അല്ലെങ്കിലും പതിനേഴു വർഷങ്ങൾക്കിപ്പുറം ലോകസുന്ദരിപ്പട്ടം ഇന്ത്യക്കു സമ്മാനിച്ച മാനുഷിയെയും കാലങ്ങളായി ശക്തമായ കഥാപാത്രങ്ങളിലൂടെ ഉള്ളം കവർന്ന ശ്രീദേവിയെയും അവർ തള്ളുന്നതെങ്ങനെ..?

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam