രാജകുമാരനെയും രാജകുമാരിയെയും പോൽ വിരാടും അനുഷ്കയും

വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും വിവാഹ സൽക്കാരത്തിനിടെ

കൊട്ടാരത്തിനു സമാനമായി അലങ്കരിച്ച വേദിയിൽ രാജകുമാരനെയും രാജകുമാരിയെയും പോലെ അവർ നിൽക്കുകയാണ്, പറഞ്ഞു വന്നത് വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമയുടെയും വിവാഹ സൽക്കാരത്തെക്കുറിച്ചാണ്. ഇറ്റലിയിലെ ടസ്കനിൽ നടന്ന ഗംഭീര വിവാഹത്തിനു ശേഷം ഹണിമൂണിനായി ഫിൻലാന്‍ഡിലേക്കു പറന്ന വിരാട് കോഹ്‌ലിയും അനുഷ്കയും തിരിച്ചെത്തി വിവാഹ സൽക്കാരവും നടത്തിയിരിക്കുകയാണ്. വ്യാഴാഴ്ച ന്യൂഡൽഹിയിലെ താജ് പാലസിൽ വച്ചു നടന്ന വിവാഹ വിരുന്നിൽ സിനിമ -ക്രിക്കറ്റ് - രാഷ്ട്രീയ ലോകത്തെ പ്രമുഖരടക്കമുള്ളവർ‍ പങ്കെടുത്തു. 

വിവാഹ സൽക്കാരത്തെ കൊഴുപ്പിക്കാനായി പഞ്ചാബി ഗായകൻ കുർദാസ് മാന്റെ സംഗീതവിരുന്നും ഉണ്ടായിരുന്നു . പഞ്ചാബി ഗാനങ്ങളുടെ ഫാനായ വിരാട് കോഹ്‌ലിയും അനുഷ്കയും സംഗീതത്തിനൊപ്പം ചുവടുകൾ വെയ്ക്കുന്ന വിഡിയോകളും പുറത്തിറങ്ങിയിട്ടുണ്ട്. ബോളിവുഡിന്റെ പ്രിയപ്പെട്ട ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത ചുവപ്പും സ്വർണനിറവും കലർന്ന ട്രഡീഷണൽ ബനാറസി സാരിയിലാണ് അനുഷ്ക വിവാഹ വിരുന്നിനെത്തിയത്. കറുപ്പു നിറത്തിലുള്ള അച്കാനും ബോട്ടവും ഹെവി എംബ്രോയ്ഡറിയുള്ള ഷോളുമൊക്കെ വിരാടിന്റെയും ലുക്ക് ഇരട്ടിയാക്കി.

വിവാഹനിശ്ചയം, മെഹന്ദി–സംഗീത് സെറിമണികൾ, വിവാഹം തുടങ്ങി എല്ലാ ഫങ്ഷനുകൾക്കും സബ്യസാചി ഡിസൈനുകളിലാണ് അനുഷ്കയും വിരാടും എത്തിയത്. അടുത്തിടെ ലോഞ്ച് ചെയ്ത സബ്യസാചി ലേബലിൽ നിന്നുള്ള ആഭരണങ്ങളാണ് ചടങ്ങുകൾക്കായി അനുഷ്ക അണിഞ്ഞത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയും ക്രിക്കറ്റർമാരായ സുരേഷ് റെയ്ന, ശിഖർ ധവാൻ, ഗൗതം ഗംഭീർ തുടങ്ങിയവരും റിസപ്ഷനിൽ പങ്കെടുത്തു. ഡിസംബർ 26ന് വിരാടും അനുഷ്കയും മറ്റൊരു റിസപ്ഷൻ കൂടി സംഘടിപ്പിക്കുന്നുണ്ട്. മുംബൈയിൽ സംഘടിപ്പിക്കുന്ന ആ റിസപ്ഷന്റെ പ്രധാന ആകർഷകം ബോളിവുഡിലെ താരങ്ങളായിരിക്കുമെന്നാണ് കേൾക്കുന്നത്. 

വിരാടും അനുഷ്കയും– എൻഗേജ്മെന്റ് വിവാഹ ദിനങ്ങളിലെ ചിത്രങ്ങള്‍

ഡിസംബർ പതിനൊന്നിനായിരുന്നു ഇരുവരുടെയും വിവാഹം.  വിവാഹ ആഘോഷങ്ങൾക്കു ശേഷം സൗത്ത്ആഫ്രിക്കയിലേക്കു പറക്കാനാണ് വിരാടിന്റെയും അനുഷ്കയുടെയും തീരുമാനം. ശേഷം സീരീസുകൾക്കായി തയാറെടുക്കുന്ന വിരാടിനൊപ്പം ന്യൂഇയർ കൂടി ആഘോഷിച്ചശേഷം തന്റെ ചിത്രങ്ങളുടെ തിരക്കിലേക്കു മടങ്ങാനാണ് അനുഷ്ക തീരുമാനിച്ചിരിക്കുന്നത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam