Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിമയുടെ വൈറൽ പ്രസംഗത്തിൽ താരമായത് ആ വേഷം

Rima Kallingal റിമ കല്ലിങ്കൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിലെ പ്രധാന ചർച്ച മീൻ വറുത്തതും ഫെമിനിസവുമൊക്കെയാണ്. നടി റിമ കല്ലിങ്കൽ ടെഡ്എക്സ് ടോക് ഷോയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ചെറുപ്പത്തിൽ വറുത്ത മീൻ കഷണത്തിലൂടെ വിവേചനം നടത്തിയതു കണ്ടാണ് താൻ ആദ്യം ഫെമിനിസ്റ്റാകുന്നതെന്നു പറഞ്ഞത്. സംഗതിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചതിനൊപ്പം തന്നെ എതിർപ്പുമായും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രസംഗം പോലെ ശ്രദ്ധിക്കപ്പെടുകയാണ് പരിപാടിയിൽ റിമ ധരിച്ച ആ മനോഹരമായ സാരിയും. 

കറുപ്പു നിറത്തിലുള്ള സാരിയിൽ റിമ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലായെന്നു പ്രത്യേകം പറയേണ്ടല്ലോ. ഹൈനെക്ക് ബ്ലൗസിനൊപ്പം ധരിച്ച സാരിയുടെ കരഭാഗത്തേക്കാണ് കാഴ്ചക്കാരുടെ ശ്രദ്ധ കൂടുതൽ പതിയുന്നത്. സാധാരണ കണ്ടുമടുത്ത ഡിസൈനുകൾക്കു പകരം മോട്ടിവേറ്റ് ചെയ്യുന്ന ഏതാനും വാക്കുകളാണ് റിമയുടെ സാരിയുടെ സൗന്ദര്യം കൂട്ടിയത്. 

'' ഗെറ്റ് അപ്, സ്റ്റാൻഡ്അപ്, സ്റ്റാൻഡ് അപ് ഫോർ യുവർ റൈറ്റ്സ്''- എന്നായിരുന്നു സാരിയിലെ ആ ശക്തമായ വാചകങ്ങൾ. ഫാഷൻ െസൻസിനപ്പുറം നിലപാടുകള്‍ കൂടി ആലേഖനം ചെയ്ത സാരിക്കു സമൂഹമാധ്യമത്തിൽ വൻസ്വീകാര്യതയാണു ലഭിച്ചത്. റിമയുടെ തന്നെ ഇഷ്ടപ്രകാരം കസ്റ്റമൈസ് ചെയ്ത സാരിയായിരിക്കും അതെന്ന കാര്യത്തിൽ സംശയമേ വേണ്ട.

ഇനി മലയാള സിനിമയിലെ ബോൾഡ് താരത്തിനുതകുന്ന ഡിസൈനിലുള്ള വസ്ത്രം ഒരുക്കിയതാരാണെന്നല്ലേ? കൊച്ചിയിലെ പ്രശസ്ത ഫാഷൻ ഡിസൈനറായ ശ്രീജിത്ത് ജീവന്റെ റൗക്ക കളക്ഷൻസാണ് സാരിക്കു പിന്നിൽ. നമ്മൾ ആഗ്രഹിക്കുന്നതെല്ലാം സാരികളിൽ ആലേഖനം ചെയ്യുന്ന സ്പെഷൽ കസ്റ്റമൈസ്ഡ് കളക്ഷനുകൾക്ക് വരുംനാളുകളിലും ഡിമാൻഡേറുമെന്ന കാര്യത്തിൽ സംശയമില്ല. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam