അഞ്ചുവർഷത്തെ പ്രണയത്തിനു സാഫല്യമായി, മലയാളികളുടെ പ്രിയങ്കരിയായ നടി ഭാവന കന്നട നിർമാതാവ് നവീനു സ്വന്തം. തിരുവമ്പാടി ക്ഷേത്രാങ്കണത്തിൽ വച്ചു നടന്ന വിവാഹത്തിലും തുടർന്ന് ലുലു കൺവൻഷൻ സെന്ററിൽ വച്ചു നടന്ന വിവാഹ സൽക്കാരത്തിലും സിനിമാലോകത്തെ ഒട്ടേറെ താരങ്ങളാണ് അണിനിരന്നത്. ഭാവനയ്ക്ക് ആശംസകളുമായെത്തിയ താരസുന്ദരിമാരിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് നടി സംയുക്താ വർമയായിരുന്നു. താരം അണിഞ്ഞ കമ്മലിലേക്കായിരുന്നു വിരുന്നുകാരുടെ മുഴുവൻ നോട്ടവും.
സംയുക്തയുടെ അലുക്കുകളുള്ള മനോഹരമായ ആ കമ്മൽ കണ്ടപ്പോൾ തന്നെ പലരും സംശയിച്ചിരുന്നു ഈ കമ്മൽ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്. മറ്റെങ്ങുമല്ല ബാഹുബലിയിൽ അനുഷ്ക ഷെട്ടി അണിഞ്ഞ കമ്മലിനു സമാനമായിരുന്നു സംയുക്തയുടെ കമ്മലും. ഇളംനീല നിറത്തിലുള്ള ചുരിദാറിനൊപ്പം പ്രൗഡിയോടെ എടുത്തു നിന്നു ആ ബാഹുബലി കമ്മൽ. നെറ്റിയിലെ ചെറിയ വട്ടപ്പൊട്ടും മറ്റ് ആഭരണങ്ങളിൽ മിതത്വം പാലിച്ചതും സംയുക്തയുടെ എലഗന്റ്സ് വർധിപ്പിച്ചു.
എന്തായാലും ഇതോടെ ബാഹുബലി കമ്മൽ വീണ്ടും യുവമനസ്സുകളിൽ ഇടം നേടിയിരിക്കുകയാണ്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam