ഗായികയും അവതാരകയുമൊക്കെയായി പ്രേക്ഷകരുടെ ഉള്ളംകവർന്ന താരമാണ് റിമി ടോമി. ഉരുളയ്ക്കുപ്പേരി പോലുള്ള സംസാരവും കളിചിരികളുമൊക്കെയാണ് റിമിയെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തയാക്കുന്നത്. ഇപ്പോഴത്തെ വിശേഷം എന്താണെന്നല്ലേ? തന്നെ മനോഹരമായി ഒരുക്കിയ നാത്തൂനു നല്ലവാക്കുകൾ പറയുന്ന റിമിയുടെ വിഡിയോ ആണ് വൈറലാകുന്നത്.. മറ്റാരുമല്ല റിമിയുടെ സഹോദരന്റെ ഭാര്യയും നടിയുമായ മുക്തയുടെ കാര്യമാണ് പറഞ്ഞു വരുന്നത്.
ഒരു വിവാഹത്തിൽ പങ്കെടുക്കാന്‍ റിമിയെ മുക്ത അണിയിച്ചൊരുക്കിയിരിക്കുകയാണ്. അമിതമായ മേക്അപ് ഇല്ലാതെ ലൈറ്റ് മേക്അപ്പ് ചെയ്തു തന്നെ മനോഹരിയാക്കിയ മുക്തയെക്കുറിച്ചാണ് റിമി പറയുന്നത്. സ്വന്തം വീട്ടിലുള്ളവരെ തന്നെ പുകഴ്ത്തുകയാണല്ലോ എന്നു കാണുന്നവർക്കു തോന്നുമെങ്കിലും നല്ലതെന്നു തോന്നുന്നത് പറയാതിരിക്കാനാവില്ലെന്നും റിമി പറയുന്നു. മുക്ത പുതുതായി ആരംഭിച്ച ബ്യൂട്ടി പാര്‍ലറിൽ നിന്നാണ് റിമിക്കു മേക്അപ് ചെയ്തിരിക്കുന്നത്.
ബ്രൈഡൽ മേക്അപ്, ഫേഷ്യൽ, പെഡിക്യൂർ, മാനിക്യൂർ തുടങ്ങി എല്ലാ സൗകര്യവും ലഭ്യമാണെന്നും റിമി പറയുന്നു. മുക്തയുടെ ഫേസ്ബുക് പേജിലാണ് റിമിയുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. തനിക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നൽകുന്നതിൽ ദൈവത്തിനു നന്ദി പറയുന്നുവെന്നും അനുഭവം പങ്കുവച്ചതിൽ റിമിക്കു നന്ദി പറയുന്നുവെന്നും പറഞ്ഞാണ് മുക്ത വിഡിയോ പങ്കുവച്ചത്.
തീര്‍ന്നില്ല പ്രിയപ്പെട്ട നാത്തൂന്റെ സ്നേഹത്തിനു നന്ദി പറയാനും മുക്ത മറന്നില്ല. റിമി തന്റെ നാത്തൂനായിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും റിമിയിൽ നിന്ന് താൻ ഏറെ പഠിച്ചിട്ടുണ്ടെന്നും മുക്ത പറയുന്നു. കുടുംബത്തിലെ നല്ലതും ചീത്തയുമായ സന്ദർഭങ്ങളിലെല്ലാം റിമി തനിക്കൊപ്പം നിന്നിട്ടുണ്ട്. ഇതിലും നല്ലൊരു നാത്തൂനെ തനിക്കു കിട്ടുകയില്ലെന്നും മുക്ത പറയുന്നു.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam