പ്രണയിതാക്കളുടെ പ്രിയപ്പെട്ട ദിവസം കടന്നു പോയിരിക്കുകയാണ്. പ്രണയം ഉള്ളിലൊളിപ്പിച്ചുവച്ച പല മനസ്സുകളും സ്വയംമറന്നു പ്രണയം വെളിപ്പെടുത്തിയ ദിനം. ഇപ്പോഴിതാ വാലന്റൈൻസ് ദിനത്തിന്റെ തൊട്ടടുത്ത ദിവസം മനോഹരമായൊരു റൊമാന്റിക് ചിത്രം പങ്കുവച്ചിരിക്കുകയാണ് തെന്നിന്ത്യൻ താരറാണി നയൻ താര. കാമുകൻ വിഘ്നേഷ് ശിവനുമൊത്തുള്ള നയൻസിന്റെ ചിത്രമാണ് വൈറലാകുന്നത്.
ഒരു മാളിനു പുറത്തു നിന്ന് നേർക്കുനേർ നോക്കി ചേര്‍ന്നു നിൽക്കുന്ന നയൻ താരയും വിഘ്നേഷുമാണ് ചിത്രത്തിലുള്ളത്. രണ്ടുപേരുടെയും മനോഹരമായ ടീഷർട്ടിൽ ഇരുവരുടെയും പേരിന്റെ ആദ്യ അക്ഷരവും കാണാം. ഇരുവരും ബ്രേക്കപ്പിന്റെ വക്കിലാണെന്നും ഉടൻ പിരിയുമെന്നും പ്രചരിപ്പിച്ചു നടന്നവർക്കെല്ലാം ചുട്ടമറുപടിയെന്നോണമാണ് ഇപ്പോൾ ചിത്രം പുറത്തു വന്നിരിക്കുന്നത്.
ഗോസിപ്പുകൾക്കു പിടികൊടുക്കാതിരിക്കാനാകണം വാലന്റൈന്‍സ് ദിനത്തിൽ ചിത്രങ്ങളൊന്നും പുറത്തുവിടാതെ തൊട്ടടുത്ത ദിവസം തിരഞ്ഞെടുത്തതെന്നാണ് കരുതുന്നത്. ഇരുവരും പ്രണയത്തിലാണെന്നു ഗോസിപ്പുകൾ ഉയരാൻ തുടങ്ങിയിട്ടു നാളുകൾ കുറച്ചായെങ്കിലും ഇക്കാര്യത്തിൽ വ്യക്തമായൊരു നിലപാടു പറയാൻ ഇരുവരും തയാറായിട്ടുമില്ല. അധികം വൈകാതെ തന്നെ ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും എന്ന പ്രതീക്ഷയിലാണിപ്പോൾ ആരാധകർ. നേരത്തെയും വിശേഷ ദിവസങ്ങളിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ ഇരുവരും പുറത്തു വിട്ടിട്ടുണ്ട്.
നേരത്തെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെ നയൻതാരയും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിഘ്നേഷ് പറഞ്ഞിരുന്നു. നയൻ താരയുമായി തനിക്കുള്ള ബന്ധം തീർത്തും സ്വകാര്യമായ കാര്യമാണെന്നും അതു പങ്കുവക്കുന്നതിനോടു താൽപര്യം ഇല്ലെന്നുമായിരുന്നു അന്നു പറഞ്ഞിരുന്നത്. പ്രണയക്കാര്യം വെറും കുപ്രചരണമല്ലെന്നു മനസിലാകാൻ ഈ പറഞ്ഞതു തന്നെ മതിയല്ലോ എന്നതാണ് ആരാധകരുടെ വാദം.
2016ലെ സൈമാ അവാർഡ്സിനായി ഒന്നിച്ചു വന്നപ്പോഴാണ് നയൻസിനെയും വിഘ്നേഷിനെയും ക്യാമറക്കണ്ണുകൾ ശ്രദ്ധിക്കുന്നത്. അന്നുതൊട്ടുതന്നെ നയൻതാര വിഘ്നേഷുമായി പ്രണയത്തിലാണെന്നു പരന്നിരുന്നു. അന്ന് പുരസ്കാരം വാങ്ങിയതിനുശേഷം ഇരുവരും പരസ്പരം നൽകുന്ന പിന്തുണയ്ക്കും ധൈര്യത്തിനും നന്ദി പറയുകയും ചെയ്തിരുന്നു.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam