വിവാഹ വേളയില്‍ എങ്ങനെയൊരുങ്ങണം എന്നതു സംബന്ധിച്ച് ഓരോ പെണ്‍കുട്ടിക്കും ഓരോ സ്വപ്‌നങ്ങളാണ്. കാലങ്ങളായി മനസ്സില്‍ കരുതുന്ന സ്വപ്നം. ജീവിതത്തിലെ ഏറ്റവും മനോഹരമായ സ്വപ്‌ന തുല്യമായ മുഹൂര്‍ത്തത്തിലെ വേഷപ്പകര്‍ച്ചയ്ക്ക് ചമയമിടീലിന് ഏറ്റവും അനുയോജിച്ചൊരു മേക്കപ്പ് ആര്‍ടിസ്റ്റിനെ കിട്ടുകയെന്നത് അതുപോലെ തന്നെയൊരു സ്വപ്‌നമാണ്. നടിമാരുടെ വിവാഹത്തെ ഈ പെണ്‍കുട്ടികള്‍ അത്രയേറെ ആകാംക്ഷയോടെ നോക്കുന്നതും മേക്കപ്പ് ആര്‍ടിസ്റ്റിനെ കുറിച്ചറിയാന്‍ തന്നെ. അങ്ങനെ അടുത്തിടെ വിവാഹിതരായ നടിമാരെയെല്ലാം കൊതിപ്പിക്കും ഭംഗിയോടെ അണിയിച്ചൊരുക്കിയ മേക്കപ്പ് ആര്‍ടിസ്റ്റാണ് ജീന. ഭാവന മുതല്‍ ഐമ വരെയുള്ള അടുത്തിടെ വിവാഹിതരായ നടിമാരുടെ മേക്കപ്പ് ആര്‍ടിസ്റ്റായിരുന്നു കക്ഷി.
എന്താണ് പുതിയ നടിമാരുടെ കല്യാണ മേക്കപ്പ് അഭിരുചികള്‍. എന്തിനെ അടിസ്ഥാനമാക്കിയാണ് അവര്‍ മേക്കപ്പ് തീരുമാനിക്കുന്നത്?
ഇപ്പോള്‍ പ്രധാനമായും ലോകത്തെ ഫാഷന്‍ തരംഗത്തെ അടിസ്ഥാനമാക്കിയാണ് അവര്‍ ഹെയര്‍ സ്റ്റൈലും മേക്കപ്പും തീരുമാനിക്കുന്നത്. തങ്ങളുടെ സ്വാഭാവിക ഭംഗിയെ എടുത്തു കാണിക്കുന്ന തരത്തിലുള്ള സാധാരണ മേക്കപ്പ് ആണ് മിക്കവരും ആവശ്യപ്പെടാറ്. വളരെ ചെറിയ അളവില്‍ മാത്രം ഫൗണ്ടേഷന്‍ അണിയുകയും അതുപോലെ കണ്ണുകളെ തിളക്കമാര്‍ന്നതാക്കി നിലനിര്‍ത്തുന്നതുമായ മേക്കപ്പ് ആണ് ആവശ്യം. അതുപോലെ സ്‌മോക്കി ഐസ് ചെയ്തു കൊടുക്കാനും മിക്കവരും പറയാറുണ്ട്. ഈ രണ്ടു കാര്യങ്ങളുമാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.
വിവാഹത്തിന് ഇങ്ങനെയാണെങ്കിലും റിസപ്ഷനും മറ്റും കുറച്ചു കൂടി ആഘോഷപൂര്‍വമായ മേക്കപ്പ് ആണ് ഇവര്‍ ആവശ്യപ്പെടാറ്. താരങ്ങള്‍ മാത്രമല്ല, പരമ്പരാഗത ഹിന്ദു വിവാഹത്തിലെ വധുമാര്‍ക്കും ന്യൂഡ് മേക്കപ്പ് മതി. ലിപ്സ്റ്റിക് ന്ൂഡ് വേണം. തലയില്‍ അലങ്കാരമൊന്നും അവര്‍ക്കും വേണ്ട. ക്രിസ്റ്റ്യന്‍ വധുമാര്‍ക്കും അങ്ങനെ തന്നെ. പീച്ച്, ഐവറി നിറങ്ങളിലുള്ളതാണ് അവരുടെ വസ്ത്രം അധികവും. മേക്കപ്പും അതുപോലെ ലൈറ്റ് മതിയെന്നാണ് നിലപാട്.
ന്യൂഡ് മേക്കപ്പിന്‌റെ കാലം
പേസ്റ്റല്‍, ന്യൂഡ് മേക്കപ്പുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. പേസ്റ്റല്‍ നിറങ്ങളിലെ വസ്ത്രങ്ങള്‍ക്ക് ന്യൂഡ് മേക്കപ്പേ ചേരുകയുള്ളൂ. പിസ്ത നിറത്തിലുള്ള ഗൗണ്‍ ആണ് ധരിക്കുന്നതെന്നിരിക്കട്ടെ...അപ്പോള്‍ കണ്ണുകള്‍ക്കുള്ള മേക്കപ്പും അതേ തരത്തിലുള്ളതാകണം, ഗോള്‍ഡന്‍ ഷീനും പിസ്തയുടെ തീരെ നേര്‍ത്ത ഷെയ്ഡുമാണ് അതിനു ചേരുക. സോഫ്റ്റ് ലിപ് ഷെയ്ഡും തിന്‍ ഫൗണ്ടേഷനും സോഫ്റ്റ് ബ്ലഷേഴ്‌സുമാണ് നമുക്ക് ട്രാന്‍സ്പാരന്‌റ് ലുക്ക് തരുന്നത്. സിമ്പിള്‍ ആന്‍ഡ് ഹമ്പിള്‍ ആയിരിക്കും അന്നേരം.
തലക്കെട്ടിലെ ശൈലി
തലമുടി എങ്ങനെ ചെയ്യണമെന്നത് വധുവിന്റെ കംഫര്‍ട് അനുസരിച്ചിരിക്കും., അത് പക്കാ മോഡേണോ അല്ലെങ്കില്‍ അതുപോലെ പരമ്പരാഗതമോ ആകാം. അത് വധുവാണ് തീരുമാനിക്കേണ്ടത്. അവള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നൊരു ഹെയര്‍സ്റ്റൈല്‍ ചെയ്തു കൊടുക്കാറാണ് പതിവ്.
വധുവായി അണിഞ്ഞൊരുങ്ങുന്നതിനായി ആദ്യം ചെയ്യേണ്ടത് ചർമത്തിനുള്ള കരുതലാണ്. തലമുടിക്കും ചര്‍മത്തിനും സംരക്ഷണം നല്‍കുന്നതിനുള്ള കാര്യങ്ങള്‍ കല്യാണത്തിനു രണ്ടു മാസം മുന്‍പേയെങ്കിലും തുടങ്ങണം. നിര്‍ജലീകരണം ഇല്ലാതിരിക്കുകയെന്നത് വലിയ പ്രാധാന്യമുള്ള കാര്യമാണ്. നന്നായി വെള്ളംകുടിക്കുവാന്‍ ശ്രദ്ധിക്കുക. നടത്തം, സ്‌കിപ്പിങ് എന്നി അടക്കമുള്ള ലഘുവായ വ്യായാമ മുറകളും ചെയ്യാവുന്നതാണ്. അത്തരം വ്യായാമങ്ങള്‍ രക്തയോട്ടം കൂട്ടും അതാണ് ത്വക്കിന് ഏറ്റവുമധികം തിളക്കം നല്‍കുന്ന കാര്യം. പിന്നെ എല്ലാത്തിനുമുപരി ആത്മവിശ്വാസമാണ് നമ്മുടെ സൗന്ദര്യം. സന്തോഷവതിയും ആത്മവിശ്വാസമുള്ളവളുമായും ജീവിക്കുക. അതാണ് ഏറ്റവും വേണ്ട കാര്യം. നിങ്ങളുടെ മനസ് പ്രശാന്തമാണെങ്കില്‍ അത് മുഖത്തേയും പ്രകാശപൂരിതമാക്കും.
സെലിബ്രിറ്റികളും സാധാരണ പെണ്‍കുട്ടികളും
ഭാവനോ അനുഷ്‌കയോ ഐമയോ...അങ്ങനെ താരങ്ങള്‍ ഏതൊരാളുമാകട്ടെ, അവരെല്ലാം വളരെയധികം ലാളിത്യമുള്ള മനുഷ്യരാണ്. പക്ഷേ അവര്‍ സാധാരണ പെണ്‍കുട്ടികളില്‍ നിന്നു വ്യത്യസ്തമായി സ്‌കിന്നിനും തലമുടിക്കും സംരക്ഷണം നല്‍കുന്നതിനായി അധികസമയം ചിലവഴിക്കുന്നു. അത്തരത്തിലുള്ള ഗൗരവതരമായ സമീപമാണ് അവരുടെ തലമുടിയിലും സ്‌കിന്നിലും കാണുന്നത്. വിവാഹ ദിനത്തില്‍ സാധാരണ പെണ്‍കുട്ടികളോ സെലിബ്രിറ്റികളോ എന്ന വ്യത്യാസമില്ല. എല്ലാവരും സ്‌പെഷ്യല്‍ ആണ്. എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രങ്ങളാണ്. അതുകൊണ്ടു തന്നെ എല്ലാവരേയും ഞാന്‍ ഒരുപോലെയാണു കാണുന്നത്. എന്നെക്കൊണ്ടു കഴിയാവുന്ന കാര്യങ്ങള്‍ പരമാവധി ഭംഗിയോടെ ഞാന്‍ അവര്‍ക്കു വേണ്ടി ചെയ്യുന്നു. അവരുടെ സ്വാഭാവിക ഭംഗി നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ സുന്ദരിയാക്കുകയെന്ന ബോധ്യം മനസ്സില്‍ വച്ചുകൊണ്ടാണ് ഓരോ പെണ്‍കുട്ടിയേയും സമീപിക്കുന്നത്.
എല്ലാവര്‍ക്കും പറ്റുന്ന തെറ്റ്
മിക്കവരും നടിമാരെയും മറ്റും നോക്കിയാണ് എങ്ങനെയാണ് വിവാഹത്തിനൊരുങ്ങണം എന്നു തീരുമാനിക്കുന്നത്. അന്നേരം യോജിക്കാത്ത മേക്കപ്പും ഹെയര്‍ സ്റ്റൈലുമാണ് മിക്കവരും തിരഞ്ഞെടുക്കാറ്. ഉദാഹരണത്തിന് ഭാവനയെ പോലെ മെലിഞ്ഞ പെണ്‍കുട്ടിയാണ്, പക്ഷേ വിടര്‍ന്ന നെറ്റിത്തടമില്ല എന്നിരിക്കട്ടെ. അവര്‍ക്കൊരിക്കലും ഭാവനയുടേതു പോലെ നടുവില്‍ നിന്ന് മുടി പകുത്തെടുത്തുള്ള മേക്കപ്പ് ചേരില്ല. അതുപോലെയാണ് വട്ടമുഖമുള്ള പെണ്‍കുട്ടികള്‍ വളരെ കുറുകിയ രീതിയില്‍ തലമുടി ശരിയാക്കി കൊടുക്കണം എന്നു പറയുന്നത്. എന്ത് തീരുമാനം എടുക്കുന്നതിനു മുന്‍പും സ്റ്റൈലിസ്റ്റിനെ സമീപിക്കുന്നതാണു നല്ലത്.
ഏറ്റവും പ്രിയപ്പെട്ട സെലിബ്രിറ്റി വധു
ഭാവന. അവള്‍ക്ക് ഹാല്‍ദി ചടങ്ങിലും ബാംഗ്ലൂരിലെ റിസപ്ഷനിലും ഞാന്‍ നല്‍കിയ മേക്കപ്പ് ഒത്തിരി പ്രശംസ നേടിത്തന്നിരുന്നു.
ഇനിയടുത്തത് ആർക്ക്?
റോയല്‍ ക്രിസ്ത്യന്‍ ഗൗണില്‍ മിയയെ അണിയിച്ചൊരുക്കണമെന്ന് ആഗ്രഹിക്കുന്നു. അതുപോലെ പരമ്പരാഗത ഹിന്ദു വധുവായി രമ്യ നമ്പീശനേയും.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam