അമ്മയുടെ അല്ലെ മകൾ ! അതെ അമ്മയുടെ തന്നെയാണ് ഈ മകൾ , പ്രശംസാരൂപേണയുള്ള ഈ വാചകം കുട്ടിക്കുറുമ്പി സാംറീൻ രതീഷിനെ പറ്റി ആണെങ്കിൽ അതിൽ കാര്യമുണ്ട്. യുഎഇ നഗരത്തിന്റെ ഫാഷൻ ലോകത്തെ താരങ്ങളെയാണ് ഈ അമ്മയും മകളും ജനശ്രദ്ധ നേടുന്നത്. 'അമ്മ വിജി രതീഷ് സൗന്ദര്യ മത്സരങ്ങളിലെ സ്ഥിരം സാന്നധ്യമാണ്. മോഡലിങ്ങിൽ ഏറെ താൽപര്യമുള്ള ഈ സുന്ദരി അമ്മയുടെ അതെ പാത പിന്തുടരാനാണ് മകളുടെയും താത്പര്യം.
കേരളത്തിൽ നിന്നും പോയി ഭർത്താവ് രതീഷിനൊപ്പം യുഎഇയിൽ സ്ഥിരതാമസമാക്കിയ വിജി ഫാഷനോടും മോഡലിങ്ങിനോടും ഉള്ള താത്പര്യം ഒന്നുകൊണ്ട് മാത്രമാണ് ഈ രംഗത്തേക്ക് കടന്നു വന്നത്. വിവാഹം കഴിഞ്ഞു, ഒരു കുട്ടിയായാൽ മോഡലിങ്ങിൽ നിങ്ങളുടെ ഭാവി തീർന്നു എന്ന് കരുതുന്നവർക്കുള്ള ചുട്ട മറുപടിയാണ് വിജിയുടെ ജീവിതം.
വിവാഹശേഷം കുട്ടി ആയതിനു ശേഷമാണ് വിജി മോഡലിംഗിലും സൗന്ദര്യമത്സരങ്ങളിലും സജീവമാകുന്നത്. വീട്ടുകാരിൽ നിന്നും അടുത്ത സുഹൃത്തുക്കളിൽ നിന്നും ലഭിച്ച പ്രോത്സാഹനം തന്നെയാണ് പ്രധാന കാരണം. 2017 ലെ മിസ്സിസ് ഗ്ലോബൽ സൗന്ദര്യ മത്സരത്തിലെ വിജയിയായിരുന്നു വിജി. ഈ വർഷത്തെ ഡോ. എ.പി.ജെ അബ്ദുൾ കലാം ഇന്റർനാഷണൽ വുമൺ എക്സലൻസ് അവാർഡും വിജിക്കായിരുന്നു. ഫാഷൻ മേഖലയിലെ മികവ് പുലർത്തിയതിന് റഷ്യൻ പാർലമെന്ററി കൗൺസലിന്റെ വിശിഷ്ട പുരസ്കാരവും വിജി നേടിയിരുന്നു. മെയ് ക്വീൻ, സൂപ്പർ മോം തുടങ്ങിയ ടൈറ്റിലുകളും ഈ സുന്ദരി സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ ഫാഷൻ ലീഗിലും വിജി രതീഷ് പങ്കെടുത്തിട്ടുണ്ട്. സീസൺ ഒന്നിൽ പ്രശസ്ത ഡിസൈനർ ശ്രാവൺ കുമാർ രാമസ്വാമിക്കു വേണ്ടിയും സീസൺ രണ്ടിൽ പ്രശസ്ത ഡിസൈനർ മെരാജ് അൻവറിന് വേണ്ടിയുമാണ് വിജി റാംപിൽ ചുവടുവെച്ചത്. തേനീച്ചയും പീരങ്കി പാറയും എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് അരങ്ങേറ്റം നടത്തുവാനും വിജിക്ക് കഴിഞ്ഞു. മോഡലിംഗ് രംഗത്ത് സജീവമായ വിജി ദുബായ് ഫാഷൻ ലീഗിലും ഇക്കുറി ചുവടു വച്ചിരുന്നു.
ഇതിനെല്ലാം പുറമെ ദുബായ് ഫാഷൻ ലീഗിന്റെയും ഭീമ സൂപ്പർ മോം കോണ്ടെസ്റ്റ് ജഡ്ജിംഗ് പാനലിലെയും അംഗമായിരുന്നു വിജി. റാമ്പുകളിലെ താരമായി വിലസുന്ന അമ്മയെ കണ്ടുകൊണ്ടാണ് കുട്ടികുറുമ്പുകാരി സാംറീൻ മോഡലിംഗിലേക്ക് തിരിയുന്നത്. ചൈൽഡ് മോഡൽ എന്ന രീതിയിൽ പല മാഗസിനുകളിലും പത്രങ്ങളിലും സാംറീൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ഫാഷൻ ലീഗിൽ സാംറീനും റാപിൽ ചുവടുവച്ചിട്ടുണ്ട്.
2017 ലെ ജൂനിയർ മോഡൽ കോണ്ടെസ്റ്റ് വിജയി കൂടിയാണ് ഈ മിടുക്കിക്കുട്ടി. അമ്മയോടൊപ്പം പല മോഡലിങ് വേദികളും പങ്കിടാനുള്ള അവസരവും സാംറീനിനു ലഭിച്ചിട്ടുണ്ട്. ദുബായ് ഫാഷൻ ലീഗിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മോഡൽ എന്ന പ്രത്യേകത കൂടി സാംറീന് സ്വന്തമാണ്. അപേക്ഷ ബിനോജിന്റെ കോസ്റ്റ്യൂമിൽ ആണ് സാംറീൻ ദുബായ് ഫാഷൻ ലീഗ് റാംപിൽ തിളങ്ങിയത്. അമ്മയെ പോലെ ഈ രംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന ഈ കുരുന്നിനു അറിയപ്പെടുന്ന ഒരു മോഡൽ ആവാനാണ് താല്പര്യം. ഇതിനു പുറമെ അബാക്കസ് ഫെസ്റ്റിലും ഈ സുന്ദരിക്കുട്ടി വിജയിയാണ്. സാംറീൻ അഭിനയിക്കുന്ന ആദ്യ സിനിമയുടെ ചിത്രീകരണം ജൂൺ മാസത്തിൽ ആരംഭിക്കും.
വിജിക്കും സാംറീനും എല്ലാ പിന്തുണയും നൽകുന്നത് രതീഷും മകൻ ആദിത്യയുമാണ്. ദുബായ് എൻഎംസിയിൽ ബിസിനസ് ഡവലപ്മെന്റ് മാനേജറാണ് രതീഷ്. ആദിത്യ മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ മാസ് കമ്യൂണിക്കേഷൻ ബിരുദ വിദ്യാർഥിയാണ്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam